നമസ്‌കാരം: ചില ചിന്തകള്‍

റഫീക്ക് കൊടുവായൂര്‍

2020 ഒക്ടോബര്‍ 17 1442 സഫര്‍ 30

അല്ലാഹു സൃഷ്ടിച്ച എല്ലാ അചേതന, സചേതന വസ്തുക്കളും അല്ലാഹുവിന്റെ പ്രാപഞ്ചിക നിയമത്തെ നിര്‍ബന്ധമായോ അനുസരണയോടുകൂടിയോ പാലിച്ചുപോരുന്നുണ്ട്. നാം അറിഞ്ഞതും അറിയാത്തതുമായ വസ്തുക്കള്‍ മുഴുവനും അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ് പ്രപഞ്ചത്തില്‍ നിലകൊള്ളുന്നത്. അല്ലാഹു പറയുന്നു:

''രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടത് തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്'' (ക്വുര്‍ആന്‍ 16:12).

അല്ലാഹുവിന്റെ അറിവില്‍ പെടാത്ത ഒരു വസ്തുവും ഈ പ്രപഞ്ചത്തില്‍ നിലകൊള്ളുന്നില്ല. ഒരു ഇല പോലും വീഴുന്നില്ല; അല്ലാഹു അറിയാതെ!

''അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇലപോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല'' (ക്വുര്‍ആന്‍ 6:59).

അല്ലാഹുവിന്റെ സൃഷ്ടികളില്‍ മനുഷ്യവര്‍ഗത്തിലും ജിന്നുവര്‍ഗത്തിലുംപെട്ട കുറെ പേര്‍ ഒഴികെ എല്ലാം അല്ലാഹുവിന് പ്രണാമം അര്‍പ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

''ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു എന്നു നീ കണ്ടില്ലേ? (വേറെ) കുറെപേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു...'' (ക്വുര്‍ആന്‍ 22:18).

മനുഷ്യരല്ലാത്തവയുടെ പ്രകീര്‍ത്തനങ്ങളും സ്തുതികളും നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നതല്ല.

മനുഷ്യന് ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും ഉപദേശങ്ങളും വഴികാട്ടിയുമായിക്കൊണ്ട് അല്ലാഹു അവന്റെ അവസാന വേദഗ്രന്ഥമായ ക്വുര്‍ആന്‍ അവതരിപ്പിച്ചു. അന്തിമദൂതന്‍ ﷺ  അതിന്റെ പ്രായോഗികമാര്‍ഗം കാണിച്ചുതരികയും ചെയ്തു. ഉത്തമ സമൂഹമായി ജീവിച്ച് പ്രവാചകാനുചരന്മാര്‍ ലോകത്തിന് മാതൃകയാവുകയും ചെയ്തു. അതെല്ലാം വ്യക്തമായി രേഖപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നു. എല്ലാം മനുഷ്യര്‍ക്ക് വേണ്ടിയുള്ള അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണ്.

മനുഷ്യര്‍ക്ക് എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ നല്‍കിയ അല്ലാഹു അവനെ മാത്രം ആരാധിച്ച് നന്ദികാണിച്ചു ജീവിക്കണം എന്നാണ് കല്‍പിക്കുന്നത്. ആരാധനയുടെയും നന്ദികാണിക്കുന്ന പ്രക്രിയയുടെയും മൂര്‍ത്തഭാവമാണ് നമസ്‌കാരം. അത് യാന്ത്രികമായി ചെയ്തുതീര്‍ക്കേണ്ട ഒരു പ്രവര്‍ത്തനമല്ല.

നമസ്‌കാരം തന്റെ ജീവിതത്തെ എത്രകണ്ട് സ്വാധീനിക്കുന്നു; എത്രകണ്ട് തന്നില്‍ പരിവര്‍ത്തനമുണ്ടാക്കുന്നു എന്ന് ഓരോ വിശ്വാസിയും ചിന്തിക്കണം. ആത്മീയമായ ഉല്‍ക്കര്‍ഷം നേടിത്തരുന്നതാവണം നമസ്‌കാരം. അത് വിശ്വാസിക്ക് മനക്കരുത്തും പ്രതീക്ഷയും നല്‍കുന്ന ഒരു ആരാധനയാണ്.

''സത്യവിശ്വാസികളേ, നിങ്ങള്‍ സഹനവും നമസ്‌കാരവും മൂലം (അല്ലാഹുവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു'' (ക്വുര്‍ആന്‍ 2:153).

ചെയ്തുപോയ ദുഷ്‌കര്‍മങ്ങള്‍ പൊറുക്കപ്പെടുവാന്‍ നമസ്‌കാരം പോലുള്ള സല്‍കര്‍മങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് അല്ലാഹു അറിയിക്കുന്നു:

 ''പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയുടെ അന്ത്യയാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ നീക്കിക്കളയുന്നതാണ്. ചിന്തിച്ചുഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്'' (ക്വുര്‍ആന്‍ 11:114).

നമസ്‌കാരം സമയം നിര്‍ണയിക്കപ്പെട്ട ആരാധനയാണ്:

''...തീര്‍ച്ചയായും നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു'' (ക്വുര്‍ആന്‍ 4:103).

അല്ലാഹുവിനെ സ്മരിക്കുവാന്‍ വേണ്ടിയാണ് നമസ്‌കാരം:

''തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും എന്നെ ഓര്‍മിക്കുന്നതിനായി നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 20:14).

നമസ്‌കാരം നിര്‍ഭയത്വം നല്‍കുന്നു. നാളെ പരലോകത്ത് ദുഃഖിക്കേണ്ട അവസ്ഥയുണ്ടാകാതിരിക്കാന്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കേണ്ടതുണ്ട്:

''വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല'' (ക്വുര്‍ആന്‍ 2:277).

ക്വുര്‍ആനില്‍ നമസ്‌കാരത്തെ കുറിച്ച് പറയുന്ന ധാരാളം സ്ഥലങ്ങളില്‍ 'മുറപ്രകാരം' നിര്‍വഹിക്കണമെന്ന്  പ്രത്യേകം പറയുന്നതായി കാണാം. മുറപ്രകാരം തന്നെയാണോ തന്റെ നമസ്‌കാരമെന്ന് ഓരോരുത്തരും ആലോചിക്കേണ്ടതുണ്ട്. പാലിക്കേണ്ട എല്ലാ മര്യാദകളും പാലിച്ചുകൊണ്ട് സമയബന്ധിതമായി ചെയ്യുമ്പോഴാണ് അത് മുറപ്രകാരമാകുന്നത്.

അല്ലാഹുവിന്റെ മുമ്പിലാണ് നില്‍ക്കുന്നത് എന്ന ബോധം പരമപ്രധാനമാണ്. നമസ്‌കാരത്തിന്റെ ആരംഭം മുതല്‍ അതിലെ ഓരോ കര്‍മത്തിലേക്ക് പ്രവേശിക്കുമ്പോഴും 'അല്ലാഹു അക്ബര്‍' (അല്ലാഹുവാണ്ഏറ്റവും വലിയവന്‍) എന്നാണ് പറയുന്നത്. ആ വാക്കിന്റെ അര്‍ഥവ്യാപ്തിയും ഗാംഭീര്യവും എത്രകണ്ട് മനസ്സിലാക്കിയിട്ടാണ് നാം നമസ്‌കരിക്കാറുള്ളത്?

മനുഷ്യന്റെ കണ്ടെത്തലുകള്‍ക്കുമപ്പുറം അതിവിശാലമായ പ്രപഞ്ചത്തെ അടക്കിഭരിക്കുന്ന, നിയന്ത്രിക്കുന്ന, കാര്യങ്ങളുടെ കാരണങ്ങള്‍ ഉണ്ടാക്കുന്ന സ്രഷ്ടാവിന്റെ ശക്തിയും കഴിവും മനുഷ്യന്‍ എന്ന ചെറുജീവിയുടെ നിസ്സാരതയും ദുര്‍ബലതയും 'അല്ലാഹു അക്ബര്‍' എന്നു പറയുന്നതിലൂടെ നാം അംഗീകരിക്കുകയാണ്. തന്റെ എല്ലാ കാര്യങ്ങളും ഭരമേല്‍പിക്കാന്‍ അവനെക്കാളും കഴിവുറ്റവനും വലിയവനും വേറെയില്ല എന്ന്, അര്‍ഥമറിഞ്ഞ്  അത് ചൊല്ലുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്താതിരിക്കില്ല.

പ്രാരംഭ പ്രാര്‍ഥനയിലാകട്ടെ  സര്‍വവും സൃഷ്ടിച്ചു പരിപാലിക്കുന്നവനില്‍ എന്റെ സര്‍വസ്വവും ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു, ഞാന്‍ ഋജുമനസ്‌കനായ  മുസ്‌ലിമാണ്; ഞാന്‍ മുശ്‌രിക്കുകളില്‍ പെട്ടവനല്ല എന്ന പ്രഖ്യാപനമാണുള്ളത്. അതുപോലെ നമസ്‌കാരത്തില്‍ പാരായണം ചെയ്യുന്ന ക്വുര്‍ആന്‍ വചനങ്ങളുടെയും പ്രാര്‍ഥനകളുടെയും പ്രകീര്‍ത്തനങ്ങളുടെയുമെല്ലാം അര്‍ഥം മനസ്സിലാക്കുന്നുവെങ്കില്‍ ആ കര്‍മം കൂടുതല്‍ ശ്രദ്ധയോടെയും ആത്മാര്‍ഥമായും മനസ്സാന്നിധ്യത്തോടെയും നിര്‍വഹിക്കുവാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.

നമസ്‌കാരം മുറപ്രകാരം അതിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടു നിര്‍വഹിക്കുന്നവര്‍ക്ക് മ്ലേഛമായ കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുകയില്ല. അല്ലാഹുവില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ കഴിയില്ല. നിഷദ്ധമായ മാര്‍ഗത്തില്‍ സമ്പാദിക്കാനും അനാവശ്യമാര്‍ഗത്തില്‍ ചെലഴിക്കാനും സാധിക്കില്ല.

''തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മത്തില്‍നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യംതന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു'' (29:45).

ഭയഭക്തിയോടെയാവണം നമസ്‌കാരം; അവര്‍ക്കാണ് വിജയമുള്ളത്:

''തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരും അനാവശ്യകാര്യത്തില്‍നിന്ന് തിരിഞ്ഞുകളയുന്നവരും സകാത്ത് നിര്‍വഹിക്കുന്നവരുമായ വിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 23:1-4).

''സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരായ...'' (23:1,2).

നമസ്‌കരിക്കാത്ത, അധര്‍മങ്ങളില്‍ മുഴുകി ജീവിച്ച ആളുകള്‍ നരകശിക്ഷ അനുഭവിക്കുന്ന വേളയില്‍ സ്വര്‍ഗവാസികള്‍ അവരോട് ചോദിക്കുന്ന ചോദ്യവും അവരുടെ മറുപടിയും ഓരോ വിശ്വാസിയുടെയും മനസ്സില്‍ തങ്ങിനില്‍േക്കണ്ടതുണ്ട്. അല്ലാഹു പറയുന്നു:

''ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചുവെച്ചതിന് പണയപ്പെട്ടവനാകുന്നു; വലതുപക്ഷക്കാരൊഴികെ. ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും; കുറ്റവാളികളെപ്പറ്റി, നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്. അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല. തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു. പ്രതിഫലത്തിന്റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചുകളയുമായിരുന്നു'' (ക്വുര്‍ആന്‍ 74:38:46).

''എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്'' (ക്വുര്‍ആന്‍ 19:59).

സ്വര്‍ഗത്തിലേക്ക് നയിക്കുന്ന ഈ മഹത്തായ കര്‍മം ആത്മാര്‍ഥതയില്ലാതെ, ലോകമാന്യത്തിനു വേണ്ടി, അശ്രദ്ധമായാണ് നിര്‍വഹിക്കുന്നതെങ്കില്‍ നരകത്തിലേക്ക് എത്തിക്കുന്ന അവസ്ഥയാണുണ്ടാവുക എന്ന കാര്യം മനസ്സിലാക്കാതെ പോകരുത്.

''എന്നാല്‍ നമസ്‌കാരക്കാര്‍ക്കാകുന്നു നാശം; തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ, ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ, പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ'' (ക്വുര്‍ആന്‍ 107:4-7).

നമസ്‌കാരത്തിലെ കര്‍മങ്ങള്‍ പൂര്‍ണമായി ചെയ്യാതിരിക്കല്‍ അശ്രദ്ധയും ആത്മാര്‍ഥതയില്ലായ്മയുമാണ്. നബി ﷺ  പറഞ്ഞു:

'നമസ്‌കാരത്തിലുള്ള കള്ളത്തരമാണ് ഏറ്റവും വലിയ കളവ്.' അവര്‍ (സ്വഹാബികള്‍) ചോദിച്ചു: 'നമസ്‌കാരത്തിലെങ്ങനെയാണ് കളവ്?' നബി ﷺ  പറഞ്ഞു: 'റുകൂഉം സുജൂദും പൂര്‍ണമായി നിര്‍വഹിക്കാതിരിക്കല്‍' (അഹ്മദ്, അല്‍ബാനി-സ്വഹീഹുല്‍ ജാമിഅ്).

നമസ്‌കാരത്തില്‍ അടങ്ങിപ്പാര്‍ക്കാതിരിക്കല്‍, റുകൂഇലും സുജൂദിലും മുതുക് നേരെ ഉറപ്പിക്കാതിരിക്കല്‍, ഇഅ്തിദാലില്‍ നേരെ നിവരാതിരിക്കല്‍, ഇരുത്തത്തില്‍ നേരേചൊവ്വെ ഇരിക്കാതിരിക്കല്‍ തുടങ്ങിയ വീഴ്ചകളെല്ലാം പൊതുവെ കാണപ്പെടുന്നതാണ്. 'ത്വുമഅ്‌നീനത്ത്' അഥവാ നമസ്‌കാരത്തില്‍ അടക്കവും ഒതുക്കവും പാലിക്കല്‍ നമസ്‌കാരത്തിന്റെ നിര്‍ബന്ധഘടകമാണ് എന്ന കാര്യം പലര്‍ക്കുമറിയില്ല.

'റുകൂഇലും സുജൂദിലും മുതുക് നേരെയാക്കുന്നത് വരെ നമസ്‌കാരം ശരിയാവുകയില്ല' (അബൂദാവൂദ്, അല്‍ബാനി-സ്വഹീഹുല്‍ ജാമിഅ്).

അബൂ അബ്ദീല്ല അല്‍അശ്അരി പറയുന്നു: അല്ലാഹുവിന്റെ റസൂല്‍ ﷺ  അവിടത്തെ സ്വഹാബികളുമായി നമസ്‌കരിച്ച ശേഷം അവരില്‍ ഒരു വിഭാഗത്തോടൊപ്പമിരുന്നു. അപ്പോള്‍ ഒരാള്‍ പ്രവേശിക്കുകയും നിന്ന് നമസ്‌കാരം തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് റുകൂഅ് ചെയ്യുകയും സുജൂദില്‍ പക്ഷികള്‍ കൊത്തിപ്പെറുക്കുംപോലെ പൊടുന്നനെ കുമ്പിട്ട് നിവരുകയും ചെയ്തു. അപ്പോള്‍ പ്രവാചകന്‍ ﷺ  പറഞ്ഞു: ''ഇത് നിങ്ങള്‍ കണ്ടുവോ? വല്ലവനും ഈ രീതിയിലാണ് മരിക്കുന്നതെങ്കില്‍ മുഹമ്മദിന്റ മില്ലത്തിലല്ല അവന്‍ മരണമടഞ്ഞത്. നമസ്‌കാരത്തില്‍ കാക്ക രക്തം കൊത്തിയെടുക്കുന്നത് പോലെയാണ് അവന്‍ പെറുക്കുന്നത്. റുകൂഅ് ചെയ്യുകയും സുജൂദില്‍ കൊത്തിപ്പെറുക്കും പോലെ പെട്ടെന്ന് കുമ്പിട്ട് നിവരുകയും ചെയ്യുന്നവന്‍ ഒന്നോ രണ്ടോ കാരക്ക തിന്ന് വിശപ്പടക്കുന്ന, വിശന്ന് അവശനായവനെപ്പോലെയാണ്. ആ കാരക്കകള്‍ വിശപ്പില്‍നിന്ന് അവന് എത്രമാത്രം ധന്യത പകരും?'' (ഇബ്‌നു ഖുസൈമ 1:332, സ്വിഫതു സ്വലാത്തിന്നബി 131).

നമസ്‌കാരം നമുക്ക് കണ്‍കുളിര്‍മയാകണം. നമസ്‌കരിക്കാതിരുന്നാല്‍ നമ്മുടെ മനസ്സ് അസ്വസ്ഥമാകണം. മറ്റുള്ളവര്‍ നമുക്ക് വേണ്ടി മയ്യിത്ത് നമസ്‌കരിക്കുമ്പോള്‍ അത് നമുക്ക് ഗുണം ചെയ്യണമെങ്കില്‍ നമുക്കുവേണ്ടി നമ്മള്‍ മരണത്തിനുമുമ്പായി നമസ്‌കാരം കൃത്യമായി നിലനിര്‍ത്തണം.

അല്ലാഹു പറയുന്നു: ''തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ക്ഷമകൈക്കൊള്ളുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും തിന്മയെ നന്മകൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍; അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം. അതായത്, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും അവരുടെ പിതാക്കളില്‍നിന്നും ഇണകളില്‍നിന്നും സന്തതികളില്‍നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്...''(ക്വുര്‍ആന്‍ 13: 22,23).