പ്രപഞ്ച സൃഷ്ടിപ്പ് ക്വുര്‍ആനില്‍

ഡോ. ജൗസല്‍

2020 ജൂലൈ 18 1441 ദുല്‍ക്വഅദ് 28

(പ്രപഞ്ച പഠനം ക്വുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ 2)

Veslo Slipher എന്ന ശാസ്ത്രജ്ഞന്‍ 1912ല്‍ വിദൂര ഗാലക്‌സികളില്‍ നിന്നുള്ള പ്രകാശം റെഡ് ഷിഫ്റ്റിന് വിധേയമാകുന്നു എന്നു കണ്ടെത്തി. 1922ല്‍ അലക്‌സാണ്ടര്‍ ഫ്രീഡ്മാന്‍, ഐന്‍സ്റ്റീന്‍ ഫീല്‍ഡ് സമവാക്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പഠനം നടത്തുമ്പോള്‍ സൈദ്ധാന്തികമായി പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടു. George Lemaitre എന്ന ശാസ്ത്രജ്ഞന്‍ 1927ല്‍ ഇതേകാര്യം തന്നെ മറ്റു ചില നിരീക്ഷണങ്ങളില്‍നിന്ന് പ്രസ്താവിക്കുകയുണ്ടായി. രണ്ടുവര്‍ഷം കഴിഞ്ഞ് 1929ല്‍ എഡ്വിന്‍ ഹബിള്‍ എന്ന ശാസ്ത്രജ്ഞന്‍ വാനനിരീക്ഷണങ്ങളിലൂടെ ഈയൊരു കാര്യം സ്ഥിരീകരിച്ചു. പിന്നീട് വളരെയധികം നിരീക്ഷണങ്ങളിലൂടെ ഇന്ന് ശാസ്ത്രലോകം യാതൊരു തര്‍ക്കത്തിനും ഇടയില്ലാത്തവിധം അംഗീകരിച്ച സത്യമാണ് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നുള്ളത്.

പ്രപഞ്ചം വികസിക്കുന്നു എന്ന് പറഞ്ഞാല്‍ സ്‌പേസ് തന്നെ വികസിക്കുകയാണ്. ഒരു ബലൂണ്‍ ഊതി വീര്‍പ്പിക്കുമ്പോള്‍ അത് വികസിക്കുന്നത് പോലെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്. ബലൂണ്‍ വികസിക്കുമ്പോള്‍ ബലൂണിലെ അടുത്തടുത്തുള്ള 2 ബിന്ദുക്കള്‍ അകന്നകന്ന് പോകുന്നതുപോലെ ഗാലക്‌സികള്‍ പരസ്പരം അകന്നുപോയിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകത്ത് ഇന്നും വലിയൊരു പ്രഹേളികയാണ് പ്രപഞ്ചം വികസിക്കുന്നു എന്നുള്ളത്. ഇന്നു ലഭ്യമായ ശാസ്ത്രീയമായ അറിവുകള്‍ വച്ചുകൊണ്ട് പ്രപഞ്ചവികാസം എന്തുകൊണ്ട് സംഭവിക്കുന്നു എന്നുള്ളതിന്റെ ഉത്തരം ശാസ്ത്രലോകത്തിന് ഇല്ല എന്നുള്ളതാണ് വാസ്തവം. നിഗൂഢമായ ഒരു ശക്തി; (ഇന്ന് നമുക്ക് അറിവുള്ള ശാസ്ത്രീയമായ കണക്കുകള്‍ക്ക് എല്ലാം പിടിതരാത്ത ഒരു നിഗൂഢ ശക്തി) ആ ശക്തി പ്രപഞ്ചത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഇന്ന് ശാസ്ത്രം മനസ്സിലാക്കുന്നത്. ഈ നിഗൂഢ ശക്തിയെ ഡാര്‍ക്ക് എനര്‍ജി എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. എവിടെ നിന്നാണ് ഈ ഡാര്‍ക്ക് എനര്‍ജി ഉണ്ടാകുന്നത്, എന്താണ് അതിന്റെ സ്രോതസ്സ് എന്ന കാര്യത്തെ സംബന്ധിച്ച് ഇന്നും ശാസ്ത്രലോകം യാതൊരു ധാരണയും കിട്ടാതെ ഇരുട്ടില്‍ തപ്പിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകത്തിന് ഉത്തരം കിട്ടാത്ത ഒരു മഹാസമസ്യയായി ഇന്നും ഡാര്‍ക്ക് എനര്‍ജി നിലനില്‍ക്കുന്നു.

നമ്മുടെ ശാസ്ത്രീയമായ അറിവുകള്‍ വച്ച് ഗാലക്‌സികളെല്ലാം ഗുരുത്വാകര്‍ഷണത്തിന്റ ഫലമായി കൂടുതല്‍ അടുക്കുകയാണ് വേണ്ടത്. എന്നാല്‍ നേരെ മറിച്ചാണ് സംഭവിക്കുന്നത്. അഥവാ ഗാലക്‌സികളെല്ലാം പരസ്പരം അകന്നുകൊണ്ടേയിരിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

ആകാശമാകട്ടെ, നാം അതിനെ ശക്തികൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം അതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്'' (51:47).

ഈ ആയത്തില്‍ അല്ലാഹു പ്രസ്താവിച്ചത് അല്ലാഹു തന്റെ ശക്തികൊണ്ട് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു. അല്ലാഹു തന്നെ തന്റെ ശക്തികൊണ്ട് പ്രപഞ്ചത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നുമാണ്. രണ്ട് കാര്യങ്ങള്‍ നമുക്ക് ഈ ആയത്തില്‍ നിന്നും മനസ്സിലാകും. 1. പ്രപഞ്ചസൃഷ്ടിപ്പിന് പിറകിലുള്ള മഹാ ഊര്‍ജം അഥവാ ബിഗ്ബാങ് സംഭവിച്ചതിന് പിറകിലുള്ള നമുക്ക് സങ്കല്‍പ്പിക്കാന്‍ ആവുന്നതിലും വലിയ മഹാ ഊര്‍ജം; അത് അല്ലാഹുവിന്റെ ശക്തിയാണ്. 2. പ്രപഞ്ചം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജം; ഡാര്‍ക്ക് എനര്‍ജി എന്ന് ശാസ്ത്രലോകം വിളിക്കുന്ന കാര്യവും ദൈവികമായ ശക്തി അല്ലാതെ മറ്റൊന്നുമല്ല.

1400 വര്‍ഷങ്ങള്‍ക്കു മുമ്പ് അപരിഷ്‌കൃതരായ അറബിഗോത്രങ്ങള്‍ക്കിടയില്‍ ജീവിച്ച നിരക്ഷരനായ ഒരു പ്രവാചകന് എങ്ങനെയാണ് (ആധുനികകാലത്ത് മാത്രം മനുഷ്യന്‍ മനസ്സിലാക്കിയ) പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യത്തില്‍ ശാസ്ത്രീയമായ അവഗാഹം ഉണ്ടാവുക? എങ്ങനെയാണ് ഇത്ര കൃത്യമായ പരാമര്‍ശങ്ങള്‍ 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് നിരക്ഷരനായ മുഹമ്മദ് നബി ﷺ ക്ക് നടത്താന്‍ കഴിയുക? പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്റെ വചനങ്ങളല്ലാതെ മറ്റൊന്നുമല്ല ക്വുര്‍ആന്‍ എന്നുള്ളതിന് സാക്ഷ്യം വഹിക്കുന്നതാണ് ഈ വചനങ്ങള്‍.

ഇന്ന് ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്, നമുക്ക് മനസ്സിലാക്കുവാനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അറിയാനും സാധ്യമാവുന്ന പരമാവധി പദാര്‍ഥങ്ങളും ഊര്‍ജവുമെല്ലാം വെറും അഞ്ച് ശതമാനത്തില്‍ താഴെ മാത്രം ഉള്ളതാണ് എന്നത്. നമുക്കറിയാവുന്ന കോടിക്കണക്കിന് ഗാലക്‌സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും എല്ലാത്തരം എനര്‍ജികളും ഇതില്‍ പെടും!

പ്രപഞ്ചത്തിന്റെ 70% ഡാര്‍ക്ക് എനര്‍ജിയാണ്. പ്രപഞ്ചത്തിന്റെ 25% ഡാര്‍ക്ക് മാറ്ററാണ്! ഇങ്ങനെ നിഗൂഢ ശക്തികള്‍ ഉണ്ടെന്ന് നമുക്കറിയാം എന്നല്ലാതെ പ്രപഞ്ചത്തിന്റെ 95% അധികം കയ്യാളുന്ന ഈ ശക്തികളെ പറ്റി നമുക്ക് ഒന്നുംതന്നെ അറിയില്ല എന്നുള്ളതാണ് വാസ്തവം.

''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ'' (ക്വുര്‍ആന്‍ 3:190,191).

പ്രപഞ്ച സൃഷ്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ പരാമര്‍ശിച്ച ക്വുര്‍ആന്‍ തന്നെ ഈ പ്രപഞ്ചത്തിന് ഒരു അന്ത്യം ഉണ്ടെന്നും വ്യക്തമാക്കുന്നു. നിരവധി ക്വുര്‍ആന്‍ സൂക്തങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ശാസ്ത്രവും അക്കാര്യം അംഗീകരിക്കുന്നു. അഥവാ ഈ പ്രപഞ്ചത്തിന് ഒരു അന്ത്യം ഉണ്ട് എന്നതില്‍ ഇന്ന് ശാസ്ത്രലോകത്ത് തര്‍ക്കമില്ല. പ്രപഞ്ചത്തിന്റെ അന്ത്യം എങ്ങനെയാവും എന്നുള്ളതില്‍ താഴെപ്പറയുന്ന വ്യത്യസ്തങ്ങളായ വീക്ഷണങ്ങളാണ് ഇന്ന് ശാസ്ത്രലോകത്ത് ഉള്ളത്.

Theories about the end of the universe:

1.Big Freeze or heat death

2.Big Rip

3.Big Crunch

4.Big Bounce

5.Big Slurp

6.Cosmic uncertainty

 

ഇന്നത്തെ ശാസ്ത്ര നിഗമനങ്ങള്‍ അനുസരിച്ച് ശാസ്ത്രലോകം ഇതില്‍ കൂടുതല്‍ സാധ്യത കല്‍പിക്കുന്നത് ബിഗ് ഫ്രീസ് അല്ലെങ്കില്‍ ഹീറ്റ് ഡെത്ത് എന്നതിനാണ്. അനന്തമായി വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിലെ നക്ഷത്രങ്ങളെല്ലാം കത്തിത്തീരുകയും അവസാനം തമോഗര്‍ത്തങ്ങള്‍ മാത്രം അവശേഷിക്കുകയും അവയും ഹോക്കിങ് റേഡിയേഷനുകള്‍ പുറത്തുവിട്ടു അവസാനം ഇല്ലാതായിത്തീരുകയും പ്രപഞ്ചം അബ്‌സല്യൂട് സീറോ ടെമ്പറേച്ചറില്‍ എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥയാണ് ബിഗ് ഫ്രീസ്.

ശാസ്ത്രലോകം ചര്‍ച്ചചെയ്യുന്ന മറ്റൊരു സാധ്യതയാണ് ബിഗ് ക്രഞ്ച്. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ബിഗ് ബാംഗിന് ശേഷമുള്ള അവസ്ഥയുടെ നേര്‍വിപരീതം എന്ന് പറയാം. ഇപ്പോള്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിന്റെ വികാസം നിലയ്ക്കുകയും നേരെ വിപരീതദിശയില്‍ ആവുകയും ചെയ്യുന്നു; അഥവാ പ്രപഞ്ചം ചുരുങ്ങാന്‍ ആരംഭിക്കുന്നു. ഇങ്ങനെ പ്രപഞ്ചം ചുരുങ്ങിച്ചുരുങ്ങി വന്ന് അവസാനം ഒരൊറ്റ പോയിന്റില്‍ (singularity) എത്തുന്നു. അഥവാ പ്രപഞ്ചം പൂര്‍ണമായി ഇല്ലാതാകുന്നു. പിന്നീട് മറ്റൊരു ബിഗ് ബാംഗ് സംഭവിക്കുന്നു. പുതിയ മറ്റൊരു പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഇതിന് സാധ്യത കുറവാണ് എന്നാണ് ശാസ്ത്രലോകം കരുതുന്നത്. കാരണം ഇന്ന് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. വികാസത്തിന്റെ ആക്‌സിലറേഷന്‍ കൂടിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നതായി ദൃശ്യമാവുന്നതേയില്ല.

ഇനി പ്രപഞ്ചത്തിന്റെ അന്ത്യവുമായി ബന്ധപ്പെട്ട് വിശുദ്ധ ക്വുര്‍ആന്‍ എന്തു പറയുന്നു എന്ന് നമുക്ക് നോക്കാം:

''ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്'' (ക്വുര്‍ആന്‍ 21:104).

ക്വുര്‍ആനിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത് ഈ ലോകത്തിന്റെ അന്ത്യം ഒരു ബിഗ് ക്രഞ്ച് ആയിരിക്കും എന്നാണ്. ഗ്രന്ഥത്തിലെ ഏടുകള്‍ ചുരുട്ടുന്ന പോലെ പ്രപഞ്ചത്തെ ചുരുട്ടിക്കളയും എന്നാണ് അല്ലാഹു പ്രസ്താവിച്ചത്. അഥവാ വികസിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ വികാസം നിലയ്ക്കുകയും പ്രപഞ്ചം ചുരുങ്ങാന്‍ ആരംഭിക്കുകയും ചെയ്യും. എന്നിട്ട് ആ പ്രപഞ്ചം ചുരുങ്ങിച്ചുരുങ്ങി ഒരു സിംഗുലാരിറ്റിയില്‍ അവസാനിക്കുന്നു. അതിനുശേഷം ഈ പ്രപഞ്ചം ആദ്യം സൃഷ്ടിക്കപ്പെട്ടത് പോലെതന്നെ രണ്ടാമത് സൃഷ്ടിക്കപ്പെടും. അഥവാ ബിഗ് ക്രഞ്ചിന് അവസാനം മറ്റൊരു ബിഗ് ബാംഗ്. മറ്റൊരു പുതിയ പ്രപഞ്ചം ഉടലെടുക്കുന്നു. അതാണ് കൃത്യമായി ക്വുര്‍ആന്‍ പ്രസ്താവിച്ചത്:

''ആദ്യമായി നാം സൃഷ്ടി ആരംഭിച്ചത് പോലെതന്നെ അത് ആവര്‍ത്തിക്കുന്നതാണ്'' (14:48).

ബിഗ് ക്രഞ്ചിനു ശേഷം ഒരു ബിഗ്ബാങിലൂടെ പുതിയ പ്രപഞ്ചം ഉണ്ടാകുന്നു. ആ പുതിയ ഭൂമിയില്‍ മനുഷ്യരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്. നന്മതിന്മകള്‍ വിചാരണ ചെയ്യപ്പെടുന്നതാണ്.

പ്രപഞ്ച സൃഷ്ടിപ്പിനെ പറ്റിയുള്ള ക്വുര്‍ആന്‍ വചനങ്ങള്‍ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം

1. ഒന്നുമില്ലായ്മയില്‍ നിന്നും പൊടുന്നനെ അല്ലാഹുവിന്റെ കല്‍പനയാല്‍ പ്രപഞ്ച സൃഷ്ടിപ്പ് ആരംഭിക്കുന്നു (ബിഗ്ബാങ്):

''ആകാശങ്ങളെയും ഭൂമിയെയും മുന്‍മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമെ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു'' (2:117).

2. പുകരൂപത്തിലായിരുന്ന ആദിപ്രപഞ്ചത്തില്‍നിന്നും നക്ഷത്രങ്ങളെ സംവിധാനിച്ചു:

''അതിനു പുറമെ അവന്‍ ആകാശത്തിന്റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. അങ്ങനെ രണ്ടുദിവസ(ഘട്ട)ങ്ങളിലായി അവയെ അവന്‍ ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്'' (41:11,12).

3. എല്ലാം കൂടിച്ചേര്‍ന്ന, ഒട്ടിപ്പിടിച്ച അവസ്ഥയിലായിരുന്ന ആദിപ്രപഞ്ചത്തില്‍നിന്നും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ഭൂമിയുമെല്ലാം വേര്‍തിരിച്ചു സംവിധാനിച്ചു:

''ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?'' (21:30).

4. വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം:

''ആകാശത്തെ നാം സ്വന്തം കരബലത്താല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്'' (51:47).

5. ബഹു പ്രപഞ്ചങ്ങള്‍:

''ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?'' (67:3).

7.Flat univers:

''നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ്അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്'' (71:15)

''ഏഴ് ആകാശങ്ങളെ ഒന്നിനുമീതെ മറ്റൊന്നായി സൃഷ്ടിച്ചവനാണവന്‍. ദയാപരനായ അവന്റെ സൃഷ്ടിയില്‍ ഒരുവിധ ഏറ്റക്കുറവും നിനക്കു കാണാനാവില്ല. ഒന്നുകൂടി നോക്കൂ. എവിടെയെങ്ങാനും വല്ല വിടവും കാണുന്നുണ്ടോ?'' (67:3).

8. പ്രപഞ്ചത്തിന്റെ അന്ത്യം (big crunch):

''ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്'' (21:104).