പ്രതീക്ഷ മങ്ങിയ തോട്ടക്കാരന്‍

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 സെപ്തംബര്‍ 05 1442 മുഹര്‍റം 17

(മനുഷ്യന്‍ ക്വുര്‍ആനില്‍ 7)

''നാം ആകാശത്തുനിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നുവളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും അത് അഴകാര്‍ന്നതാകുകയും അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കുവേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു'' (ക്വുര്‍ആന്‍ 10:24).

മഴപെയ്തു നനഞ്ഞാല്‍ ഭൂമി ഉല്‍പാദനക്ഷമത കൈവരിക്കുന്നു. പച്ചപിടിച്ച വൃക്ഷങ്ങളും ചെടികളും കായും പൂവും കാണുമ്പോള്‍ ഭൂവുടമ സന്തോഷിക്കുന്നു. വലിയ പ്രതീക്ഷവയ്ക്കുന്നു. പെട്ടെന്ന് ഈ ആഹ്ലാദവും പ്രതീക്ഷയും നഷ്ടപ്പെടുംവിധം ആ വിളകള്‍ നശിക്കുകയോ താന്‍ തന്നെ ഇല്ലാതായി അതനുഭവിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്നു. പരലോക രക്ഷയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം ചെയ്യാതെ ഭൗതികസുഖങ്ങളില്‍ രമിച്ചു കാലംകഴിച്ചാല്‍ നഷ്ടമായിരിക്കും ഫലം എന്നാണ് ഉപമയുടെ പൊരുള്‍. സൂറഃ അല്‍കഹ്ഫിലെ 45ാം വചനവും സമാനമായ ആശയം ഉപമയിലൂടെ വിവരിച്ചിട്ടുണ്ട്.

8. നുരയും പതയും

''അവന്‍ (അല്ലാഹു) ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങിനില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍നിന്നും അതുപോലുള്ള നുരയുണ്ടാകുന്നു. അതുപോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു' (ക്വുര്‍ആന്‍ 13:17).

മഴപെയ്താല്‍ വെള്ളം ഭൂമിയിലേക്കിറങ്ങി ജീവജാലങ്ങള്‍ക്ക് പ്രയോജനപ്പെടുമ്പോള്‍ ചപ്പും ചവറും ചളിയുംകൊണ്ട് കുറെ വെള്ളം ഒഴുകിപ്പോകുന്ന പോലെ, ലോഹം ഉരുക്കുമ്പോള്‍ ശുദ്ധലോഹം അടിയില്‍ അവശേഷിച്ച്, അതിലെ ചളിയും ചവറും നുരയും പതയുമായി പൊങ്ങിക്കിടക്കുന്നപോലെ ഈ ലോകത്ത് അസത്യം കാലക്രമത്തില്‍ നശിക്കുമെന്നും സത്യം സ്ഥായിയായ അധികാരത്തോടെ മനുഷ്യ ജീവിതത്തിന്റെ അന്തര്‍ധാരയായി എന്നും അവശേഷിക്കുമെന്നും ഈ ഉപമ പഠിപ്പിക്കുന്നു.

''സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മങ്ങളാണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും'' (18:46) എന്ന വചനവും ഏകദേശം സമാനമായ ആശയമാണ് പഠിപ്പിക്കുന്നത്.

മരണംവരെയുള്ള ഐഹികജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടി എത്ര ഗഹനമായ ജ്ഞാനവും വിദ്യയും നേടുന്നവരാണ് അധികമാളുകളും. എന്നാല്‍ മരണശേഷമുള്ള ശാശ്വത ജീവിതത്തിന്റെ സുരക്ഷക്ക് ആവശ്യമായ പ്രാഥമിക അറിവുപോലും നേടാന്‍ അവര്‍ ശ്രമിക്കാറില്ല. മക്കളുടെ പോഷണത്തിന്നും സുഖസൗകര്യങ്ങള്‍ക്കും ഭാവി സുരക്ഷയ്ക്കും വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരധികവും അവരുടെ പരലോക നന്മയ്ക്കുവേണ്ടിയുള്ള ശിക്ഷണം നല്‍കുന്നില്ല. മതവിജ്ഞാനം അവരെ പഠിപ്പിക്കുന്നില്ല. സമ്പത്ത് പരമാവധി സുഖജീവിതത്തിന്നുപയോഗിക്കുമ്പോള്‍, അതിന്റെ രണ്ടരശതമാനം സകാത്തു നല്‍കാനും മറ്റു ദാനങ്ങള്‍ ചെയ്യാനും പിശുക്കുകാണിക്കുകയാണ് പലരും.

9. കാറ്റില്‍ പറന്ന വെണ്ണീര്‍

''തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍നിന്ന്‌യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതല്ല. അതുതന്നെയാണ് വിദൂരമായ മാര്‍ഗഭ്രംശം'' (ക്വുര്‍ആന്‍ 14:18).

യഥാര്‍ഥ വിശ്വാസമില്ലാത്ത, നിഷേധ മനോഭാവമുള്ളവര്‍ എത്രനല്ല സല്‍പ്രവൃത്തികളും സേവനങ്ങളും ചെയ്താലും പരലോകത്ത് ഫലപ്പെടുകയില്ലെന്നും കാറ്റില്‍ പരന്ന വെണ്ണീര്‍ തിരിച്ചെടുക്കാനാകാത്ത പോലെ അവ നിഷ്പ്രയോജനമാണെന്നും ഈ ഉപമ പഠിപ്പിക്കുന്നു.

10. കാറ്റില്‍ കടപുഴകാത്ത വൃക്ഷം

''അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പുമില്ല'' (ക്വുര്‍ആന്‍ 14:24-26).

ആഴത്തില്‍ വേരിറങ്ങിയ വന്‍വൃക്ഷം കൊടുങ്കാറ്റില്‍ വീഴാതെ തലയെടുപ്പോടെ ഉറച്ചുനില്‍ക്കുന്നപോലെ, ഹൃദയത്തില്‍ ഈമാന്‍ (വിശ്വാസം) ആഴത്തില്‍ ഉള്‍ക്കൊണ്ട വിശ്വാസി ഒരു പ്രതിസന്ധിയുടെ മുമ്പിലും പതറിപ്പോവുകയില്ല. നിരാശപ്പെടുകയില്ല. അല്ലാഹുവില്‍ എല്ലാം ഭരമേല്‍പിച്ച്, അവന്റെ വിധിയില്‍ തൃപ്തിയടഞ്ഞ് അവന്‍ ഉറച്ചുനില്‍ക്കും. മാത്രമല്ല അങ്ങനെയുള്ള വിശ്വാസികള്‍, തനിക്കെന്നപോലെ തന്റെ സമൂഹത്തിന്നും നാടിന്നും എന്നും ഗുണം മാത്രമെ ചെയ്യുകയുള്ളൂ. നല്ലത് പഠിപ്പിച്ചും നന്മകള്‍ക്കു മാതൃക കാണിച്ചും ദാനധര്‍മങ്ങള്‍ ചെയ്തും അത്തരം ആളുകള്‍ എക്കാലത്തും എവിടെയും എപ്പോഴും ഉപകരിക്കുന്നവരായിരിക്കും. നന്മയില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല; മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും കായ്കനികളും തണലും നല്‍കി ഉറച്ചുനില്‍ക്കുന്ന മഹാവൃക്ഷംപോലെ. എന്നാല്‍ യഥാര്‍ഥ വിശ്വാസമില്ലാത്ത മനുഷ്യനാവട്ടെ, നിലത്തുനിന്ന് പിഴുതെറിയപ്പെട്ട് വീണുകിടക്കുന്ന വൃക്ഷംപോലെ, ആര്‍ക്കും ഒരു ഉപകാരവും ഇല്ലാത്തവനായിരിക്കും. ഒരു വിശ്വാസിയുടെ നിലപാടിനെയും സമൂഹത്തിലുള്ള അവന്റെ നിറസാന്നിധ്യത്തെയുമാണ് ഈ ഉപമയില്‍ നാം കാണുന്നത്.

11. ഉടമയും അടിമയും ഒരു പോലെയാണോ?

''മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും നമ്മുടെ വകയായി നാം നല്ല ഉപജീവനം നല്‍കിയിട്ട് അതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ചുകൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്‍ തുല്യരാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷേ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല'' (ക്വുര്‍ആന്‍ 16:75).

തൗഹീദീന്റെ പ്രാധാന്യമാണ് ഈ വചനം സൂചിപ്പിക്കുന്നത്. മനുഷ്യന്‍ എത്ര ഉന്നതനായാലും അവന്‍ അല്ലാഹുവിന്റെ അടിമയും അവനെ ആശ്രയിക്കേണ്ടവനുമാണ്. ആത്യന്തികമായി മനുഷ്യന്ന് മറ്റൊരാള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്തുകൊടുക്കാന്‍ കഴിയില്ല; അല്ലാഹു വിചാരിച്ചതല്ലാതെ. വസ്തുത ഇതായിരിക്കെ, മനുഷ്യരോട് -ജീവിച്ചിരിപ്പുണ്ടെങ്കിലും മരിച്ചവരാണെങ്കിലും- പ്രാര്‍ഥിക്കുന്നത് അര്‍ഥശൂന്യമാണ്. അപ്രകാരം കല്ലുകളെയും മരങ്ങളെയും മറ്റും ദിവ്യസ്രോതസ്സുകളെന്നു വിശ്വസിച്ച് അവയുടെ മുമ്പില്‍ പ്രാര്‍ഥിക്കുന്നതും നിരര്‍ഥകമാണ്. സൃഷ്ടികള്‍ അല്ലാഹുവിന്റെ അടിമകളും പരാശ്രിതരുമാണ്. അല്ലാഹുവാകട്ടെ പരാശ്രയം വേണ്ടാത്തവനും സ്രഷ്ടാവും യജമാനനുമാണ്. രണ്ടും സമമാവുകയില്ല. സൂറഃ അന്നഹ്‌ലിലെ 76ാം വചനത്തിലുള്ളതും സമാന ആശയമുള്ള ഒരു ഉപമയാണ്. പരമാധികാരിയായ അല്ലാഹുവിന്റെ കഴിവുകള്‍ക്കു തുല്യമായി അവന്റെ സൃഷ്ടികളുടെ കഴിവുകളെ ഗണിക്കുന്നതിലെ നിരര്‍ഥകതയെ ഇവ സൂചിപ്പിക്കുന്നു.

12. നൂല്‍ നൂറ്റശേഷം അത് പിരിയുടക്കുന്നവള്‍

''ഉറപ്പോടെ നൂല്‍ നൂറ്റശേഷം തന്റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പോലെ നിങ്ങള്‍ ആകരുത്. ഒരു ജനസമൂഹം മറ്റൊരു ജനസമൂഹത്തെക്കാള്‍ എണ്ണപ്പെരുപ്പമുള്ളതാകുന്നതിന്റെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയുന്നു. അതുമുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. നിങ്ങള്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നവരായിരിക്കുന്നുവോ ആ കാര്യം ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവന്‍ നിങ്ങള്‍ക്കു വ്യക്തമാക്കിത്തരികതന്നെ ചെയ്യും'' (ക്വുര്‍ആന്‍ 16:92).

അല്ലാഹുവുമായി കരാര്‍ ചെയ്തുറപ്പിച്ച ശേഷം പിന്നീടത് ലംഘിക്കുന്ന വിഷയം പരാമര്‍ശിക്കുന്ന  സന്ദര്‍ഭത്തിലാണ് ഈ ഉപമ വിവരിക്കുന്നത്. തന്റെ വേലക്കാരെ കൊണ്ട് വൈകുന്നേരം വരെ നൂല്‍പിരിച്ചുണ്ടാക്കി അവസാനം അവ പിരിയുടച്ച് നശിപ്പിക്കുന്ന ഒരു വിഡ്ഢിപ്പെണ്ണുണ്ടായിരുന്നു പണ്ട് മക്കയിലെന്നും എല്ലാവര്‍ക്കും നന്നായി അറിയുന്ന ആ സംഭവത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നതെന്നും ചില ക്വുര്‍ആന്‍ വാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്.

സല്‍കാര്യങ്ങള്‍ പലതും ചെയ്ത്, പിന്നീടതിനെ നിഷ്ഫലമാക്കുന്നവിധം തിന്മകളിലേര്‍പ്പെടുന്നത് മഹാവിഡ്ഢിത്തമാണെന്ന് ഈ ഉപമ സൂചിപ്പിക്കുന്നു.

13. നന്ദികെട്ട തോട്ടക്കാരന്‍

''നീ അവര്‍ക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്‍മാര്‍; അവരില്‍ ഒരാള്‍ക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയംചെയ്തു. അവയ്ക്കിടയില്‍ (തോട്ടങ്ങള്‍ക്കിടയില്‍) ധാന്യകൃഷിയിടവും നാം നല്‍കി. ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങള്‍ നല്‍കിവന്നു. അതില്‍ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു. അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും. സ്വന്തത്തോട് തന്നെ അന്യായം പ്രവര്‍ത്തിച്ചുകൊണ്ട് അവന്‍ തന്റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല''(ക്വുര്‍ആന്‍ 18:32-35).

അല്ലാഹു നല്‍കിയ അപാരമായ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കാതെ അഹങ്കാരിയായിത്തീര്‍ന്ന ഒരാളും, അത് പാടില്ലെന്ന് ഉപദേശിക്കുന്ന ഏകദൈവ വിശ്വാസിയും ഭക്തനുമായ മറ്റൊരാളുമാണ് ഈ ഉപമയില്‍ സംവദിക്കുന്നത്. നന്ദികേട് കാണിച്ചതിന്റെ ഫലമായി ഒടുവില്‍ ആ തോട്ടം അല്ലാഹു നശിപ്പിച്ചുകളഞ്ഞു. തെറ്റുബോധ്യപ്പെട്ട തോട്ടക്കാരന്‍ ഖേദിച്ചു. ഇതാണ് ഉപമയുടെ സാരം. നന്ദികേടിന്റെ പരിണിതി നാശമായിരിക്കുമെന്ന് ഇത് പഠിപ്പിക്കുന്നു. (തുടരും)