ഇസ്‌ലാമും പരിസ്ഥിതി സംരക്ഷണവും

ശൈഖ് മുഹമ്മദ് സ്വാദിഖ് മുഹമ്മദ്

2020 ജൂലൈ 11 1441 ദുല്‍ക്വഅദ് 20

ആധുനിക കാലത്തെ പ്രശ്‌നങ്ങളില്‍ ഏറ്റവുംവലിയ പ്രശ്‌നം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടതാണെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ആണവായുധം മനുഷ്യകുലത്തിനേല്‍പിക്കുന്ന ആഘാതം എത്രയാണോ അതില്‍നിന്ന് ഒട്ടും കുറയുന്നതല്ല പരിസ്ഥിതി ദുരന്തങ്ങള്‍ മനുഷ്യനേല്‍പിക്കുന്ന ആഘാതവും. സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുന്നു. ഇലക്ട്രോണിക് ശക്തിയുടെ പുതിയ ഉറവിടങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു, ധാതുക്കളും രാസവസ്തുക്കളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു, അനന്തരഫലത്തെ കുറിച്ച് ചിന്തിക്കാതെ മനുഷ്യന്‍ പ്രകൃതി നിയമത്തില്‍ കൈകടത്തിക്കൊണ്ടിരിക്കുന്നു. ഇതെല്ലാമാണ് പരിസ്ഥിതി സംരക്ഷണം നേരിടുന്ന ഏറ്റവും പുതിയ പ്രതിസന്ധിയും വെല്ലുവിളിയും. തീര്‍ച്ചയായും ഇത് ലോകത്തുള്ള വിശ്വാസികളെയും പണ്ഡിതന്മാരെയും അസ്വസ്ഥരാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനുള്ള പരിഹാരത്തിനായി അവര്‍ ക്വുര്‍ആന്‍ സൂക്തങ്ങളെയും ഇസ്‌ലാമിക അധ്യാപനങ്ങളെയും സമീപിക്കുകയാണ്.

സമാനതകളില്ലാത്ത അത്ഭുതകരമായ സൂക്ഷ്മതയോടെ, സൃഷ്ടികള്‍ക്കിടയിലെ പരസ്പര പൊരുത്തത്തോടെ ഈ പ്രപഞ്ചത്തെ അല്ലാഹു സൃഷ്ടിച്ചുവെന്ന് ഓരോ വിശ്വാസിയും മനസ്സിലാക്കുന്നു. പരിപൂര്‍ണ യുക്തിയുടെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ഉദ്ദേശത്തിനനുസരിച്ച് ഈ സൃഷ്ടികള്‍ക്കെല്ലാം പ്രത്യേകതകളും ഗുണങ്ങളും ഘടനയും കൃത്യമായ എണ്ണവും അല്ലാഹു വ്യവസ്ഥ ചെയ്തിരിക്കുന്നു. ഓരോ വസ്തുവും അല്ലാഹു പ്രത്യേക സ്ഥലകാലസാഹചര്യക്രമത്തിലാണ് സൃഷ്ടിച്ചിട്ടുള്ളത്.

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും, ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു'' (അല്‍ക്വമര്‍: 49).

മറ്റൊരു സൂക്തത്തില്‍ അല്ലാഹു പറയുന്നു: ''ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു'' (അല്‍ഫുര്‍ക്വാന്‍: 2).

ഭൂമി, ജലം, അന്തരീക്ഷം, പര്‍വതങ്ങള്‍, ജീവജാലങ്ങള്‍, സസ്യങ്ങള്‍ എന്നീ ഇഹലോകത്തിലെ ഓരോ വസ്തുവും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് വ്യക്തമായ അളവിന്റെയും അവയ്ക്കിടയിലെ പരസ്പര ബന്ധത്തിന്റെയും അടിസ്ഥാനത്തിലാണ്. നേരിയ അളവിലാണെങ്കിലും ഈ താളത്തിന് എന്തെങ്കിലും പിഴവ് വരുകയാങ്കില്‍ അതിന്റെ അനന്തരഫലം പ്രവചനാതീതമായിരിക്കും. ഒരുപക്ഷേ, അത് പ്രകൃതിയുടെയും മനുഷ്യകുലത്തിന്റെയും നാശത്തിന് കാരണമാകുന്നതായിരിക്കും.

ഈ കാണുന്ന പ്രപഞ്ചവും അതിലുള്ളതുമെല്ലാം അല്ലാഹു മനുഷ്യന് വിധേയപ്പെടുത്തിക്കൊടുത്തിരിക്കുന്നു. മനുഷ്യനെ അല്ലാഹുവിന്റെ ഭൂമിയിലെ ഖലീഫയാക്കിയിരിക്കുന്നു; അവനെ ആദരിച്ചിരിക്കുന്നു. അതോടൊപ്പം, അല്ലാഹു അവനെ പരീക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ മനുഷ്യന്റെ ഓരോ പ്രവൃത്തികളുടെയും ചെയ്തികളുടെയും ഉത്തരവാദി അവന്‍ തന്നെയാണ്. മനുഷ്യനെ ഖലീഫയായി തെരഞ്ഞെടുക്കുകയും ആദരിക്കുകയും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തത് മുതല്‍ ഈ ഉത്തരവാദിത്തം അവനില്‍ നിക്ഷിപ്തമാവുകയാണ്. അല്ലാഹു ഈ അവകാശങ്ങളും പ്രത്യേകതകളും നല്‍കുന്നതോടൊപ്പം സ്വന്തത്തിനും മറ്റുള്ളവരുടെ നന്മക്കുമായി എങ്ങനെ ഈ അനുഗ്രഹങ്ങളെ ഉപയുക്തമാക്കാം എന്നത് ദിവ്യവെളിപാടിലൂടെ മനുഷ്യന് വിശദീകരിച്ച് നല്‍കുന്നു. അത് ലോകത്തെ സംരക്ഷിച്ച് നിര്‍ത്താനും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ നശിപ്പിക്കാതെ നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താനും മനുഷ്യനോട് കല്‍പിക്കുന്നു. ''ഭൂമിയില്‍ നന്മ വരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്'' (അല്‍അഅ്‌റാഫ്: 56).

മനുഷ്യന് സന്തോഷത്തോടെയും ആനന്ദത്തോടെയും ജീവിക്കുന്നതിന് ഭൂമിയെ സൃഷ്ടിക്കുകയും സജ്ജമാക്കുകയും ചെയ്തിരിക്കുന്നുവെന്ന് ഈ സൂക്തത്തില്‍ നിന്ന് മനസ്സിലാകുന്നു. ജലം, മലകള്‍, ജീവജാലങ്ങള്‍, സസ്യലതാദികള്‍, പ്രത്യക്ഷ്യവും പരോക്ഷവുമായി നന്മകള്‍ തുടങ്ങിയവ അല്ലാഹു ഭൂമിയില്‍ ഒരുക്കിയിരിക്കുന്നു. ഈ അനുഗ്രഹങ്ങളെല്ലാം സംരക്ഷിച്ചു നിലനിര്‍ത്തേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്തമാണ്. അതിന്റെ താളത്തിനും സന്തുലനത്തിനും ഒരു കേടുപാടും വരുത്താതെ ഉപയോഗപ്പെടുത്തേത്തണ്ടതും അവന്റെ ഉത്തരവാദിത്തമാണ്. വിവേകവും ദീര്‍ഘവീക്ഷണവുമില്ലാതെ ഭൂമിക്കുമേലുള്ള മനുഷ്യന്റെ കൈകടത്തല്‍ മൂലം പ്രാപഞ്ചിക വ്യവസ്ഥയില്‍ മാറ്റമുണ്ടായതായി ഇന്ന് നാം കാണുന്നു. ഇത് പ്രകൃതിസംരക്ഷണ മാര്‍ഗങ്ങള്‍ക്ക് മുമ്പില്‍  തടസ്സം സൃഷ്ടിക്കുകയാണ്. അതുകൊണ്ട് തന്നെ, അല്ലാഹു സൃഷ്ടിച്ച പ്രപഞ്ചത്തെ അതുപോലെ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി ഓരോ വിശ്വാസിയും രംഗത്തിറങ്ങേണ്ടതുണ്ട്.

ഭൂമിയില്‍ നാശമുണ്ടാകുന്നതിനുള്ള കാരണം വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നു: ''അറിയുക, അത് മനുഷ്യര്‍ ചെയ്തുകൂട്ടിയ അതിക്രമങ്ങളുടെ പരിണതിയാണ്. മനുഷ്യരുടെ കൈകകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയെത്രെ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം'' (അര്‍റൂം: 41).

ജനങ്ങളുടെ മനസ്സും ചിന്തയും നല്ലതല്ലെങ്കില്‍ അതിന്റെ അനന്തരഫലമെന്നത് വിനാശകരവും ദുരന്തപൂര്‍ണവുമായിരിക്കും. എന്നാല്‍, അല്ലാഹുവിന്റെ കാരുണ്യം അതിവിശാലമാണെന്ന് മനസ്സിലാക്കുക. അത് വിവേകത്തോടെ പ്രവര്‍ത്തിക്കുന്നതിനും അറിവില്ലായ്മയില്‍നിന്ന് ഉണര്‍ന്ന് മുന്നേറുന്നതിനുമായി പശ്ചാത്താപത്തിന്റെ വാതില്‍ തുറന്നുകൊടുക്കുന്നു. അതുകൊണ്ടാണ് സൂക്തത്തിന്റെ അവസാനത്തില്‍ 'അവര്‍ മടങ്ങിയെങ്കിലോ' എന്ന് വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞുവെക്കുന്നത്. ഈ കാണുന്ന പ്രപഞ്ചത്തിലെ മനുഷ്യന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് വ്യക്തമാക്കുന്ന ഒരുപാട് പ്രവാചക വചനങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നതാണ്. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറയുന്നു: 'നിങ്ങള്‍ ഓരോരുത്തരും മേല്‍നോട്ടക്കാരാണ് (സംരക്ഷകരാണ്), നിങ്ങളുടെ മേല്‍നോട്ടത്തിലുള്ളതിന്റെ (സംരക്ഷണത്തിലുള്ളതിന്റെ) ഉത്തരവാദിത്തം നിങ്ങള്‍ ഓരോരുത്തര്‍ക്കുമാണ്.'

ചുരുങ്ങിയ വാചകമാണെങ്കിലും വിശാലമായ അര്‍ഥം ഉള്‍കൊള്ളുന്ന ഹദീഥിലൂടെ, പ്രപഞ്ചത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള ഉത്തരവാദിത്തത്തെ കുറിച്ചാണ് പ്രവാചകന്‍ ﷺ  പറഞ്ഞുവെക്കുന്നത്. അല്ലാഹു സൃഷ്ടിച്ചതിനെ നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവരെ അല്ലാഹു അഭിസംബോധന ചെയ്യുന്നത് 'വിനാശകാരികള്‍' എന്നാണ്.

''അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിള നശിപ്പിക്കാനും ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല'' (അല്‍ബക്വറ 205).

ഈ ആയത്തില്‍ പരാമര്‍ശിക്കുന്ന 'ഹര്‍ഥ്' എന്നത് കൃഷിയും 'നസ്ല്‍' എന്നത് ജീവജാലങ്ങളുമാണ്. അഥവാ ജന്തുലോകത്തെയും സസ്യലോകത്തെയുമാണ് അവര്‍ നശിപ്പിക്കുന്നത്. ഇത് രണ്ടും മനുഷ്യന് അല്ലാഹു നല്‍കിയ അനുഗ്രഹമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അവയിലേതെങ്കിലുമൊന്നിന് നാശം വരുത്തകയെന്നാല്‍ അവന്‍ അല്ലാഹുവിന്റ അനുഗ്രഹത്തെ നിഷേധിക്കുകയാണ്, മനുഷ്യകുലത്തിന് ഉപദ്രവമേല്‍പിക്കുകയാണ് ചെയ്യുന്നത്.

ഇസ്‌ലാമും ജന്തുലോക സംരക്ഷണവും

ജീവജാലങ്ങളോട് കരുണ കാണിക്കാനും അവയെ ഉപദ്രവിക്കാതിരിക്കാനും ഇസ്‌ലാം വിശ്വാസികളോട് നിരന്തരമായി ആവശ്യപ്പെടുന്നു. ചുറ്റുമുള്ളവയോട് മനുഷ്യന്‍ എങ്ങനെ ഇടപഴകണമെന്നതിനെക്കുറിച്ച് അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ വിശദമായി പറയുന്നുണ്ട്. അവയില്‍ ഉള്‍പെടുന്നതാണ് ജീവജാലങ്ങളോട് എങ്ങനെ പെരുമാറണമെന്നതും. ജന്തുലോകത്തെ സൃഷ്ടിച്ചതിന്റെ ഉദ്ദേശത്തെ കുറിച്ച് അല്ലാഹു വിവിധങ്ങളായ സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. അത് ജന്തുലോകത്തെ കുറിച്ച് പഠിക്കാനും അവയെ സംരക്ഷിക്കാനും മനുഷ്യനോട് ആവശ്യപ്പെടുന്നു. കൂടാതെ, എങ്ങനെ അവയെ ഉപയോഗപ്പെടുത്തണമെന്നും വളര്‍ത്തണമെന്നും മനുഷ്യനെ പഠിപ്പിക്കുന്നു. അതോടൊപ്പം, വലുപ്പംകൊണ്ട് ചെറുതാണെങ്കിലും, നമ്മുടെ കാഴ്ചയില്‍ വലിയ പ്രാധാന്യമില്ലെങ്കിലും ഈ ജന്തുജാലങ്ങളെ കുറിച്ച് ചിന്തിച്ച് അല്ലാഹുവിന്റെ മഹത്ത്വത്തെ തിരിച്ചറിയാനും നമ്മെ ക്ഷണിക്കുന്നുണ്ട്. വിശുദ്ധ ക്വുര്‍ആനിലെ പല അധ്യായങ്ങളുടെയും നാമങ്ങള്‍ ജീവജാലങ്ങളുടെ നാമങ്ങളാണെന്ന് കാണാവുന്നതാണ്. പശു, കന്നുകാലികള്‍, ഉറുമ്പ്, തേനീച്ച, ആന, എട്ടുകാലി തുടങ്ങിയവ അതില്‍ പെടുന്നു. എല്ലാ ജീവജാലങ്ങളും നമ്മെപ്പോലെ തന്നെയുള്ള വര്‍ഗമാണെന്ന്, സമൂഹമാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. ആ വര്‍ഗത്തോട്, സമൂഹത്തോട് കരുണകാണിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുകയാണിത്. അല്ലാഹു പറയുന്നു: ''ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു'' (അല്‍അന്‍ആം: 38).

അബ്ദുല്ലാഹി ബിന്‍ മുഗഫ്ഫലി(റ)ല്‍നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ  പറയുന്നു: 'സമുദായങ്ങളില്‍പെട്ട ഒരു സമുദായമായിരുന്നില്ലെങ്കില്‍ നായകളെ കൊന്നുകളയാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു.'

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ''ഞാന്‍ അല്ലാഹുവിന്റെ റസൂല്‍ പറയുന്നതായി കേട്ടു: 'പ്രവാചകന്മാരില്‍ പെട്ട ഒരു പ്രവാചകനെ ഉറുമ്പ് കടിച്ചു. അദ്ദേഹം കല്‍പിക്കുകയും, ആ ഉറുമ്പ് സമൂഹം ചുട്ടെരിച്ച് ചാമ്പലാക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രവാകന് അല്ലാഹു വെളിപാട് നല്‍കി; താങ്കളെ കടിച്ചത് ഒരു ഉറുമ്പാണ്, താങ്കള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന ആ സമൂഹത്തെ മുഴവന്‍ ചുട്ടെരിച്ച് ചാമ്പലാക്കിയിരിക്കുന്നു.''

എന്തിനാണ് ജീവജാലങ്ങളെ സൃഷ്ടിച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം വിശുദ്ധ ക്വുര്‍ആനിലെ ഒരുപാട് ആയത്തുകളില്‍ പലയിടങ്ങളിലായി കാണാന്‍ കഴിയുന്നു.

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഗുണപാഠമുണ്ട്. അവയുടെ ഉദരങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനമുണ്ട്. അവയില്‍ നിന്ന് (മാംസം) ഭക്ഷിക്കുകയും ചെയ്യുക. അവയുടെ പുറത്തും കപ്പലുകളിലും നിങ്ങള്‍ വഹിക്കപ്പെടുകയും ചെയ്യുന്നു'' (അല്‍മുഅ്മിനൂന്‍: 21, 22)

''കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളുമുണ്ട്. അവയില്‍ നിന്ന് തന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു'' (അന്നഹ്ല്‍: 5).

ജീവജാലങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് മനുഷ്യന് ഉപയോഗപ്പെടുത്തുന്നതിനാണെന്ന് ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. മനുഷ്യന്‍ അവയില്‍നിന്ന് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നു. യാത്രക്ക് ഉപയോഗിക്കുകയും തണുപ്പിനെ പ്രതിരോധിക്കുന്നതനുള്ള കമ്പിളി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ ഈ അനുഗ്രഹങ്ങള്‍ക്ക് അല്ലാഹുവിന് നന്ദി കാണിക്കുകയും ശരിയായ വിധത്തില്‍ അവയെ സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹുവിന് നന്ദി കാണിക്കുകയെന്നത് രണ്ട് തരത്തിലാണ്. ഒന്ന്, അനുഗ്രഹങ്ങള്‍ നല്‍കിയ അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുക. രണ്ട്, അവന്റെ കല്‍പനകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിധേയപ്പെട്ട് ഈ അനുഗ്രഹങ്ങളെ ഉപയോഗപ്പെടുത്തുക.

ജന്തുലോകത്തിന് ഒരു രീതിയിലും ഉപദ്രവമേല്‍പിക്കരുതെന്ന് ഇസ്‌ലാം എല്ലാ അര്‍ഥത്തിലും ഊന്നിപ്പറയുന്നു. ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ ജാബിറി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ''മുഖത്ത് അടയാളം (അടയാളത്തിനായി പൊള്ളിക്കുക) വെക്കപ്പെട്ട ഒരു കഴുതയുടെ അടുക്കലൂടെ പ്രവാചകന്‍ ﷺ  നടന്നു. അപ്പോള്‍ പ്രവാചന്‍ ﷺ  പറയുകയുണ്ടായി; 'അടയാളം വെച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു.'

ഇമാം അബൂദാവൂദ് തന്റെ സുനനില്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ല(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ''ഞങ്ങള്‍ പ്രവാചകനോടൊപ്പം യാത്രയിലായിരുന്നു. പ്രവാചകന്‍ ﷺ  പ്രാഥമിക ആവശ്യത്തിനായി പോയി. രണ്ട് കുഞ്ഞുങ്ങളോടൊപ്പം ചെറിയൊരു പക്ഷിയെ ഞങ്ങള്‍ കണ്ടു. ആ രണ്ട് കുഞ്ഞുങ്ങളെയും ഞങ്ങള്‍ എടുത്തു. ആ പക്ഷി വന്ന് അതിന്റെ ചിറകിട്ടടിച്ചു. അപ്പോള്‍ പ്രവാചകന്‍ ﷺ  വന്ന് പറഞ്ഞു: 'ആരാണ് ഈ പക്ഷിക്കുഞ്ഞിനെ പ്രയാസപ്പെടുത്തിയത്? അതിന്റെ കുഞ്ഞിനെ അവിടെ തിരിച്ചുകൊണ്ടുപോയി വെക്കുക.'

ഈ രണ്ട് ഹദീഥുകൡ നിന്നും ഇസ്‌ലാം മുഴുവന്‍ ജീവജാലങ്ങളോടും കാണിക്കുന്ന കാരുണ്യത്തിന്റെ അളവ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. ജീവജാലങ്ങളെ അനാവശ്യമായി കൊല്ലുകയെന്നത് ഇസ്‌ലാം വലിയ കുറ്റമായി കാണുന്നു; അത് വിലക്കുകയും ചെയ്തിരിക്കുന്നു. കാരണം, അവയെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യനന്മക്ക് വേണ്ടിയാണ്. അവയെ കൊല്ലുകയെന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുകയെന്നതാണ്. അശ്ശരീദില്‍ നിന്ന് ഇമാം നസാഈ റിപ്പോര്‍ട്ട് ചെയ്യുന്നു; അദ്ദേഹം പറയുന്നു: 'അല്ലാഹുവിന്റെ റസൂല്‍ ﷺ  പറയുന്നതായി ഞാന്‍ കേട്ടു; ആരെങ്കിലും പക്ഷികളെ അന്യായമായി കൊല്ലുകയാണെങ്കില്‍, അന്ത്യനാളില്‍ അവ അല്ലാഹുവിലേക്ക് നിലവിളിച്ചുകൊണ്ട് വരുന്നതായിരിക്കും. എന്നിട്ട് പറയും; രക്ഷിതാവേ, ഇന്നാലിന്ന മനുഷ്യന്‍ എന്നെ അന്യായമായി കൊലചെയ്തിരിക്കുന്നു. ഒരു ആവശ്യത്തിനും വേണ്ടിയല്ല എന്നെ കൊന്നിരിക്കുന്നത്.''

ജീവജാലങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രയോജനങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടല്ല ഇസ്‌ലാം അവയോട് അനുകമ്പയും കരുണയും കാണിക്കണമെന്ന് പറയുന്നത്. മറിച്ച്, അവയില്‍നിന്ന് പ്രയോജനം ലഭിക്കുന്നില്ലെങ്കിലും വിശ്വാസികള്‍ അപ്രകാരം അനുകമ്പയോടെ, സ്‌നേഹത്തോടെ വര്‍ത്തിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ജീവജാലങ്ങളോട് കാണിക്കുന്ന കരുണ സ്വര്‍ഗ പ്രവേശനത്തിന് കാരണമാകുന്ന ഒരു അടിസ്ഥാന നിയമമായി ദീനില്‍ പരിഗണിക്കപ്പെടുന്നത് നമുക്ക് കാണാന്‍ കഴിയുന്നു. ഈയൊരു ആശയത്തെ ഊന്നിപ്പറയുന്ന ധാരാളം പ്രവാചക വചനങ്ങളുണ്ട്. അവയില്‍പെട്ട ഒരു ഹദീഥാണ് അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറയുന്നു:

''ഒരാള്‍ യാത്രയിലായിരിക്കെ ദാഹം കഠിനമായി. അയാള്‍ കിണറ്റിലിറങ്ങി വെള്ളം കുടിച്ച് പുറത്തിറങ്ങി. അപ്പോള്‍ അദ്ദേഹം ശക്തമായ ദാഹത്താല്‍ നാവിട്ടടിച്ച് മണ്ണില്‍ നക്കുന്ന നായയെ കണ്ടു. അദ്ദേഹം പറഞ്ഞു: 'എനിക്ക് മുമ്പ് വന്നെത്തിയത് ഇതിനും വന്നെത്തിയിരിക്കുന്നു.' അയാള്‍ തന്റെ കാലുറയില്‍ വെള്ളംനിറച്ച്, അത് വായയില്‍ കടിച്ചുപിടിച്ച് കയറിവരികയും നായക്ക് വെള്ളം കൊടുക്കുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സ്വീകരിക്കുകയും അദ്ദേഹത്തിന് പൊറുത്തുകൊടുക്കുയും ചെയ്തു. അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, കന്നുകാലികളില്‍ ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ?' പ്രവാചകന്‍ ﷺ  പറഞ്ഞു: 'എല്ലാ ജീവനുള്ളതിലും പ്രതിഫലമുണ്ട്.'

എന്നാല്‍ ഒരു മനുഷ്യന്‍ ജീവജാലങ്ങളെ കഷ്ടപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണെങ്കില്‍ അത് കാരണമായി അല്ലാഹു അവനെ പരലോകത്ത് ശിക്ഷിക്കുന്നതാണ്. ഇമാം മുസ്‌ലിം അബൂഹുറയ്‌റ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ഒരു സ്ത്രീ അവരുടെ പൂച്ച കാരണമായി നരകത്തില്‍ പ്രവേശിച്ചു. അവര്‍ ഭക്ഷണം നല്‍കാതെ പൂച്ചയെ കെട്ടിയിട്ടു; അഴിച്ചുവിട്ടില്ല. മണ്ണില്‍ നിന്ന് അത് പെറുക്കി തിന്നു, അവസാനം പട്ടിണി കിടന്ന് ചത്തുപോയി.'

(അടുത്ത ലക്കത്തില്‍: ഇസ്‌ലാമും സസ്യലോക സംരക്ഷണവും)