ദുരന്തങ്ങളില്‍ വിശ്വാസികള്‍ക്കൊരു മാര്‍ഗരേഖ

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

2020 സെപ്തംബര്‍ 12 1442 മുഹര്‍റം 24

ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ദുരന്തങ്ങള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമാണ് എന്നതില്‍ സംശയമില്ല. മറ്റേതൊരു വിഷയത്തിലുമെന്നപോലെ ദുരന്തങ്ങളുടെ സന്ദര്‍ഭങ്ങളിലും വിശ്വാസികള്‍ക്ക് നിലപാടുകളുണ്ട്. അതവര്‍ സ്വയം കണ്ടെത്തിയതല്ല. മറിച്ച് കാരുണ്യവാനായ സ്രഷ്ടാവ് അവര്‍ക്കു നല്‍കിയ മാര്‍ഗദര്‍ശനത്തില്‍ പെട്ടതാണ്. ആ മാര്‍ഗദര്‍ശനത്തെ അവര്‍ പിന്‍പറ്റിയാല്‍ ഏതു പ്രതിസന്ധിയെയും ദുരന്തങ്ങളെയും വമ്പിച്ച ആത്മവിശ്വാസത്തോടെയും ആത്മസംയമനത്തോടെയും നേരിടാന്‍ അവര്‍ക്കു സാധിക്കുന്നതാണ്. അതവര്‍ക്ക് ദുഃഖവും ഭീതിയുമില്ലാത്ത ഒരവസ്ഥ നല്‍കുകയും ചെയ്യും.

ദുരന്തങ്ങളില്‍ ആത്മവിശ്വാസവും സമാധാനവും നല്‍കുന്ന സ്രഷ്ടാവിന്റെ ആ മാര്‍ഗദര്‍ശനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. പ്രധാനമായും നാലു കാര്യങ്ങളാണ് വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. അവ ഏതൊക്കെയാണെന്നും അവയുടെ തെളിവുകള്‍ ഏതൊക്കെയാണെന്നും കാണാം:

(1) അല്‍ഇഅ്തിക്വാദ് (വിശ്വാസം)

മരണമോ അപകടമോ സംഭവിച്ചാല്‍ വിശ്വാസി ഉടനെത്തന്നെ തന്റെ വിശ്വാസമെന്താണ് എന്ന് ഓര്‍മിക്കുകയും ഹൃദയത്തില്‍ ഉറപ്പിക്കുകയും വേണം. ആ വിശ്വാസമെന്തായിരിക്കണമെന്ന് വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നു: ''തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും'' (2:156).

നാമെല്ലാം അല്ലാഹുവിന് ഉള്ളതാണെന്നും അവനിലേക്കു തന്നെ മടങ്ങേണ്ടവരാണെന്നുമുള്ള  പ്രഖ്യാപനം അടിസ്ഥാനപരമായ രണ്ട് വിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളുന്നു: 1. അല്ലാഹുവിലുള്ള വിശ്വാസം. 2. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം.

'ഇന്നാ ലില്ലാഹി' എന്ന വാക്യത്തില്‍ അല്ലാഹുവിലുള്ള വിശ്വാസം അടങ്ങുന്നു. ഈ പ്രപഞ്ചത്തിലുള്ള തെല്ലാം അവന്റെതാണെന്നും എല്ലാം അവന്റെ സൃഷ്ടികളാണെന്നും എല്ലാറ്റിന്റെയും ഉടമസ്ഥത അവനുള്ളതാണെന്നും മറ്റാര്‍ക്കും അതില്‍ യാതൊരു പങ്കുമില്ലെന്നും അവന്റെ തീരുമാനങ്ങളാണ് അവന്റെ സൃഷ്ടികളില്‍ നടപ്പിലാക്കപ്പെടുന്നതെന്നും സൃഷ്ടിപ്പ്, നാശം, ജനനം, മരണം, ഗുണം, ദോഷം തുടങ്ങിയവയെല്ലാം അവങ്കല്‍നിന്നാണെന്നും; അവന്റെ തീരുമാനങ്ങളില്‍ അവന്‍ നീതിമാനും കാരുണ്യമുള്ളവനാണ് എന്നും; അവന്‍ ഉടമയും സൃഷ്ടികള്‍ അവന്റെ അടിമകള്‍ മാത്രമാണെന്നും തുടങ്ങി അല്ലാഹുവിലുള്ള വിശ്വാസത്തി ന്റെ കാതലായ എല്ലാ വശങ്ങളും 'ഇന്നാ ലില്ലാഹി'എന്ന വാക്കില്‍ ഉള്‍പ്പെടുന്നുണ്ട്.

നബി ﷺ യുടെ മകളുടെ മകന്‍ മരണപ്പെട്ടപ്പോള്‍ തിരുമേനി പറഞ്ഞ വാചകം ഈ ആശയത്തെ വ്യക്തമാക്കുന്നതായി കാണാം: 'നിശ്ചയം, അല്ലാഹു എടുത്തത് അവന്റെതാണ്. അവന്‍ നല്‍കിയതും അവന്റെതുതന്നെ. എല്ലാ വസ്തുവിനും അവന്റെയടുത്ത് ഒരു അവധിയുണ്ട്. അതിനാല്‍ അവള്‍ ക്ഷമിക്കട്ടെ, അതിനുള്ള പ്രതിഫലം കാംക്ഷിക്കുകയും ചെയ്യട്ടെ.' (ബുഖാരി, മുസ്‌ലിം)

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അനുശോചനം (സാന്ത്വനം) അറിയിക്കുമ്പോഴുള്ള പ്രാര്‍ഥന കൂടിയാണിത്. അതെ, നമുക്ക് നല്‍കപ്പെട്ടതും നമുക്ക് നഷ്ടപ്പെട്ടതുമൊന്നും നമ്മുടെതായിരുന്നില്ല എന്നും എല്ലാം അല്ലാഹു നല്‍കിയതും അവന്റെതുമാണെന്നും മനസ്സിലാക്കുമ്പോള്‍ വിശ്വാസികള്‍ക്ക് അത് എന്തെന്നില്ലാത്ത ആശ്വാസവും സമാധാനവും നല്‍കുന്നു.

ആരെങ്കിലും നമ്മെ ഏല്‍പിച്ച ഒരു വസ്തു തിരിച്ചുചോദിച്ചാല്‍ അത് തിരിച്ചുനല്‍കുന്നതില്‍ നമുക്ക് വിഷമം ഇല്ലാത്തതുപോലെ, അല്ലെങ്കില്‍ ഉണ്ടാവാന്‍ പാടില്ലാത്തത് പോലെത്തന്നെ അല്ലാഹു നല്‍കിയ ഏതൊരു അനുഗ്രഹവും; അത് കുടുംബങ്ങളോ സ്വത്തോ, മറ്റെന്തെങ്കിലുമോ ആകട്ടെ അല്ലാഹുവിന് അത് തിരിച്ചെടുക്കുവാനുള്ള അവകാശമുണ്ടെന്ന് നാം ഉള്‍ക്കൊണ്ടാല്‍ അത് നമുക്ക് വലിയ മനസ്സമാധാനം നല്‍കുന്നതാണ്.

ഇപ്രകാരം ഒരു ആപത്ത് (മുസ്വീബത്ത്) ബാധിക്കുമ്പോള്‍ നമ്മുടെ വിശ്വാസകാര്യങ്ങളിലേക്ക്  മനസ്സു കൊണ്ട് മടങ്ങുകയും അത് അരക്കിട്ടുറപ്പിക്കുകയും ചെയ്യുക. ഇസ്‌ലാമിന്റെ ഈ വിഷയത്തിലെ  ഈയൊരു മാര്‍ഗദര്‍ശനം വിശ്വാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.  

രണ്ടാമത് നാം പറയുന്നത് 'വ ഇന്നാ ഇലയ്ഹി റാജിഊന്‍' (നിശ്ചയമായും നാമെല്ലാം അല്ലാഹുവിലേക്ക് മടങ്ങേണ്ടവരാണ്) എന്നാണ്. ഇത് പരലോകവിശ്വാസത്തെ കുറിക്കുന്നു. ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസങ്ങളില്‍ പെട്ടതാണ് പരലോകവിശ്വാസം.  

അല്ലാഹു നമ്മെയെല്ലാം സൃഷ്ടിച്ചത് അവനെ  അനുസരിച്ചും അവന്ന് ഇബാദത്തുകള്‍ ചെയ്തുകൊണ്ടും ജീവിക്കാനാണെന്നും, അവന്‍ ജീവിതത്തിന് ഒരു നിര്‍ണിത അവധി വെച്ചിട്ടുണ്ടെന്നും, അത്  കഴിഞ്ഞാല്‍ നാമെല്ലാം അല്ലാഹുവിലേക്ക് മടക്കപ്പെടുമെന്നും ജീവിതത്തിന്റെ കണക്കുകള്‍ അവിടെ  ബോധിപ്പിക്കേണ്ടതുണ്ടെന്നുമുള്ള വിശ്വാസം 'ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍' എന്ന വാക്കില്‍ അടങ്ങിയിട്ടുണ്ട്. വിധിയിലുള്ള വിശ്വാസത്തെ കൂടി അംഗീകരിക്കുകയാണ് നാം ഇതിലൂടെ ചെയ്യുന്നത്. 'എല്ലാം അല്ലാഹുവിന്റെ അടുക്കല്‍ ഒരു  നിര്‍ണിത അവധിവരെ മാത്രമാണ്'(മുസ്‌ലിം) എന്ന പ്രവാചക വചനം ഈ ആശയത്തെ അരക്കിട്ടുറപ്പിക്കുന്നു.  

അപ്പോള്‍ അല്ലാഹു നിശ്ചയിച്ച അവധിയെത്തിയാല്‍ എല്ലാവരും അല്ലാഹുവിലേക്ക് മടങ്ങിപ്പോകേണ്ടതുണ്ട് എന്നും, അതിനെ മറികടക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നുമുള്ള അല്ലാഹുവിന്റെ വിധിയിലും പരലോകത്തിലുമുള്ള വിശ്വാസം പരീക്ഷണങ്ങളെ, ദുരന്തങ്ങളെ, മരണങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ വിശ്വാസികളെ സഹായിക്കുന്നു.

അപ്പോള്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അല്ലാഹു നമ്മോട്  പറയാന്‍ കല്‍പിച്ച 'ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍' എന്ന വാക്യത്തിലൂടെ അല്ലാഹുവിലും അവന്റെ വിധിയിലും പരലോകത്തിലുമുള്ള വിശ്വാസം വിശ്വാസികളില്‍ ശക്തിപ്പെടുകയും അവര്‍ സമാധാനമടയുകയും ചെയ്യുന്നു.

(2) അല്‍ക്വൗല്‍ (നാവുകൊണ്ട് പറയല്‍)

ഒരു വിപത്ത് ബാധിച്ചാല്‍ വിശ്വാസത്തിനു പുറമെ വാക്കുകളായി നാം പറയേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് നാം നേരത്തെ മനസ്സിലാക്കിയത്. സ്വീകാര്യയോഗ്യമായ ഹദീഥിലൂടെ അത് എന്താണെന്ന് നമുക്ക് മനസ്സിലാക്കാം.

'ഏതൊരു മുസ്‌ലിമിനും ഒരു ദുരന്തം ബാധിക്കുകയും അപ്പോള്‍ അവന്‍ അല്ലാഹു കല്‍പിച്ചതു പോലെ 'ഞങ്ങള്‍ അല്ലാഹുവിന് ഉള്ളവരാണ്. ഞങ്ങളുടെ മടക്കവും അവന്റെ അടുത്തേക്കാണ്. അല്ലാഹുവേ! എന്റെ ഈ വിപത്തില്‍ എനിക്ക് പ്രതിഫലം (പാരിതോഷികം) നല്‍കേണമേ. അതിന് പകരം അതിലും ഉത്തമമായത് എനിക്ക് നല്‍കേണമേ' എന്ന് പ്രാര്‍ഥിക്കുകയും ചെയ്താല്‍ അതിനെക്കാള്‍ ഉത്തമമായത് അല്ലാഹു അവന്ന് നല്‍കാതിരിക്കുകയില്ല.' (സ്വഹീഹു മുസ്‌ലിം)

ഈമാന്‍ എന്ന് പറഞ്ഞാല്‍ വിശ്വാസവും വാക്കും പ്രവൃത്തിയും അടങ്ങിയതാണല്ലോ. നാം നേരത്തെ വിശദീകരിച്ച, വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന വാക്കുകള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. നാം ഇത് പ്രഖ്യാപിക്കുമ്പോള്‍ നമ്മെ സംബന്ധിച്ച് മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുന്നു. നമ്മെ ആശ്വസിപ്പിക്കാന്‍ അതവര്‍ക്ക് എളുപ്പമായിത്തീരുകയും ചെയ്യുന്നു.

അതേപോലെ മറ്റൊരു വാക്കാണ് 'നിശ്ചയം, അല്ലാഹു എടുത്തത് അവന്റെതാണ്, അവന്‍ നല്‍കിയതും അവന്റെതു തന്നെ. എല്ലാ വസ്തുവിനും അവന്റെയടുത്ത് ഒരു അവധിയുണ്ട്. അതിനാല്‍ അവള്‍ (ഏതൊരാളും) ക്ഷമിക്കട്ടെ, അതിനുള്ള പ്രതിഫലം കാംക്ഷിക്കുകയും ചെയ്യട്ടെ' എന്നത്.

ചുരുക്കത്തില്‍ ഇത്തരം പ്രാര്‍ഥനകളും മറ്റും, നമുക്കും നാം പറയുന്നത് കേള്‍ക്കുന്നവര്‍ക്കും  ആത്മവിശ്വാസവും സമാധാനവും വര്‍ധിക്കാന്‍ കാരണമായിത്തീരുന്നു.

(3) അല്‍അമല്‍ (പ്രവൃത്തി)

ദുരന്തങ്ങളും പരീക്ഷണങ്ങളും വരുമ്പോള്‍ നമ്മുടെ ഭാഗത്തുനിന്ന് നിര്‍ബന്ധമായും ഉണ്ടാവേണ്ടുന്ന രണ്ടു പ്രവര്‍ത്തനങ്ങള്‍ ഉണ്ട്: 1) ക്ഷമ. 2) പ്രതിഫലം ആഗ്രഹിക്കല്‍.

ഏതൊരു പരീക്ഷണ ഘട്ടത്തിന്റെയും ആദ്യഘട്ടത്തില്‍ തന്നെ നമുക്ക് വേണ്ടത് ക്ഷമയാണ്. ക്ഷമയെന്ന് പറഞ്ഞാല്‍ നാം നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ട്  സമാധാനമടയലും അല്ലാഹുവിനെ സംബന്ധിച്ച് നല്ലവിചാരം വെച്ചുപുലര്‍ത്തലും അല്ലാഹുവിന് ഇഷ്ടപ്പെടാത്ത എല്ലാ വാക്കുകളില്‍നിന്നും പ്രവര്‍ത്തികളില്‍നിന്നും വിട്ടുനില്‍ക്കലുമാണ്.

പറയാനുള്ളതെല്ലാം പറഞ്ഞ്, ചെയ്യാനുള്ളതെല്ലാം ചെയ്ത് പിന്നീട് 'ഞാന്‍ ക്ഷമിക്കുന്നു' എന്ന് പറയുന്നതില്‍ അര്‍ഥമില്ല. മാത്രമല്ല നാം നേരത്തെ വിശദീകരിച്ച വിശ്വാസകാര്യങ്ങളില്‍ നാം വിശ്വസിക്കുന്നു എന്നതിന്റെ അടയാളം പോലും ക്ഷമയിലൂടെയാണ് നാം തെളിയിക്കേണ്ടത്.

അതുകൊണ്ടാണ് പ്രവാചകന്‍ ﷺ  മകനെ നഷ്ടപ്പെട്ട തന്റെ മകളോട് ക്ഷമിക്കുവാന്‍ പറഞ്ഞത്.  'ക്ഷമാലുക്കള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക' (ക്വുര്‍ആന്‍ 2:155) എന്ന് പറഞ്ഞുകൊണ്ട് അല്ലാഹു ആഹ്വാനം ചെയ്യുന്നതും ക്ഷമിക്കാനാണല്ലോ. (തുടരും)