മരണം; ക്വുര്‍ആന്‍ പറയുന്നത്

മുനവ്വര്‍ ഫൈറൂസ്

2020 ഒക്ടോബര്‍ 03 1442 സഫര്‍ 16

ലോകത്ത് ആരും നിഷേധിക്കാത്ത, എല്ലാവരും അംഗീകരിക്കുന്ന ഒരു വലിയ യാഥാര്‍ഥ്യമാണ് മരണം. മരണത്തെപ്പറ്റി പരിശുദ്ധ ക്വുര്‍ആനില്‍ ഒരുപാട് പരാമര്‍ശങ്ങള്‍ കാണുവാന്‍ സാധിക്കും. അതില്‍ പെട്ട ഏതാനും വചനങ്ങള്‍ ഇവിടെ നല്‍കുന്നു. ചിന്തിക്കുവാനും ജീവിതം നന്നാക്കുവാനും മരണത്തെക്കുറിച്ചുള്ള സൂക്തങ്ങള്‍ സഹായകമാകാതിരിക്കില്ല.

സൃഷ്ടികളില്‍ ആരും മരണത്തിന് അതീതരല്ല: ''ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല'' (ക്വുര്‍ആന്‍ 3:185).

''(നബിയേ,) നിനക്ക് മുമ്പ് ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ? ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മ നല്‍കിക്കൊണ്ടും നന്മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും'' (ക്വുര്‍ആന്‍ 21:34,35)

നാം എവിടെയാണെങ്കിലും മരണം നമ്മെ പിടികൂടും: ''നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും...'' (ക്വുര്‍ആന്‍ 4:78).

നാം എവിടെയാണെങ്കിലും നമ്മുടെ ആത്മാവിനെ ഏറ്റെടുക്കുവാന്‍ മരണത്തിന്റെ മലക്ക് കടന്നുവരും: ''(നബിയേ,) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുന്നതുമാണ്'' (ക്വുര്‍ആന്‍ 32:11).

അല്ലാഹു നിശ്ചയിച്ച ഈ അലംഘനീയമായ വിധിയില്‍നിന്ന് രക്ഷപ്പെടുവാന്‍ ആര്‍ക്കും സാധ്യമല്ല:''(നബിയേ,) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍നിന്ന് നിങ്ങള്‍ ഓടിയകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. പിന്നീട് അദൃശ്യവും ദൃശ്യവും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന് നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്'' (ക്വുര്‍ആന്‍ 62:8).

മരണത്തിന്റെ സമയം നിശ്ചയിക്കപ്പെട്ടതാണ്: ''അല്ലാഹു മനുഷ്യരെ അവരുടെ അക്രമംമൂലം (ഉടനടി) പിടികൂടിയിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊരു ജന്തുവെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ അവര്‍ക്ക് സമയം നീട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ അവധി വന്നാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക് വൈകിക്കാന്‍ ആവുകയില്ല. അവര്‍ക്കത് നേരെത്തെയാക്കാനും കഴിയില്ല'' (ക്വുര്‍ആന്‍ 16:61).

മരണത്തില്‍നിന്ന് ഒഴിഞ്ഞുമാറുവാന്‍ ഒരാള്‍ക്കും സാധ്യമല്ല: ''മരണവെപ്രാളം യാഥാര്‍ഥ്യവും കൊണ്ട് വരുന്നതാണ്. എന്തൊന്നില്‍നിന്ന് നീ ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുന്നു വോ അതത്രെ ഇത്'' (ക്വുര്‍ആന്‍ 50:19)

''നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല''(ക് വുര്‍ആന്‍ 56:60).

മരിക്കുന്ന വ്യക്തിയെ രക്ഷപ്പെടുത്തുവാന്‍ ആര്‍ക്കും സാധ്യമല്ല: ''എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്?). നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ. നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷേ, നിങ്ങള്‍ കണ്ടറിയുന്നില്ല. അപ്പോള്‍ നിങ്ങള്‍ (ദൈവികനിയമത്തിന്) വിധേയരല്ലാത്തവരാണെങ്കില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍'' (ക്വുര്‍ആന്‍ 56:83-87).

ആ മരിച്ചുകൊണ്ടിരിക്കുന്ന വ്യക്തി ഒരുപക്ഷേ, നിങ്ങളുടെ സഹോദരനാകാം, അല്ലെങ്കില്‍  സഹോദരിയോ പിതാവോ ഭര്‍ത്താവോ ഭാര്യയോ മകനോ മകളോ സുഹൃത്തോ ആകാം. ആരായിരുന്നാലും അയാളെ നിങ്ങള്‍ക്ക് നോക്കിക്കൊണ്ടിരിക്കാനെല്ലാതെ അയാളുടെ ജീവന്‍ രക്ഷിക്കുവാന്‍ നിങ്ങള്‍ക്ക് സാധ്യമല്ല.

മരണ സന്ദര്‍ഭത്തെ സംബന്ധിച്ച്  പരിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്: ''അല്ല, (പ്രാണന്‍ തൊണ്ടക്കുഴിയില്‍ എത്തുകയും, മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും, അത് (തന്റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും, കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍, അന്ന് നിന്റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചുകൊണ്ടുപോകുന്നത്'' (ക്വുര്‍ആന്‍ 75:26-30).

ഒരു മന്ത്രവും ഉപകരിക്കാത്ത,  ഒരു ചികിത്സയും ഫലം ചെയ്യാത്ത, ഒരു വിദഗ്ധനായ ഡോക്ടര്‍ക്കും രക്ഷിക്കുവാന്‍ സാധിക്കാത്ത വല്ലാത്ത ഒരു നിസ്സഹായാവസ്ഥയാണത്.

നാം ഒരുനാള്‍ മരിക്കും എന്നുള്ളത് നമുക്ക് ഉറപ്പാണ്. 'ഞാന്‍ മരിച്ചാല്‍ എന്റെ മയ്യിത്ത് സന്ദര്‍ശിക്കുവാന്‍ ആളുകള്‍ കടന്നുവരും. അന്ന് എന്റെ മക്കള്‍ അനാഥരാകും. എന്റെ ഭാര്യ വിധവയാകും. എന്റെ മാതാപിതാക്കള്‍ക്ക് മകനെ നഷ്ടപ്പെടും. എന്റെ വേര്‍പാടില്‍ എല്ലാവരും ദുഃഖിക്കും' എന്നൊക്കെയുള്ള ചിന്തകള്‍ക്കുപരി, 'ഞാന്‍ മരിച്ചാല്‍ എന്റെ അവസ്ഥ എന്തായിരിക്കും' എന്ന ചിന്തയാണ് നമുക്കെല്ലാം ഉണ്ടായിരിക്കേണ്ടത്. അതിനാല്‍ നാം യഥാര്‍ഥ മുസ്‌ലിംകളായി മരണപ്പെടാന്‍ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്'' (ക്വുര്‍ആന്‍ 3:102).

യഅ്ക്വൂബ് നബി(അ)യും ഇബ്‌റാഹീം നബി(അ)യും മക്കളെ ഉപദേശിച്ചത് ഇപ്രകാരമാണ്: 'ഇബ്‌റാഹീമും യഅ്ക്വൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന് കീഴ്‌പെടുന്നവരായി (മുസ്‌ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്)' (ക്വുര്‍ആന്‍ 2:132)

യൂസുഫ് നബി(അ)യുടെ പ്രാര്‍ഥനയില്‍ നമുക്ക് ഇങ്ങനെ കാണാം: 'എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്ന് (ഒരംശം) നല്‍കുകയും സ്വപ്‌നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും (ചിലത്) നീ എനിക്ക് പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ'' (ക്വുര്‍ആന്‍ 12:101).

പരിശുദ്ധമായ വിശ്വാസവും സല്‍കര്‍മങ്ങളുമുള്ളവര്‍ മരണപ്പെടുമ്പോള്‍ അവര്‍ക്ക് സന്തോഷമായിരിക്കും: ''ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞുകൊള്ളുക. ഐഹികജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക് കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരി ക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്'' (ക്വുര്‍ആന്‍ 41:30-32).

ഇഹലോകത്തുനിന്ന് പിരിഞ്ഞുപോകുന്നതില്‍ ദുഃഖവും വരാനിരിക്കുന്ന ലോകത്തെപ്പറ്റി ആലോചിച്ച് ഭയവും വേണ്ടതില്ലന്ന് മലക്കുകള്‍ അവരെ സുവിശേഷം അറിയിക്കും. അവരോട് പറയപ്പെടും: ''ഹേ; സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട് എന്റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക'' (ക്വുര്‍ആന്‍ 89:27-30).

സത്യവിശ്വാസികള്‍ക്ക് നല്ല സന്തോഷത്തോടുകൂടിയുള്ള മരണമാണെങ്കില്‍ സത്യനിഷേധികള്‍ക്ക് മരണം ഭീകരമായിരിക്കും:

''ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞുകൊണ്ട് മലക്കുകള്‍ അവരുടെനേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്റെയും, അവന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ് (എന്ന് മലക്കുകള്‍ പറയും)''(ക്വുര്‍ആന്‍ 6:93).

''അപ്പോള്‍ മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിച്ചുകൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ സ്ഥിതി!'' (ക്വുര്‍ആന്‍ 47:27).

നല്ല മരണമാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം നമ്മുടെ ജീവിതം ക്രമീകരിക്കല്‍ അനിവാര്യമാണ്. മരണസമയത്തെ ഖേദപ്രകടനം കൊണ്ട് കാര്യമില്ല.

''നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും: എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്? ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 63:10,11).

മരണവേളയിലെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയില്ല: ''പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയും എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവച്ചിട്ടുള്ളത്'' (ക്വുര്‍ആന്‍ 4:18).

''അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്) തിരിച്ചയക്കേണമേ. ഞാന്‍ ഉപേക്ഷവരുത്തിയിട്ടുള്ള കാര്യത്തില്‍ എനിക്ക് നല്ലനിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്കവിധം. ഒരിക്കലുമില്ല! അതൊരു വെറും വാക്കാണ്. അതവന്‍ പറഞ്ഞുകൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടു ന്ന ദിവസംവരെ ഒരു മറയുണ്ടായിരിക്കുന്നതാണ്'' (ക്വുര്‍ആന്‍ 23:99,100).

അല്ലാഹു നമുക്ക് നല്‍കിയ സമ്പത്തും സമയവും ആരോഗ്യവും മറ്റെല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തി നല്ല മരണത്തെ പുല്‍കുവാന്‍ നാം തയ്യാറായി നില്‍ക്കുക. മരണം എപ്പോഴാണെന്നോ എവിടെവച്ചാണെന്നോ നമുക്കാര്‍ക്കുമറിയില്ല.

''നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍വച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല'' (ക്വുര്‍ആന്‍ 31:34).

എവിടെവച്ച് മരിക്കുകയാണെങ്കിലും, എത് നാട്ടില്‍വച്ച് മരിക്കുകയാണെങ്കിലും യഥാര്‍ഥ സത്യവിശ്വാസികളായി, നെറ്റിയില്‍ വിയര്‍പ്പുകണങ്ങളുമായി ഈ ലോകത്തോട് വിടപറയാന്‍ നാം പരിശ്രമിക്കുക. അല്ലാഹു നമുക്ക് സല്‍മരണം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.