'ദക്ഷിണ'യും അന്ധവിശ്വാസങ്ങള്‍ക്ക് കുടപിടിക്കുന്നുവോ?

ശമീര്‍ മദീനി

2020 ജൂണ്‍ 27 1441 ദുല്‍ക്വഅദ് 06

ഉസ്താദ് സി. എ. മൂസാ മൗലവിയുടെ പത്രാധിപത്യത്തില്‍ ദക്ഷിണകേരള വിഭാഗം പുറത്തിറക്കുന്ന 'അന്നസീം' ദ്വൈവാരികയുടെ 2020 മാര്‍ച്ച് ആദ്യലക്കത്തിന്റെ ചില പേജുകള്‍ കാണാനിടയായി. ഒരു സഹോദരന്‍ നിജസ്ഥിതിയന്വേഷിച്ചുകൊണ്ട് അയച്ചുതന്നതാണ് പ്രസ്തുതഭാഗങ്ങള്‍. ഒന്നാമത്തെ ലേഖനത്തിന്റെ തലക്കെട്ട് 'ഖബ്‌റാളികള്‍ സന്തോഷിക്കും' (പേജ്: 41) എന്നും രണ്ടാമത്തേതിന്റെത് 'മഖാമുകള്‍ ശാന്തി തീരങ്ങള്‍' എന്നുമാണ്. ഇവ രണ്ടും വായിച്ചു നോക്കിയപ്പോള്‍ താരതമ്യേന കുഴപ്പമില്ലാത്ത വിഭാഗമെന്ന് കരുതിയിരുന്ന 'ദക്ഷിണകേരള'യുടെ തനിനിറമാണ് വെളിവായത്. ഇക്കൂട്ടര്‍ അഹ്‌ലുസ്സുന്നയുടെ ആദര്‍ശങ്ങള്‍ക്ക് കടകവിരുദ്ധമായ വിശ്വാസങ്ങളും ആദര്‍ശങ്ങളും വച്ചുപുലര്‍ത്തുന്നവരും അന്ധവിശ്വാസങ്ങളുടെ പ്രചാരകരുമാണെന്ന തിരിച്ചറിവാണ് അത് എന്നിലുണ്ടാക്കിയത്. അങ്ങേയറ്റം ദുര്‍ബലമായ ഹദീഥുകള്‍ തങ്ങളുടെ പിഴച്ച ആശയങ്ങള്‍ക്ക് തെളിവായി ഉദ്ധരിച്ചും ഇമാമീങ്ങളുടെ ഉദ്ധരണികള്‍ പൂര്‍വാപര ബന്ധങ്ങള്‍ വേര്‍പെടുത്തി പാമരജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന ഗുരുതരവുമായ അപരാധങ്ങളാണ് അതില്‍ ദര്‍ശിക്കാനായത്.

ഒന്നാമത്തെ ലേഖനത്തില്‍ 'ക്വബ്‌റാളികളെ സന്തോഷിപ്പിക്കാനായി' വെള്ളിയാഴ്ച ദിവസം ക്വബ്ര്‍ സിയാറത്തു ചെയ്യാന്‍ പ്രേരിപ്പിച്ച് എഴുതിയതിന് തെളിവായിക്കൊടുത്തിരിക്കുന്നത് താഴെ പറയുന്ന ഹദീഥാണ്:

''ദുന്‍യാവില്‍ വെച്ച് പരിചയമുണ്ടായിരുന്ന ഏതൊരാളുടെ ഖബ്‌റിന്നരികിലൂടെ ഒരാള്‍ കടന്നുപോകുകയും അയാള്‍ക്ക് സലാം പറയുകയും ചെയ്താല്‍ പ്രസ്തുത ഖബ്‌റാളി അദ്ദേഹത്തെ തിരിച്ചറിയുകയും സലാം മടക്കുകയും ചെയ്യാതിരിക്കുകയില്ല'' (ഇബ്‌നു അസാകിര്‍, ദൈലമി).

ഈ ഹദീഥിന്റെ ദുര്‍ബലത പണ്ഡിതന്മാര്‍ വിശദമാക്കിയിട്ടുണ്ട്. വിശദവിവരത്തിന് 'സില്‍സില ദഈഫ' 4493ാം നമ്പര്‍ ഹദീഥും വിശദീകരണവും കാണുക. (9/475).

ഈ വിഷയം ഉദ്ധരിക്കുന്ന ഹദീഥിന്റെ പരമ്പര അങ്ങേയറ്റം ദുര്‍ബലവും കണ്ണിമുറിഞ്ഞതും (മുന്‍ക്വത്വിഅ്) ആണെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുമ്പോള്‍ ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്നും ഉദ്ധരിക്കുന്ന ഹദീഥ് സ്ഥിരപ്പെട്ടതാണെന്നാണ് ചില പണ്ഡിതന്മാരുടെ വീക്ഷണം. ഇബ്‌നുഅബ്ദില്‍ബര്‍റ്(റഹി), ഇബ്‌നു തൈമിയ(റഹി) മുതലായവര്‍ ഈ വീക്ഷണക്കാരാണ്.

എന്നാല്‍ ഇവരാരും ഇതിനെ തെളിവാക്കി ക്വബ്‌റിങ്കല്‍ പോയി ക്വുര്‍ആന്‍ ഓതുന്നതിനെയും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനെയും അനുകൂലിക്കുന്നവരായിരുന്നില്ല. എന്നുമാത്രമല്ല നബി ﷺ യുടെ സ്വഹാബത്തോ താബിഈങ്ങളോ ഇമാമീങ്ങളോ ആരും ചെയ്യാത്ത കാര്യമാണെന്നും നന്മയായിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നു എന്നും പ്രത്യേകം രേഖപ്പെടുത്തുന്നു. (ഇബ്‌നു തൈമിയയുടെ ജാമിഉല്‍ മസാഇല്‍ 3/132).

ദീനില്‍ പഠിപ്പിക്കപ്പെട്ട ക്വബ്ര്‍ സിയാറത്ത് സന്ദര്‍ശകര്‍ ക്വബ്‌റാളിക്ക് സലാം പറയലും അയാള്‍ക്ക് വേണ്ടി പടച്ചവനോട് ദുആ ചെയ്യലുമാണ്. അതില്‍ നിന്ന് വ്യത്യസ്തമായി ക്വബ്‌റിടങ്ങളെ ആരാധനാ സ്ഥലങ്ങളാക്കലും ശിര്‍ക്കന്‍ പ്രവൃത്തികള്‍ ചെയ്യലും  നിഷിദ്ധമാണെന്നതില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലായെന്നും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ വ്യക്തമാക്കിയിട്ടുണ്ട്. (ജാമിഉല്‍ മസാഇല്‍ 5/367).

സത്യവിശ്വാസിയായ ഒരു ക്വബ്‌റാളിക്ക് അഥവാ മരണപ്പെട്ട വ്യക്തിക്ക് വേണ്ടി ഒരു വിശ്വാസി അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ ആ പ്രാര്‍ഥിക്കുന്ന വ്യക്തിക്ക് അല്ലാഹു പ്രതിഫലം നല്‍കും; മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചതിന് പ്രതിഫലം നല്‍കുമെന്നതുപോലെ. എന്നാല്‍ മതം അംഗീകരിച്ച ക്വബ്ര്‍ സിയാറത്തില്‍ ജീവിച്ചിരിക്കുന്ന വ്യക്തിക്ക് മരണപ്പെട്ട വ്യക്തിയില്‍ നിന്ന് യാതൊരാവശ്യവും നേടാനില്ല. ക്വബ്‌റാളിയോട് വല്ലതും തേടലോ അയാളെ തവസ്സുലാക്കുന്ന രീതിയോ ഇല്ല. മറിച്ച് ജീവിച്ചിരിക്കുന്ന വ്യക്തി പ്രസ്തുത ക്വബ്‌റാളിക്ക് വേണ്ടി റബ്ബിനോട് തേടുകവഴി രണ്ടുകൂട്ടര്‍ക്കും ഗുണമാണുള്ളത്. എന്നാല്‍ നബിയുടെയോ വലിയ്യിന്റെയോ ക്വബ്‌റിങ്കല്‍ പോയി അവരോട് സഹായം തേടുന്ന രീതി വ്യക്തമായ ശിര്‍ക്കാണെന്നും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി) രേഖപ്പെടുത്തുന്നു. (സിയാറത്തുല്‍ ക്വുബൂര്‍-ഇബ്‌നു തൈമിയ, പേജ്: 16,17).

ഈ വസ്തുതകളെല്ലാം മറച്ചുവച്ചുകൊണ്ട് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയും ഇബ്‌നുല്‍ ക്വയ്യിമുമൊക്കെ തങ്ങളെപ്പോലെ ഇത്തരം അനാചാരങ്ങളെ അംഗീകരിക്കുകയും താലോലിക്കുകയും ചെയ്തിരുന്നവരായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ളശ്രമം തികച്ചും ഹീനവും അന്യായവുമാണ്.

ഇസ്‌ലാം അംഗീകരിച്ച ക്വബ്ര്‍ സിയാറത്തിന്റെ ലക്ഷ്യമായി മരണചിന്തയുണ്ടാകുന്നതും പരലോക ചിന്തയുണര്‍ത്തുന്നതുമൊക്കെയായിട്ടാണ് നബി ﷺ  പഠിപ്പിച്ചത്. എന്നാല്‍ പൗരോഹിത്യത്തിന്റെ ക്വബ്ര്‍ സിയാറത്ത് ആത്മീയ ചൂഷണത്തിന്റെയും ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും പ്രകടരൂപങ്ങളാണ്. സുന്നത്തനുസരിച്ചുള്ള ക്വബ്ര്‍ സന്ദര്‍ശനം സമൂഹത്തെ പഠിപ്പിക്കുന്നതിന് പകരം തട്ടിപ്പിന്റെയും ചൂഷണത്തിന്റെയും മതവിരുദ്ധമായ സിയാറത്തിനാണ് ഇത്തരക്കാര്‍ എന്നും പ്രേരിപ്പിക്കാറുള്ളത്.

അതുകൊണ്ടാണ് 'മഖാമുകള്‍ ശാന്തി തീരങ്ങള്‍' എന്ന തലക്കെട്ടില്‍ അനാചാരങ്ങളുടെ കുത്തകയായ മഖാമുകളിലേക്ക് പാമര ജനങ്ങളെ തെളിച്ചുകൊണ്ടുപോകാനായി ദക്ഷിണയുടെ ഔദ്യോഗിക പ്രസിദ്ധീകരണവും പേജുകള്‍ മാറ്റിവച്ചത്. അതിന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയയെ കൂട്ടുപിടിച്ചതും ഏറെ വിചിത്രമാണ്. കുറിപ്പുകാരന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെ പറഞ്ഞിട്ടാണ്: ''ഇബ്‌നുതൈമിയയുടെ മേല്‍വിവരണങ്ങള്‍ ശാന്തമായി വായിക്കുന്ന ഏതൊരാള്‍ക്കും സിയാറത്ത് കൊണ്ടുള്ള നേട്ടങ്ങളും മഹാന്മാരുടെ മഖാമുകളില്‍ എത്തി അവിടെ കഴിച്ചുകൂട്ടുന്നതിനാല്‍ ലഭിക്കുന്ന ഗുണമേന്മകളും വ്യക്തമായി മനസ്സിലാക്കാം. ഇതൊക്കെ പക്ഷേ, അദ്ദേഹത്തെ വായിക്കുകയും പിന്തുടരുകയും ചെയ്യുന്ന ആളുകള്‍ക്ക് മനസ്സിലാകുന്നില്ല. അവര്‍ ഇതെല്ലാം അന്ധമായി തള്ളിപ്പറയുന്നവരാണ്. യഥാര്‍ഥത്തില്‍ ആദ്യകാലം മുതല്‍ക്ക് നിലനിന്നുവരുന്ന മേല്‍ആശയങ്ങള്‍ സത്യമാണ്. ഇതാണ് നമ്മുടെ വഴി'' (അന്നസീം ദ്വൈവാരിക, 2020 മാര്‍ച്ച്).

ഈ വരികളിലൂടെ എന്തൊക്കെയാണ് ഇക്കൂട്ടര്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്? ക്വബ്ര്‍ വ്യവസായങ്ങളെ താലോലിക്കുന്ന ഇക്കൂട്ടര്‍ക്ക് നബി ﷺ യുടെ സ്വഹാബത്തിന്റെയും മഹാന്മാരായ ഇമാമീങ്ങളുടെയും എന്ത് മാതൃകയാണിതിനൊക്കെ ഉദ്ധരിക്കാനാവുക?

ക്വബ്‌റുകള്‍ കെട്ടിയുയര്‍ത്തുന്നതും അതിന്‍മേല്‍ പോയി ഇരിക്കുന്നതും വിലക്കിയ നബി ﷺ യുടെ അധ്യാപനങ്ങള്‍ ഇവര്‍ കാണാതെപോകുന്നതെന്തുകൊണ്ടാണ്?

ജാബിര്‍(റ) പറയുന്നു: ''ക്വബ്ര്‍ കുമ്മായം(സിമന്റ്) ഇടുന്നതും അതിന്മേലിരിക്കുന്നതും അതിന്മേല്‍ കെട്ടിടമുണ്ടാക്കുന്നതും നബി ﷺ  വിരോധിച്ചിരിക്കുന്നു'' (സ്വഹീഹു മുസ്‌ലിം).

അബൂദാവൂദി(റഹി)ന്റെ റിപ്പോര്‍ട്ടില്‍ ''അതിന്മേല്‍ എഴുതിവെക്കുന്നതും വിരോധിച്ചു'' എന്നുകൂടിയുണ്ട്.

'മഖാമുകള്‍ ശാന്തിതീരങ്ങള്‍' എന്ന് പറഞ്ഞ് അവിടേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവര്‍ മൂന്ന് സ്ഥലങ്ങളിലേക്കല്ലാതെ പുണ്യതീര്‍ഥാടനം പാടില്ലെന്ന പ്രവാചക വചനവും അറിയാത്തവരാണോ?

അബൂഹുറയ്‌റ(റ) പറയുന്നു; നബി ﷺ  പറഞ്ഞു: ''മൂന്ന് പള്ളികളിലേക്കല്ലാതെ യാത്രകെട്ടി പുറപ്പെടാന്‍ പാടുള്ളതല്ല. മസ്ജിദുല്‍ ഹറം, പ്രവാചകന്റെ മദീനത്തെ പള്ളി, മസ്ജിദുല്‍ അക്വ്‌സ (എന്നിവയാണ് ആ മൂന്ന് പള്ളികള്‍)'' (സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം).

ഇവര്‍ പഠിപ്പിക്കുന്ന ആദര്‍ശം നബി ﷺ യുടെയും സ്വഹാബത്തിന്റെതുമല്ല, പ്രത്യുത ക്വബ്ര്‍പൂജകരാരായ ശിയാക്കളുടെതാണെന്ന് തിരിച്ചറിയുക!

എന്താണ് ഇബ്‌നുതൈമിയ പറഞ്ഞത്?

മഹാന്മാരുടെ ക്വബ്‌റിടങ്ങളില്‍ അല്ലാഹുവിന്റെ കാരുണ്യം ഇറങ്ങും, സജ്ജനങ്ങളെ ആദരിച്ചുകൊണ്ട് കറാമത്തുകള്‍ പലതും അവിടങ്ങളിലുണ്ടാവാം എന്നൊക്കെ ഇബ്‌നുതൈമിയ പറഞ്ഞിട്ടുണ്ടെന്ന് ഉദ്ധരിച്ച് തങ്ങളുടെ ക്വബ്ര്‍ പൂജയെ ഇബ്‌നുതൈമിയയും അനുകൂലിച്ചിട്ടുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ വിഭാഗം ശ്രമിക്കുന്നത്.

സച്ചരിതരായ മനുഷ്യരെ മരണാനന്തരവും അല്ലാഹു ആദരിക്കുമെന്നതില്‍ ആര്‍ക്കാണ് എതിരഭിപ്രായമുള്ളത്? എന്നാല്‍ അതിന്റെ പേരില്‍ നാം അവരുടെ ക്വബ്‌റുകള്‍ പ്രത്യേക ആരാധനാ കേന്ദ്രങ്ങള്‍ ആക്കണമെന്നോ ആഗ്രഹസഫലീകരണങ്ങള്‍ക്കായി അവിടേക്ക് തീര്‍ഥാടനം സംഘടിപ്പിക്കണമെന്നോ അവിടെ ഉറൂസുകള്‍ നടത്തണമെന്നോ ആരാണ് പഠിപ്പിച്ചത്? നാല് മദ്ഹബിന്റെ ഇമാമീങ്ങളടക്കമുള്ള അഹ്‌ലുസ്സുന്നയുടെ ഒരൊറ്റ പണ്ഡിതനും അതിനെ അനുകൂലിച്ചിട്ടില്ല എന്നത് അനിഷേധ്യമായ സത്യമാണ്. എന്നാല്‍  ഈ സത്യങ്ങളെല്ലാം മറച്ചുവച്ചുകൊണ്ടാണ് 'അന്നസീം' കുറിപ്പുകാരന്‍ തന്റെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.

മഹാന്മാരുടെ മഹത്ത്വങ്ങളും പ്രത്യേകതകളുമൊക്കെ പറഞ്ഞ ശേഷം ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ എഴുതുന്നു: ''ഇപ്പറഞ്ഞതൊന്നും അവരുടെ ക്വബ്‌റിന്റെയടുക്കല്‍ ചെന്ന് പ്രത്യേക കര്‍മങ്ങള്‍ ചെയ്യുന്നതിനോ പ്രാര്‍ഥിക്കാന്‍ ഉദ്ദേശിച്ചോ നമസ്‌കാരം നിര്‍വഹിക്കാനോ പ്രേരിപ്പിക്കുന്നില്ല. മറിച്ച് അവിടങ്ങളില്‍ ഇബാദത്തുകള്‍ ലക്ഷ്യം വെച്ച് പോകുന്നതില്‍ മതം വിലക്കിയ പല അപകടങ്ങളുമുണ്ട്'' (ഇഖ്തിദാഉ സ്വിറാത്തില്‍ മുസ്തക്വീം വാ:2, പേജ്: 255).

ഇബ്‌നുതൈമിയ(റഹി) തുടരുന്നു: ''അവിടെവച്ച് ദുആ ചെയ്താല്‍ ഉത്തരം കിട്ടുമെന്നും അതിന് പ്രത്യേക മഹത്ത്വമുണ്ട് എന്നുമുള്ള വിശ്വാസം അവിടങ്ങളിലേക്ക് ലക്ഷ്യം വെച്ച് പോകാന്‍ നിര്‍ബന്ധിച്ചേക്കും. ചിലപ്പോള്‍ അവിടങ്ങളില്‍ ധ്യാനസംഘങ്ങള്‍ പ്രത്യേക സമയങ്ങളില്‍ ഒത്തുകൂടുകയും ചെയ്യും. ഇതുതന്നെയാണ് നബി ﷺ  വിലക്കിയത്. അവിടുന്ന് പറഞ്ഞു: 'എന്റെ ക്വബ്‌റിനെ നിങ്ങള്‍ ആഘോഷസ്ഥലമാക്കരുത്.' 'ജൂത-ക്രിസ്ത്യാനികളെ അല്ലാഹു ശപിക്കട്ടെ! അവര്‍ അവരുടെ അമ്പിയാക്കന്മാരുടെ ക്വബ്‌റുകളെആരാധനാലയങ്ങളാക്കി'' (ഇഖ്തിദാഅ് 2/255).

ആര്‍ക്കുവേണ്ടിയാണ് ഇവര്‍ ദീനിന്റെ പേരിലും പണ്ഡിതന്മാരുടെ പേരിലും ഇത്തരം കൈക്രിയകളുംതിരിമറികളും നടത്തുന്നത്? അല്ലാഹു പറഞ്ഞത് എത്ര സത്യം!

''സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളംപേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു...'' (ക്വുര്‍ആന്‍ 9:34).