ശുക്‌റിന്റെ സുജൂദ്

നൂറുദ്ദീന്‍ സ്വലാഹി

2020 ജൂണ്‍ 06 1441 ശവ്വാല്‍ 14

മദീനയിലെ ഒരു ദിനം; റസൂല്‍ ﷺ  തന്റെ വീട്ടില്‍നിന്നും പുറത്തിറങ്ങി ദാനധര്‍മ സ്വത്ത് (സ്വദക്വ)സൂക്ഷിക്കുന്ന ഭാഗത്തേക്ക് നടന്നു. ക്വിബ്‌ലയെ മുന്‍നിര്‍ത്തി പെട്ടെന്ന് പ്രവാചകന്‍ സുജൂദില്‍ വീണു. ദീര്‍ഘമായി സുജൂദില്‍ കിടന്ന ശേഷം അവിടുന്ന് തലയുയര്‍ത്തി കൂടെയുണ്ടായിരുന്ന അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫി(റ)നോട് പറയുകയാണ്: 'ജിബ്‌രീല്‍ എന്റെ അരികില്‍ വന്ന് ഒരു സന്തോഷവാര്‍ത്ത അറിയിച്ചു; അല്ലാഹു പറഞ്ഞിരിക്കുന്നു: ആരെങ്കിലും അങ്ങയുടെമേല്‍ സ്വലാത്ത് ചൊല്ലിയാല്‍ അവന്റെമേല്‍ ഞാനും സ്വലാത്ത് ചൊല്ലും, ആരെങ്കിലും അങ്ങയുടെമേല്‍ സലാം പറഞ്ഞാല്‍ അവന്റെ മേല്‍ ഞാനും സലാം പറയും' (അഹ്മദ്).

തന്നിലൂടെ സമുദായത്തിന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദി എന്നോണമാണ് പ്രവാചകന്‍ ﷺ  സുജൂദില്‍ വീണത്.

വിശ്വാസികളില്‍ അധികമാളുകള്‍ക്കും ഇന്ന് നഷ്ടപ്പെട്ടുപോകുന്ന ഒരു പ്രവാചകചര്യയാണ് ഈ ശുക്‌റിന്റെ (നന്ദിയുടെ) സുജൂദ്.

അബൂബക്ര്‍(റ) നിവേദനം ചെയ്യുന്നു: 'ഒരു സന്തോഷവാര്‍ത്ത കിട്ടുകയോ താന്‍ നിയോഗിച്ച സൈന്യം അവരുടെ ശത്രുക്കള്‍ക്കെതിരെ വിജയം കൈവരിച്ച വാര്‍ത്ത കേള്‍ക്കുകയോ ചെയ്താല്‍ നബി ﷺ  സുജൂദില്‍ വീഴുമായിരുന്നു' (അഹ്മദ്, അബൂദാവൂദ്).

എപ്പോഴാണ് ഒരാള്‍ നന്ദിയുടെ സുജൂദ് ചെയ്യേണ്ടത് എന്ന് ഇബ്‌നുല്‍ ക്വയ്യിം(റഹി) വിവരിക്കുന്നത് നോക്കൂ: 'ഒരാളുടെ ജീവിതത്തില്‍ രണ്ട് രൂപത്തിലാണ് അനുഗ്രഹങ്ങള്‍ ഉണ്ടാവുക. ഒന്ന്: സ്ഥിരമായി അനുഭവിക്കുന്നവ. അതിനു നന്ദി എന്നോണം അവന്‍ പതിവായി ഇബാദത്തുകളില്‍ മുഴുകുന്നു. രണ്ട്: പെട്ടെന്ന്  ഉണ്ടാകുന്ന അനുഗ്രഹങ്ങള്‍, അതിന് നന്ദി എന്നോണം  അവന്‍ സുജൂദ് ചെയ്യുന്നു' (ഇഅ്‌ലാമുല്‍ മുവക്ക്വിഈന്‍ 1/579).

അഥവാ നമ്മുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു സന്തോഷം കടന്നുവരുമ്പോള്‍ അല്ലെങ്കില്‍ ഒരു വിപത്ത് നീങ്ങിപ്പോയ വാര്‍ത്ത അറിയുമ്പോള്‍ അത് നമ്മുടെ ജീവിതത്തില്‍ വിധിച്ച നാഥന് നാം തിരിച്ചു നല്‍കുന്ന നന്ദിയാണ് ഈ സുജൂദ്. ഇത്തരം ഘട്ടങ്ങളില്‍ അവനിലേക്കാണല്ലോ ഒരു വിശ്വാസി കൂടുതല്‍ അടുക്കേണ്ടതും.

പക്ഷേ, ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ വരുമ്പോള്‍ അറിവില്ലായിമ കൊണ്ടോ ആ നേരത്തെ അശ്രദ്ധമൂലമോ അധികമാളുകള്‍ക്കും ഇത് നഷ്ടപ്പെടാറാണ് പതിവ്. ചിലരാണെങ്കില്‍ അല്ലാഹു അല്ലാത്തവരിലേക്ക് നന്ദി സൂചകമായി വല്ലതും സമര്‍പ്പിക്കുന്നു. അവര്‍ എത്ര വലിയ അപരാധമാണ് ചെയ്യുന്നത്!

യമനില്‍ നിന്നും അലി(റ)യുടെ കത്ത് മദീനയില്‍ തിരുസവിധത്തില്‍ ലഭിച്ചു. ഹമദാന്‍ ഗോത്രം ഒന്നടങ്കം ഇസ്‌ലാം സ്വീകരിച്ച സന്തോഷ വാര്‍ത്തയാണ് പ്രവാചകന്‍ അതില്‍ വായിച്ചത.് ഉടനെ അവിടുന്ന് സുജൂദില്‍ വീണു; ശേഷം തലയുയര്‍ത്തി ഹമദാന്‍ ഗോത്രത്തിന് അല്ലാഹുവില്‍ നിന്നുള്ള സമാധാനം വര്‍ഷിക്കാന്‍ വേണ്ടി പ്രാര്‍ഥിച്ചു (അല്‍ബിദായ).

നോക്കൂ! ജീവിതത്തില്‍ വന്ന പരീക്ഷണങ്ങളില്‍ അനിര്‍വചനീയമായ ക്ഷമയിലൂടെ നാഥനിലേക്കടുത്ത പ്രവാചകന്‍ സന്തോഷങ്ങളില്‍ ആത്മീയതയുടെ ഏറ്റവും മനോഹരമായ രൂപം സ്രഷ്ടാവിന്റെ മുന്നില്‍ സമര്‍പ്പിക്കുന്നു!

പ്രവാചക വിയോഗാനന്തരം സ്വഹാബികള്‍ അഭിമുഖീകരിച്ച കുഴപ്പമായിരുന്നല്ലോ മുസൈലിമത്തുല്‍ കദ്ദാബിന്റെ രംഗപ്രവേശം. അയാള്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത മദീനയില്‍ അമീറുല്‍ മുഅ്മിനീന്‍ അബൂബക്ര്‍(റ) അറിഞ്ഞപ്പോള്‍  അദ്ദേഹം സുജൂദില്‍ വീണു (സാദുല്‍ മആദ്).

കഅബ് ഇബ്‌നു മാലികി(റ)ന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു എന്ന വാര്‍ത്ത അദ്ദേഹം അറിഞ്ഞപ്പോള്‍ നന്ദിസൂചകമായി സുജൂദില്‍ വീണു (ബുഖാരി).

അമവീ ഭരണകാലഘട്ടത്തില്‍ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരെ അങ്ങേയറ്റം ഉപദ്രവിച്ച ഭരണാധികാരിയായിരുന്നു ഹജ്ജാജ് ഇബ്‌നു യൂസുഫ്. ഹസനുല്‍ ബസ്വരി(റഹി)ക്ക് അദ്ദേഹത്തില്‍നിന്നും രക്ഷനേടാന്‍ ഒളിവില്‍ താമസിക്കേണ്ടി വന്നിട്ടുണ്ട്. ഹജ്ജാജിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആ താബിഈ പണ്ഡിതവര്യന്‍ സുജൂദില്‍ വീണ് സൂറത്തു ഇബ്‌റാഹീമിലെ അഞ്ചാം സൂക്തത്തിലെ അവസാനഭാഗം പരായണം ചെയ്തുവത്രെ.

''...തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച''(14:5).

എങ്ങനെയാണ് ശുക്‌റിന്റെ സുജൂദ്? സാധാരണ നമസ്‌കാരത്തിലുള്ളത് പോലുള്ള ഒരു സുജൂദ് ചെയ്യുക. എന്താണോ സുജുദില്‍ ചൊല്ലാറുള്ളത് അത് ചൊല്ലാം. വുദൂഅ് ഉണ്ടായിയിരിക്കണമെന്ന് നിര്‍ബന്ധവുമില്ല.

എങ്കില്‍ ജീവിതത്തില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍  വന്നണയുമ്പോള്‍ നാഥന്റെ മുന്നില്‍ വിനയവും താഴ്മയും പ്രകടിപ്പിക്കാന്‍ നമുക്കു സാധിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ.