ജാമിഅ അല്‍ ഹിന്ദ്; എട്ടാം വയസ്സിലേക്ക്

ഫൈസല്‍ പുതുപ്പറമ്പ്

2020 മെയ് 02 1441 റമദാന്‍ 09

ഏറെ പരിമിതികള്‍ക്കും പരാധീനതകള്‍ക്കുമിടയില്‍ ഒരു വാടക ക്കെട്ടിടത്തില്‍ 2013ല്‍ തുടക്കം കുറിച്ച വിജ്ഞാനഗോപുരമായ 'ജാമിഅ അല്‍ഹിന്ദ്' വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി നടന്നുകയറി ഇന്ന് ലോകപ്രസിദ്ധ സഥാപനമായി വളര്‍ന്നുകഴിഞ്ഞു; അല്‍ഹംദുലില്ലാഹ്.

ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ പ്രമാണങ്ങളില്‍നിന്ന് ശരിയാംവണ്ണം ഗ്രഹിച്ച്, കാലത്തിന്റെ വെല്ലുവിളികളോട് പക്വമായി പ്രതികരിക്കാന്‍ കഴിവുള്ള മതപണ്ഡിതരെ വാര്‍ത്തെടുക്കുക എന്ന നിസ്വാര്‍ഥ ലക്ഷ്യം മുന്‍നിര്‍ത്തി, പ്രപഞ്ച സ്രഷ്ടാവില്‍ എല്ലാം ഏല്‍പിച്ച് തുടങ്ങിയ ഒരു കൊച്ചുസംരംഭം. ഒരു ചെറു തീപ്പൊരിയില്‍നിന്ന് വന്‍കാട്ടുതീ ഉണ്ടാകുന്നത് പോലെയായിരുന്നു ജാമിഅയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും. 2013 ജൂണില്‍ വാടക കെട്ടിടത്തില്‍ തുടക്കംകുറിക്കുമ്പോള്‍ തന്നെ മലപ്പുറം ഊരകം പഞ്ചായത്തിലെ മിനി ഊട്ടിയില്‍ സ്വന്തമായി സ്ഥലം വാങ്ങിയിരുന്നു. അല്ലാഹുവിന്റെ അപാരമായ തൗഫീക്വിനാല്‍ തൊട്ടടുത്ത മാസങ്ങളില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2014 ആഗസ്റ്റ് മാസത്തോടെ സ്ഥാപനം സ്വന്തം കെട്ടിടത്തിലേക്ക് മാറി. 2015 ആഗസ്റ്റില്‍ ഒന്നാമത്തെ കെട്ടിടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അന്നുതന്നെ കാമ്പസില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പള്ളിക്ക് ബഹുമാന്യ പണ്ഡിതന്‍ അബ്ദുല്‍ ഹഖ് സുല്ലമി ആമയൂര്‍ ശിലാസ്ഥാപനം നടത്തി.

പിന്നീടങ്ങോട്ട് വളര്‍ച്ചാഘട്ടങ്ങള്‍ ഓരോന്നായി താണ്ടുകയായിരുന്നു ജാമിഅ. അധികം വൈകാതെ വിശാലമായ പള്ളിയും അകാഡമിക് ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. അല്‍ഹംദുലില്ലാഹ്.

കോഴ്‌സുകള്‍, സംരംഭങ്ങള്‍

1. ഹിഫ്‌ള് കോഴ്‌സ്

പത്തുവയസ്സ് പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ പഠനത്തോടൊപ്പം ക്വുര്‍ആന്‍ ഹൃദിസ്ഥമാക്കാനുതകുന്ന തരത്തിലാണ് കോഴ്‌സ് സംവിധാനിച്ചിട്ടുള്ളത്. വളരെ വ്യവസ്ഥാപിതമായ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ സെലക്ഷന്‍ നടത്തിയാണ് അഡ്മിഷന്‍ നല്‍കുന്നത്. അഞ്ചുവര്‍ഷമാണ് കോഴ്‌സ് കാലാവധി.

2. മഅ്ഹദുല്ലുഗഃ

പത്താം ക്ലാസ് പാസ്സായ ആണ്‍കുട്ടികള്‍ക്ക് അറബി ഭാഷയിലും മതവിജ്ഞാനത്തിന്റെ അടിസ്ഥാന കാര്യങ്ങളിലും പ്രാവീണ്യം നല്‍കുന്ന രണ്ടുവര്‍ഷ കോഴ്‌സ്. വര്‍ഷത്തില്‍ രണ്ട് ജുസ്അ് ക്വുര്‍ആന്‍ ഹൃദിസ്ഥമാക്കാനും +2 പരീക്ഷ എഴുതാനും കൂടി അവസരം നല്‍കുന്ന കോഴ്‌സില്‍ താമസവും ഭക്ഷണവും സൗജന്യമായി നല്‍കുന്നു.

3. കുല്ലിയ്യ ശരീഅഃ

മഅ്ഹദ്/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് മതവിജ്ഞാനങ്ങളില്‍ അവഗാഹം നേടാനുതകുന്ന മൂന്നു വര്‍ഷകോഴ്‌സ്. ആറ് ജുസ്അ് ക്വുര്‍ആന്‍ ഹൃദിസ്ഥമാക്കാനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി എഴുതാനും കൂടി അവസരമുള്ള ഈ സംരംഭത്തില്‍ നിലവില്‍ ഹദീഥ്, ദഅ്‌വ എന്നീ വിഭാഗങ്ങളാണുള്ളത്. ഭാവിയില്‍ ക്വുര്‍ആന്‍, ഫിക്വ്ഹ് വിഭാഗങ്ങളും ആരംഭിക്കും. (ഇന്‍ശാ അല്ലാഹ്). പഠനവും താമസ, ഭക്ഷണ സൗകര്യങ്ങളും തീര്‍ത്തും സൗജന്യമായി നല്‍കിവരുന്നു.

4. കുല്ലിയ്യതു തഖസ്സ്വുസ്വ്:

ശരീഅഃ കോഴ്‌സ്/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ആഴത്തില്‍ മതം പഠിക്കാനുതകുന്ന രണ്ടുവര്‍ഷ ഗവേഷണ കോഴ്‌സ്. താമസ, ഭക്ഷണ സൗകര്യങ്ങള്‍ക്ക് പുറമെ സ്‌റ്റൈപ്പന്റ് കൂടി നല്‍കിവരുന്നു.

5. സ്‌കൂള്‍ ഓഫ് ക്വുര്‍ആന്‍

ചെറുപ്രായത്തില്‍ തന്നെ മത, ഭൗതിക മേഖലകൡ ഉന്നത കാഴ്ചപ്പാടോടുകൂടി മക്കളെ വളര്‍ത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള 17 വര്‍ഷ പഠന പദ്ധതി.

ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ പ്രാദേശിക കേന്ദ്രങ്ങള്‍ വഴിയും ആറു മുതല്‍ പത്തു വരെ റസിഡന്‍ഷ്യല്‍ സംവിധാനം വഴിയും +1 മുതല്‍ പി.ജി വരെ മെയില്‍ കാമ്പസ് വഴിയും പൂര്‍ത്തിയാക്കുന്ന രൂപത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള 17 സെന്ററുകളിലായി 1200 ഓളം വിദ്യാര്‍ഥികള്‍ ഈ സംരംഭം വഴി ക്വുര്‍ആനും മതത്തിന്റെ അടിസ്ഥാന പാഠങ്ങളും പഠിച്ചുകൊണ്ടിരിക്കുന്നു. ക്വുര്‍ആന്‍ ഹൃദിസ്ഥമാക്കിയ, വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടിയ, ഭൗതികമായി ഏത് മേഖലയിലേക്കും അനുയോജ്യരായ പണ്ഡിത നിരയെ വാര്‍ത്തെടുക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

6. സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍

പ്രായ ഭേദമന്യെ ആര്‍ക്കും മതം പഠിക്കാനുതകുന്ന വിധമുള്ള പഠന പദ്ധതി. 'അത്തദാറുക്' എന്ന പേരില്‍ കേരളത്തിനകത്തും പുറത്തുമായി 15 കേന്ദ്രങ്ങള്‍, അഞ്ഞൂറോളം പഠിതാക്കള്‍. ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ ക്ലാസിലൂടെ ക്വുര്‍ആന്‍, അക്വീദ, ഫിക്വ്ഹ്, അറബിഭാഷ എന്നിവയില്‍ അനിവാര്യമായ അറിവുകള്‍ ആര്‍ജിക്കാന്‍ അവസരം നല്‍കുന്നു.

വിവിധ പദ്ധതികളും കോഴ്‌സുകളും ജാമിഅയുടെ ഭാവി പദ്ധതിയിലുണ്ട്. അല്ലാഹുവിന്റെ തൗഫീക്വുംഉദാരമതികളുടെ നിസ്വാര്‍ഥ സേവനങ്ങളും കൈമുതലാക്കി മുന്നേറിക്കൊണ്ടിരിക്കുന്നു.

7. വനിതാകാമ്പസ്

ജാമിഅയുടെ സ്വപ്‌ന പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വനിതാ കാമ്പസ്. പെണ്‍കുട്ടികള്‍ക്ക് മാത്രമായി വേറിട്ട കാമ്പസ് എന്നതാണ് ജാമിഅ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായ സ്ഥലമെടുപ്പ് പൂര്‍ത്തിയായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് സ്ഥാപനം ആരംഭിക്കാനാകും. (ഇന്‍ശാ അല്ലാഹ്).

ഒരുകൂട്ടം ദീനീ സ്‌നേഹികളുടെ നിസ്വാര്‍ഥ സഹായ സഹകരണങ്ങളും പ്രാര്‍ഥനകളും ഒന്നു ചേര്‍ന്നപ്പോള്‍ അല്ലാഹു തആലാ അവന്റെ അനുഗ്രഹ കവാടങ്ങള്‍ ഒന്നൊന്നായി തുറന്നു തരികയായിരുന്നു ദീനീസേവനത്തിന്റെ ഈ ഗോപുരത്തിന്.

ഇനിയും ഒരുപാട് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ആത്മാര്‍ഥതയും തവക്കുലുമാണ് കൈമുതല്‍. നിസ്വാര്‍ഥ സേവനത്തിന് നാം സന്നദ്ധരാകുന്ന കാലമത്രയും അല്ലാഹുവിന്റെ സഹായം ലഭിക്കുമെന്ന് നമുക്കുറപ്പിക്കാം. പ്രാര്‍ഥനയോടെ നമുക്ക് മുന്നേറാം... അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍.