തേന്‍മൊഴി 150ന്റെ നിറവില്‍

അര്‍ഷദ് അല്‍ഹികമി, താനൂര്‍

2020 ഫെബ്രുവരി 08 1441 ജുമാദല്‍ ആഖിറ 09

പൊതുജനങ്ങള്‍ക്കായി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ 'നേര്‍വഴി' എന്ന പേരില്‍ പുറത്തിറക്കുന്ന ഹ്രസ്വ സംസാരങ്ങള്‍ പോലെ, കുട്ടികള്‍ക്കായി എന്തുകൊണ്ട് ഒരു സന്ദേശപരമ്പര അവതരിപ്പിച്ചു കൂടാ എന്ന ചിന്തയില്‍ നിന്നാണ് 'തേന്‍മൊഴി' പിറവികൊള്ളുന്നത്. 2018 ഏപ്രില്‍, മെയ് അവധിക്കാലത്ത് ദിനേന കുരുന്നുകള്‍ക്കായി ഇത്തരം ശബ്ദസന്ദേശങ്ങള്‍ ഇറക്കാം എന്ന് യോഗങ്ങളില്‍ തീരുമാനമായി. ശേഷം ബാലവേദി രംഗത്തെ ഫാക്കല്‍റ്റികളില്‍ നിന്നും ശബ്ദ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് വാങ്ങിക്കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് അവധിക്കാലത്തിന് തൊട്ടുമുമ്പുള്ള സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ചേരുന്നത്. കുട്ടികള്‍ക്ക് ഓഡിയോയെക്കാള്‍ വീഡിയോ സന്ദേശമാണ് അനുയോജ്യമാവുകയെന്നും അതുകൊണ്ട് 'തേന്‍മൊഴി' വീഡിയോ രൂപത്തില്‍ തന്നെ പുറത്തിറക്കണമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി.

അങ്ങനെ, 2018 ഏപ്രില്‍ ഒന്നിന് ആദ്യ 'തേന്‍മൊഴി' വീഡിയോ അബ്ദുറഷീദ് കൂട്ടമ്പൂരിന്റെ ശബ്ദ സന്ദേശത്തോടെ പുറത്തിറങ്ങി. തേന്‍മൊഴിക്ക് വലിയ സ്വീകാര്യതയാണ് തുടക്കത്തില്‍ തന്നെ ലഭിച്ചു കൊണ്ടിരുന്നത്. കുട്ടികള്‍ തേന്‍മൊഴിയെ കേവല ആസ്വാദനത്തിനപ്പുറം അറിവ് ശേഖരണോപാധിയായി കാണണമെന്ന ആശയത്തിന്റെ ഫലമായി ഒരു മാസം കഴിഞ്ഞപ്പോള്‍, അഥവാ 30 എപ്പിസോഡുകള്‍ പൂര്‍ത്തിയായ സമയത്ത് ആദ്യ ഓണ്‍ലൈന്‍ എക്‌സാം നടത്തുകയുണ്ടായി. ഓണ്‍ലൈനായി തന്നെ രജിസ്റ്റര്‍ ചെയ്ത് 25 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന രൂപത്തിലാണ് എക്‌സാം നടന്നത്. തുടര്‍ന്ന് 60 എപ്പിസോഡിന് ശേഷം രണ്ടാമത്തെ ഓണ്‍ലൈന്‍ എക്‌സാമും സംഘടിപ്പിച്ചു.

ഇതോടെ, നേരത്തെ നിശ്ചയിച്ചതുപ്രകാരം വേനല്‍ അവധിക്കാലം തീര്‍ന്നതോടെ ദിനേന പുറത്തുവിട്ടിരുന്ന 'തേന്‍മൊഴി' അവസാനിപ്പിച്ചു. എന്നാല്‍ പിന്നീടായിരുന്നു തേന്‍മൊഴിയുടെ വമ്പിച്ച സ്വീകാര്യത ബോധ്യപ്പെടും വിധമുള്ള ഫോണ്‍വിളികളും മെസേജുകളും ഫീഡ്ബാക്കുകളുമെല്ലാം സംസ്ഥാന സമിതിയെയും ബാലവേദി വിംഗിനെയും തേടിവന്നത്. എല്ലാവരുടെയും ആവശ്യം തേന്‍മൊഴി അവസാനിപ്പിക്കരുത്, ഇനിയും തുടരണം എന്നായിരുന്നു. അതോടെ സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും തേന്‍മൊഴി അവസാനിപ്പിക്കേണ്ടതില്ല, തുടരണം എന്ന് തീരുമാനമെടുക്കുകയും ചെയ്തു. എല്ലാ ഞായറാഴ്ചകളിലും പ്രധാനപ്പെട്ട വിശേഷ ദിനങ്ങളിലും തേന്‍മൊഴി ഇപ്പോഴും പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു.

കുട്ടികള്‍ക്ക് ആവശ്യമായ ധാര്‍മിക, വിശ്വാസ,കര്‍മ, സ്വഭാവ രംഗങ്ങളിലേക്കെല്ലാം വെളിച്ചം വീശുന്ന തേന്‍മൊഴികള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ഒപ്പം അക്കാദമിക, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രധാന വിഷയങ്ങളും കുട്ടികള്‍ക്ക് അനുയോജ്യമാം വിധം തേന്‍മൊഴിയില്‍ വരാറുണ്ട്. നിലവില്‍ എല്ലാ ഞായറാഴ്ചകളിലും 'വിസ്ഡം ഗ്ലോബല്‍ ടിവി' എന്ന യൂട്യൂബ് ചാനലിലും 'വിസ്ഡം സ്റ്റുഡന്റ്‌സ്' എന്ന ഫേസ്ബുക്ക് ചാനലിലുമാണ് തേന്‍മൊഴി ലഭ്യമാകുക.