കെ.എം സീതി സാഹിബ്: കേരള മുസ്‌ലിം നവോത്ഥാന ശില്‍പി

ഫൈസല്‍. കെ.പി അരൂര്‍

2020 ജൂലൈ 11 1441 ദുല്‍ക്വഅദ് 20

കേരള മുസ്‌ലിംകള്‍ ഇന്ന് കാണുന്ന രചനാത്മകങ്ങളായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ശില്‍പി ആരെന്നുള്ള ചോദ്യത്തിനുത്തരമാണ് കെ.എം സീതി സാഹിബ്. അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ബൗദ്ധികവും ക്രിയാത്മകവും ദീര്‍ഘദൃഷ്ടിയോടുമുള്ള പ്രവര്‍ത്തനങ്ങളാണ് മുസ്‌ലിം സമുദായത്തിന്റെ സര്‍വ പുരോഗതിക്കും വഴിവെച്ചത്. ഈ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക ഭൂപടത്തില്‍ കേരളത്തിന് അഭിമാനകമായ അസ്തിത്വം കൈവരിക്കാന്‍ സാധിച്ചത്.

കൊടുങ്ങല്ലൂരിലെ പ്രസിദ്ധമായ കോട്ടപ്പുറത്ത് തറവാട്ടില്‍ ഹാജി സീതിമുഹമ്മദിന്റെയും പടിയത്ത് ഫാത്തിമയുടെയും മകനായി 1898 ഓഗസ്റ്റ് മാസം 11നാണ് കെ.എം സീതി സാഹിബ് ജനിച്ചത്.

സ്‌കൂള്‍ പഠനവും തുടര്‍ന്ന് നിയമപഠനവും പൂര്‍ത്തിയാക്കിയ സീതിസാഹിബിന് വക്കം മൗലവിയുമായുള്ള കൂടിക്കാഴ്ച ഏറെ വെളിച്ചം പകര്‍ന്നു. ആധുനികതയോടും വിദ്യാഭ്യാസത്തോടും പുറംതിരിഞ്ഞുനിന്ന തന്റെ സമുദായത്തെ സാമൂഹികവും സാംസ്‌കാരികവും മതപരവുമായി സമുദ്ധരിക്കേണ്ടത് എങ്ങ നെയെന്ന് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു സീതിസാഹിബിന്ന്. ഈ നവോത്ഥാന പദ്ധതികളെക്കുറിച്ചുള്ള ആലോചനകള്‍ സജീവമായത് അദേഹത്തിന്റെ ജന്മനാട്ടില്‍നിന്ന് തന്നെയായിരുന്നു. സമുദായത്തെ അന്ധവിശ്വാസങ്ങളില്‍നിന്ന് യഥാര്‍ഥ ഇസ്‌ലാമിന്റെ പാത്ഥാവിലേക്ക് തിരിച്ച് കൊണ്ടുവരുന്നതോ ടൊപ്പം അവരുടെ ഭൗതിക പുരോഗതിക്കാവശ്യമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സജീവമാകാന്‍ കെ.എം സീതി സാഹിബിന്റെ നേതൃത്വത്തില്‍ നിശ്ചയിച്ചുറപ്പിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ 1921ലെ മലബാര്‍ സമരം മലബാറിലെ മാപ്പിളമാരെ എല്ലാ അര്‍ഥത്തിലും പിന്നോടിപ്പിച്ചു. ആറു മാസക്കാലത്തെ സമരം മാപ്പിളമാര്‍ക്കുണ്ടാക്കിവച്ച നഷ്ടക്കണക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുന്നതിനപ്പുറമായിരുന്നു. സര്‍വതും നഷ്ടപ്പെട്ട മലബാറിലെ മാപ്പിളമാര്‍ ഇനി എന്ത് എന്ന ചോദ്യചിഹ്നവുമായി കലങ്ങിയ കണ്ണുകളുമായിനില്‍ക്കുന്ന അവസരത്തിലാണ് കെ.എം സീതി സാഹിബിന്റെ നേതൃത്വത്തില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പിന്നുള്ള ശ്രമം നടക്കുന്നത്. ആ ഉയിര്‍ത്തെഴുന്നേല്‍പിന്റെ പേരായിരുന്നു 1922ല്‍ രൂപീകൃതമായ കേരളമുസ്‌ലിം ഐക്യസംഘം. കെ.എം സീതി സാഹിബ്, എം.സി.സി അബ്ദുറഹ്മാന്‍ മൗലവി, കെ.എം മൗലവി തുടങ്ങിയ നവോത്ഥാന നായകരുടെ സംഘം കേരളമുസ്‌ലിംകള്‍ക്ക് ഐക്യസംഘത്തിലൂടെ തണലായി മാറി. ഈ ഐക്യസംഘമാണ് മലബാറില്‍ മുസ്‌ലിം ലീഗിന് ആദര്‍ശപരമായി മണ്ണൊരുക്കിയത്.

ദേശീയ പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന കെ.എം സീതിസാഹിബ് മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാംസ്‌കാരികവും മതപരവുമായ പുരോഗതിക്ക് സമുദായം സംഘടിക്കുകയും ജനാധിപത്യപരമായി അവകാശങ്ങള്‍ നേടിയെടുക്കുകയുമാണ് കൂടുതല്‍ ഫലപ്രദം എന്ന് മനസ്സിലാക്കിയാണ് 1933ല്‍ ത്രിവര്‍ണക്കൊടിയില്‍ നിന്ന് ഹരിത പതാകയിലേക്ക് കൈ മാറ്റിപ്പിടിച്ചത്. സര്‍ സയ്യിദ് അഹമ്മദ് ഖാന്റെയും മൗലാന മുഹമ്മദലി ജൗഹറിന്റെയും രാഷ്ട്രീയ ചിന്തകളില്‍ ആകൃഷ്ടരായ കെ.എം സീതിസാഹിബ് മുസ്‌ലിംലീഗിന്റെ അമരത്തേക്ക് കടന്നുവന്നു. കെ.എം സീതി സാഹിബിന്റെ വരവോടെ തലശ്ശേരിയിലെ മുസ്‌ലിം മജ്‌ലിസിന്റെ പ്രവര്‍ത്തകര്‍ മുസ്‌ലിംലീഗില്‍ ചേര്‍ന്നു. അങ്ങനെയാണ് ഹാജി അബ്ദുസ്സത്താര്‍ സേട്ട് സാഹിബിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗിന്റെ ചരിത്രം കേരളത്തില്‍ ആരംഭിക്കുന്നത്. ആദ്യം വാരികയായും തുടര്‍ന്ന് ദിനപ്പത്രമായും പുറത്തിറങ്ങിയ ചന്ദ്രികയിലൂടെ സാമുദായിക രാഷ്ട്രീയത്തിന്റെ ആദര്‍ശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കെ.എം സീതിസാഹിബും സഹപ്രവര്‍ത്തകരും പരിശ്രമിച്ചു.

കെ.എം സീതി സാഹിബിന്റെ പ്രവര്‍ത്തനഫലമായി നിരവധിയാളുകള്‍ മുസ്‌ലിംലീഗിലേക്ക് കടന്ന്‌വന്നു. ദീര്‍ഘകാലം മുസ്‌ലിം ലീഗിന്റെ അമരത്തിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങളെയും കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍വരെ വളര്‍ന്ന സി.എച്ച് മുഹമ്മദ് കോയാ സാഹിബിനെയുമെല്ലാം ഹരിത പതാക പിടിപ്പിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

കേരളത്തില്‍ ഹൈസ്‌കൂള്‍ സ്ഥാപിക്കുന്നതിനും മുസ്‌ലിംവിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ വേണ്ടി 'മലബാര്‍ മുസ്‌ലിം അസോസിയേഷന്‍' എന്ന സംഘടനവരെ കെ.എം സീതിസാഹിബ് രൂപീകരിച്ചു. 1943ല്‍ കോളറ എന്ന മഹാമാരി മലബാറിനെ ദുരിതത്തിലാക്കി. ദിനേനയുള്ള മരണങ്ങള്‍ കുടുംബങ്ങളെ അനാഥമാക്കി. അനാഥമക്കളുടെ സംരക്ഷണം ഇസ്‌ലാമില്‍ ഏറ്റവും പ്രതിഫലമര്‍ഹിക്കുന്ന സല്‍പ്രവര്‍ത്തനമാണെന്ന ബോധ്യം കെ.എം സീതി സാഹിബിനെയും കെ.എം മൗലവിയെയും എം.കെ ഹാജിയെയും കൊണ്ടെത്തിച്ചത് 'തിരൂരങ്ങാടി യതീംഖാന' എന്ന മഹത്തായ സ്ഥാപനത്തിന്റെ നിര്‍മാണത്തി ലാണ്.

സാമ്പത്തികമായി അങ്ങേയറ്റം പ്രതിസന്ധിയിലായിരിക്കുമ്പോഴും മലബാറില്‍ തലയുയര്‍ത്തിനില്‍ക്കു ന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന സീതി സാഹിബിന്റെ അടങ്ങാത്ത ആഗ്രഹം അബുസ്സബാഹ് മൗല വി, പോക്കര്‍ സാഹിബ്, കെ.എം സൗലവി, മണപ്പാട് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരുടെ നേതൃത്വ ത്തില്‍ 1948ല്‍ സ്ഥാപിതമായ ഫാറൂഖ് കോളേജിലൂടെയാണ് നിറവേറിയത്. മദിരാശി സംസ്ഥാന മുസ്‌ലിം ലീഗിന്റെ ഫണ്ടും ഐക്യസംഘത്തിന്റെ പേരിലുണ്ടായിരുന്ന സ്വത്തുകളുമാണ് ഫാറൂഖ് കോളേജിന് സാമ്പത്തിക അടിത്തറയായത്.

1947ല്‍ ഇന്ത്യയുടെ വിഭജനാനന്തരം മുസ്‌ലിംലീഗിനെ പിരിച്ചുവിടാന്‍ അഖിലേന്ത്യാ നേതൃത്വം തീരുമാ നിച്ചപ്പോള്‍ മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനോടൊപ്പം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്‌ലിംലീഗ് നിലനിര്‍ത്താന്‍ വേണ്ടി അദ്ദേഹം ധീരമായി പോരാടി. സീതി സാഹിബിന്റെ ധീരതയും ദീര്‍ഘദൃഷ്ടിയുമായിരുന്നു മലബാറില്‍ മുസ്‌ലിംലീഗിനെ പിടിച്ചുനിര്‍ത്താന്‍ സഹായകമായത്. ഇസ്മാഈല്‍ സാഹിബിനൊപ്പം മുസ്‌ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ സീതി സാഹിബ് അഹോരാത്രം പണിയെടുത്തു. ഈ നേതൃത്വമായിരുന്നു കേള്‍വിയും കേള്‍പേരുമില്ലാത്ത ഒരു സമുദായത്തിന് താങ്ങും തണലുമായത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ അതിജീവനത്തിന്റെ വഴി മതേതര ജനാധിപത്യത്തോടുള്ള ക്രിയാത്മകമായ ഇടപെടലാണെന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചുതരികയായിരുന്നു കെ.എം സീതിസാഹിബ്. താന്‍ ആര്‍ജിച്ചെടുത്ത കഴിവുകള്‍ മുഴുവന്‍ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി അദ്ദേഹം വിനിയോഗിച്ചു.

തളിപ്പറമ്പ് മുതല്‍ മണ്ണാര്‍ക്കാട് വരെയുള്ള മുസ്‌ലിം സ്ഥാപനങ്ങളുടെ തറക്കല്ലില്‍ സീതി സാഹിബിന്റെ വിയര്‍പ്പുതുള്ളികള്‍ ഉണ്ടെന്നും കേരള മുസ്‌ലിംകളുടെ വിയര്‍പ്പുതുള്ളികള്‍ ഉണ്ടെന്നും കേരള മുസ്‌ലിംകളുടെ സര്‍ സയ്യിദും, മുഹമ്മദലിയും, ഇഖ്ബാലും ജിന്നയുമൊക്കെ സീതിസാഹിബ് എന്ന പദത്തില്‍ ഒതുങ്ങിയിരിക്കുന്നു എന്നും മഹാനായ സി.എച്ച് സീതി സാഹിബിനെ അനുസ്മരിച്ച്‌കൊണ്ട് പറയുകയുണ്ടായി.

പ്രമുഖ മുജാഹിദ് പണ്ഡിതനായിരുന്ന കെ. ഉമര്‍ മൗലവി ഓര്‍മകളുടെ തീരത്ത് എന്ന അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹരണത്തിലെഴുതി: ''സീതി സാഹിബ് എന്ന മനുഷ്യന്‍ ഈ നാട്ടില്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ ഈ സമുദായത്തിന്റെ അവസ്ഥ എന്താകുമായിരുന്നു! പുതിയ തലമുറയോട് ഞാന്‍ ഉപദേശിക്കുന്നു; നിങ്ങള്‍ സീതിസാഹിബിനെ അറിയണം. അപ്പോഴേ നിങ്ങള്‍ ഈ സമുദായത്തെ അറിഞ്ഞവരാകൂ.''

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമുസ്‌ലിം സമുദായം ആര്‍ജിച്ച വിദ്യാഭ്യാസ, സാമുഹിക, സാംസ്‌കാരിക മതപരമായ സകല പുരോഗതിക്കും അഭിവൃദ്ധിക്കും കാരണം കെ.എം സീതി സാഹിബ് എന്ന കരുത്തുറ്റ വലിയമനുഷ്യന്റെ നേതൃത്വമാണ്.

1961 ആഗസ്റ്റ് 11ന് ഈ ലോകത്തോട് കെ.എം സീതിസാഹിബ് വിടപറയുമ്പോള്‍ കേരള നിയമസഭയുടെ സര്‍വാദരണീയനായ സ്പീക്കറായിരുന്നു.