'അലക്വ'യും 'മുള്ഗ'യും

ഡോ. ജൗസല്‍

2020 ഡിസംബര്‍ 12 1442 റബീഉല്‍ ആഖിര്‍ 27

(ഭ്രൂണശാസ്ത്രം ക്വുര്‍ആനിലും ഹദീഥിലും 4)

ഭ്രൂണത്തിന്റെ ആദ്യഘട്ടത്തെ വിശദീകരിക്കാന്‍ ക്വുര്‍ആന്‍ ഉപയോഗിച്ച പദമായ 'അലക്വ' എന്നത് ഭ്രൂണത്തിന്റെ മോര്‍ഫോളജിയുമായി എത്രമാത്രം കൃത്യമായി യോജിക്കുന്ന പദമാണ് എന്ന് നോക്കാം.

ഭ്രൂണത്തിന്റെ വ്യത്യസ്ത അവസ്ഥകളെക്കുറിച്ച് ക്വുര്‍ആന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പരിശോധിച്ചാല്‍ ഈയൊരു ക്ലാസിഫിക്കേഷന്‍ ഭ്രൂണത്തിന്റെ വ്യത്യസ്തമായ ബാഹ്യരൂപങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. മോര്‍ഫോളജിക്കല്‍ ക്ലാസിഫിക്കേഷന്‍ എന്ന് ഇംഗ്ലീഷില്‍ പറയും. അഥവാ ബാഹ്യരൂപത്തെ അടിസ്ഥാനമാക്കിയുള്ള വര്‍ഗീകരണം.

വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറയുന്നു:

''പിന്നീട് ഒരു നുത്വ്ഫ ആയിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ നുത്വ്ഫയെ നാം ഒരു അലക്വ ആയി രൂപപ്പെടുത്തി. അനന്തരം ആ അലക്വയെ നാം മുദ്ഗ ആയി രൂപപ്പെടുത്തി. തുടര്‍ന്ന് നാം മുദ്ഗയെ അസ്ഥിയായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു'' (ക്വുര്‍ആന്‍ 23:13-14).

ഏറ്റവും ആദ്യരൂപം നുത്വ്ഫതുന്‍ അംശാജ്: പുരുഷ ബീജവും സ്ത്രീബീജവും കൂടിച്ചേര്‍ന്ന നുത്വ്ഫതുന്‍ അംശാജ് അഥവാ സിക്താണ്ഡം സ്ത്രീയുടെ ഗര്‍ഭപാത്രത്തിന് അകത്ത് ഭദ്രമായി സ്ഥാപിക്കപ്പെടുന്നു. പിന്നീട് അതൊരു അലക്വ ആയിമാറുന്നു. 'അലക്വ' എന്ന അറബി പദത്തിന് തൂങ്ങിക്കിടക്കുന്നത്, അള്ളിപ്പിടിച്ചിരിക്കുന്നത് (suspended, hanging, clinging), അട്ട (leech) എന്നിങ്ങനെയൊക്കെ വ്യത്യസ്ത അര്‍ഥങ്ങളുണ്ട്. ഈ അര്‍ഥങ്ങള്‍ വ്യാഖ്യാനിച്ച് ഒപ്പിക്കുന്നതായിരിക്കും എന്ന് സംശയിക്കുന്നവര്‍ മനസ്സിലാക്കാന്‍ വേണ്ടി ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് സ്‌ക്രീന്‍ഷോട്ട് കൊടുത്തത് കാണുക:

വിശുദ്ധ ക്വുര്‍ആനിലെ പദപ്രയോഗങ്ങളുടെ സൂക്ഷ്മതയും കൃത്യതയും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ഈ പറഞ്ഞ പല അര്‍ഥങ്ങളും ഒരുപോലെ യോജിക്കുന്നതാണ് ഭ്രൂണത്തിന്റെ ആദ്യ അവസ്ഥ. ഭ്രൂണത്തിന്റെ ആദ്യ അവസ്ഥയില്‍ അത് ഒരു അട്ടയുടെ (leech) അതേ ആകൃതിയിലാണ് ഉള്ളത്. താഴെ കൊടുക്കുന്ന ചിത്രങ്ങള്‍ കാണുക:

ഈയൊരു കുഞ്ഞു ഭ്രൂണം, ഒരു കുളയട്ട ശരീരത്തില്‍ അള്ളിപ്പിടിച്ച് ഇരിക്കുന്നതുപോലെ മാതാവിന്റെ ഗര്‍ഭാശയത്തിനകത്ത് അള്ളിപ്പിടിച്ച് ഇരിക്കുന്നു. ഗര്‍ഭാശയത്തിന് ഉള്ളില്‍, ഗര്‍ഭാശയഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന (suspended or hanging) അവസ്ഥയിലാണ് ഭ്രൂണം ഉള്ളത്. ധാരാളം രക്തക്കുഴലുകള്‍ ഈ അവസ്ഥയില്‍ ഭ്രൂണത്തില്‍ ഉണ്ട്. വളരെയധികം രക്തചംക്രമണം നടക്കുകയും ചെയ്യുന്നതുകൊണ്ട് ഒരു രക്തക്കട്ട ഗര്‍ഭാശയത്തില്‍ തൂങ്ങിക്കിടക്കുന്നത് പോലെ ഭ്രൂണം കാണപ്പെടുകയും ചെയ്യുന്നു.

ഭ്രൂണത്തിന്റെ ആദ്യ അവസ്ഥകളെ വിശദീകരിക്കാന്‍ ഇതിലും കൃത്യമായ ഒരു പദം വേറെയില്ല എന്നു തന്നെ പറയാം. 'അലക്വ' എന്ന അറബി പദത്തിന്റെ വിവിധ അര്‍ഥങ്ങള്‍  അഥവാ 'തൂങ്ങിക്കിടക്കുന്നത്,' 'അള്ളിപ്പിടിച്ചിരിക്കുന്നത്,' 'അട്ട' എന്നിവയെല്ലാം ഭ്രൂണത്തിന്റെ ഈ അവസ്ഥ വിശദീകരിക്കാന്‍ യോജിച്ചതാണ്. ക്വുര്‍ആനിന്റെ പദപ്രയോഗങ്ങള്‍ പോലും എത്രമാത്രം കൃത്യമായതാണ് എന്നതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. ഏതാനും മില്ലിമീറ്ററുകള്‍ മാത്രം വലിപ്പമുള്ള ഭ്രൂണത്തിന്റെ ഗര്‍ഭാശയത്തിനകത്തെ അവസ്ഥ അറിയാന്‍ സ്‌കാനിംഗും മറ്റു മാര്‍ഗങ്ങളും ഒന്നും ഇല്ലാത്ത ഏഴാം നൂറ്റാണ്ടിലാണ് ഈ വചനങ്ങള്‍ അവതരിക്കപ്പെട്ടത് എന്ന് ചിന്തിക്കുമ്പോഴാണ് ദൈവിക വചനങ്ങളുടെ കൃത്യത നമ്മെ ചിന്തിപ്പിക്കുന്നത്.

25 ദിവസം പ്രായമായ, 5 മില്ലിമീറ്റര്‍ മാത്രം വലിപ്പമുള്ള ഭ്രൂണത്തിന്റെ ഒറിജിനല്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് ചിത്രങ്ങള്‍ കൊടുത്തത് കാണുക:

ഈ ഭ്രൂണത്തിന് ഒരു അട്ടയോട് എത്രമാത്രം സാമ്യമുണ്ടെന്ന് നോക്കൂ! ഗര്‍ഭാശയത്തിനകത്ത് തൂങ്ങിക്കിടക്കുന്ന ഭ്രൂണത്തിന്റെ ചിത്രീകരണവും കാണുക.

ഭ്രൂണത്തിന്റെ നുത്ഫതുന്‍ അംശാജ് (fertilized egg), അലക്വ എന്നീ സ്‌റ്റേജുകള്‍ മുമ്പ് വിശദീകരിച്ചു.

അല്ലാഹു പറയുന്നു: ''പിന്നെ ആ നുത്വ്ഫയെ നാം ഒരു അലക്വ ആയി രൂപപ്പെടുത്തി. അനന്തരം ആ അലക്വയെ നാം മുള്ഗ ആയി രൂപപ്പെടുത്തി. തുടര്‍ന്ന് നാം മുള്ഗയെ അസ്ഥിയായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു'' (ക്വര്‍ആന്‍ 23:13-14).

'അലക്വ'യുടെ അവസ്ഥ കഴിഞ്ഞാല്‍ 'മുള്ഗ' എന്ന അവസ്ഥയാണ്. 'ചവച്ച സാധനം' എന്നാണ് ഈ അറബി പദത്തിന് അര്‍ഥം.

 നമ്മളൊരു ഇറച്ചിക്കഷ്ണം വായിലിട്ട് ചവച്ച് പുറത്തെടുത്താല്‍ ഇറച്ചിക്കഷ്ണത്തില്‍ നമ്മുടെ പല്ലിന്റെ അടയാളങ്ങള്‍ ഉണ്ടായിരിക്കുമല്ലോ ആ ഒരു രൂപമാണ് ഭ്രൂണത്തിന്റെ രണ്ടാമത്തെ അവസ്ഥ. ഭ്രൂണത്തിന്റെ ഈ അവസ്ഥ മനസ്സിലാക്കാന്‍ ഉതകുന്ന ചിത്രം കാണുക:

ഭ്രൂണത്തിന്റെ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് ചിത്രവും കാണുക:

ശരിക്കും ഒരു  ചവച്ച ഇറച്ചിക്കഷണത്തിന്റെ, പല്ലിന്റെ അടയാളങ്ങളുള്ള ഒരു ഇറച്ചിക്കഷ്ണം പോലെയാണ് ഈ അവസ്ഥയില്‍ ഭ്രൂണം കാണപ്പെടുന്നത് എന്ന് നമുക്ക് ഈ ചിത്രത്തില്‍നിന്ന് വ്യക്തമാണ്. നേരത്തെ പറഞ്ഞപോലെ ക്വുര്‍ആനില്‍ ഭ്രൂണത്തിന്റെ വ്യത്യസ്ത സ്‌റ്റേജുകള്‍ വിശദീകരിച്ചിരിക്കുന്നത് ബാഹ്യരൂപം അഥവാ മോര്‍ഫോളജിക്കല്‍ അപ്പിയറന്‍സ് അടിസ്ഥാനമാക്കിയാണ്. മോര്‍ഫോളജിയുടെ അടിസ്ഥാനത്തില്‍ ഈ അവസ്ഥയിലുള്ള ഭ്രൂണത്തിന് ഏറ്റവും യോജിച്ച വിവരണമാണ് 'മുള്ഗ' എന്ന പദം നല്‍കുന്നത്.

'മുള്ഗ' എന്ന അവസ്ഥയില്‍നിന്നും പിന്നീട് skeletal system അഥവാ എല്ലുകള്‍ രൂപപ്പെടാന്‍ ആരംഭിക്കുന്നു. ഈ എല്ലുകളെ മാംസംകൊണ്ട് അഥവാ മസിലുകള്‍കൊണ്ടു പൊതിയുന്നു എന്നാണ് ക്വുര്‍ആന്‍ പ്രസ്താവിച്ചത്:

'തുടര്‍ന്ന് നാം മുള്ഗയെ അസ്ഥിയായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസംകൊണ്ട് പൊതിഞ്ഞു.'

ക്വുര്‍ആനിലെ പദപ്രയോഗങ്ങളുടെ സൂക്ഷ്മതയും കൃത്യതയും ദിവ്യത്വവും വെളിവാക്കുന്ന അത്ഭുതകരമായ വിവരണമാണ് ഇതിലും നാം കാണുന്നത്.

നുത്വ്ഫയില്‍നിന്ന് അലക്വ സൃഷ്ടിച്ചുവെന്നും അലക്വയില്‍നിന്ന് മുള്ഗ സൃഷ്ടിച്ചു എന്നും മുള്ഗയില്‍ നിന്ന് അസ്ഥി സൃഷ്ടിച്ചു എന്നും വിശദമാക്കിയ ക്വുര്‍ആന്‍ ഇവിടെയെല്ലാം ഉപയോഗിച്ച പദം 'നാം സൃഷ്ടിച്ചു' എന്നതാണ്. അഥവാ ഒന്നില്‍നിന്ന് മറ്റൊന്ന് സൃഷ്ടിക്കുന്നു. ഒരു അവസ്ഥയില്‍നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറുന്നു. ഭ്രൂണം നുത്വ്ഫ സ്‌റ്റേജില്‍നിന്നും അലക്വ സ്‌റ്റേജിലേക്കും അലക്വ സ്‌റ്റേജില്‍നിന്ന് മുള്ഗ സ്‌റ്റേജിലേക്കും മാറുന്നു.

മുള്ഗയില്‍നിന്ന് അസ്ഥികൂടം രൂപപ്പെടുത്തുന്നു എന്ന് പ്രസ്താവിച്ച വിശുദ്ധ ക്വുര്‍ആന്‍  അസ്ഥികൂടത്തെ മാംസംകൊണ്ട് പൊതിയുന്നു എന്നു പറയുന്നു. ഇവിടെ മാത്രം 'നാം സൃഷ്ടിച്ചു' എന്ന് പറഞ്ഞിട്ടില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക. അഥവാ ഭ്രൂണത്തിന്റെ മുന്‍ സ്‌റ്റേജുകളെപ്പറ്റി പ്രസ്താവിച്ച പോലെ ഒരു സ്‌റ്റേജില്‍നിന്നും മറ്റൊരു സ്‌റ്റേജിലേക്ക് മാറുന്ന കാര്യം ഇവിടെ പ്രസ്താവിച്ചിട്ടില്ല. ക്വുര്‍ആനിന്റെ ഈ കൃത്യമായ പദപ്രയോഗങ്ങളില്‍നിന്ന് തന്നെ അസ്ഥികൂടം ഉണ്ടാകുന്നതിനോടൊപ്പം തന്നെ, അതേ സ്‌റ്റേജില്‍തന്നെ അസ്ഥികൂടത്തെ മസിലുകള്‍കൊണ്ട് പൊതിയുന്ന പ്രവൃത്തിയും (ഒരേസമയം) നടക്കുന്നു എന്ന് മനസ്സിലാക്കാം. ആധുനിക ഭ്രൂണശാസ്ത്രവും ഇക്കാര്യം കൃത്യമായി അംഗീകരിക്കുന്നു. ഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ എല്ലുകള്‍ ഉണ്ടാകുന്നതിനൊപ്പം തന്നെ എല്ലുകളെ പൊതിഞ്ഞുകൊണ്ട് മസിലുകളും ഉണ്ടാകാന്‍ ആരംഭിക്കുന്നു. മാത്രമല്ല ഇവിടെ ക്വുര്‍ആന്‍ ഉപയോഗിച്ച അറബി ഭാഷയിലെ വ്യാകരണത്തിലെ .........'fa' എന്ന conjunction ഒരു കാര്യത്തിനെ തുടര്‍ന്ന് മറ്റൊരുകാര്യം ഗ്യാപ്പ് ഇല്ലാതെ ഒരുമിച്ച് സംഭവിക്കുന്നതിനെ കുറിക്കുന്ന പദം കൂടിയാണ്.

സുബ്ഹാനല്ലാഹ്! ക്വുര്‍ആനിലെ ഓരോ പദപ്രയോഗവും ശാസ്ത്രീയമായി എത്രമാത്രം കൃത്യവും സൂക്ഷ്മവും ആണെന്ന് അത്ഭുതത്തോടെ അല്ലാതെ വീക്ഷിക്കാനാവില്ല. മറ്റു സ്‌റ്റേജുകളെ കുറിച്ച് വിവരിക്കുമ്പോളെല്ലാം ക്വുര്‍ആന്‍ ഉപയോഗിച്ച 'നാം സൃഷ്ടിച്ചു' എന്ന പ്രയോഗം അസ്ഥികളെ മാംസം കൊണ്ട് പൊതിയുന്നു എന്ന് പ്രസ്താവിച്ചപ്പോള്‍ ഉപയോഗിച്ചില്ല എന്നത് വെറും യാദൃച്ഛികം ആണോ? ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. ഏഴാം നൂറ്റാണ്ടിലെ നിരക്ഷരനായ പ്രവാചകന് എവിടെ നിന്നാണ് ഇത്രയും കൃത്യമായ അറിവുകള്‍ ലഭിക്കുക? ഒരു ഭ്രൂണത്തില്‍ സ്‌കെലിറ്റല്‍ സിസ്റ്റം ഡെവലപ്പ് ചെയ്യുന്നതിനൊപ്പം തന്നെ മസ്‌കുലാര്‍ സിസ്റ്റവും ഡെവലപ്പ് ആകുന്നു എന്ന അറിവ് പ്രവാചകന് ഏഴാം നൂറ്റാണ്ടില്‍ എങ്ങനെ ലഭിക്കാനാണ്? ക്വുര്‍ആന്‍ മനുഷ്യ വചനങ്ങളല്ല; നമ്മെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ വചനങ്ങള്‍ മാത്രമാണ് എന്നത് കൃത്യമായ ഈ ശാസ്ത്രീയ പദപ്രയോഗങ്ങള്‍ തെളിയിക്കുന്നു.

ക്വുര്‍ആനില്‍ മാത്രമല്ല, ഹദീഥിലും ഈ കാര്യം വളരെ കൃത്യമായി സംശയലേശമന്യെ വ്യക്തമാക്കിയിട്ടുണ്ട്.

'ബീജസങ്കലനം നടന്നതിനുശേഷം 42 ദിവസം കഴിഞ്ഞാല്‍ അല്ലാഹു ആ ഗര്‍ഭപാത്രത്തിന് അടുത്തേക്ക് ഒരു മലക്കിനെ അയക്കുന്നു. അങ്ങനെ മലക്ക് ആ ഭ്രൂണത്തിന് രൂപം നല്‍കുന്നു, കേള്‍വിയും കാഴ്ചയും തൊലികളും മാംസങ്ങളും എല്ലുകളും സൃഷ്ടിക്കുന്നു. എന്നിട്ട് മലക്ക് ചോദിക്കുന്നു; രക്ഷിതാവേ, ഇത് ആണോ പെണ്ണോ? അപ്പോള്‍ ആ കുട്ടി ആണാണോ പെണ്ണാണോ എന്നുള്ള അല്ലാഹുവിന്റെ തീരുമാനം മലക്ക് രേഖപ്പെടുത്തുകയും ചെയ്യുന്നു'(സഹീഹ് മുസ്‌ലിം).

ഹദീഥില്‍ നിന്നും ഭ്രൂണത്തിന് ആറാഴ്ച പ്രായമുള്ള അവസ്ഥയില്‍ അസ്ഥിയുടെയും മാംസത്തിന്റെയും തൊലിയുടെയുമെല്ലാം സൃഷ്ടിപ്പ് ഒരേ സമയം ആരംഭിക്കുന്നു എന്ന കാര്യം സംശയലേശമന്യെ വ്യക്തമാണ്.

വിശുദ്ധ ക്വുര്‍ആന്‍ തുടര്‍ന്ന് പറയുന്നു: 'എന്നിട്ട് മറ്റൊരു സൃഷ്ടിയായി നാം അതിനെ വളര്‍ത്തിയെടുത്തു.' വളരെ കൃത്യതയാര്‍ന്ന ഒരു പ്രസ്താവനയാണിത്.

ഒട്ടുമിക്ക എല്ലാ ജീവജാലങ്ങളും ഭ്രൂണാവസ്ഥയുടെ ആദ്യഘട്ടങ്ങളില്‍ ഒരുപാട് സാമ്യമുള്ളതായി കാണാം. അഥവാ ഒരു പൂച്ചയുടെയും പട്ടിയുടെയും പശുവിന്റെയും മനുഷ്യന്റെയും ഭ്രൂണങ്ങള്‍ ആദ്യ സ്‌റ്റേജില്‍ നമ്മുടെ മുന്നില്‍ കൊണ്ടു വന്നുവച്ച് പെട്ടെന്ന് തിരിച്ചറിയാന്‍ പറഞ്ഞാല്‍ അത് അല്‍പം പ്രയാസകരമായിരിക്കും. ഒരേ പ്രായത്തിലുള്ള ഇവയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ഇക്കാര്യം വ്യക്തമാകും:

human embryo, cow embryo, dog embryo, Cat embryo എന്ന ക്രമത്തിലാണ് വലതുവശത്ത് ചിത്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഭ്രൂണത്തിന്റെ വ്യത്യസ്ത അവസ്ഥകള്‍ വിവരിച്ചതിനു ശേഷം അല്ലാഹു പറഞ്ഞത് 'പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു' എന്നാണെന്ന് സൂചിപ്പിച്ചുവല്ലോ. ഭ്രൂണത്തിന്റെ ആദ്യ അവസ്ഥകളിലുള്ള രൂപത്തില്‍നിന്ന് പൂര്‍ണമായും മാറ്റംവന്ന, തികച്ചും വ്യത്യസ്തമായ മറ്റൊരു സൃഷ്ടിയായി ആ ഒരു ഭ്രൂണത്തെ അല്ലാഹു മാറ്റുന്നു എന്നര്‍ഥം. എത്ര കൃത്യമായ പ്രസ്താവനകളാണ് ക്വുര്‍ആന്‍ നടത്തുന്നത് എന്ന് നോക്കൂ!

നമ്മെ സൃഷ്ടിച്ച സ്രഷ്ടാവിനല്ലാതെ ആര്‍ക്കാണ് ഇത്തരം കൃത്യമായ പ്രസ്താവനകള്‍ നടത്താന്‍ കഴിയുക? ഏതു ജീവിയുടെ ഭ്രൂണമാണ് എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ നിന്ന് അഥവാ ഒരു ഭ്രൂണത്തെ വ്യത്യസ്തമായ ഒരു സൃഷ്ടിയായി അഥവാ മനുഷ്യക്കുട്ടിയായി അല്ലാഹു ഗര്‍ഭാശയത്തില്‍ വളര്‍ത്തിയെടുക്കുന്നു.