ഖലീഫാ ഉമറിന്റെ കടലാസും കടലിലെറിയപ്പെട്ട പഴവും

മൂസ സ്വലാഹി, കാര

2020 ആഗസ്ത് 01 1441 ദുല്‍ഹിജ്ജ 11

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍ 15)

കൊറോണ മഹാമാരി ലോകത്തെ വരിഞ്ഞുമുറുക്കിയ സാഹചര്യത്തിലും മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസ, കര്‍മ മേഖലകളെ ശിര്‍ക്ക്, ബിദ്അത്തുകള്‍കൊണ്ട് ചൂഷണംചെയ്യുക എന്ന പൗരോഹിത്യത്തിന്റെ പതിവ് സമ്പ്രദായം ഇടവിടാതെ തന്നെ തുടരുന്നു എന്നത് ആശ്ചര്യകരമാണ്. 2020 ജൂലൈ 17ന് 'മലയാള മനോരമ' ദിനപത്രത്തില്‍ 'സമൃദ്ധിക്കായി പുതിയങ്ങാടി കടപ്പുറത്ത് പ്രാര്‍ഥന' എന്ന തലവാചകത്തില്‍ വന്ന വാര്‍ത്ത ഇപ്രകാരമാണ്: 'കടലോര മക്കളുടെ ദുരിതമകറ്റാന്‍ പുതിയങ്ങാടി കടപ്പുറത്ത് നടന്ന കൂട്ടപ്രാര്‍ഥനയ്ക്ക് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പുതിയങ്ങാടി ഭണ്ഡാര കമ്മിറ്റി, കടക്കോടി തൊഴിലാളി സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിലാണ് പ്രാര്‍ഥന നടത്തിയത്. മത്സ്യസമൃദ്ധിക്കായി കടലിലേക്കു പഴമെറിയല്‍ ചടങ്ങും നടന്നു. വര്‍ഷങ്ങളായി മഴക്കാലത്ത് കടലോരമക്കളുടെ സമൃദ്ധിക്കും മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും പുതിയങ്ങാടി കടപ്പുറത്ത് കൂട്ടപ്രാര്‍ഥന നടന്നുവരുന്നു.'

ഇതെല്ലാം മതത്തിന്റെ പേരിലാണെന്നതും ഇല്ലാത്ത തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി പൗരോഹിത്യം ഇതിനെയെല്ലാം വെളുപ്പിക്കാന്‍ നോക്കുന്നു എന്നതും ഇസ്‌ലാമിനുതന്നെ വലിയ നാണക്കേടാണ്. മാത്രവുമല്ല വര്‍ഷംതോറും ഒരേകുടുംബത്തില്‍നിന്ന് നിശ്ചയിക്കപ്പെടുന്ന ആള്‍ ഒരേദിനത്തില്‍ ഒരേസ്ഥലത്തുവെച്ച് നടത്തിവരുന്ന ഈ ആചാര പ്രകാരം അടുത്ത ഇതേസമയം വരെ ആ പ്രദേശത്ത് ദുരിതങ്ങളും ദുരന്തങ്ങളും സംഭവിക്കുകയില്ലെന്ന വിശ്വാസവുമാണ് ഇതിന്റെ പിന്നിലുള്ളത്. ആരാധനയുടെ ഭാഗമായി വരുന്ന ബറകത്തിനെ മറയാക്കി സമൂഹത്തില്‍ ചിലര്‍ക്ക് നല്‍കപ്പെട്ട അപ്രമാദിത്വവും അല്ലാഹു വിധിച്ചതിലുള്ള വിശ്വാസമില്ലായ്മയും മൂഢവിശ്വാസങ്ങളെ കണ്ണുചിമ്മി സ്വീകരിക്കുന്നതുമാണ് ഇത്തരം വഞ്ചനകളില്‍ അകപ്പെടാനുള്ള മൂലകാരണം.

അല്ലാഹു പറയുന്നു: ''ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു''(57:22).

നബി ﷺ  ഇബ്‌നുഅബ്ബാസി(റ)നെ ചെറുപ്പത്തില്‍തന്നെ പഠിപ്പിച്ച വിശ്വാസപാഠങ്ങള്‍ പോലും തിരിയാത്തവരായല്ലോ ഇവര്‍! നബി ﷺ  പറഞ്ഞു: 'പൊന്നുമോനേ, ഞാന്‍ നിനക്ക് ചില വചനങ്ങള്‍ പഠിപ്പിക്കാം. നീ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ അവന്‍ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുന്നുവെങ്കില്‍ നിന്റെ മുന്നില്‍ അവനെ കണ്ടെത്താന്‍ സാധിക്കും. നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവോട് സഹായം തേടുക. നീ അറിയുക; നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ജനങ്ങള്‍ മുഴുവനും ഒരുമിച്ചുകൂടിയാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതല്ലാതെ അവര്‍ക്ക് യാതൊന്നും ചെയ്യാന്‍ സാധിക്കുകയില്ല. ഇനി അവര്‍ നിനക്ക് വല്ല ഉപദ്രവവും വരുത്താന്‍ ഒരുമിച്ചുകൂടിയാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാതെ യാതൊന്നും ചെയ്യാന്‍ അവര്‍ക്ക് സാധിക്കുകയില്ല. പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകള്‍ ഉണങ്ങുകയും ചെയ്തിരിക്കുന്നു''(തിര്‍മിദി).

അടിമകളുടെ ജീവിതത്തില്‍ പരീക്ഷണമെന്നോണം ഉപകാരവും ഉപദ്രവവും അല്ലാഹു തീരുമാനിക്കുന്നതില്‍ മറ്റാര്‍ക്കും ഇടപെടാനോ അതിനേ തടയാനോ സാധിക്കുകയില്ല. അല്ലാഹു പറയുന്നു:

''നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്നപക്ഷം അവനൊഴികെ അത് നീക്കംചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (ക്വുര്‍ആന്‍ 10:107).

പ്രാര്‍ഥനയും ഭരമേല്‍പിക്കലും ഏതു സന്ദര്‍ഭത്തിലും അല്ലാഹുവില്‍ മാത്രമാകണമെന്നത് ഇസ്‌ലാമിന്റെ അധ്യാപനമാണ്. അല്ലാഹു പറയുന്നു: ''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച'' (ക്വുര്‍ആന്‍ 40:60).

അല്ലാഹു പറയുന്നു: ''പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെമേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്'' (ക്വുര്‍ആന്‍ 9:51).

 സര്‍വതിനെയും സൃഷ്ടിച്ച് പരിപാലിക്കുന്ന അന്നദാതാവും അതില്‍ വിശാലതയേകുന്നവനും അല്ലാഹുവാകയാല്‍ ഉപജീവനമാര്‍ഗം നല്‍കുന്നതില്‍ ഏറ്റവ്യത്യാസമുണ്ടാവുക എന്നത് അവന്റെ യുക്തിയുടെയും നീതിയുടെയും ഭാഗമാണ്.

അല്ലാഹു പറയുന്നു: ''അല്ലാഹുവാണ് തന്റെ ദാസന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനമാര്‍ഗം വിശാലമാക്കുന്നതും താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് ഇടുങ്ങിയതാക്കുന്നതും. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ'' (ക്വുര്‍ആന്‍ 29:62).  

പ്രതിസന്ധിഘട്ടങ്ങളില്‍ പ്രാര്‍ഥിക്കപ്പെടേണ്ടവനും ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ പ്രതീക്ഷിക്ഷപ്പെടേണ്ടവനും അല്ലാഹു മാത്രമാണെന്ന ദൃഢവിശ്വാസം ദുര്‍ബലപ്പെട്ടുകൂടാ. അവനില്‍ ഭരമേല്‍പിക്കുന്നവര്‍ക്കും സൂക്ഷ്മത പാലിക്കുന്നവര്‍ക്കും അല്ലാഹുതന്നെ മതിയായവനാണ്. അല്ലാഹു പറയുന്നു: ''അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചുപ്രാര്‍ഥിച്ചാല്‍ അവന്ന് ഉത്തരംനല്‍കുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ചു മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ'' (ക്വുര്‍ആന്‍ 27:62).

അബൂതമീമ അല്‍ഹുജൈമി(റ) ബല്‍ഹുജൈക്കാരനായ ഒരാളില്‍നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറ    ഞ്ഞു: ''താങ്കള്‍ ആരിലേക്കാണ് ക്ഷണിക്കുന്നതെന്ന് ഞാന്‍ അല്ലാഹുവിന്റെ തിരുദൂതരോട് ചോദിച്ചു. പ്രവാചകന്‍ലപറഞ്ഞു: 'നിനക്ക് വല്ല ഉപദ്രവവും ബാധിച്ച് നീ പ്രാര്‍ഥിച്ചാല്‍ നിന്റെ പ്രയാസം നീക്കിത്തരുന്ന, മരുഭൂമിയില്‍ വഴിതെറ്റി നീ പ്രാര്‍ഥിച്ചാല്‍ വഴികാണിക്കുന്ന, നിനക്ക് ക്ഷാമം ബാധിച്ച് നീ പ്രാര്‍ഥിച്ചാല്‍ ചെടിമുളപ്പിച്ച് തരുന്ന ഏകനായ അല്ലാഹുവിലേക്ക് മാത്രമാണ് ഞാന്‍ ക്ഷണിക്കുന്നത്''(അഹ്മദ്).  

എല്ലാവര്‍ക്കും മതിയായവനില്‍ ഭരമേല്‍പിക്കാതെ സൃഷ്ടികളില്‍ അഭയം കണ്ടെത്തി സായൂജ്യമടയാന്‍ നോക്കുന്നത് അല്ലാഹുവിന്റെ കല്‍പനയെ അവഗണിക്കലും വന്‍പാപത്തിന് ഇരയാകലുമാണ്.

നബി ﷺ  മക്കാമുശ്‌രിക്കുകള്‍ക്ക് മുമ്പില്‍ പ്രഖ്യാപിച്ച ശുദ്ധതൗഹീദും സ്വഹാബത്തിന് നല്‍കിയ ഉദ്‌ബോധനവുമാണ് എപ്പോഴും  വിശ്വാസികള്‍ക്ക് ആശ്വാസം.

അല്ലാഹു പറയുന്നു: ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്നപക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്റെമേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്'' (ക്വുര്‍ആന്‍ 39:38).

ഉമറുബ്‌നുല്‍ ഖത്വാബില്‍േനിന്ന് നിവേദനം: ''നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കേണ്ട മുറപ്രകാരം ഭരമേല്‍പിക്കുകയാണെങ്കില്‍, ഒട്ടിയവയറുമായി പ്രഭാത്തില്‍ പുറപ്പെട്ട് നിറവയറോടെ പ്രദോഷത്തില്‍ കൂടണയുന്ന പക്ഷിയെ പോലെ നിങ്ങള്‍ക്ക് ഉപജീവനം നല്‍കപ്പെടുമായിരുന്നു'' (തിര്‍മിദി).

ഇത്രയും മഹത്ത്വപൂര്‍ണമായ മതാധ്യാപനങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടാണ് പുത്തനാചരങ്ങള്‍ക്കിവര്‍ ഒത്താശയൊരുക്കുന്നത്.

സമൃദ്ധിക്ക് വേണ്ടി കടലിലേക്ക് പഴമെറിഞ്ഞതിനെ ഇസ്‌ലാമികമാക്കാന്‍ പുരോഹിതന്മാര്‍ പുതുതായി തപ്പിയെടുത്ത ഉമര്‍(റ) നൈല്‍ നദിയിലേക്ക് കടലാസ് എറിഞ്ഞു എന്ന കഥയുടെ ചുരുക്കം ഇങ്ങനെയാണ്: ഖൈസ് ഇബ്‌നുല്‍ ഹജ്ജാജ് തന്റെ ശൈഖില്‍നിന്നും ഉദ്ധരിക്കുന്നതായി ഇബ്‌നുലുഹൈഅ വഴി വന്ന റിപ്പോര്‍ട്ട് ഇബ്‌നുകഥീര്‍(റഹി) ഉദ്ധരിക്കുന്നു: 'ഈജിപ്ത് മുസ്‌ലിംകള്‍ കീഴടക്കിയപ്പോള്‍ ബുഅന മാസത്തില്‍ (ഈജിപ്തുകാരുടെ കലണ്ടര്‍ പ്രകാരമുള്ള ഒരു മാസമാണിത്) അവിടുത്തെ നിവാസികള്‍ അംറുബ്‌നുല്‍ ആസ്വി(റ)ന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു: 'അമീര്‍, നൈല്‍ നദി ഒഴുകുന്നതിനായി ഒരു കാര്യം ചെയ്യാറുണ്ട്. അത് ചെയ്യാതെ നൈല്‍ ഒഴുകാറില്ല.' 'അതെന്താണ്?' അദ്ദേഹം ചോദിച്ചു. അവര്‍ പറഞ്ഞു: 'ഈ മാസത്തില്‍നിന്ന് പന്ത്രണ്ട് ദിനങ്ങള്‍ പിന്നിട്ടാല്‍ ഞങ്ങള്‍ ഒരു കന്യകയെ കണ്ടെത്തുകയും അവളുടെ മാതാപിതാക്കളെ തൃപ്തിപ്പെടുത്തിയതിന് ശേഷം ഏറ്റവും നല്ല ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം ധരിപ്പിച്ച് ഞങ്ങള്‍ അവളെ നൈല്‍ നദിയിലേക്കെറിയുകയും ചെയ്യും.' അംറ്(റ) അവരോട് പറഞ്ഞു: 'നിശ്ചയം, ഇത് ഇസ്‌ലാമിലുണ്ടാവുകയില്ല. കാരണം ഇസ്‌ലാം അതിന് മുമ്പുള്ളതിനെ തകര്‍ക്കുന്നു.' അങ്ങനെ ബുഅന, അബീബ്, മസ്‌റ എന്നീ മാസങ്ങള്‍ കടന്നുപോയി. നൈല്‍നദി കൂടുതലായോ കുറവായോ ഒഴുകിയില്ല. അവര്‍ ഒരുമിച്ച് പുറപ്പെടാന്‍ തീരുമാനിച്ചപ്പോള്‍ അംറ്(റ) ഉമറുബ്‌നുല്‍ ഖത്വാബിനേ് ഈ വിഷയം വിവരിച്ചുകൊണ്ട് കത്തെഴുതി. ഉമര്‍(റ) അദ്ദേഹത്തിന് ഇപ്രകാരം മറുപടി നല്‍കി: 'തീര്‍ച്ചയായും താങ്കള്‍ ചെയ്ത പ്രവൃത്തി ശരിയാണ്. എന്റെ കത്തിനകത്ത് ഞാനൊരു കാര്‍ഡ് കൊടുത്തയക്കുന്നുണ്ട്. താങ്കളത് നൈല്‍ നദിയിലിടണം.' അങ്ങനെ ഉമറി(റ)ന്റെ കത്ത് ലഭിച്ചപ്പോള്‍ അംറ്(റ) പ്രസ്തുത കാര്‍ഡ് എടുക്കുകയും നൈല്‍ നദിയിലെറിയുകയും ചെയ്തു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു: 'അല്ലാഹുവിന്റെ ദാസനായ അമീറുല്‍ മുഅ്മിനീന്‍ ഉമറില്‍നിന്നും ഈജിപ്തുകാരുടെ നൈല്‍ നദിക്ക് എഴുതുന്നത്: നീ നിന്റെ ഇഷ്ടത്തിനാണ് ഒഴുകുന്നതെങ്കില്‍ നീയിനി ഒഴുകേണ്ടതില്ല. നിന്റെ ആവശ്യവും ഞങ്ങള്‍ക്കില്ല. ഇനി നീ ഒഴുകുന്നത് സര്‍വാധിനാഥനും അതുല്യനുമായ അല്ലാഹുവിന്റെ കല്‍പനപ്രകാരമാണെങ്കില്‍, അവനാണല്ലോ നിന്നെ ഒഴുക്കുന്നത്, ഞങ്ങള്‍ നിന്നെ ഒഴുക്കാന്‍ അല്ലാഹുവിനോട് ചോദിക്കുന്നു.'

അങ്ങനെ ശനിയാഴ്ച്ച ദിവസത്തില്‍ ആറ് മുഴത്തോളം ഉയരത്തില്‍ നൈല്‍ ഒഴുകി. ഈജിപ്തുകാരുടെ ആ ചര്യയെ  ഇന്നുവരേക്കും അല്ലാഹു മുറിക്കുകയും ചെയ്തു'' (അല്‍ബിദായ വന്നിഹായ: 7/114-115).

ഈ സംഭവം സ്വീകാര്യയോഗ്യമല്ലെന്നതും ആണെന്നു സങ്കല്‍പിച്ചാല്‍ തന്നെ പുരോഹിതന്മാര്‍ ചെയ്തുപോരുന്ന ആചാരത്തിന് ഇത് തെളിവല്ലെന്നതും നമുക്കിങ്ങനെ സംഗ്രഹിക്കാം:

1. ഇതിന്റെ പരമ്പരയിലെ അബ്ദുല്ലാഹിബ്‌നു ലുഐഹ എന്ന വ്യക്തി ദുര്‍ബലനാണെന്ന് ഇമാമുമാരായ തിര്‍മിദി(റഹി), നസാഈ(റഹി), ഇബ്‌നുഹിബ്ബാന്‍(റഹി), യഹ്‌യബ്‌നു മഹീന്‍(റഹി) എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ ഇദ്ദേഹം മുദല്ലിസ്സും (ആരില്‍നിന്നാണോ ഉദ്ധരിക്കുന്നത് അദ്ദേഹത്തെ മറച്ചുവെക്കുന്നയാള്‍) ഇഖ്തിലാത്ത്(കൂടിക്കലരല്‍) സംഭവിച്ച ആളുമാണ്. ഖൈസ് ഇബ്‌നുല്‍ ഹജ്ജാജ് ചില സന്ദര്‍ഭങ്ങളില്‍ മുര്‍സലായും ചിലപ്പോള്‍ അദ്ദേഹത്തിന്റെ ശൈഖില്‍ നിന്നും ഉദ്ധരിക്കാറുണ്ട്. അദ്ദേഹത്തിന്റെ ശൈഖുമാര്‍ ആരെന്ന് അറിയപ്പെടാത്തവരുമാണ്. സംഭവം സ്വഹീഹല്ലെന്ന് (സ്വീകാര്യയോഗ്യമല്ലെന്ന്) വ്യക്തം.

2. ജാഹിലിയ്യത്തിലെ അന്ധവിശ്വാസത്തെ നിര്‍മാര്‍ജനം ചെയ്യുന്ന സംഭവമാണിത്, അല്ലാതെ ശിര്‍ക്കന്‍ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതല്ല.

3. ഉമറി(റ)ന്റെ എഴുത്തിലുള്ളത് തൗഹീദിന്റെ സന്ദേശമാണ്, ശിര്‍ക്കിന്റെ വിളംബരമല്ല.

4.എക്കാലത്തേക്കുമായി അനിസ്‌ലാമികതയെ അവസാനിപ്പിച്ചതിനുള്ള തെളിവാണിത്. പുത്തനാചാരങ്ങളില്‍ തളച്ചിടാനുള്ളതല്ല.

5. നൈല്‍ നദിയിലേക്ക് ഉമര്‍(റ) കടലാസ് എറിഞ്ഞു എന്നതും അംറുബ്‌നുല്‍ ആസ്(റ) കാണിച്ചതാണ് തങ്ങള്‍ ചെയ്തതെന്നുമുള്ള പ്രചാരണങ്ങള്‍ വ്യാജമാണ്.

6. നദിയുടെ സമൃദ്ധമായ ഒഴുക്കിന് വേണ്ടി അല്ലാഹുവിനോട് ചോദിക്കുന്നു എന്നാണ് ഉമര്‍(റ) എഴുതിയത്, എന്റെ ബറകത്തുകൊണ്ട് ഒഴുകൂ എന്നല്ല.

7. ഈജിപ്തുകാര്‍ ശീലിച്ച ശിര്‍ക്കന്‍ വിശ്വാസം നിലച്ചു എന്നതാണ് ചരിത്രം. ഇവിടെ ചിലരാകട്ടെ വാശിമൂത്ത് ശിര്‍ക്കിനെ സ്ഥാപിക്കുകയുമാണ്.

പല ഗ്രന്ഥങ്ങളിലും ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ടല്ലോ എന്നാണ് മറ്റൊരു ന്യായീകരണം. ശരിയാണ്. എന്നാല്‍ അവരാരും ഈ സംഭവത്തെ മുന്‍നിര്‍ത്തി ഇതുപോലുള്ള വിശ്വാസം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല. ആര് പറഞ്ഞു എന്നതല്ല പരമ്പര കുറ്റമറ്റതാകലാണ് പ്രധാനം. ഗ്രന്ഥത്തെ കുറിച്ചോ ഗ്രന്ഥരചനാ ശൈലിയെ കുറിച്ചോ അറിയുന്നവര്‍ ചോദിക്കേണ്ട ചോദ്യമല്ലയിത്. അവര്‍ രേഖപ്പെടുത്തിയ ഹദീഥുകളിലോ, ചരിത്രസംഭവങ്ങളിലോ നിര്‍മിക്കപ്പെട്ടവയോ ദുര്‍ബലമായതോ ഉണ്ടെങ്കില്‍ അതുകാരണം അവരെ ചോദ്യം ചെയ്യാനോ പഴിചാരാനോ കഴിയില്ല. കാരണം പരമ്പര പറയുന്നതോടുകൂടി അതിന്റെ ഉത്തരവാദിത്തത്തില്‍നിന്നും അവര്‍ മുക്തരായി. പരമ്പര പരിശോധിക്കേണ്ട ബാധ്യത നമ്മുടേതല്ലേ? ഇത്തരം വാക്കുകള്‍ അവലംബിച്ച് സമൂഹത്തെ ശിര്‍ക്കിലേക്ക് നയിക്കുന്നത് കടുത്ത അപരാധമല്ലാതെ മറ്റെന്താണ്?

പ്രാര്‍ഥനയും ഇസ്തിഗാസയും അല്ലാഹുവല്ലാത്തവരോട് നടത്തുക, ക്വബ്‌റുകള്‍ കെട്ടിപ്പൊക്കുക, അവിടം ആരാധനാകേന്ദ്രമാക്കുക, തെളിവില്ലാതിരുന്നിട്ടും നമസ്‌കാരാനന്തരം കൂട്ടപ്രാര്‍ഥന നടത്തുക, മയ്യിത്തിനരികില്‍ യാസീന്‍ ഓതുക തുടങ്ങി എത്രയോ അനാചാരങ്ങള്‍, ഈ പഴം കടലിലെറിഞ്ഞ് സമൃദ്ധിയാഗ്രഹിക്കുന്നവര്‍ ചെയ്തുെകാണ്ടിരിക്കുന്നു!

ഇമാം ശാഫിഈ(റഹി)യുടെ മദ്ഹബ് പിന്‍പറ്റുന്നവരാണെന്ന് അവകാശപ്പെടുന്ന ഇവര്‍ വാസ്തവത്തില്‍ ആ പറയുന്നതിനോട് പോലും മാന്യത പുലര്‍ത്തുന്നില്ല. കാരണം ഇമാം ശാഫിഈ പഠിപ്പിച്ചതിനെതിരാണ് അവര്‍ ചെയ്യുന്ന പലതും.

'തന്റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്നപക്ഷം അവന്ന് വഴികാട്ടാന്‍ ആരുമില്ല'' (ക്വുര്‍ആന്‍ 39:36).

ഈ തൗഹീദിന്റെ സന്ദേശത്തെ ആത്മാര്‍ഥതയോടെ നെഞ്ചോടുചേര്‍ത്ത് ജീവിക്കുവാന്‍ വിശ്വാസി സമൂഹത്തിനാകണം.