വാരിയന്‍കുന്നത്തിനെ ഭയക്കുന്നവരോട്

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

2020 ജൂലൈ 11 1441 ദുല്‍ക്വഅദ് 20

നുണ പറയുമ്പോള്‍ ഏറ്റവുംവലിയ നുണപറയുക; അത് പരമാവധി ആവര്‍ത്തിക്കുക എന്നതാണ് ഗീബല്‍സിന്റെ സിദ്ധാന്തം. നാസിസത്തിന്റെ വളര്‍ച്ചക്ക് നിര്‍ണായകമായ സ്ഥാനമാണ് ഈ സിദ്ധാന്തത്തിന്  ഉണ്ടായിരുന്നത്. ഹിറ്റ്‌ലറുടെ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇന്നത്തെ പല കൂട്ടായ്മകളും അതേനിലപാട് പിന്തുടരുന്നതില്‍ അത്ഭുതമില്ല. ഇത്തരുണത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷ് കൊള്ളഭരണാധികാരികളോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ധീരരക്തസാക്ഷികളുടെ മതം നോക്കി അവരെ വര്‍ഗീയവാദികളായി ചിത്രീകരിച്ചുകൊണ്ട്, അവരുടെ സേവനങ്ങളെ വിലകുറച്ച് കാണുകയും അവരുടെ ചരിത്രം ഓര്‍മിക്കുന്നതില്‍നിന്ന് ആളുകളെ തടയാനുള്ള വൃഥാശ്രമം നടത്തിക്കൊണ്ടിരിക്കുകയുമാണ് എന്തുവന്നാലും സത്യം മാത്രം പറയില്ല എന്ന് നിശ്ചയിച്ചുറപ്പിച്ച ചിലര്‍.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് അസത്യങ്ങളായ പല കഥകളും സമൂഹമാധ്യമങ്ങളിലൂടെ ഇക്കൂട്ടര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. കൗതുകകരമായ കാര്യം എന്തെന്നാല്‍ വാരിയന്‍കുന്നത്ത് ഹാജി എന്ന് ധരിച്ച് ഇവര്‍ പ്രചരിപ്പിക്കുന്ന ചിത്രം ആലി മുസ്‌ലിയാരുടെതാണ്. രണ്ടുപേരും ഒന്നാണ് എന്നാണ് ഈ ചരിത്രധ്വംസകരില്‍ പലരും ധരിച്ചിരിക്കുന്നത്. ഇവ്വിഷയകമായി ഇവരുടെ അജ്ഞതയുടെ പാരമ്യത ഇതില്‍നിന്നുതന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.

എന്തായിരുന്നാലും വാരിയന്‍കുന്നത്ത് ഹാജിയെക്കുറിച്ചുള്ള ചരിത്രം മുഴുവന്‍ ഇവിടെ വിവരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഫാഷിസ്റ്റുകളുടെ ഇതുസംബന്ധമായ പ്രധാന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അത്തരം ആരോപണങ്ങള്‍വഴി ലോകത്തിന് മാതൃകയായ മതസൗഹാര്‍ദത്തെ തകര്‍ത്ത് അതു കണ്ട് പൊട്ടിച്ചിരിക്കാനുള്ള വര്‍ഗീയവാദികളുടെ സൃഗാല ബുദ്ധിയാണ് ഇത്തരം നുണക്കഥകളുടെ പിന്നിലെ ചേതോവികാരമെന്നും പ്രിയപ്പെട്ട ഹിന്ദുസഹോദരന്മാരെ ഒന്നുകൂടി ഓര്‍മപ്പെടുത്തുകയാണ്, ഈ കുറിപ്പിന്റെ ലക്ഷ്യം.

വാരിയന്‍കുന്നത്ത് ഹാജി നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയെന്നും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തുവെന്നും ബ്രിട്ടീഷ്‌വിരുദ്ധനീക്കം ഒന്നുംതന്നെ നടത്തിയിട്ടില്ല എന്നുമാണ് വര്‍ഗീയവാദികള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍.

എന്താണ് വസ്തുതകള്‍ എന്ന് പരിശോധിക്കാം. ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ശക്തമായ സമരം സംഘടിപ്പിച്ച വാരിയന്‍കുന്നത്ത് ഹാജിയുടെ സഹായികള്‍ മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല. വെള്ളക്കാരുടെയും അവരുടെ സഹായികളായ വര്‍ണവെറിയന്മാരുടെയും ജാതീയമായ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന എല്ലാ അധഃസ്ഥിത വിഭാഗങ്ങളും ജാതിഭേദമന്യെ വാരിയന്‍കുന്നിന്റെ പിന്നില്‍ അണിനിരന്നു. എക്കാലത്തും അക്രമികളായ ഭരണാധികാരികളുടെ സ്തുതിപാഠകരും ദുര്‍ബലരെ പീഡിപ്പിക്കുന്നവരുമായ ഖാറൂണ്‍ മുതലാളിമാരും ഹാമാന്‍മാരും എല്ലാ സമൂഹത്തിലുമുണ്ടാകും. (ഖാറൂണ്‍, ദുഷ്ടനായ ഫറോവയുടെ പക്ഷംചേര്‍ന്ന് സ്വന്തം ജനതയെ ഒറ്റിക്കൊടുത്തവന്‍. ഹാമാന്‍, ഫറോവയുടെ മന്ത്രിയും അക്രമത്തിന് ചുക്കാന്‍ പിടിച്ചവനും).

ബ്രിട്ടീഷുകാരെ അംഗീകരിക്കുകയും അവരുടെ വിജയത്തിനായി സ്വന്തം ജനതയെ വഞ്ചിക്കുകയും ചെയ്തവരില്‍ എല്ലാ മതത്തിലും പെട്ടവരുണ്ടായിരുന്നു എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ഇസ്‌ലാമിക സമൂഹത്തിലെ ഇത്തരം സാമ്രാജ്യത്വ അനുകൂലികളെ ഒറ്റപ്പെടുത്തുകയും മാതൃകാപരമായി ശിക്ഷിക്കുകയുമാണ് ഇസ്‌ലാമിക പണ്ഡിതന്മാരും നേതാക്കന്മാരും എക്കാലവും ചെയ്തിട്ടുള്ളത്. ഹാജിയും ഇതിന്നപവാദമായിരുന്നില്ല.

ബ്രിട്ടീഷ് ഭരണാധികാരികളുടെ നിര്‍ദേശാനുസരണം സ്വാതന്ത്ര്യസമരാനുകൂലികളെ നിര്‍ദയം മര്‍ദിക്കുന്നവരില്‍ പ്രധാന പങ്കുവഹിച്ചത് ഇന്ത്യക്കാരായ ഉദ്യോഗസ്ഥന്മാരായിരുന്നു. അവരില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഉള്‍പ്പെടുന്നു. ആമു സാഹിബ്, കെ.വി. ചേക്കുട്ടി ഇന്‍സ്‌പെക്ടര്‍ (ആനക്കയം), എം. നാരായണമേനോന്‍ എന്നിവര്‍ അവരില്‍ പ്രമുഖരാണ്. 1921 ആഗസ്റ്റ് 30ന് സാമ്രാജ്യത്വത്തിന്റെ ദല്ലാളായ ചേക്കുട്ടി പോലീസിനെ വധിച്ച് സാമ്രാജ്യത്വ വാലാട്ടികള്‍ക്കും മര്‍ദകരായ ഭരണാധികാരികള്‍ക്കും ശക്തമായ താക്കീത് നല്‍കുമ്പോള്‍ ചേക്കുട്ടിയുടെ മുസ്‌ലിം നാമം ഹാജിക്ക് തടസ്സമായില്ല. എന്ന് മാത്രമല്ല ഹാജിയുടെ സൈന്യത്തില്‍ അനേകം ഹിന്ദുക്കളും ഉണ്ടായിരുന്നു. കുറ്റം ചെയ്തവരുടെ മതം നോക്കി ശിക്ഷയില്‍ ഇളവ് വരുത്തുന്ന രീതിയും മതം നോക്കി പൗരത്വം പ്രഖ്യാപിക്കുന്നരീതിയും ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അത് എന്നും നീതിയുടെ പക്ഷത്താണ്.

വാരിയന്‍കുന്നത്തിന് സ്വാധീനമുള്ള വിശാലമായ ഒരു പ്രദേശത്ത് ബ്രിട്ടീഷ് സ്വാധീനം ഇല്ലാതായി. മാപ്പിളനാട്ടില്‍ പൊതുവായി ഒമ്പത് മാസത്തോളം ബ്രിട്ടീഷ് ഭരണം സ്തംഭനാവസ്ഥയിലായി. സാമ്രാജ്യത്വത്തിനനുകൂലമായവരെ മതം നോക്കാതെ ശിക്ഷിക്കാനും ഹാജി മറന്നില്ല. ഹാജിയുടെ ഇത്തരം വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി ശിഷ്ടകാലം സുഖമായി ജീവിച്ച് സ്വാതന്ത്ര്യസമരത്തെ ഒറ്റിയവരുടെ പിന്‍മുറക്കാര്‍ക്ക് ദഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഹാജിസാഹിബ് നീതിമാനും സമുദായ സൗഹാര്‍ദതയുടെ സന്ദേശവാഹകനും ഉദാത്തനായ ജനനേതാവുമായിരുന്നു. പ്രശസ്ത ചരിത്രകാരന്‍ ശ്രീ. എ.കെ.പിള്ള തന്നെ പറയട്ടെ:

''കുഞ്ഞഹമ്മദ് ഹാജി ലഹളക്കാരുടെ നേതൃത്വം സ്വീകരിച്ചതോടു കൂടി ലഹളയുടെ ഉദ്ദേശം കുറെകൂടി വിപുലമായിത്തീര്‍ന്നു. അരാജകസ്ഥിതി കഴിയുന്നതും വരാതെകണ്ട് എല്ലാം ക്രമമായും ചില മുറകളനുസരിച്ചും പോകണമെന്ന് കുഞ്ഞഹമ്മദ് ഹാജിക്ക് അഭിപ്രായങ്ങളെല്ലാമുണ്ടായിരുന്നു. അയാള്‍ തന്റെ അനുയായികളുടെ ഇടയില്‍ ചില നിയമങ്ങളെല്ലാം ഏര്‍പ്പെടുത്തി. അതില്‍നിന്ന് തെറ്റിനടക്കുന്നവരെ കഠിനമായി ശിക്ഷിച്ചു. അയാളുടെ കല്‍പനകളില്‍ ഒന്ന് ഹിന്ദുക്കളെ ഉപദ്രവിച്ചുപോകരുതെന്നും എതിര്‍പക്ഷത്തുനിന്നും തടവുകാരായി പിടിക്കുന്ന യാതൊരാളെയും തന്റെ പ്രത്യേക അനുമതിയോടു കൂടിയല്ലാതെ വധിച്ച് പോകരുതെന്നും ഉള്ളതായിരുന്നു.

സാമാന്യജനങ്ങളെ ശല്യപ്പെടുത്തുകയോ; വീടുകളോ പീടികകളോ കൊള്ളചെയ്യുകയും ചെയ്യുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ മുമ്പാകെ വരുത്തി വിചാരണ ചെയ്ത് തക്കതായ ശിക്ഷനല്‍കിയും വന്നു. മുകളില്‍ പ്രസ്താവിച്ച പ്രകാരം ആഗസ്റ്റ് 24ന് മഞ്ചേരിയിലെ 'നമ്പൂതിരി ബാങ്ക്' കയ്യേറി അതിലുണ്ടായിരുന്ന പണ്ടങ്ങള്‍ അതിന്റെ ഉടമസ്ഥന്മാരെ വരുത്തി തിരിച്ചുകൊടുത്തത് കുഞ്ഞഹമ്മദ് ഹാജിയുടെ ആദ്യപ്രവൃത്തികളില്‍ ഒന്നായിരുന്നു. അന്നേദിവസം തന്നെ മഞ്ചേരി നാല്‍കവലയില്‍വച്ച് ചെയ്ത പ്രഖ്യാപനത്തില്‍ ഹിന്ദുക്കള്‍ക്ക് യാതൊരു പദ്രവവും ഉണ്ടാകുന്നതല്ലെന്നു ഉറപ്പ് നല്‍കിയിരുന്നു.''

ഹാജി സാഹിബിന്റെ നീതിബോധത്തെയും ധര്‍മനിഷ്ഠയെയും പ്രകടമാക്കുന്ന മറ്റൊരു സംഭവം ശ്രീ. മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് വിവരിക്കുന്നു:

''അതിനിടക്ക് ഒരു മാപ്പിള താനെഴുതിക്കൊടുത്ത ഒരു പണയാധാരം ഒരു ഹിന്ദുവിന്റെ കയ്യില്‍ നിന്നും ബലംപ്രയോഗിച്ചു മടക്കിവാങ്ങി. അഹിന്ദു ഹാജിയാരുടെ അടുക്കല്‍ സങ്കടം ബോധിപ്പിച്ചു. ഹാജിയാര്‍ പ്രതിയുടെ കയ്യ് വെട്ടുവാന്‍ കല്‍പിച്ചു.  മാപ്പിള പേടിച്ചു പണയാധാരം ഹിന്ദുവിന് തന്നെ മടക്കക്കൊടുത്തു.''

ജനങ്ങളോടുള്ള ഗുണകാംക്ഷയും അചഞ്ചലമായ ധൈര്യവും നിറഞ്ഞ വിസ്മയ വ്യക്തിത്വത്തിന്നുടമയായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, സംഭവബഹുലമായ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇത്തരം സംഭവങ്ങള്‍ മുഴുവന്‍ ഇവിടെ വിവരിക്കുക സാധ്യമല്ല.

ചുരുക്കത്തില്‍, വാരിയന്‍കുന്നത്ത്  കുഞ്ഞഹമ്മദ് ഹാജി  വെള്ളക്കാരന്റെ പേടിസ്വപ്‌നമായിരുന്നു.  അദ്ദേഹത്തിന്റെ അനുയായികളില്‍  ഹിന്ദുക്കളും മുസ്‌ലിംകളുമുണ്ടായിരുന്നു. നാട്ടിലെ ഹിന്ദുക്കളും മുസ്‌ലിംകളുമെല്ലാം സന്തോഷപൂര്‍വം ഹാജിയുടെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തിന് സഹായ സഹകരണങ്ങള്‍ നല്‍കിയിരുന്നു. കൊണ്ടോട്ടിയിലെ പ്രസിദ്ധനായ നസറുദ്ദീന്‍ തങ്ങള്‍ ബ്രിട്ടീഷ് പക്ഷത്തേക്ക് കൂറ് മാറിയപ്പോള്‍ അയാള്‍ക്കെതിരെയും വാരിയന്‍കുന്നത്ത് ഹാജി  സൈനിക നീക്കം നടത്തി. ബ്രിട്ടീഷ് ഭരണകൂട ഭീകരതക്കെതിരെയും അവരുടെ ചെരിപ്പുനക്കികള്‍ക്കെതിരെയും നടപടിയെടുക്കുന്നതില്‍ ഹാജിക്ക് ജാതി, മത പരിഗണനകള്‍ ഉണ്ടായിരുന്നില്ല എന്നത് ഒരു ചരിത്രയാഥാര്‍ഥ്യമാണ്.

വസ്തുത ഇതായിരിക്കെ വാരിയന്‍കുന്നിന്റെ ഹിന്ദുവിരുദ്ധതയെപ്പറ്റി ഇല്ലാക്കഥ മെനയുന്നവരും അത് ഏറ്റുപാടുന്നവരും ബ്രിട്ടീഷ് അനുകൂലികളുടെയും അവര്‍ക്ക് മാപ്പെഴുതി ശിഷ്ടജീവിതം സമ്പന്നവും സമൃദ്ധവുമാക്കി സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ആളുകളുടെ പിന്മുറക്കാരുടെയും പുനരവതാരങ്ങളാണെന്നതില്‍ നിഷ്പക്ഷമതികള്‍ക്കാര്‍ക്കും തര്‍ക്കമുണ്ടാക്കാന്‍ വഴിയില്ല.

(അവലംബം: മലബാര്‍ കലാപത്തിന്റെ 60ാംവാര്‍ഷികത്തില്‍ അതിലെ നേരനുഭവസ്ഥരുടെ അനുഭവ സാക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച സ്മരണിക).