വ്രതാനുഷ്ഠാനം; ചില പാഠങ്ങള്‍

ഫൈസല്‍ പുതുപ്പറമ്പ്

2020 മെയ് 09 1441 റമദാന്‍ 16

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തെതാണ് നോമ്പ്. പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങളെ അല്ലാഹുവിനു വേണ്ടി ത്യജിക്കുന്ന ആരാധനയാണ് നോമ്പ്. എന്തൊക്കെയാണ് നോമ്പ് മുറിയുന്ന കാര്യങ്ങള്‍? അറിവില്ലായ്മ ഒരുപക്ഷെ, നമ്മെ അബദ്ധങ്ങളില്‍ ചെന്നെത്തിച്ചേക്കാം.

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തെതാണ് നോമ്പ്. പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങളെ അല്ലാഹുവിനു വേണ്ടി ത്യജിക്കുന്ന ആരാധനയാണ് നോമ്പ്. ഇത് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീഥില്‍ നബി ﷺ  ഇപ്രകാരം പഠിപ്പിച്ചതായി വന്നിരിക്കുന്നു:

''ഇസ്‌ലാം നിര്‍മിക്കപ്പെട്ടിരിക്കുന്നത് അഞ്ചു കാര്യങ്ങളിന്‍മേലാണ്; രണ്ട് സാക്ഷ്യവാക്യങ്ങള്‍, നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്'' (ബുഖാരി, മുസ്‌ലിം).

സംശയലേശമന്യെ പ്രമാണങ്ങള്‍കൊണ്ട് സ്ഥിരപ്പെട്ട ഈ അടിസ്ഥാനകാര്യത്തെ വല്ലവനും നിഷേധിക്കുന്നു എങ്കില്‍ അവന്‍ അവിശ്വാസിയായി മാറും എന്നത് മുസ്‌ലിം ലോകത്തെ ഇജ്മാഅ് ആണ് (ശര്‍ഹു മുസ്‌ലിം 1/205).

എന്നാല്‍ നോമ്പ് നിര്‍ബന്ധമാണെന്ന് അംഗീകരിക്കുകയും അതിനെ നിസ്സാരവല്‍കരിച്ചുകൊണ്ട് ഉപേക്ഷിക്കുകയും ചെയ്തവന്‍ പാപിയായി ഗണിക്കപ്പെടും. അവന്‍ മതഭ്രഷ്ടനായിരിക്കുമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്.

ഹിജ്‌റ വര്‍ഷം രണ്ടിലാണ് റമദാന്‍ നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടത്. 9 റമദാനുകളിലാണ് നബി ﷺ  നോമ്പനുഷ്ഠിച്ചത് (ശര്‍ഹുല്‍ മുംതിഅ് 6/298).

ആര്‍ക്കാണ് നോമ്പ് നിര്‍ബന്ധം?

പ്രായപൂര്‍ത്തിയായ, ബുദ്ധിമാനായ, യാത്രക്കാരനല്ലാത്ത, നോമ്പെടുക്കാന്‍ ശേഷിയുള്ള ഏവര്‍ക്കും നോമ്പ് നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു:

''ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര് ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം(നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക്ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്)'' (ക്വുര്‍ആന്‍-2/185)

ന്യായമായ കാരണങ്ങളാല്‍ നോമ്പൊഴിവാക്കാന്‍ അനുവാദമുള്ളവര്‍ ശരീരത്തിന് ദോഷമല്ലെന്ന് ബോധ്യമുണ്ടെങ്കില്‍ നോമ്പെടുക്കല്‍ തന്നെയാണ് അഭികാമ്യം.

ശൈഖ് ഇബ്‌നു ഉസൈമിന്‍(റ) പറയുന്നു: ''(നോമ്പിന്റെ കാര്യത്തില്‍) യാത്രക്കാരനെ മൂന്ന് തരമാക്കി വിഭജിക്കാം.

1) നോമ്പെടുക്കാന്‍ യാതൊരു പ്രയാസവും ഇല്ലാത്തവര്‍; അത്തരക്കാര്‍ നോമ്പെടുക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്.

2) നോമ്പെടുക്കല്‍ കൊണ്ട് പ്രയാസം അനുഭവിക്കാന്‍ സാധ്യതയുള്ളവര്‍. അത്തരക്കാര്‍ നോമ്പൊഴിവാക്കലാണ് ഏറ്റവും ശ്രേഷ്ഠം.

3) നോമ്പെടുക്കുന്നത് ശരീരത്തിന് അങ്ങേയറ്റം പ്രയാസമുണ്ടാക്കുമെന്ന് ബോധ്യമുള്ളവര്‍. അവര്‍ നോമ്പെടുക്കല്‍ നിഷിദ്ധമാണ് എന്ന് ഹദീഥുകളില്‍ നിന്ന് ഗ്രഹിക്കാം. (6/343)

പ്രായപൂര്‍ത്തിയായിട്ടില്ലാത്ത കുട്ടികളോട് നോമ്പെടുക്കാന്‍ നിര്‍ദേശിക്കല്‍ രക്ഷിതാക്കള്‍ക്ക് സുന്നതാണ്. അതുവഴി നോമ്പ് ശീലിക്കാന്‍ നിമിത്തമാകുമെന്നതാണ് കാരണം. സ്വഹാബിമാര്‍ ചെറിയ മക്കളെ നോമ്പെടുപ്പിക്കുമായിരുന്നു എന്നും അവര്‍ ഭക്ഷണത്തിനായി കരഞ്ഞാല്‍ കളിപ്പാട്ടങ്ങള്‍ നല്‍കി അവരുടെ ശ്രദ്ധതിരിക്കുമായിരുന്നു എന്നും ഇമാം ബുഖാരിയും(1960) മുസ്‌ലിമും(1136) ഉദ്ധരിക്കുന്നു.

എന്നാല്‍ രോഗികള്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് നോമ്പ് ഒഴിവാക്കാവുന്നതും മറ്റൊരു സമയത്ത് അവര്‍ അത് നോറ്റ് വീട്ടേണ്ടതുമാണ് എന്ന് നാം മുകളില്‍ കൊടുത്ത ആയത്ത് തന്നെ അറിയിക്കുന്നു.

നോമ്പിന്റെ മഹത്ത്വം

ധാരാളം ഹദീഥുകളിലൂടെ നോമ്പിന്റെയും റമദാന്‍ മാസത്തിന്റെയും മഹത്ത്വങ്ങള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ചില ഉദാഹരണങ്ങള്‍ കാണുക:

1. നബി ﷺ  പറഞ്ഞു: ''മനുഷ്യന്റെ മുഴുവന്‍ കര്‍മങ്ങള്‍ക്കും ഇരട്ടി പ്രതിഫലം നല്‍കപ്പെടും. ഒരു നന്മക്ക് പത്തിരട്ടി മുതല്‍ 700 വരെ ഇരട്ടിയായി പ്രതിഫലം ലഭിക്കും. അല്ലാഹു പറയുന്നു: 'നോമ്പ് ഒഴികെ, അതെനിക്കാണ്. ഞാനാണതിന് പ്രതിഫലം നല്‍കുന്നവന്‍...'' (ബുഖാരി, മുസ്‌ലിം).

2. നബി ﷺ  പറഞ്ഞു: ''സ്വര്‍ഗത്തില്‍ റയ്യാന്‍ എന്നൊരു കവാടമുണ്ട്. നോമ്പുകാരാണ് അതില്‍ പ്രവേശിക്കുക. അവരല്ലാത്ത ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാര്‍ എവിടെയെന്ന് ചോദിക്കപ്പെടും. അപ്പോള്‍ അവര്‍ എഴുന്നേറ്റ് വരും. അവര്‍ കടന്നുകഴിഞ്ഞാല്‍ ആ കവാടം അടക്കപ്പെടും. പിന്നീട് ഒരാളും അതിലൂടെ പ്രവേശിക്കുകയില്ല'' (ബുഖാരി).

3. അബൂഉമാമ(റ) പറഞ്ഞു: ''ഞാന്‍ നബി ﷺ യുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: 'നബിയേ, എനിക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കുവാനുതകുന്ന ഒരു കര്‍മം താങ്കള്‍ നിര്‍ദേശിച്ചു തരിക.' നബി ﷺ  പറഞ്ഞു: 'നീ നോമ്പെടുക്കുക. അതിനോട് കിടപിടിക്കുന്ന ഒന്നും തന്നെയില്ല.' പിന്നീട് ഒരിക്കല്‍കൂടി ഞാന്‍ ചെന്ന് ഇതേകാര്യം ആവശ്യപ്പെട്ടു. അപ്പോഴും നബി ﷺ  പറഞ്ഞു: 'നീ നോമ്പെടുക്കുക'' (അഹ്മദ്, നസാഈ).

നോമ്പുകൊണ്ടുള്ള നേട്ടങ്ങള്‍

1. ഈമാന്‍ (വിശ്വാസം) വര്‍ധിക്കും. (ക്വുര്‍ആന്‍:2/183)

2. നിഷിദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍കാന്‍ നിമിത്തമാകും.

3. തെറ്റുകളിലേക്ക് മനസ്സ് ചായാതെ നേര്‍വഴിയില്‍ നില്‍ക്കാന്‍ പര്യാപ്തമാണ്. നബി ﷺ  പറഞ്ഞു: ''നോമ്പ് ഒരു പരിചയാകുന്നു'' (നസാഈ).

4. പാപമോചനം ലഭിക്കും. നബി ﷺ  പറഞ്ഞു: ''വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമദാനില്‍ നോമ്പെടുത്തവന്റെ കഴിഞ്ഞ കാലപാപങ്ങള്‍ പൊറുക്കപ്പെടും.''

5. പൈശാചിക ദുര്‍ബോധനങ്ങളില്‍ നിന്ന് മുക്തമാവാന്‍ കഴിയും.

6. വിശപ്പും ദാഹവും അനുഭവിക്കുന്നതുവഴി ദരിദ്രന്റെ വിഷമങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

7. ക്ഷമ ശീലിക്കുവാനാകും.

8. ഇതിനെല്ലാം പുറമെ ആരോഗ്യപരമായ ധാരാളം നേട്ടങ്ങള്‍ വേറെയും കാണാം.

ഏത് കര്‍മത്തിനുമെന്ന പോലെ നോമ്പിനും നിയ്യത്ത് നിര്‍ബന്ധമാണ്. ഉദ്ദേശപ്രകാരം മാത്രമെ ഏത് കാര്യവും സ്വീകാര്യമാവുകയുള്ളു. നിര്‍ബന്ധ നോമ്പാണെങ്കില്‍ പ്രഭാതോദയത്തിന് മുമ്പ് തന്നെ നോമ്പെടുക്കാനുള്ള ഉദ്ദേശം (തീരുമാനം) ഉണ്ടാവണം, എന്നാല്‍ സുന്നത് നോമ്പാണെങ്കില്‍ ഫജ്‌റിന് ശേഷം പകല്‍സമയത്ത് തീരുമാനമെടുത്താലും മതി. (അതിന് മുമ്പ് ഭക്ഷണം കഴിച്ചിട്ടില്ലെങ്കില്‍). നബി ﷺ യുടെയും സ്വഹാബിമാരുടെയും ചെയ്തിയുടെ പിന്‍ബലം ഇതിനുണ്ട്.

നിയ്യത്ത് എന്നതിന്റെ വിവക്ഷ ഒരു കര്‍മം ചെയ്യാനുള്ള മനസ്സിന്റെ ഉദ്ദേശമാണ്. അത് നാവുകൊണ്ട് പറയേണ്ടതില്ല. തുടര്‍ച്ചയായി എടുക്കുന്ന നോമ്പുകളാണെങ്കില്‍ ആദ്യദിവസം തന്നെ തുടര്‍ച്ചയായി നോമ്പെടുക്കാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ പിന്നെ ഓരോ ദിവസവും പ്രത്യേകം നിയ്യത്ത് ചെയ്തില്ലെങ്കിലും വിരോധമില്ല. (ഉദാ: റമദാന്‍, ശവ്വാലിലെ ആറ് നോമ്പ് തുടങ്ങിയവ).

എന്നാല്‍ ശഅ്ബാന്‍ 30 ആകാനും റമദാന്‍ ഒന്ന് ആകാനും സാധ്യതയുള്ള ദിവസത്തില്‍ ഒരാള്‍ നോമ്പെടുത്തു. റമദാന്‍ പിറന്നാല്‍ ഫര്‍ദ് നോമ്പ് എന്നും ഇല്ലെങ്കില്‍ സുന്നത്ത് നോമ്പ് എന്നുമാണ് അയാള്‍ ഉദ്ദേശിച്ചത്. പിന്നീട് നേരം പുലര്‍ന്നതിന് ശേഷമാണ് റമദാന്‍ ഒന്നാണെന്ന് ബോധ്യമായതെങ്കില്‍ ആ നോമ്പ് പരിഗണനീയമല്ല.

നോമ്പ് ഒഴിവാക്കാന്‍ അനുവാദമുള്ളവര്‍

1. രോഗികള്‍:

രോഗികളെ നാല് വിഭാഗമായി തിരിച്ചിരിക്കുന്നു:

1) നോമ്പ് അനുഷ്ഠിച്ചാല്‍ രോഗം മൂര്‍ഛിക്കുമെന്ന് ബോധ്യമുള്ളവര്‍. അവര്‍ നോമ്പെടുക്കാന്‍ പാടില്ല. നോമ്പെടുക്കാന്‍ പ്രയാസമാണെങ്കിലും അത്ര ഗൗരവതരമായ ദോഷങ്ങള്‍ ഒന്നും ഉണ്ടാവാന്‍ ഇടയില്ലാത്തവര്‍ നോമ്പ് ഒഴിവാക്കലാണ് കൂടുതല്‍ ശ്രേഷ്ഠം. നബി ﷺ  പറഞ്ഞു: ''അല്ലാഹുവിന്റെ കല്‍പനകളെ ശിരസ്സാവഹിക്കുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്നത് പോലെ അവന്‍ നല്‍കിയ ഇളവുകള്‍ സ്വീകരിക്കുന്നതും അവനിഷ്ടമാണ്.''

2. നോമ്പെടുക്കുകവഴി രോഗശമനത്തിന് കാലതാമസം നേരിടുമെന്ന് ഭയപ്പെടുന്ന രോഗി: ഇത്തരക്കാര്‍ക്ക് നോമ്പ് ഉപേക്ഷിക്കല്‍ അനുവദനീയമാണ്; ക്വുര്‍ആനിക വചനങ്ങളുടെയും ഹദീഥുകളുടെയും പൊതു അധ്യാപനപ്രകാരം.

3. നോമ്പെടുക്കാന്‍ വളരെ പ്രയാസമനുഭവിക്കുന്ന രോഗി. അവനും നോമ്പ് ഒഴിവാക്കല്‍ അനുവദനീയമാണ്.

4. സ്വന്തം നിലയ്ക്ക് പ്രയാസമില്ലെങ്കിലും ചികിത്സയുടെ ഭാഗമായി (മരുന്ന് കഴിക്കാനും മറ്റുമായി) നോമ്പ് ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കപ്പെട്ട രോഗി. ഇത്തരക്കാര്‍ക്കും നോമ്പ് ഒഴിവാക്കല്‍ അനുവദനീയമാണ്. എന്നാല്‍ ഇവരെല്ലാം തന്നെ പിന്നീട് ഇത് നോറ്റ് വീട്ടേണ്ടതുണ്ട് (ഫതാവാ ഇബ്‌നു തൈമിയ്യ 26/60).

2. യാത്രക്കാരന്‍

യാത്രക്കാരന്റെ വിവിധ അവസ്ഥകള്‍ നാം നേരത്തെ വിവരിച്ചു.

3. ആര്‍ത്തവരക്തം/ പ്രസവരക്തം ഉള്ളവര്‍

ഇത്തരക്കാര്‍ നോമ്പ് എടുക്കാന്‍ പാടില്ല. അവര്‍ നിര്‍ബന്ധമായും നോമ്പ് ഉപേക്ഷിക്കേണ്ടതും പിന്നീട് നോറ്റ് വീട്ടേണ്ടതുമാണ്. (ബുഖാരി, മുസ്‌ലിം).

ഗര്‍ഭം അലസിയ/അബോര്‍ഷന്‍ നടത്തിയ സ്ത്രീയാണെങ്കില്‍ അവളില്‍ നിന്നും വരുന്ന രക്തം പ്രസവ രക്തമായി പരിഗണിക്കണമെങ്കില്‍ 3 മാസമെങ്കിലും ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചയെത്തിയിരിക്കണം. അതിനും മുമ്പായി ഗര്‍ഭം അലസിയെങ്കില്‍ അതിനെ തുടര്‍ന്ന് കാണുന്ന രക്തം പ്രസവരക്തമായി കണക്കാക്കപ്പെടുകയില്ല. അതിനാല്‍ അവര്‍ നമസ്‌കാരവും നോമ്പും ഉപേക്ഷിക്കാവതല്ല. (ഫതാവാ ഇബ്‌നു ഉസൈമിന്‍ 19/261).

4. ഗര്‍ഭിണി/മുലയൂട്ടുന്നവര്‍

ഗര്‍ഭിണിക്കും മുലയൂട്ടുന്ന സ്ത്രീക്കും നോമ്പെടുക്കാന്‍ പ്രയാസമുണ്ടെങ്കില്‍ അവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാം, പിന്നീട് അവരത് നോറ്റുവീട്ടേണ്ടതാണ്.

5. മാറാരോഗികള്‍ പ്രായാധിക്യമായവര്‍

സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത നിത്യരോഗികളും അങ്ങേയറ്റം പ്രായമായവര്‍ക്കും നോമ്പ് ഒഴിവാക്കാന്‍ അനുവാദമുണ്ട്. അവര്‍ പിന്നീട് നോറ്റുവീട്ടേണ്ടതില്ല. പകരം സാധുവിന് ഭക്ഷണം നല്‍കുകയാണ് വേണ്ടത്.

ഭക്ഷണം വേവിച്ചോ അല്ലാതെയോ നല്‍കാം. വീട്ടില്‍ ഭക്ഷണമുണ്ടാക്കി ദരിദ്രരെ ഭക്ഷിപ്പിക്കുകയോ പാകം ചെയ്ത് ഭക്ഷണം വിതരണം ചെയ്യുകയോ ആവാം. ധാന്യങ്ങള്‍ മാത്രം വിതരണം ചെയ്താലും മതിയാകുന്നതാണ്. മുഖ്യാഹാരമായി ഉപയോഗിക്കുന്ന ധാന്യമാണ് നല്‍കേണ്ടത്. അതിലേക്ക് അനിവാര്യമായ ചേരുവകള്‍ കൂടി നല്‍കുന്നുവെങ്കില്‍ നിര്‍ബന്ധമില്ല. (ഫതാവാ ഇബ്‌നു ഉസൈമിന്‍ 19/124).

6. രോഗിയല്ലെങ്കിലും നോമ്പെടുക്കുകവഴി ശരീരത്തിന് പ്രയാസമുണ്ടാകുമെന്ന് ഭയപ്പെടുന്നവര്‍ക്കും വിശപ്പ്, ദാഹം എന്നിവ ഒരിക്കലും സഹിക്കാനാവാത്ത പ്രയാസങ്ങള്‍ ഉള്ളവര്‍ക്കുമെല്ലാം അതുവഴി നാശം ഭയപ്പെടുന്നുവെങ്കില്‍ നോമ്പ് ഒഴിവാക്കാവുന്നതാണ്

ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ അനിവാര്യഘട്ടങ്ങളിലും ആവശ്യമെങ്കിലും നോമ്പ് ഒഴിവാക്കാവുന്നതാണ്. അവര്‍ പിന്നീട് നോറ്റുവീട്ടണം.

എന്നാല്‍ ഈ പറയപ്പെട്ടവരെല്ലാം പ്രയാസം സഹിച്ചുകൊണ്ട് നോമ്പെടുക്കുന്നുവെങ്കില്‍ അത് അനുവദനീയമാണ്. അകാരണമായി നോമ്പ് ഉപേക്ഷിക്കല്‍ വളരെയേറെ ഗൗരവതരമാകുന്നു. റമദാനിന്റെ പകലില്‍ നോമ്പെടുക്കാന്‍ ബാധ്യതയുള്ള ഒരാള്‍ തന്റെ ഭാര്യയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നെങ്കില്‍ ആ നോമ്പ് അവന്‍ പിന്നീട് നോറ്റ് വീട്ടുകയും പ്രായശ്ചിത്തം ചെയ്യുകയും വേണം.

ഒരു അടിമയെ മോചിപ്പിക്കുക, അതിന് സാധ്യമല്ലാത്തവര്‍ രണ്ട് മാസം തുടര്‍ച്ചയായി നോമ്പെടുക്കുക അതിനും കഴിയാത്തവര്‍ അറുപത് സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ് പ്രായശ്ചിത്തം. (ബുഖാരി).

ഒന്നിലധികം ദിവസങ്ങളില്‍ ഇങ്ങനെ ആവര്‍ത്തിച്ചുവെങ്കില്‍ ഓരോന്നിനും പ്രത്യേകം പ്രത്യേകം പ്രായച്ഛിത്തം നല്‍കേണ്ടതുണ്ട്. (ബി ദായ: 4/195).

ന്യായമായ കാരണത്താല്‍ നോമ്പ് ഒഴിവാക്കിയവന്‍ അത് നോറ്റുവീട്ടുന്നതിന് മുമ്പായി മരണപ്പെട്ടുവെങ്കില്‍ എന്ത് വേണം? നോറ്റുവീട്ടാന്‍ സാഹചര്യം ഉണ്ടാകുന്നതിന് മുമ്പായി മരിച്ചുവെങ്കില്‍ യാതൊന്നും ബാധ്യതയില്ല. എന്നാല്‍ സാഹചര്യമുണ്ടായ ശേഷമാണ് മരിച്ചതെങ്കില്‍ സാധുവിന് ഭക്ഷണം നല്‍കേണ്ടതുണ്ട്. മയ്യിത്തുമായി അടുത്ത ബന്ധമുള്ളവന് അത് നോറ്റുവീട്ടുകയുമാവാം. ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് നോറ്റാലും മതിയാകുന്നതാണ്. എല്ലാവരും ഒരേ ദിവസം നോല്‍ക്കുന്നതിനും വിരോധമില്ല.

ബോധപൂര്‍വമായ ഇന്ദ്രിയ സ്ഖലനം മൂലം നോമ്പ് മുറിയുന്നതാണ്. എന്നാല്‍ സ്വപ്‌ന സ്ഖലനം, ബോധപൂര്‍വമല്ലാതെയുണ്ടാകുന്ന സ്ഖലനം എന്നിവകൊണ്ട് നോമ്പ് മുറിയുന്നതല്ല. (മുഗ്നി-4/364).

ചീത്തവാക്കുകള്‍, പ്രവൃത്തികള്‍, ചിന്തകള്‍ എന്നിവകൊണ്ട് നോമ്പ് മുറിയുകയില്ലെങ്കിലും നോമ്പിന്റെ പ്രതിഫലം കുറയാന്‍ അത് കാരണമാകും. (ഫതാവാ ഇബ്‌നുബാസ് 15/320).

റമദാനിലെ ഓരോ ദിനരാത്രവും ഏറെ പവിത്രമാണ,് വിശിഷ്യാ അവസാനത്തെ പത്ത് ദിവസങ്ങള്‍. അവയില്‍ തന്നെ രാത്രി പ്രത്യേകം ശ്രേഷ്ഠമാണ്. ക്വുര്‍ആന്‍ പാരായണം, പ്രാര്‍ഥനാ പ്രകീര്‍ത്തനങ്ങള്‍, സ്വലാത്ത്, ദാനധര്‍മങ്ങള്‍, നന്മ പ്രചരിപ്പിക്കല്‍, തിന്മവിരോധിക്കല്‍ തുടങ്ങിയ സുകൃതങ്ങള്‍ കൊണ്ട് അവയെ സജീവമാക്കാന്‍ ശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ; ആമീന്‍.