വിനയം

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 മാര്‍ച്ച് 07 1441 റജബ് 12

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 5)

വിനയം ഒരു വിശിഷ്ട സ്വഭാവമാണ്. നേതൃത്വമോഹമില്ലായ്മയും സ്ഥാനമാനങ്ങളോടുള്ള വിരക്തിയും വിനയത്തിന്റെ ലക്ഷണങ്ങളാണ്. ഇബാദുര്‍റഹ്മാന്റെ സവിശേഷതകളില്‍ ഒന്നായി അല്ലാഹു–പറയുന്നു:

''പരമകാരുണികന്റെ ദാസന്മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരാണ്'' (ക്വുര്‍ആന്‍ 25:63).

ഇബ്‌നുല്‍ക്വയ്യിം പറയുന്നു: 'അഥവാ ആഢ്യതയോ നിഗളിപ്പോ അഹങ്കാരമോ ഇല്ലാതെ സമാധാനവും അടക്കവും വിനയവുമുള്ളവരായി നടക്കുന്നവരാകുന്നു അവര്‍.'

ഇബ്‌നുകഥീര്‍ പറയുന്നു: 'സ്വര്‍ഗവും മാറിപ്പോവുകയോ നീങ്ങിപ്പോവുകയോ ചെയ്യാത്ത നൈതികമായ സ്വര്‍ഗീയ അനുഗ്രഹവും അല്ലാഹു നിശ്ചയിച്ചത് വിനയാന്വിതരും വിശ്വാസികളുമായ അവന്റെ ദാസന്മാര്‍ക്കാണെന്ന് അവന്‍ പ്രസ്താവിക്കുന്നു.''

അല്ലാഹു പറയുന്നു: ''ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രികഭവനം നാം ഏര്‍പെടുത്തിക്കൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും''(ക്വുര്‍ആന്‍ 28:83).

വിനയം കാണിക്കുവാനും സൗമ്യതയില്‍ വര്‍ത്തിക്കുവാനുമുള്ള അല്ലാഹുവിന്റെ കല്‍പനകള്‍ ധാരാളമാണ്. മാതാപിതാക്കളുടെ വിഷയത്തില്‍ അല്ലാഹു പറയുന്നു:

''കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 17:24).

—''സത്യവിശ്വാസികള്‍ക്ക് നീ നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക'' (ക്വുര്‍ആന്‍ 15:88).

''നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുകയും ചെയ്യുക''(ക്വുര്‍ആന്‍ 26:215).

ഇയാദ്വ് ഇബ്‌നുഹിമാരി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ''നിങ്ങളില്‍ ഒരാളും ഒരാളോടും ഗര്‍വ് കാണിക്കാതിരിക്കുകയും ഒരാളും ഒരാളുടെ മേലും അതിക്രമം കാണിക്കാതിരിക്കുകയും ചെയ്യുവോളം നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്കു ബോധനം നല്‍കിയിരിക്കുന്നു''(മുസ്‌ലിം).

വിനയം കാണിക്കുന്നതിന്റെ മഹത്ത്വവും വിനയാന്വിതരുടെ മഹത്ത്വവും അറിയിക്കുന്ന ഹദീഥുകളും ധാരാളമാണ്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു:

''ദാനധര്‍മം ഒരു സ്വത്തും കുറച്ചിട്ടില്ല. വിട്ടുവീഴ്ച കാണിച്ചതിനാല്‍ അല്ലാഹു ഒരു ദാസനും പ്രതാപമല്ലാതെ വര്‍ധിപ്പിച്ചിട്ടുമില്ല. അല്ലാഹുവിന്നായി ഒരാളും വിനയം കാണിച്ചിട്ടില്ല; അവന്ന് അല്ലാഹു ഉയര്‍ച്ച നല്‍കാതെ''(മുസ്‌ലിം).

വിനയത്താല്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നവന്റെ വിഷയത്തില്‍ നബി ﷺ  പറഞ്ഞു: ''വല്ലവനും അല്ലാഹുവിനോടുള്ള വിനയത്താല്‍ (ആര്‍ഭാട)വസ്ത്രം തനിക്ക് (അത് വാങ്ങി ഉപയോഗിക്കുവാന്‍) കഴിഞ്ഞിട്ടുകൂടി അതിനെ ഉപേക്ഷിച്ചാല്‍ അല്ലാഹു അദ്ദേഹത്തെ (മഹ്ശറില്‍) സൃഷ്ടികള്‍ക്കു മുന്നിലേക്ക് വിളിക്കുകയും പിന്നീട് ഈമാനിന്റെ ഉടയാടകളില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നത് തെരഞ്ഞെടുത്ത് ധരിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യും''(സുനനുത്തിര്‍മിദി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

തിരുനബി ﷺ  എല്ലാ സല്‍സ്വാഭാവങ്ങളുടെയും നിറഞ്ഞ ഉദാഹരണമായിരുന്നു. അവയില്‍ ഒരു മഹനീയ സ്വഭാവമായിരുന്നു വിനയം. സ്രഷ്ടാവായ അല്ലാഹുവിനു മുമ്പില്‍ വിനയാന്വിതനായിരുന്നു അദ്ദേഹം. പടപ്പുകളോട് വിനയത്തിലും കാരുണ്യത്തിലുമായിരുന്നു നബി ﷺ  പെരുമാറിയുരുന്നത്.

''(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു'' (ക്വുര്‍ആന്‍ 3:159).

അബൂദര്‍റ്(റ), അബൂഹുറയ്‌റ(റ) എന്നിവര്‍ പറയുന്നു: ''അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  തന്റെ അനുചരന്മാരോടൊത്ത് ഇരിക്കുമായിരുന്നു. എത്രത്തോളമെന്നാല്‍ അപരിചിതനായ ഒരു വ്യക്തി വന്നാല്‍ തങ്ങളില്‍ ആരാണ് നബിയെന്ന് ചോദിച്ചു മനസ്സിലാക്കുന്നതുവരെ അയാള്‍ക്ക് അറിയുമായിരുന്നില്ല. അതിനാല്‍ അപരിചിതന്‍ വന്നാല്‍ തിരുമേനിയെ തിരിച്ചറിയുവാന്‍ ഒരു ഇരിപ്പിടം ഉണ്ടാക്കിക്കൊടുക്കുവാന്‍ അദ്ദേഹത്തോട് ഞങ്ങള്‍ ആവശ്യപ്പെട്ടു'' (സുനനുത്തിര്‍മിദി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

അബ്ദുല്ലാഹ് ഇബ്‌നു ശിഖ്ഖീറി ﷺ ല്‍നിന്നും നിവേദനം: ''ബനൂആമിര്‍ സംഘത്തോടൊപ്പം ഞാന്‍ നബി ﷺ യുടെ അടുക്കല്‍ പോയി. ഞങ്ങള്‍ പറഞ്ഞു: 'താങ്കള്‍ ഞങ്ങളുടെ സയ്യിദ് ആണ്.' തിരുമേനി പറഞ്ഞു: 'സയ്യിദ് അല്ലാഹുവാണ്.' ഞങ്ങള്‍ പറഞ്ഞു: 'താങ്കള്‍ ഞങ്ങളില്‍ അതിശ്രേഷ്ഠരും മഹത്തായ നേതൃത്വം ഉള്ളവരുമാകുന്നു.' അപ്പോള്‍ തിരുമേനി ﷺ  പറഞ്ഞു: 'നിങ്ങള്‍ക്ക് പറയുവാനുള്ള വാക്കുകള്‍ നിങ്ങള്‍ പറയുക. നിങ്ങളെ പിശാച് വഴിതെറ്റിക്കാതിരിക്കട്ടെ'' (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹാക്കിയത്).  

മറ്റൊരിക്കല്‍, 'തിരുദൂതരേ, ഞങ്ങളില്‍ ശ്രേഷ്ഠരേ, ഞങ്ങളില്‍ ശ്രേഷ്ഠരുടെ പുത്രരേ! ഞങ്ങളുടെ സയ്യിദേ, ഞങ്ങളുടെ സയ്യിദിന്റെ പുത്രരേ... തുടങ്ങിയുള്ള വിളികളുമായി വന്നവരോടു തിരുമേനി ﷺ  പറഞ്ഞു: ''ജനങ്ങളേ, നിങ്ങളുടെ വാക്കുകള്‍ നിങ്ങള്‍ പറഞ്ഞുകൊള്ളുക. പിശാച് നിങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ. ഞാന്‍ അല്ലാഹുവിന്റെ ദാസനും ദൂതനുമായ മുഹമ്മദ് ആണ്. അല്ലാഹു എന്നെ അവരോധിച്ച സ്ഥാനത്തിന് മുകളിലേക്ക് നിങ്ങള്‍ എന്നെ ഉയര്‍ത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല'' (മുസ്‌നദു അഹ്മദ്. അര്‍നാഊത്വ് ഹദീഥിന്റെ സനദ് സ്വഹീഹാണെന്ന് വിശേഷിപ്പിച്ചു).

 അനസി(റ)ല്‍നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: ''അദ്ദേഹത്തിന്റെ വല്യുമ്മയായ മുലൈക, അവര്‍ പാകം ചെയ്ത ഭക്ഷണത്തിലേക്ക് തിരുമേനി ﷺ യെ ക്ഷണിച്ചു. അപ്പോള്‍ തിരുമേനി ﷺ  അതില്‍നിന്ന് ഭക്ഷിച്ചു. അവിടുന്ന് പറഞ്ഞു: 'എഴുന്നേല്‍ക്കുക. ഞാന്‍ നിങ്ങളോടൊത്ത് നമസ്‌കരിക്കാം.' അപ്പോള്‍ ഞാന്‍ ഞങ്ങളുടെ ഒരു പായ എടുക്കുവാന്‍ എഴുന്നേറ്റു. അത് ദീര്‍ഘനാള്‍ ഉപയോഗിച്ചതിനാല്‍ കറുത്തുപോയിരുന്നു. അങ്ങനെ ഞാന്‍ അതില്‍ വെള്ളംതളിച്ചു. തിരുദൂതര്‍ ﷺ  നമസ്‌കരിക്കുവാന്‍ നിന്നു. ഒരു അനാഥന്‍ എന്നോടൊപ്പവും. ഞങ്ങളുടെ പിന്നില്‍ വൃദ്ധയായ സ്ത്രീയും. അങ്ങനെ നബി ﷺ  ഞങ്ങളോടൊത്ത് രണ്ടു റക്അത്ത് നമസ്‌കരിച്ചു'' (ബുഖാരി, മുസ്‌ലിം).

അബൂബകര്‍(റ) ഉമര്‍(റ)വിനോടു പറഞ്ഞു: ''...നമുക്കൊന്നിച്ച് ഉമ്മുഅയ്മന്റെ അരികിലേക്ക് പുറപ്പെടാം. തിരുദൂതര്‍ ﷺ  അവരെ സന്ദര്‍ശിച്ചിരുന്നതു പോലെ നമുക്കും അവരെ സന്ദര്‍ശിക്കാം...'' (മുസ്‌ലിം).

 അനസി(റ)ല്‍ നിന്ന് നിവേദനം: ''യഹൂദനായ ഒരു കുട്ടി നബി ﷺ ക്ക് സേവനം ചെയ്തിരുന്നു. ആ കുട്ടി രോഗിയായി. അപ്പോള്‍ നബി ﷺ  കുട്ടിയെ രോഗസന്ദര്‍ശനം നടത്തുവാന്‍ വന്നു. നബി ﷺ  കുട്ടിയുടെ തലക്കരികില്‍ ഇരുന്നു. എന്നിട്ട് കുട്ടിയോട് പറഞ്ഞു: 'നീ ഇസ്‌ലാം സ്വീകരിക്കൂ.' ആ കുട്ടി തന്റെ അടുക്കലുള്ള പിതാവിലേക്ക് നോക്കി. പിതാവ് കുട്ടിയോടു പറഞ്ഞു: 'അബുല്‍ക്വാസിമിനെ (നബിയുടെ വിളിപ്പേരാണ് അബുല്‍ക്വാസിം) അനുസരിക്കുക.' അപ്പോള്‍ കുട്ടി ഇസ്‌ലാം സ്വീകരിച്ചു. ആ കുട്ടിയെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവിനു മാത്രമാകുന്നു സ്തുതികള്‍ മുഴുവനും എന്നു പറഞ്ഞു കൊണ്ട് നബി ﷺ  പുറപ്പെട്ടു'' (ബുഖാരി).

സഹ്ല്‍ ഇബ്‌നു സഅ്ദി(റ)ല്‍ നിന്ന് നിവേദനം: ''അല്ലാഹുവിന്റെ തിരുദൂതര്‍ക്കരികിലേക്ക് ഒരു പാനീയം കൊണ്ടുവരപ്പെട്ടു. അദ്ദേഹം അതില്‍നിന്ന് കുടിച്ചു. നബിയുടെ വലതു ഭാഗത്ത് ഒരു കുട്ടിയും ഇടതു ഭാഗത്ത് പ്രായമുള്ളവരുമായിരുന്നു. നബി ﷺ  കുട്ടിയോടു ചോദിച്ചു: 'ഇവര്‍ക്കു നല്‍കുവാന്‍ നീ അനുവാദം തരുമോ?' കുട്ടി പറഞ്ഞു: 'അല്ലാഹുവാണെ, തിരുദൂതരേ, താങ്കളില്‍നിന്നുള്ള എന്റെ വിഹിതത്തില്‍ ഞാന്‍ ഒരാള്‍ക്കും പ്രാമുഖ്യം കല്‍പിക്കില്ല.' ഉടന്‍ തിരുദൂതര്‍ അത് ആ കുട്ടിയുടെ കയ്യില്‍ വെച്ചു കൊടുത്തു'' (ബുഖാരി).

അനസി(റ)ല്‍ നിന്ന് നിവേദനം: ''ഒരു ജൂതന്‍ നബി ﷺ യെ ഗോതമ്പുറൊട്ടിയും മണപ്പകര്‍ച്ച വന്ന നെയ്യും (ഒരുക്കി അതിലേക്ക്) ക്ഷണിച്ചു. അപ്പോള്‍ തിരുമേനി ആ ജൂതനു ഉത്തരമേകി'' (മുസ്‌നദുഅഹ്മദ്, അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

വിനയത്തിന്റെ നിറകുടമായിരുന്ന തിരുദൂതരുടെ മഹനീയ ജീവിതത്തിന്റെ ചില ചരിത്ര സാക്ഷ്യങ്ങള്‍ കൂടി ഇവിടെ നമുക്ക് വായിക്കാം. ഉമറി(റ)ല്‍ നിന്നും നിവേദനം:

''അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  ഒരു പായയില്‍ കിടക്കുകയായിരുന്നു. തിരുമേനി ﷺ യുടെയും പായയുടെയും ഇടയില്‍ (വിരിപ്പൊന്നും) ഉണ്ടായിരുന്നില്ല. ഈത്തപ്പനനാരു നിറച്ച തോലിന്റെ ഒരുതലയിണ അദ്ദേഹത്തിന്റെ തലക്കടിയിലുണ്ടായിരുന്നു. തിരുമേനി ﷺ യുടെ കാലുകള്‍ക്കരികില്‍ തോലുകള്‍ ഊറക്കിടുവാന്‍ ഉപയോഗിക്കുന്ന കൊന്നയും തലക്കരികില്‍ കെട്ടിത്തൂക്കിയ തോല്‍സഞ്ചികളും ഉണ്ടായിരുന്നു. പായയുടെ അടയാളങ്ങള്‍ അല്ലാഹുവിന്റെ റസൂലിന്റെ പാര്‍ശ്വഭാഗത്ത് ഞാന്‍ കണ്ടു. ഞാന്‍ കരഞ്ഞു. തിരുമേനി ﷺ  ചോദിച്ചു: 'താങ്കളെ കരയിക്കുന്നത് എന്താണ്?'ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, കിസ്‌റയും ക്വയ്‌സറും (അവിശ്വാസികളായിട്ടും) എത്രമാത്രം ഭൗതിക സുഖങ്ങളിലാണ്! താങ്കള്‍ അല്ലാഹുവിന്റെ റസൂലായിട്ടും (എത്രമാത്രം ഭൗതിക വിരക്തിയിലാണ്!)' അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: 'അവരിരുവര്‍ക്കും ഇഹലോക സുഖങ്ങളും എനിക്ക് പാരത്രികവിജയവും ആകുന്നത് താങ്കള്‍ ഇഷ്ടപ്പെടുന്നില്ലേ?'' (ബുഖാരി, മുസ്‌ലിം).

 സഹോദരീ പുത്രന്‍ ഉര്‍വ(റ)യുടെ ചോദ്യത്തിനു മറുപടിയായി ആഇശ(റ) പറയുന്നു: ''സഹോദരിയുടെ പുത്രാ, ഉദയചന്ദ്രനിലേക്ക് ഞങ്ങള്‍ നോക്കുമായിരുന്നു. പിന്നെയും നോക്കും. രണ്ടു മാസങ്ങളിലായി മൂന്ന് ഉദയചന്ദ്രന്മാര്‍. അല്ലാഹുവിന്റെ റസൂലി ﷺ ന്റെ വീടുകളില്‍ തീ കത്തിക്കപ്പെട്ടിട്ടുണ്ടാവില്ല.'' (ഉര്‍വ(റ) പറയുന്നു:) ഞാന്‍ ചോദിച്ചു: 'മാതൃസഹോദരീ, നിങ്ങളുടെ ജീവിതമാര്‍ഗം എന്തായിരുന്നു?' അവര്‍ പറഞ്ഞു: 'അല്‍അസ്‌വദാനി, അഥവാ വെള്ളവും കാരക്കയും''(ബുഖാരി).

 അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ''ഗോതമ്പുറൊട്ടിയില്‍നിന്ന് വയറുനിറഞ്ഞിട്ടില്ലാത്ത അവസ്ഥയിലാണ് അല്ലാഹുവിന്റെ ദൂതര്‍ ﷺ  ഭൗതികലോകത്തുനിന്ന് യാത്രയായത്''(ബുഖാരി).

വ്യാജവാദികളും കപടന്മാരും ആഇശ(റ)ക്കെതിരല്‍ ആരോപണമുന്നയിക്കുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്ത വിഷയത്തില്‍ അല്ലാഹു—അവരെ നിരപരാധിയാക്കി. അന്ത്യനാളുവരേക്കും പാരായണം ചെയ്യപ്പെടുന്ന വിശുദ്ധ വചനങ്ങള്‍ അല്ലാഹു—അവരുടെ വിഷയത്തില്‍ അവതരിപ്പിച്ചു. അവര്‍ നല്ല സ്ത്രീകളില്‍ പെട്ടവരാണെന്ന് അല്ലാഹു— സാക്ഷ്യം പറഞ്ഞു. അല്ലാഹു—അവര്‍ക്കു പാപമോചനവും നല്ല ഉപജീവനവും വാഗ്ദാനം ചെയ്തു. ഇത്തരം ഉന്നത സ്ഥാനങ്ങളെല്ലാം ഉണ്ടായിട്ടും അവര്‍ അല്ലാഹു വിനു മുന്നില്‍ വിനയപ്പെടുകയും ഇപ്രകാരം പറയുകയും ചെയ്തു:

''അല്ലാഹുവാണേ സത്യം! പാരായണം ചെയ്യപ്പെടുന്ന ഒരു വഹ്‌യ് (ദിവ്യബോധനം) എന്റെ പേരില്‍ അല്ലാഹു അവതരിപ്പിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. എന്റെ വിഷയത്തില്‍ അല്ലാഹു വല്ലതും സംസാരിക്കുന്നതിനെക്കാള്‍ എത്രയോ എളിയവളാണ് ഞാന്‍ എന്നതാണ് എന്റെ കാര്യം'' (ബുഖാരി).