സൗമ്യത

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ഏപ്രില്‍ 18 1441 ശഅബാന്‍ 25

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 14)

കാര്യങ്ങളിലെല്ലാം സൗമ്യതയും മൃദുലതയും സാവകാശവും എളുപ്പമായത് സ്വീകരിക്കലും, രൂക്ഷതയും തീവ്രതയും കൈവെടിയലും അനുഗ്രഹവും നന്മ മാത്രവുമാണ്. തിരുനബി ﷺ  പറയുന്നതു നോക്കൂ: ''മൃദുലത തടയപ്പെട്ടവന് നന്മകള്‍ തടയപ്പെട്ടിരിക്കുന്നു'' (മുസ്‌ലിം).

തന്റെ വിഷയത്തിലായാലും മറ്റുള്ളവരുടെ വിഷയത്തിലായാലും ഒരാളുടെ പെരുമാറ്റം സൗമ്യതാപൂര്‍ണമായിരിക്കണം. ഇല്ലായെങ്കില്‍ പ്രസ്തുത പെരുമാറ്റം അനുഗ്രഹംകെട്ടതും പ്രയോജന രഹിതവുമായി മാറും. ഏതാനും തിരുമൊഴികള്‍ ഇവിടെ ശ്രദ്ധേയമാണ്.

ആഇശ(റ)യില്‍ നിന്ന് നിവേദനം; തിരുനബി ﷺ  പറഞ്ഞു: ''ആഇശാ, നിശ്ചയം അല്ലാഹു സൗമ്യ(റഫീക്വ്)നാകുന്നു. അവന്‍ മൃദുലപെരുമാറ്റം ഇഷ്ടപ്പെടുന്നു. അവന്‍ രൂക്ഷമായപെരുമാറ്റത്തിനും മൃദുലപെരുമാറ്റമല്ലാത്ത(ഇതര സല്‍പെരുമാറ്റങ്ങള്‍)ക്കും നല്‍കാത്തത് മൃദുലപെരുമാറ്റത്തിന്,  നല്‍കുന്നു''(മുസ്‌ലിം).

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം. തിരുദൂതര്‍ പറഞ്ഞു: ''ഒരു വീട്ടുകാര്‍ക്ക് വിനയം നല്‍കപ്പെട്ടിട്ടു എങ്കില്‍ അത് അവര്‍ക്ക് ഉപകരിക്കുകതന്നെ ചെയ്യും. വിനയം തടയപ്പെട്ടിട്ടുെങ്കില്‍ അവര്‍ക്ക് വിനയാവുകയും ചെയ്യും, തീര്‍ച്ച'' (മുഅ്ജമുത്ത്വബ്‌റാനി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ജരീര്‍ ഇബ്‌നു അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറഞ്ഞു: ''നിശ്ചയം, അല്ലാഹു രൂക്ഷമായപെരുമാറ്റത്തിനു നല്‍കാത്തത് മൃദുലമായപെരുമാറ്റത്തിനു നല്‍കുന്നു. ഒരു ദാസനെ അല്ലാഹു ഇഷ്ടപ്പെട്ടാല്‍ അല്ലാഹു അവന്ന് മൃദുലപെരുമാറ്റം നല്‍കുന്നു. മൃദുലപെരുമാറ്റം തടയപ്പെട്ട ഒരു കുടുംബവുമില്ല; നന്മകള്‍ തങ്ങള്‍ക്കുതടയപ്പെടാതെ''(മുഅ്ജമുത്ത്വബ്‌റാനി, അല്‍ബാനി ഹസനുന്‍ലിഗയ്‌രിഹി എന്ന് വിശേഷിപ്പിച്ചു).

തന്റെ ശത്രുവിനോടാണെങ്കില്‍ പോലും അയാളോടുള്ള വര്‍ത്തമാനവും വര്‍ത്തനവും സൗമ്യമായിരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അഹങ്കാരിയും അധമനും അന്യായക്കാരനുമായ ഫിര്‍ഔനെ പ്രബോധനം നടത്തുവാന്‍ ദൂതന്മാരായ മൂസായെയും ഹാറൂനെയും അല്ലാഹു നിയോഗിച്ച പ്പോള്‍ അല്ലാഹു അവരോട് കല്‍പിക്കുന്നത് ഇപ്രകാരമാണ്:

''എന്റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്. നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്റെ അടുത്തേക്ക് പോകുക.തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരുവേള ചിന്തിച്ചു മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം. അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക് എടുത്തുചാടുകയോ അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേ. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്'' (ക്വുര്‍ആന്‍ 20:42-46).

സമാധാനത്തിന്റെ ദൂതനായ തിരുനബിയോട് കൊടിയ വൈര്യവും നിറഞ്ഞ ശത്രുതയും അടങ്ങാത്ത അസൂയയും ജൂതന്മാര്‍ വച്ചുപുലര്‍ത്തിയിരുന്നു. തിരുദതരുടെ മരണവും നാശവും മനസ്സില്‍ കൊണ്ടു നടക്കുന്നവരായിരുന്നു അവര്‍. ഒരിക്കല്‍ ജൂതന്മാര്‍ തിരുമേനിയെ പ്രകോപിതമാക്കും വിധം അഭിസംബോധന ചെയ്തപ്പോള്‍ തിരുദൂതര്‍ ﷺ  പ്രതികരിച്ചത് പ്രിയപത്‌നി ആഇശ(റ) നിവേദനം ചെയ്യുന്നു:

''ജൂതന്മാരില്‍ ഒരു സംഘം നബി ﷺ യുടെ അനുവാദം ചോദിച്ചുവന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: 'അസ്സാമുഅലയ്കും(നിങ്ങള്‍ക്ക് മരണം ഭവിക്കട്ടെ).' ഞാന്‍ പറഞ്ഞു: 'അല്ല. നിങ്ങളുടെമേല്‍ മരണവും ശാപവും ഉണ്ടാവട്ടെ.' അപ്പോള്‍ തിരുമേനി പറഞ്ഞു: 'ആഇശാ! നിശ്ചയം അല്ലാഹു റഫീക്വാകുന്നു. അവന്‍ കാര്യങ്ങളിലെല്ലാം സാവകാശ പെരുമാറ്റം ഇഷ്ടപ്പെടുന്നു.' ഞാന്‍ ചോദിച്ചു: 'അവര്‍ പറഞ്ഞത് താങ്കള്‍ കേട്ടില്ലേ?' തിരുമേനി പറഞ്ഞു: 'നിങ്ങളുടെമേലും എന്നു ഞാനും പറഞ്ഞില്ലേ?'' (ബുഖാരി).

തികഞ്ഞ സൗമ്യശീലനും മൃദുല പെരുമാറ്റക്കാരനുമായിരുന്നു നബി ﷺ . തിരുമേനിയെ കുറിച്ച് അല്ലാഹു പറയുന്നതുനോക്കൂ:

''(നബിയേ,) അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞു പോയിക്കളയുമായിരുന്നു...''(ക്വുര്‍ആന്‍ 3:159).

മാലിക് ഇബ്‌നുല്‍ഹുവയ്‌രിഥി(റ)ല്‍ നിന്ന് നിവേദനം: ''എന്റെ ഗോത്രത്തിലെ ആളുകള്‍ക്കൊപ്പം ഞാന്‍ നബി ﷺ യുടെ അടുക്കല്‍ ചെന്നു. ഇരുപതു രാവുകള്‍ ഞങ്ങള്‍ തിരുമേനിയുടെ അടുക്കല്‍ താമസിച്ചു. തിരുമേനി കരുണാമയനും മൃദുലപെരുമാറ്റക്കാരനുമായിരുന്നു. കുടുംബത്തോടുള്ള ഞങ്ങളുടെ ഭ്രമം കണ്ടപ്പോള്‍ തിരുനബി ﷺ  പറഞ്ഞു: 'നിങ്ങള്‍ മടങ്ങുക. കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടുകയും അവരെ നിങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുക. നിങ്ങള്‍ നമസ്‌കരിക്കുക. നമസ്‌കാര സമയമായാല്‍ നിങ്ങളില്‍ ഒരാള്‍ നിങ്ങള്‍ക്കു ബാങ്കുവിളിക്കുകയും നിങ്ങളില്‍ മുതിര്‍ന്നവന്‍ ഇമാമത്തു നില്‍ക്കുകയും ചെയ്യട്ടെ''(ബുഖാരി).

സ്വന്തത്തോടു പോലും സൗമ്യതയില്‍ വര്‍ത്തിക്കുവാന്‍ അബ്ദുല്ലാഹ് ഇബ്‌നുഅംറി(റ)നോട് തിരുമേനി ഉപദേശിച്ച സംഭവം ഹദീഥുകളില്‍ കാണാം. യൗവനാരംഭത്തില്‍ ധാരാളം ഇബാദത്തുകള്‍ എടുക്കുന്ന വ്യക്തിയായിരുന്നു അബ്ദുല്ലാഹ് ഇബ്‌നു അംറ്(റ). കാലം മുഴുവന്‍ പകലില്‍ നോമ്പെടുക്കുമായിരുന്നു. രാത്രി മുഴുവന്‍ നമസ്‌കരിക്കുമായിരുന്നു. രാത്രിയിലെ തഹജ്ജുദില്‍ ക്വുര്‍ആന്‍ ഓതിത്തീര്‍ക്കുമായിരുന്നു. ഇത് പിന്നീട് അദ്ദേഹത്തിന് ക്ലേശകരമായി. നിര്‍ബന്ധമായി ചെയ്തുതീര്‍ക്കേണ്ട ചില ബാധ്യതകള്‍ അദ്ദേഹത്തിന് നഷ്ടപ്പെടുമാറ് അദ്ദേഹം ക്ഷീണിതനായി. അപ്പോള്‍ അദ്ദേഹത്തോട് നബി ﷺ  പറഞ്ഞു: ''ഹേ, അബ്ദുല്ലാഹ് ഇബ്‌നു അംറ്! താങ്കള്‍ പകലുകള്‍ മുഴുവന്‍ നോമ്പെടുക്കുകയും രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യുന്നു എന്ന വാര്‍ത്ത എനിക്ക് എത്തിയിരിക്കുന്നു. താങ്കള്‍ അപ്രകാരം ചെയ്യരുത്. കാരണം, താങ്കളുടെ ശരീരത്തിന് താങ്കളില്‍ നിന്ന് അവകാശം ഉണ്ട്. താങ്കളുടെ കണ്ണിന് താങ്കളില്‍ നിന്ന്അവകാശം ഉണ്ട്. താങ്കളുടെ ഭാര്യക്കും താങ്കളില്‍ നിന്നും അവകാശമുണ്ട്''(ബുഖാരി).