അത് ഞാന്‍ തന്നെയാണോ?

സമീര്‍ മുണ്ടേരി

2020 ആഗസ്ത് 22 1442 മുഹര്‍റം 03

ആ മരണവാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു. പലപ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹംനിറഞ്ഞ പെരുമാറ്റവും സംസാരവും മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു.  പ്രതീക്ഷിക്കാത്ത സമയത്താണല്ലോ മരണം വരിക.  

അയാളുടെ മരണവാര്‍ത്ത പതിയെ എല്ലാവരും അറിഞ്ഞു തുടങ്ങി.  നല്ലതല്ലാതെ അയാളെക്കുറിച്ച് ഒന്നും ആരും പറയുന്നില്ല. ഒരുതവണ മാത്രം അദ്ദേഹത്തെ കണ്ടവരും പരിചയപ്പെട്ടവരും അയാളുടെ നന്മകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗം നല്‍കട്ടെ...

ഈ മരണം മനസ്സിലേക്കിട്ടുതന്ന രണ്ടു ചിന്തകള്‍ പങ്കുവെക്കണം എന്നു തോന്നി: നാം മരണപ്പെട്ടാല്‍ എന്തായിരിക്കും ചുറ്റുമുളളവര്‍ പറയുക? മറ്റുളളവര്‍ക്ക് പറയാന്‍ നന്മകള്‍ ഏറെ ചെയ്തിട്ടുണ്ടെങ്കിലും സ്രഷ്ടാവിന്റെ മുമ്പില്‍ ആ നന്മകള്‍ എല്ലാം നമുക്ക് ലഭിക്കുമോ?

അവരുടെ കണ്ണിലെ നാം?

മറ്റുളളവര്‍ക്ക് മുമ്പില്‍ നാം മാന്യന്മാരാണ്, അല്ലേ? പെരുമാറ്റം, വാക്കുകള്‍, നോട്ടം എല്ലാ മനോഹരം. നമ്മുടെ സംസാരം കേള്‍ക്കുന്നവര്‍ക്ക് ഈമാന്‍ വര്‍ധിക്കുന്ന വാക്കുകള്‍ പോലും സമ്മാനിക്കാന്‍ കഴിയുന്നവരാണ് നാം. ചിലപ്പോള്‍ നമ്മുടെ കൂടെയിരിക്കാന്‍ കൊതിക്കുന്നവര്‍ പോലുമുണ്ടാകും.

കണ്ണാടിക്കു മുന്നിലെ നാം?

മറ്റുള്ളവര്‍ക്ക് മുന്നിലെ നാം തന്നെയാണോ ഒരു കണ്ണാടിക്ക് മുന്നിലും നമ്മള്‍? ചുറ്റിലുമുളളവര്‍ നമുക്ക് പകുത്തുതരുന്ന സ്‌നേഹത്തിനും പരിഗണനക്കും യഥാര്‍ഥത്തില്‍ നാം അര്‍ഹരാണോ? അവര്‍ നമ്മില്‍ കാണുന്ന ആത്മാര്‍ഥത ജീവിതത്തില്‍ നമുക്കുണ്ടോ?  

നബി ﷺ യുടെ ജീവിതത്തിന്റെ അകവും പുറവും ഒരു പോലെയായിരുന്നു. അതാണ് ഇസ്‌ലാമിന്റെ ആരംഭത്തില്‍ നബി ﷺ യുടെ ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ ഹിര്‍ഖല്‍ ചക്രര്‍ത്തിക്ക് മുമ്പില്‍ മുഹമ്മദ് നബി ﷺ യെ പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം സത്യസന്ധനാണ്, ബന്ധം ചേര്‍ക്കുന്നവനാണ് എന്നെല്ലാം പറയാന്‍ കാരണം.

ബനൂഇസ്‌റാഈല്യരില്‍ പെട്ട ജുറൈജിന്റെ കഥ മുഹമ്മദ് നബി ﷺ  നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആരാധനകളില്‍മുഴുകി ജീവിച്ച അദ്ദേഹത്തെ നിമിഷനേരം കൊണ്ട് ആളുകള്‍ എതിര്‍ക്കുന്ന അവസ്ഥയുണ്ടായി. അദ്ദേഹത്തിന്റെ ആശ്രമം ആളുകള്‍ തല്ലിപ്പൊളിച്ചു. ആളുകളുടെ മുമ്പില്‍ അദ്ദേഹം തോന്നിവാസം പ്രവര്‍ത്തിച്ചവനായി കുറച്ചു സമയം അറിയപ്പെട്ടെങ്കിലും അല്ലാഹുവിന്റെ മുമ്പില്‍ അദ്ദേഹം പരമ പരിശുദ്ധനായിരുന്നു.

നമ്മളും ആഗ്രഹിക്കേണ്ടത് അല്ലാഹുവിന്റെ മുമ്പിലെ പരിശുദ്ധിയാണ്. അതിനായി പരിശ്രമിക്കുകയും വേണം. കണ്ണാടിക്ക് മുന്നില്‍ നിന്ന് നമ്മെ നോക്കി പറയാന്‍ പറ്റണം മറ്റുളളവര്‍ക്ക് മുന്നിലുളള ഞാന്‍ തന്നെയാണ് എന്റെ സ്വകാര്യ ജീവിതത്തിലും എന്ന്. മറ്റുള്ളവര്‍ അറിയാത്ത നന്മകളുണ്ടാവുകയും ചെയ്യട്ടെ.

നമ്മുടെ പല നന്മകളും മറ്റുളളവര്‍ അറിയുന്നുണ്ട്. അതു കുറ്റമൊന്നുമല്ല. കൂട്ടമായ് ചെയ്യേണ്ട ധാരാളം നന്മകളും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ടല്ലോ. അവിടെയെല്ലാം നമ്മുടെ ഉദ്ദേശ്യം (നിയ്യത്ത്) നന്നാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ മറ്റുളളവര്‍ക്ക് അറിയാത്ത, അല്ലാഹുവിനും നമുക്കും മാത്രം അറിയുന്ന ചില നന്മകളും നമുക്ക് ചെയ്യാന്‍ ശ്രമിച്ചുകൂടേ?

മുഹമ്മദ് നബി ﷺ യുടെ പൗത്രന്‍ ഹസന്‍(റ)വിന്റെ മകന്‍ സൈനുല്‍ ആബിദീന്‍(റഹി) മദീനയിലെ പാവപ്പെട്ട ജനതക്ക് വീട്ടുപടിക്കല്‍ ഭക്ഷണം എത്തിക്കുമായിരുന്നു. ആരാണ് അത് നല്‍കുന്നതെന്ന് അവര്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. സൈനുല്‍ ആബിദീന്‍(റഹി) മരണപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷണം നിലച്ചപ്പോഴാണ് അവര്‍ക്ക് കാര്യം ബോധ്യമായത്. അദ്ദേഹത്തിന്റെ മൃതശരീരം കുളിപ്പിച്ചപ്പോള്‍ പുറത്ത് കറുത്ത തഴമ്പ് കണ്ടിരുന്നു. ഗോതമ്പുമാവ് ചുമന്നുകൊണ്ടുപോയതിന്റെ തഴമ്പായിരുന്നു അത്!

ആരുമറിയാതെ ചില നന്മകള്‍ നമുക്കും പ്രവര്‍ത്തിച്ചു തുടങ്ങാം. ഒന്നുകില്‍ മറ്റുള്ളവരെ സഹായിച്ചിട്ടാകാം. അതിന് കഴിയാത്തവര്‍ക്ക് ആരാധനകള്‍കൊണ്ടാവാം. ലക്ഷ്യം മറക്കാതിരിക്കുക എന്നതാണ് പ്രധാനം. ജനിച്ചു എന്നതാണ് മരിക്കും എന്നതിന്റെ ഏറ്റവും വലിയ ഉറപ്പ്. മരണശേഷം നാം തനിച്ചാണ്. കര്‍മങ്ങള്‍ മാത്രമാണ് കൂട്ടിനുണ്ടാവുക. മറ്റുളളവരുടെ മുമ്പില്‍ എത്ര ശുദ്ധമായി ജീവിക്കണം എന്ന് മനസ്സ് കൊതിക്കുന്നോ അതിനെക്കാള്‍ റബ്ബിന്റെ മുമ്പില്‍ വിശുദ്ധ ജീവിതം കാത്തുസൂക്ഷിക്കുക.

അബൂഹുറയ്‌റ(റ)നിവേദനം: ''ജനങ്ങളില്‍ ഏറ്റവും മാന്യന്‍ ആരാണെന്ന് നബി ﷺ യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറയുകയുണ്ടായി: 'അവരില്‍ ഏറ്റവും സൂക്ഷ്മത പുലര്‍ത്തുന്നവനാകുന്നു...''(ബുഖാരി, മുസ്‌ലിം).

ഇബ്‌നുറജബ്(റഹി) പറഞ്ഞു: 'മുന്‍ഗാമികളില്‍ ചിലര്‍ പറഞ്ഞു: ''ആര്‍ അല്ലാഹുവിനെ സൂക്ഷിച്ചുവോ, അവന്‍ തന്റെ ശരീരത്തെ കാത്തുസൂക്ഷിച്ചു. ആര് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നതിനെ പാഴാക്കിയോ, അവന്‍ തന്റെ ശരീരത്തെ പാഴാക്കിയിരിക്കുന്നു.'

ജീവിതം പാഴാക്കാതിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.