മാനസികാരോഗ്യം

പ്രൊഫ. കെ.പി സഅദ്

2020 ആഗസ്ത് 29 1442 മുഹര്‍റം 10

ഒട്ടനവധി സൃഷ്ടികള്‍ ഈ പ്രപഞ്ചത്തിലുണ്ട്. എന്നാല്‍ അവയിലേറ്റവും ഉല്‍കൃഷ്ട സൃഷ്ടിയാണ് മനുഷ്യന്‍. സൃഷ്ടിപ്പുകൊണ്ടും കര്‍മങ്ങള്‍കൊണ്ടും ഉദാത്ത സൃഷ്ടിയാണ് മലക്കുകള്‍. എന്നാല്‍ പ്രകാശംകൊണ്ട് സൃഷ്ടിക്കപ്പെട്ട മലക്കുകള്‍ക്കില്ലാത്ത, തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കപ്പെട്ടിട്ടുണ്ട്. വികാരങ്ങളും ചിന്തകളും സമന്വയിച്ച മനുഷ്യന്‍ മറ്റു ജീവികളില്‍നിന്ന് വ്യതിരിക്തത പുലര്‍ത്തുന്നത് അവന് മാത്രം നല്‍കപ്പെട്ട വിവേചനശക്തികൊണ്ടും അല്ലാഹുവിന്റെ വിധിവിലക്കുകളെ അനുസരിക്കാനും ധിക്കരിക്കാനും കഴിവുകള്‍ നല്‍കപ്പെട്ടതും കൊണ്ടുമാണ്.

പ്രശ്‌നങ്ങള്‍ സഹിക്കുകയും നേരിടുകയും ചെയ്യുന്ന അവസ്ഥയിലാണ് മനുഷ്യന്റെ സൃഷ്ടിപ്പ്. ജനനം മുതല്‍ മരണംവരെയുള്ള കാലയളവില്‍ ഓരോ മനുഷ്യനും വ്യത്യസ്ത രീതിയിലുള്ള പരീക്ഷണങ്ങളെയാണ് നേരിടേണ്ടത്.

മനുഷ്യന്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സകല പ്രശ്‌നങ്ങളും ആപേക്ഷിക സ്വഭാവമുള്ളതാണ്. നിസ്സാര പ്രശ്‌നങ്ങള്‍ പോലും ചിലരുടെ മനസ്സിന്റെ താളംതെറ്റിക്കുന്ന പ്രവണത നാം കണ്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ പകച്ചുനില്‍ക്കാതെ ധൈര്യത്തോടെ അത് നേരിടുന്നവരെയും നാം കാണുന്നുണ്ട്.

കൊറോണ വൈറസ് ബാധ ലോകത്ത് മനുഷ്യജീവിതത്തിന്റെ താളംതന്നെ തെറ്റിച്ചിരിക്കുന്നു. എന്നാല്‍ ഈ മഹാമാരി കൊണ്ടുവന്ന നന്മകള്‍ നാം കാണാതെ പോവരുത്. എന്തിനും ഏതിനും ആശുപത്രികള്‍ കയറിയിറങ്ങുന്ന ദുഷ്പ്രവണതയില്‍നിന്ന് ആളുകള്‍ക്ക് മാറ്റം വന്നു. മനുഷ്യന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല രോഗങ്ങളും മാനസികജന്യമാണ് (Psycho somatic) എന്ന കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് ഇന്ന് ജനം കാണിക്കുന്ന പ്രതികരണങ്ങള്‍.

മാനസിക പിരിമുറുക്കങ്ങള്‍ തീവ്രമാകുന്ന സാമൂഹ്യപശ്ചാത്തലം നമുക്ക് ചുറ്റുമുണ്ട്. മുന്‍കാലങ്ങളിള്‍ നിന്ന് വ്യത്യസ്തമായി അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന സമകാലിക ലോകത്ത് നവീന സാങ്കേതിക വിദ്യകളുടെ നടുവിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ സമ്മാനിച്ച നന്മകള്‍ കൂടി നമുക്ക് അവഗണിക്കാന്‍ കഴിയുകയില്ല.

ഇച്ഛിക്കുന്നത് എന്തും മക്കള്‍ക്കും കുടുംബത്തിനും പ്രാപ്യമാകുന്ന സാമൂഹ്യസാഹചര്യം നിരവധി പ്രശ്‌നങ്ങള്‍ കൂടി നമുക്ക് മുന്നിലേക്ക് കൊണ്ടുവരുന്നുണ്ട്.

ഓരോ വിജയവും നിരവധി പരാജയങ്ങളുടെ പിന്‍തുടര്‍ച്ചയാണെന്നും വിജയത്തിലേക്ക് എത്തണമെങ്കില്‍ നിരന്തര പരിശ്രമങ്ങളും സമര്‍പ്പണവും ത്യാഗവും അനിവാര്യമാണെന്നുമുള്ള തിരിച്ചറിവ് പുതുതലമുറയിലേക്ക് കൈമാറാന്‍ സാധിക്കാതെപോയോ എന്ന ആശങ്ക നമ്മുടെ മുമ്പിലുണ്ട്.

ചെറിയ പരാജയങ്ങള്‍ക്ക് മുമ്പില്‍ മനസ്സ് തളര്‍ന്നുപോകുന്ന അവസ്ഥ നാം സൃഷ്ടിച്ചെടുത്തതാണ്. വിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനങ്ങള്‍ ഓരോ വ്യക്തിയുടെയും സമസ്ത മണ്ഡലങ്ങളിലും പ്രകാശം പരത്തേണ്ടതുണ്ട്. തജ്‌വീദ് (പാരായണ) നിയമങ്ങളോടുകൂടി ക്വുര്‍ആന്‍ പഠനം നടത്തുന്നതോടൊപ്പം നിത്യജീവിതത്തിന്റെ സര്‍വോത്മുഖ പരിഹാരമായി ക്വുര്‍ആനിനെ നാം ഉള്‍കൊള്ളേണ്ടതുണ്ട്.

'നിശ്ചയമായും ഞെരുക്കത്തോടുകൂടി ഒരു എളുപ്പം ഉണ്ടായിരിക്കും' എന്ന ക്വുര്‍ആന്‍സൂക്തം വെളിച്ചം വീശുന്നത് ഈ തത്ത്വത്തിലേക്കാണ്. 'ഒരു ഞെരുക്കം രണ്ട് സൗകര്യത്തെ ജയിക്കുകയില്ല തന്നെ' എന്ന പ്രവാചക വചനവും ഇതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മനസ്സിന്റെ ആരോഗ്യത്തിന് ഇസ്‌ലാം മുന്തിയ പരിഗണന നല്‍കുന്നുണ്ട്. മനസ്സ് ആരോഗ്യപൂര്‍ണമാവണമെങ്കില്‍ മനസ്സിനെ മലിനപ്പെടുത്തുന്ന എല്ലാ ദുഷ്ചിന്തകളില്‍നിന്നും അതിന് മോചനം ലഭിക്കേണ്ടതുണ്ട്. ഈയടുത്ത് പോണോഗ്രാഫിക്ക് അടിമപ്പെട്ട ഒരു കൗമാരക്കാരന്‍ ഓണ്‍ലൈന്‍ കൗണ്‍സലിംഗിന് വിധേയനായി. വീട്ടില്‍ ഒറ്റപ്പെടുന്ന, അശ്ലീല ചിന്തകളിലേക്ക് സ്വയം എടുത്തെറിയപ്പെടുന്ന സാമൂഹ്യ സാഹചര്യം സൃഷ്ടിക്കപ്പെട്ടു എന്നതും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും മാനസിക, ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ചും അറിയാതെ പോയി എന്നതും അശ്ലീല ചിത്രങ്ങള്‍ നിരന്തരം കാണാനുള്ള ആസക്തി കൗമാരക്കാരനില്‍ ഉണ്ടാക്കാന്‍ പ്രേരണയായിട്ടുണ്ട്. തങ്ങളുടെ സന്താനങ്ങളുടെ വളര്‍ച്ചാഘട്ടങ്ങളെക്കുറിച്ചും അത് അവരില്‍ ഉണ്ടാക്കുന്ന ശാരീരിക, മാനസിക പരിവര്‍ത്തനങ്ങളെക്കുറിച്ചും ശരിയായ അവബോധം ലഭിക്കാത്തതും കൗമാരത്തിലുള്ളവരെ ലഹരിയിലേക്കും കാമാസക്തിയിലേക്കും എത്തിക്കാന്‍ കാരണമാക്കുന്നുണ്ട്.

എന്റെ മാനസികാരോഗ്യം ഔന്നത്യപൂര്‍ണമാക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ ഞാന്‍ സ്വീകരിക്കേണ്ടതുണ്ട് എന്ന് ഓരോ വ്യക്തിയും പഠിപ്പിക്കപ്പെടേണ്ടതുണ്ട്. ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള ശരിയായ ധാരണ മാനസികാരോഗ്യത്തിന് മാറ്റുകൂട്ടാന്‍ സഹായിക്കും. ഈ പ്രപഞ്ചത്തിലേക്ക് കൃത്യമായ ലക്ഷ്യ സാക്ഷാത്കാരത്തിന് നിയോഗിക്കപ്പെട്ടവനാണ് ഞാന്‍ എന്ന 'സ്വത്വത്തെക്കുറിച്ചുള്ള തിരിച്ചറിവ്' ആദ്യമായി കിട്ടേണ്ടതുണ്ട്. അപ്പോള്‍ മാത്രമെ നല്‍കപ്പെട്ട ആരോഗ്യത്തെയും ഒഴിവുസമയത്തെയും ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

അല്ലാഹു മനുഷ്യ നിലനില്‍പിന്റെ സ്രോതസ്സായി നിശ്ചയിച്ച സമ്പത്ത് വിവേകത്തോടെ കൈകാര്യം ചെയ്യുക എന്നത് അതീവ പ്രാധാന്യമുള്ളതാണ്. ആവശ്യക്കാര്‍ ഉണ്ടായിരിക്കെ പണം പിശുക്കിവെക്കുന്നതും ആവശ്യത്തിന് ഉണ്ടെന്ന് കരുതി മറ്റുള്ളവര്‍ക്ക് കൂടി അവകാശപ്പെട്ട ധനം ധൂര്‍ത്തടിക്കുന്നതും ഇസ്‌ലാം വിലക്കുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. ഒരാള്‍ക്ക് ആരോഗ്യപരമായ മാനസികാവസ്ഥ കൈവരണമെങ്കില്‍ സാമ്പത്തികഅച്ചടക്കം പാലിക്കല്‍ അനിവാര്യമാണെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. സമ്പത്തിന്റെ അടിസ്ഥാന ഉടമാവകാശം അല്ലാഹുവിനായതുകൊണ്ട്തന്നെ അത് സമ്പാദിക്കുന്ന വഴികളും ചെലവഴിക്കുന്ന മാര്‍ഗങ്ങളും പ്രവാചക അധ്യാപനങ്ങള്‍ അനുസരിച്ചുകൊണ്ട് തന്നെ വേണം. നിഷിദ്ധ രൂപത്തില്‍ സമ്പാദിക്കുന്നതും ചെലവഴിക്കുന്നതും മനസ്സിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കാരണം നിഷിദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഏതൊരു വ്യക്തിക്കും നന്നായറിയാം താന്‍ ചെയ്തുകൂട്ടുന്നതും സമ്പാദിക്കുന്നതും അല്ലാഹു ഒട്ടും ഇഷ്ടപ്പെടാത്ത മാര്‍ഗത്തിലാണ് എന്നുള്ളത്. ഹറാമായ രീതിയില്‍ പണം സമ്പാദിക്കുന്നവര്‍ തികഞ്ഞ കുറ്റബോധത്തോടുകൂടിയായിരിക്കും ആ കര്‍മം നിര്‍വഹിക്കുന്നത്.

മനസ്സില്‍ കുടികൊള്ളുന്ന വെറുപ്പ്, പക, അസൂയ, വിദ്വേഷം തുടങ്ങിയ നിഷേധാത്മകമായ വികാരങ്ങള്‍ മനസ്സിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. മനസ്സ് ആരോഗ്യപൂര്‍ണമാവണമെങ്കില്‍ സംസാരം നന്നാവേണ്ടതുണ്ട്. വളച്ചുകെട്ടും വക്രതയുമില്ലാതെ നേരേചൊവ്വെ അല്ലാഹുവെ സൂക്ഷിച്ച് സംസാരിക്കുന്നതില്‍കൂടി മാത്രമെ നമുക്ക് സ്വസ്ഥത കൈവരിക്കാന്‍ കഴിയുകയുള്ളൂ. നല്ല വാക്കുകള്‍ സംസാരിക്കുന്നതിലൂടെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു നന്നാക്കിത്തരും, പാപങ്ങള്‍ അവന്‍ മാപ്പാക്കി നല്‍കും എന്നത് ക്വുര്‍ആന്‍ അറിയിക്കുന്ന സന്തോഷവാര്‍ത്തയാണ്. പരദൂഷണം പറയുന്നതും, കുറ്റം പറയുന്നതും, വായാടിത്തവും, ചീത്ത പറയുന്നതും, അതിരുകവിഞ്ഞുള്ള വര്‍ണനയും ഇസ്‌ലാം വിലക്കുന്ന സംസാരങ്ങളാണ്. 'വര്‍ത്തമാനം പറയുമ്പോള്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറയുന്നവര്‍ക്ക് നാശം' എന്ന പ്രവാചക അധ്യാപനം സംസാരത്തില്‍ നാം സ്വീകരിക്കേണ്ട സൂക്ഷ്മത മാനസിക ഐശര്യവും സന്തോഷവും വര്‍ധിപ്പിക്കാന്‍ സഹായകരമാണ് എന്ന വസ്തുത ബോധ്യപ്പെടുത്തുന്നതാണ്.

കോവിഡ്-19 വ്യാപനം സമൂഹത്തില്‍ ഭീതിവളര്‍ത്താനും മാനസികാരോഗ്യം ക്ഷയിപ്പിക്കാനും കാരണമായിട്ടുണ്ടെന്ന് കൗണ്‍സലിംഗ് കേസുകള്‍ സൂചിപ്പിക്കുന്നു. വിശ്വാസികളെന്ന നിലയില്‍ നമ്മുടെ ശാരീരിക, മാനസികാരോഗ്യത്തിന് നാം മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്. ആരോഗ്യവും ശക്തിയുമുള്ള വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിനിഷ്ടം. അതുകൊണ്ട്തന്നെ ഇന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ നമ്മുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ നാം ഉള്‍ക്കൊള്ളേണ്ട ചില നിര്‍ദേശങ്ങള്‍ നമുക്ക് ചര്‍ച്ചചെയ്യാം:

1. മനസ്സിന്റെ ഊര്‍ജ്വസ്വലതയും ആത്മവീര്യവും വര്‍ധിപ്പിക്കുന്നതിനായി നിത്യവും ക്വുര്‍ആന്‍ അര്‍ഥ സഹിതം പാരായണം ചെയ്യുന്നതിനും പഠനം നടത്തുന്നതിനും മുന്തിയ പരിഗണന നല്‍കുക.

2. പ്രവാചകന്‍ ﷺ പഠിപ്പിച്ച, രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്‌റുകള്‍ കൃത്യമായി ചൊല്ലുക. ഒപ്പം പ്രാര്‍ഥനകള്‍ അധികരിപ്പിക്കുക.

3. നേരത്തെ എഴുന്നേല്‍ക്കുകയും രാത്രി നേരത്തെ ഉറങ്ങുകയും ചെയ്യുക. ഇശാഅ് നമസ്‌കാരത്തിന് ശേഷം വെറുതെ സംസാരിച്ചിരിക്കുന്നത് നബി ﷺ ഇഷ്ടപ്പെട്ടിരുന്നില്ല. രാത്രി 9.30നെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞാല്‍ രാവിലെ 4 മണിക്ക് എഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിക്കാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല. പ്രഭാത നമസ്‌കാരവും ക്വുര്‍ആന്‍ പാരായണവും ഏറെ മനസ്സാന്നിധ്യം നല്‍കുന്ന കര്‍മ്മങ്ങളാണെന്നറിയുക.

4. ശരീരത്തിനാവശ്യമായ സമീകൃത പോഷകാഹാരങ്ങള്‍ കഴിക്കുക. ശരിയായ ഭക്ഷണവും വിശ്രമവും നമ്മുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും സമചിത്തതയോടെ കൈകാര്യം ചെയ്യുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

5. ശരീരത്തിന് ഹാനികരമായ പുകവലി, മദ്യപാനം, ലഹരി എന്നിവ പൂര്‍ണമായി വര്‍ജിക്കുക. മദ്യപാനവും ലഹരിയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഉല്‍പന്നങ്ങളാണെന്ന് തിരിച്ചറിയുക. നിരന്തര മദ്യപാനം തലച്ചോറില്‍ Thiamineന്റെ അപര്യാപ്തത ഉണ്ടാക്കുന്നതും ഓര്‍മക്കുറവ്, നേത്ര വൈകല്യം, മാനസികാസ്വാസ്ഥ്യം, ചലന പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് എത്തിക്കുകയും ചെയ്യും.

6. ശരിയായ അളവില്‍ നമ്മുടെ ശരീരത്തില്‍ സൂര്യപ്രകാശം കിട്ടേണ്ടതുണ്ട്. എങ്കില്‍ മാത്രമെ ശരീരത്തില്‍ Vitamin D ഉണ്ടാവുകയുള്ളൂ. മനസ്സിന്റെ 'മൂഡു'കളെ നിയന്ത്രിക്കുന്നEndorphins Serotonin തുടങ്ങിയ ഇവലാശരമഹ െതുലനാവസ്ഥയില്‍ എത്തണമെങ്കില്‍ ശരിരത്തില്‍ വേണ്ട അളവില്‍ സൂര്യപ്രകാശം കിട്ടേണ്ടതുണ്ട്. 1/2 മണിക്കൂര്‍ തൊട്ട് 2 മണിക്കൂര്‍ വരെ നമ്മുടെ ശരിരത്തിന് നിര്‍ബന്ധമായും കിട്ടേണ്ട ഒന്നാണ് സൂര്യപ്രകാശം എന്ന് പലര്‍ക്കും അറിയില്ല.

7. മാനസികാരോഗ്യം വീണ്ടെടുക്കണമെങ്കില്‍ നാം മാനസിക പിരിമുറുക്കം ലഘൂകരിക്കേണ്ടതുണ്ട്. നാം ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍, ജോലികള്‍, ബാധ്യതകള്‍ മുമ്പുള്ളതിനെക്കാള്‍ നമ്മില്‍ Stress ഉണ്ടാക്കുന്നുണ്ട്. Sharing Caring and Listening (പങ്കുവെക്കുക, പരിഗണിക്കുക, തുറന്ന് കേള്‍ക്കുക)- ഇതിലൂടെ ഒരു പരിധിവരെ ടൃേല ൈഇല്ലാതാക്കാന്‍ കഴിയും.

ഉറ്റ സുഹൃത്തുക്കളോടോ, ഭാര്യയോടോ ഭര്‍ത്താവിനോടോ മനസ്സിലെ നൊമ്പരങ്ങളും ആകുലതകളും പങ്കുവെക്കുക, അതിന് തയ്യാറാവുക എന്നതാണ് പരിഹാരം. അതിലുപരി സ്രഷ്ടാവായ, അത്യുദാരനായ അല്ലാഹുവുമായി സുദൃഢബന്ധം സ്ഥാപിക്കുക എന്നതും അവനോട് എല്ലാം പറയുക എന്നതും ടെന്‍ഷന്‍ കുറക്കാന്‍ പറ്റുന്ന ഏറ്റവും നല്ല മാര്‍ഗമാണ്.

8. അലസതയില്‍നിന്ന് മോചനം നേടുക, കര്‍മങ്ങളില്‍ വ്യാപൃതരാവുക.

മനസ്സ് ആരോഗ്യപൂര്‍ണമാവണമെങ്കില്‍ നബി ﷺ യുടെ അധ്യാപനം ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണ്. നബി ﷺ പറഞ്ഞു: 'രണ്ട് അനുഗ്രഹങ്ങള്‍; അവയില്‍ മിക്ക മനുഷ്യരും നഷ്ടം ബാധിക്കുന്നവരാണ്. ആരോഗ്യവും ഒഴിവുസമയവും (ആണ് അവ)' (ബുഖാരി).

ഒഴിവുസമയം കിട്ടിയാല്‍ അധ്വാനിക്കണം എന്നത് ക്വുര്‍ആനിന്റെ അധ്യാപനമാണ്. കാര്യങ്ങള്‍ അലസതയില്ലാതെ നിര്‍വഹിക്കണമെങ്കില്‍ വേണ്ടത് അല്ലാഹുവിന്റെ സഹായമാണ്. കാര്യങ്ങളുടെ പര്യവസാനം നന്നായിത്തീരാന്‍ വേണ്ടിയും അലസതയില്‍നിന്ന് മോചനം കിട്ടാന്‍വേണ്ടിയും നിരന്തരം പ്രാര്‍ഥിക്കേണ്ടതുണ്ട്.

9. വ്യായാമങ്ങള്‍ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും: ഫുട്‌ബോള്‍, ഷട്ടില്‍, നീന്തല്‍ നടത്തം തുടങ്ങിയവ.

10. മറ്റുള്ളവരെ സഹായിക്കാന്‍ സമയം കണ്ടെത്തുക.

11. സാമൂഹ്യ ബന്ധങ്ങള്‍ മനസ്സിന് കൂടുതല്‍ ഉന്മേഷവും ഊര്‍ജവും പകരുന്നതാണ്. കുടുംബ ബന്ധം ചേര്‍ക്കുന്നത് ഏറ്റവും പുണ്യകരവും മാനസികാരോഗ്യം നിലനിര്‍ത്തുന്നതുമായ കാര്യമാണ്.

അയല്‍പക്കബന്ധം നന്നാക്കുക, രോഗികളെ സന്ദര്‍ശിക്കുക; പ്രാര്‍ഥിക്കുക, സഹായിക്കുക, പരിചരിക്കുക; മയ്യിത്തിനെ അനുഗമിക്കുക, വിധവകള്‍, അനാഥകള്‍, അശരണര്‍ എന്നിവരെ സഹായിക്കുക. അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യമാക്കി അന്നദാനം നടത്തുക. പൊതുനന്മകളിലും കാരുണ്യപ്രവര്‍ത്തനങ്ങളിലും പങ്കാളിയാവുക.

പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമുള്ള വൃദ്ധരെയും വൈകല്യമുള്ളവരെയും നിരാലംബരെയും സഹായിക്കുക എന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന, മാനസികാരോഗ്യം ഉയര്‍ത്തുന്ന കര്‍മമാണ്.

12. അല്ലാഹു നല്‍കിക്കൊണ്ടിരിക്കുന്ന അസംഖ്യം അനുഗ്രഹങ്ങള്‍ എടുത്തുപറയുക എന്നതും അല്ലാഹുവോട് നന്ദികാണിക്കുക എന്നതും മനസ്സിന് കുളിര്‍മയും സംതൃപ്തിയും നല്‍കുന്നതാണ്.

13. ദാനധര്‍മങ്ങള്‍, സകാത്ത്; ഇവ രണ്ടും മനസ്സിന്റെ നന്മയുടെ പ്രതീകങ്ങളാണ്. താന്‍ സമ്പാദിച്ചുണ്ടാക്കിയ സമ്പത്തിന്റെ ശുദ്ധീകരണവും അര്‍ഹതപ്പെട്ടവരുടെ അവകാശവുമാണ് സകാത്ത്. നിശ്ചയിക്കപ്പെട്ടവരിലേക്ക് അത് എത്തുന്നത് മുഖേന, നല്‍കുന്ന വ്യക്തിയെ സംബന്ധിച്ചേടുത്തോളം അത് ആത്മസായൂജ്യത്തിന് വകനല്‍കുന്നതും മാനസികാരോഗ്യം വളര്‍ത്തുന്നതുമാണ്.

14. നമുക്ക് അല്ലാഹു നല്‍കിയ അഭിരുചിയും കഴിവുകളും വ്യത്യസ്തമാണ്. അവ ഏതെന്ന് കണ്ടെത്തി പ്രയോജനപ്പെടുത്തുക എന്നതാണ് അതിപ്രധാനം. ഇതും മാനസികാരോഗ്യത്തിന് മാറ്റുകൂട്ടും. എന്നാല്‍ അല്ലാഹു അനുവദിച്ച നിയമപരിധികള്‍ മനസ്സിലാക്കിവേണം ഓരോ വ്യക്തിയും തനിക്ക് നല്‍കപ്പെട്ട കഴിവുകളെ പ്രയോജനപ്പെടുത്താന്‍ എന്നത് പ്രധാനമാണ്.

15. എനിക്ക് വിധിക്കപ്പെട്ടതെല്ലാം എന്റെ കാരുണ്യവാനായ അല്ലാഹു നല്‍കുന്ന നന്മയാണെന്ന് തിരിച്ചറിയാനും വിധിയില്‍ സംതൃപ്തിപ്പെടാനും കഴിയുക എന്നത് വിശ്വാസിക്ക് മാത്രം അല്ലാഹു നല്‍കുന്ന പാരിതോഷികമാണ്.