ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ജനുവരി 18 1441 ജുമാദല്‍ അവ്വല്‍ 23

ഇസ്‌ലാമിക ശാസനകള്‍

സല്‍സ്വഭാവങ്ങള്‍ സ്വീകരിക്കുവാനുള്ള കല്‍പനകള്‍ പ്രമാണ വചനങ്ങളില്‍ ഏറെയാണ്. പ്രസ്തുത സ്വഭാവങ്ങളുടെ പ്രാധാന്യമാണ് അത് അറിയിക്കുന്നത്. ഏതാനും വചനങ്ങള്‍ കാണുക:

''നിശ്ചയം, അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്. അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍നിന്നും ദുരാചാരത്തില്‍നിന്നും അതിക്രമത്തില്‍നിന്നുമാണ്''

(ക്വുര്‍ആന്‍ 16:90).

''സദാചാരം കല്‍പിക്കുകയും അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 7:199).

സ്വഭാവങ്ങള്‍ സമ്പാദിക്കാം

സ്വഭാവങ്ങളും പ്രകൃതങ്ങളും പ്രകൃതിദത്തവും സര്‍ഗസിദ്ധവുമെന്ന പോലെ ശീലിച്ചും അഭ്യസിച്ചും കാര്യകാരണങ്ങള്‍ എത്തിപ്പിടിച്ചും സമ്പാദിക്കാവുന്നതാണ്. പ്രമാണവചനങ്ങള്‍ ഈ വസ്തുതയറിയിക്കുന്നു. തിരുദൂതര്‍ ﷺ  പറഞ്ഞു: ''വിദ്യ അഭ്യസിച്ചുകൊണ്ടും വിവേകം സഹനംശീലിച്ചു കൊണ്ടും മാത്രമാണ് നേടാനാവുക. വല്ലവനും നന്മ തേടിയാല്‍ അവനത് നല്‍കപ്പെടും. വല്ലവനും തിന്മയെ സൂക്ഷിച്ചാല്‍ അവന് അതില്‍ നിന്നു സുരക്ഷ നല്‍കപ്പെടും.''

അബൂദര്‍റി(റ)ല്‍ നിന്നും മുആദ് ഇബ്‌നു ജബലി(റ)ല്‍ നിന്നും നിവേദനം. നബി ﷺ  പറഞ്ഞു:

''താങ്കള്‍ എവിടെയാണെങ്കിലും അല്ലാഹുവെ സൂക്ഷിക്കുക. തിന്മയെ നന്മ കൊണ്ട് തുടര്‍ത്തുക; തിന്മയെ നന്മ മായ്ച്ചുകളയും. ജനങ്ങളോടു നല്ല സ്വഭാവത്തില്‍ പെരുമാറുക'' (സുനനുത്തുര്‍മുദി. തുര്‍മുദി ഹസനുന്‍ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു).

പ്രമാണവചനങ്ങള്‍ ഈ വിഷയത്തില്‍ ഏറെയാണ്. സ്വഭാവങ്ങളും പ്രകൃതങ്ങളും മാറ്റുവാനും തിരുത്തുവാനും സാധ്യമായവയാണെന്നാണ് ഇവയെല്ലാം അറിയിക്കുന്നത്. അവ മനുഷ്യരുടെ പ്രകൃതിയില്‍ ഊട്ടപ്പെട്ടത് മാത്രവും മാറ്റവും ഭേദഗതിയും അസാധ്യമായവയും ആയിരുന്നുവെങ്കില്‍ ഉപദേശ നിര്‍ദേശങ്ങള്‍ക്കും വസ്വിയ്യത്തുകള്‍ക്കും അച്ചടക്കനടപടികള്‍ക്കും പ്രസക്തിയുണ്ടാകുമായിരുന്നില്ല. എന്നു മാത്രമല്ല അസാധുവും അസാധ്യവുമായ വിധിവിലക്കുകളാകുമായിരുന്നു അവയെല്ലാം.

 

വ്യക്തിത്വ നിര്‍ണയത്തിന്റെ മാനദണ്ഡം

മുഖപ്രസന്നത, വിനയം, മാന്യവും മിതവുമായ ഭാഷണം, ഔദാര്യം, ആദരവ്, മനഃശുദ്ധി, വിവേകം, അവധാനത, സഹിഷ്ണുത, സഹനം, ക്ഷമ, ധീരത, തുടങ്ങിയുള്ള മാന്യഗുണങ്ങളും ഉത്തമ ശീലങ്ങളും സ്വീകരിച്ചുകൊണ്ടും ഇവയ്ക്കു നിരക്കാത്തതും ഇവയെ നിരാകരിക്കുന്നതുമായ സ്വഭാവങ്ങളും ശീലങ്ങളും വര്‍ജിച്ചു കൊണ്ടും ഒരാള്‍ ജീവിതത്തെ ധന്യമാക്കിയാല്‍ അയാളാണ് സല്‍ഗുണസമ്പന്നനും സല്‍സ്വഭാവിയും. മനുഷ്യന്‍ ദേഹം മാത്രമല്ല; ദേഹവും ദേഹിയുമാണ് അവന്‍. അവന്‍ പുറംതോട് മാത്രമല്ല. അവന്ന് അകവുമുണ്ട്. അവന്റെ വ്യക്തിത്വത്തെ നിലനിര്‍ത്തുന്നതിന് ആന്തരികമായ അവന്റെ രൂപത്തിനും ഭാവത്തിനുമുള്ള പങ്ക് വലുതാണ്. തിരുനബി ﷺ  പറഞ്ഞു:

''നിശ്ചയം, അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കും സമ്പത്തുകളിലേക്കും നോക്കുന്നില്ല. പ്രത്യുത അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും കര്‍മങ്ങളിലേക്കുമാണ്.''

നീളം, വീതി, വര്‍ണം, വര്‍ഗം, ദേശം, ഭാഷ, സമ്പത്ത് തുടങ്ങിയുള്ള അളവുകോലുകള്‍ കൊണ്ട് ഒരിക്കലും മനുഷ്യര്‍ അളക്കപ്പെടുകയില്ല; പ്രത്യുത കര്‍മങ്ങളും സ്വഭാവങ്ങളുമാണ് ആളുകളെ അളക്കുവാനുള്ള യഥാര്‍ഥ മാനഃദണ്ഡം. അല്ലാഹു പറയുന്നു:

''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 49:13).

 

മതാധ്യാപനങ്ങളും സല്‍സ്വഭാവങ്ങളും

ഇസ്‌ലാമിക വിശ്വാസകാര്യങ്ങള്‍ക്കും ആരാധനകള്‍ക്കും ഇടപാടുകള്‍ക്കും സ്വഭാവങ്ങളുമായുള്ള ബന്ധം സുദൃഢവും അവിഭാജ്യവുമാണ്. തണലും കനിയും കനിയാത്ത വൃക്ഷത്തെ പോലെയാണ് സല്‍സ്വഭാവമില്ലാത്തവന്റെ ഈമാനും ഇബാദത്തും. ഇടപാടുകള്‍ ഉത്തമ സ്വഭാവങ്ങളോടെയാണ് നിര്‍വഹിക്കേണ്ടതെന്ന് തിരുചര്യകള്‍ തെര്യപ്പെടുത്തുന്നു. ഈമാനും ഇബാദത്തും സ്വഭാവത്തെ വിളയിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു എന്നത് പ്രമാണങ്ങള്‍ വിളച്ചറിയിക്കുന്നു. നമസ്‌കാരത്തിന്റെ വിഷയത്തില്‍ അല്ലാഹു പറയുന്നു:

''നമസ്‌കാരം മുറ പോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു'' (ക്വുര്‍ആന്‍ 29:45).

 

സല്‍സ്വഭാവങ്ങളുടെ മഹത്ത്വങ്ങള്‍

ഇഹപര നന്മകള്‍ നേടിത്തരുന്ന ധാരാളം മഹത്ത്വങ്ങള്‍ സല്‍സ്വഭാവങ്ങള്‍ക്കുള്ളതായി ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അവയില്‍ ചിലത് ചുവടെ നല്‍കുന്നു:

 

സ്വര്‍ഗ പ്രവേശനത്തിന് ഹേതുകം

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ''ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നത് എന്താണെന്ന് തിരുദൂതര്‍ ﷺ  ചോദിക്കപ്പെട്ടു. അപ്പോള്‍ തിരുമേനി ﷺ  പറഞ്ഞു: 'അല്ലാഹുവിലുള്ള തക്്വവയും സല്‍സ്വഭാവവും.' ജനങ്ങളെ ഏറ്റവും കൂടുതല്‍ നരകത്തില്‍ പ്രവേശിപ്പിക്കുന്നത് എന്താണെന്ന് തിരുദൂതര്‍ ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്ന് പ്രതികരിച്ചു: 'വായയും ഗുഹ്യാവയവവും''(സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

 

സ്വര്‍ഗത്തില്‍ അത്യുന്നതങ്ങള്‍

അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  പറഞ്ഞു: ''ആരാണോ തന്റെ സ്വഭാവം നന്നാക്കുന്നത് അവന് സ്വര്‍ഗത്തിന്റെ ഉന്നതിയില്‍ ഒരു വീടിന് ഞാന്‍ ജാമ്യം നില്‍ക്കുന്നു'' (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

 

ഈമാന്‍ പൂര്‍ണമാണെന്നതിന്റെ തെളിവ്

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''വിശ്വാസികളില്‍ പരിപൂര്‍ണ ഈമാനുള്ളവര്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവം ഉള്ളവരാണ്. നിങ്ങളില്‍ നല്ലവര്‍ തങ്ങളുടെ ഭാര്യമാരോട് സ്വഭാവം കൊണ്ട് നന്നായവരാണ്''(സുനനുത്തുര്‍മുദി. തുര്‍മുദി ഹസനെന്ന് വിശേഷിപ്പിച്ചു).

 

അല്ലാഹുവിന്റെ പ്രീതി നേടുന്നവര്‍

ഉസാമ ഇബ്‌നുശരീകി(റ)ല്‍ നിന്ന് നിവേദനം: ''അല്ലാഹുവിന്റെ അടിയാറുകളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ അവരിലെ സല്‍സ്വഭാവികളാണ്.''

 

നബി ﷺ യോട് അടുത്ത് കൂടുന്നവര്‍

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''നിശ്ചയം, അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവര്‍ പെരുമാറുവാന്‍കൊള്ളുന്ന നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. അവര്‍(തങ്ങളുടെ സ്വഭാവം കൊണ്ട്) ഇണങ്ങുകയും ഇണക്കപ്പെടുകയും ചെയ്യുന്നവരായിരിക്കും''(ത്വബ്‌റാനി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

 

തിരുദൂതരുടെ പ്രീതി നേടുന്നവര്‍

ജാബിര്‍ ഇബ്‌നുഅബ്ദില്ല(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ''നിശ്ചയം, അന്ത്യനാളില്‍ നിങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവരും നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും''(സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

 

നന്മയുടെ തുലാസ് നിറക്കാം

അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''സല്‍സ്വഭാവത്തെക്കാള്‍ അന്ത്യനാളില്‍ ഒരു സത്യവിശ്വാസിയുടെ തുലാസില്‍ കനം തൂങ്ങുന്ന യാതൊന്നുമില്ല. നിശ്ചയം, അല്ലാഹു നെറികെട്ടവനെയും തെമ്മാടിയെയും വെറുക്കുന്നു'' (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

 

പദവികള്‍ വര്‍ധിപ്പിക്കുവാന്‍

ആഇശ(റ)യില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''ഒരു വ്യക്തി തന്റെ സല്‍സ്വഭാവത്തിലൂടെ രാത്രി നമസ്‌കരിക്കുന്നവന്റെയും പകല്‍ നോമ്പനുഷ്ഠിക്കുന്നവന്റെയും പദവികള്‍ നേടുന്നതാണ്'' (മുസ്‌നദ്. അര്‍നാഊത്വ് സ്വഹീഹുന്‍ലിഗയ്‌രിഹീയെന്ന് വിശേഷിപ്പിച്ചത്).

മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്: ''തീര്‍ച്ചയായും, ഒരു സത്യവിശ്വാസി തന്റെ സല്‍സ്വഭാവം കൊണ്ട് നോമ്പുകാരന്റെയും നമസ്‌കാരക്കാരന്റെയും പദവി കെണ്ടത്തുന്നതാണ്''(സുനനുഅബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).

 

ആയുസ്സ് വര്‍ധിപ്പിക്കാം

ആഇശ(റ)യില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''സല്‍സ്വഭാവവും നല്ല അയല്‍പക്കബന്ധവും ഭവനങ്ങളെ നന്നാക്കുകയും ആയുസ്സില്‍ വര്‍ധനവുണ്ടാക്കുകയും ചെയ്യും'' (മുസ്‌നദു അഹ്മദ്. അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

 

മാതൃകാവ്യക്തിത്വം

അബ്ദുല്ലാഹ് ഇബ്‌നു അംറി(റ)ല്‍ നിന്നും നിവേദനം: ''അല്ലാഹുവിന്റെ ദൂതര്‍ ﷺ  ദുഷിപ്പ് പറയുന്നവനോ ദുഷിച്ചത് ചെയ്യുന്നവനോ ആയിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു: 'നിശ്ചയം, നിങ്ങളില്‍ ഉത്തമന്‍ നിങ്ങളില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാകുന്നു'' (ബുഖാരി, മുസ്‌ലിം).

 

ഇഹ്‌സാന്‍

നന്മയില്‍ വര്‍ത്തിക്കുന്നതിനാണ് ഇഹ്‌സാന്‍ എന്ന് പറയുക. ഇഹ്‌സാന്‍ രണ്ടു തരമുണ്ട്:

ഒന്ന്: അല്ലാഹുവിനുള്ള ഇബാദത്തിലെ ഇഹ്‌സാന്‍. അഥവാ, അല്ലാഹുവിനെ നാം കാണുന്നില്ലെങ്കിലും അവനെ കാണുന്നതു പോലെ ആരാധന നിര്‍വഹിക്കുക, ഗുണകാംക്ഷാ നിര്‍ഭരവും സമ്പൂര്‍ണവുമായ നിലയ്ക്ക് അല്ലാഹുവിനുള്ള ബാധ്യതാനിര്‍വഹണം കാര്യക്ഷമമാക്കുക. പ്രതീക്ഷയും പേടിയും യഥാവിധം സമന്വയിപ്പിച്ചു കൊണ്ട് ഇബാദത്തെടുക്കുക. പ്രസ്തുത ഇഹ്‌സാനിനെ കുറിച്ച് നബി ﷺ  പറഞ്ഞു:

''അല്ലാഹുവിനെ നീ കാണുന്നതുപോലെ ആരാധിക്കുക, അവനെ നീ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്'' (ബുഖാരി).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമുണ്ട്: ''അല്ലാഹുവിനെ നീ ഭയക്കുക; നീ അവനെ കാണുന്നതു പോലെ. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്'' (മുസ്‌ലിം).

രണ്ട്: പടപ്പുകളോടുള്ള ഇഹ്‌സാന്‍. ഏതൊരു സൃഷ്ടിയോടായാലും നന്മയിലുള്ള വര്‍ത്തനമാണ് അതുകൊണ്ട് ഉദ്ദേശ്യം. മാതാപിതാക്കളോട്, അയല്‍വാസികളോട്, അനാഥകളോട്, അഗതികളോട്, ഇടപാടുകാരോട്, സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്നവരോട്, തെറ്റ് ചെയ്തവരോട്, മൃഗങ്ങളോട് തുടങ്ങി പ്രസ്തുത വര്‍ത്തനം പലരോടുമാണ്.

അല്ലാഹു— ഇഹ്‌സാന്‍ കൊണ്ട് കല്‍പിച്ചു: ''തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യുവാനുമാണ്'' (ക്വുര്‍ആന്‍ 16:90).

''അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക'' (ക്വുര്‍ആന്‍ 28:77).

''നീ എന്റെ ദാസന്മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്'' (ക്വുര്‍ആന്‍ 17:53).

''...നിങ്ങള്‍ ജനങ്ങളോട് നല്ല വാക്ക് പറയണം'' (ക്വുര്‍ആന്‍ 2:83).

ശദ്ദാദ് ഇബ്‌നു ഔസി(റ)ല്‍ നിന്ന് നിവേദനം: ''എല്ലാ വസ്തുക്കളോടും നല്ല നിലയില്‍ വര്‍ത്തിക്കുവാനാണ് അല്ലാഹു കല്‍പിച്ചിട്ടുള്ളത്. അതിനാല്‍ നിങ്ങള്‍ കൊല്ലുകയാണെങ്കില്‍ നല്ല നിലയില്‍ കൊല്ലുക. അറുക്കുകയാണെങ്കില്‍ നല്ല നിലയില്‍ അറുക്കുക. നിങ്ങളോരോരുത്തരും കത്തി മൂര്‍ച്ച കൂട്ടുകയും അറുക്കുന്ന ജീവിക്ക് ആശ്വാസം നല്‍കുകയും ചെയ്യേണ്ടതാണ്'' (മുസ്‌ലിം).

അനസ് ഇബ്‌നുമാലികി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ''നിങ്ങള്‍ വിധിച്ചാല്‍ നീതി പാലിക്കുക. നിങ്ങള്‍ വധിച്ചാല്‍ നല്ല നിലയിലാക്കുക. കാരണം അല്ലാഹു മുഹ്‌സിനാണ്. അവന്‍ മുഹ്‌സിനീങ്ങളെ ഇഷ്ടപ്പെടുന്നു'' (മുഅ്ജമുത്ത്വബ്‌റാനി. അല്‍ബാനി സനദിനെ ജയ്യിദെന്ന് വിശേഷിപ്പിച്ചു).

ശദ്ദാദ് ഇബ്‌നു ഔസി(റ)ല്‍ നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരമുണ്ട്: അല്ലാഹുവിന്റെ റസൂലി ﷺ ല്‍ നിന്ന് ഞാന്‍ രണ്ടു കാര്യങ്ങള്‍ മനഃപാഠമാക്കി.–

''നിശ്ചയം അല്ലാഹു മുഹ്‌സിനാകുന്നു. എല്ലാത്തിനോടും ഇഹ്‌സാന്‍ ചെയ്യുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു...''(മുസ്വന്നഫു അബ്ദിര്‍റസാക്വ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''ഒരു വ്യക്തി ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അജ്ഞാനകാലത്ത്(ജാഹിലിയ്യത്തില്‍) പ്രവര്‍ത്തിച്ചതില്‍ ശിക്ഷിക്കപ്പെടുമോ?' നബി ﷺ  പറഞ്ഞു: 'വല്ലവനും ഇസ്‌ലാമില്‍ സുകൃതം പ്രവര്‍ത്തിച്ചാല്‍ ജാഹിലിയ്യത്തില്‍ ചെയ്തതില്‍ ശിക്ഷിക്കപ്പെടുകയില്ല. വല്ലവനും ഇസ്‌ലാമില്‍ തിന്മ പ്രവൃത്തിച്ചാല്‍ അവന്‍ ജാഹിലിയ്യത്തില്‍ ചെയ്തുപോയ തെറ്റിനാലും പില്‍കാലത്ത് ചെയ്ത തെറ്റിനാലും ശിക്ഷിക്കപ്പെടും'' (ബുഖാരി).

 

ഇഹ്‌സാനിന്റെ മഹത്ത്വം, മുഹ്‌സിനുള്ള പ്രതിഫലം

അല്ലാഹു മുഹ്‌സിനുകളെ ഇഷ്ടപ്പെടുമെന്നും അവനും അവന്റെ കാരുണ്യവും അവരോടൊപ്പമാണെന്നും അവര്‍ക്ക് വര്‍ധിപ്പിച്ചു നല്‍കുമെന്നും അവര്‍ക്കു സുവിശേഷമുണ്ടെന്നും അവരുടെ പ്രതിഫലം പാഴാക്കില്ലെന്നും അറിയിച്ചു:

''നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്മചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും'' (ക്വുര്‍ആന്‍ 2:195)

''തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം സല്‍കര്‍മകാരികള്‍ക്ക് സമീപസ്ഥമാകുന്നു'' (ക്വുര്‍ആന്‍ 7:56).

''...സല്‍കര്‍മകാരികള്‍ക്ക് വഴിയെ നാം കൂടുതല്‍ കൊടുക്കുന്നതുമാണ്'' (ക്വുര്‍ആന്‍ 7:161).

''തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും'' (ക്വുര്‍ആന്‍ 16:128).

''...തീര്‍ച്ചയായും അല്ലാഹു സുകൃതം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം നഷ്ടപ്പെടുത്തിക്കളയുന്നതല്ല'' (ക്വുര്‍ആന്‍ 9:120).

''...(നബിയേ,) സുകൃതം ചെയ്യുന്നവര്‍ക്ക് നീ സന്തോഷവാര്‍ത്തയറിയിക്കുക'' (ക്വുര്‍ആന്‍ 22:37).

സമാധാനത്തിന്റെയും സര്‍വസുഖങ്ങളുടെയും ഭവനമായ സ്വര്‍ഗവും സ്വര്‍ഗീയ അനുഗ്രഹങ്ങളുമാണ് മുഹ്‌സിനുകള്‍ക്ക് ലഭിക്കുന്ന മഹത്തായ മറ്റൊരു പ്രതിഫലം.

''അങ്ങനെ അവരീ പറഞ്ഞതു നിമിത്തം അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ പ്രതിഫലമായി നല്‍കി. അവരതില്‍ നിത്യവാസികളായിരിക്കും. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലമത്രെ അത്'' (ക്വുര്‍ആന്‍ 5:85).

''തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു. അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും. (അവരോടു പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്'' (ക്വുര്‍ആന്‍ 77:41-44)

സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന വിശ്വാസികള്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ അനുഗ്രഹം അല്ലാഹു—വിന്റെ തിരുമുഖ ദര്‍ശനമാണ്. മുഹ്‌സിനുകളുടെ വിഷയത്തില്‍ അല്ലാഹുപറയുന്നതു നോക്കൂ:

''സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും (സ്വര്‍ഗവും) വര്‍ധനവുമുണ്ട്'' (ക്വുര്‍ആന്‍ 10:26)