ശുദ്ധീകരണം: മഹത്ത്വവും മര്യാദകളും

മൂസ സ്വലാഹി, കാര

2020 ഏപ്രില്‍ 04 1441 ശഅബാന്‍ 11

ഇസ്‌ലാം പരിശുദ്ധവും പ്രകൃതിപരവുമാണ്. കുറെ നിയമങ്ങളും നിര്‍ദേശങ്ങളും ഇസ്‌ലാം മാനവരാശിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നുണ്ട്. അതെല്ലാം മനുഷ്യരുടെ ഇഹപര നേട്ടങ്ങള്‍ക്കായുള്ളത് മാത്രമാണ്. ദോഷകരമായ യാതൊരു കാര്യവും ഇസ്‌ലാം പഠിപ്പിക്കുന്നില്ല.

ശുദ്ധീകരണത്തിന്റെ കാര്യമെടുക്കാം. മാനസികവും ശാരീരികവുമായ ശുദ്ധി പാലിക്കുവാന്‍ ഇസ്‌ലാം വിശ്വാസികളോട് കല്‍പിക്കുന്നുണ്ട്.

മനസ്സിന്റെ വിമലീകരണമെന്നാല്‍ ശിര്‍ക്ക്, ബിദ്അത്ത്, മതനിഷേധം, സംശയം, പരിഹാസം, അസൂയ, അഹങ്കാരം, കാപട്യം, വഞ്ചന, പക, ലോകമാന്യത, ഊഹാപോഹങ്ങള്‍ എന്നിങ്ങനെ ചെറുതും വലുതുമായ എല്ലാ പാപങ്ങളില്‍നിന്നും മനസ്സിനെ സംസ്‌കരിക്കലാണത്.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''നിശ്ചയം, ഒരു വിശ്വാസി അശുദ്ധനാ വുകയില്ല'' (ബുഖാരി).

ശരീരം, വസ്ത്രം, സ്ഥലം എന്നിവ മാലിന്യമുക്തമാവുക എന്നതാണ് ശാരീരിക ശുദ്ധികൊണ്ട് അര്‍ഥമാക്കുന്നത്.

അബൂമൂസല്‍അശ്അരി(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''ശുദ്ധി വിശ്വാസത്തിന്റെ പകുതിയാണ്'' (മുസ്‌ലിം).

ആമിറുബ്‌നു സഅദി(റ)ല്‍ നിന്ന് നിവേദനം;  നബി ﷺ  പറഞ്ഞു: ''നിങ്ങളുടെ വീടുകളുടെ പരിസരങ്ങള്‍ നിങ്ങള്‍ ശുദ്ധിയാക്കുക. നിശ്ചയം ജൂതന്മാര്‍ അങ്ങനെ ചെയ്യാത്തവരാണ്''(ത്വബ്‌റാനി).

വഴിയില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കുക എന്നതിനെ വിശ്വാസകാര്യമായിട്ടും വഴിയോടുള്ള ബാധ്യതയായിട്ടുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ശുദ്ധിക്ക് ഇസ്‌ലാം നല്‍കിയ മഹത്ത്വം വ്യക്തമാക്കിത്തരുന്ന ചില പ്രമാണവചനങ്ങള്‍ ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ ഇഷ്ടം ശുദ്ധിയുള്ളവര്‍ക്കാണ് ലഭിക്കുക. അല്ലാഹു പറയുന്നു: ''...തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു''(ക്വുര്‍ആന്‍ 2:222).

നബി ﷺ യോട് അല്ലാഹു പ്രത്യേകമായി കല്‍പിച്ചത് കാണുക. അല്ലാഹു പറയുന്നു: നിന്റെ വസ്ത്രങ്ങ ള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 74:4,5).

ശുദ്ധിയുള്ളവരില്‍ ഉള്‍പ്പെടുത്താന്‍ നബി ﷺ  സദാ പ്രാര്‍ഥിക്കാറുണ്ടായിരുന്നു.

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''അല്ലാഹുവേ, പശ്ചാത്താപ നിമഗ്‌നരും പരിശുദ്ധരുമായ ജനങ്ങളില്‍ എന്നെ നീ ഉള്‍പ്പെടുത്തേണമേ'' (തിര്‍മിദി).

രണ്ടുതരം ശുദ്ധീകരണത്തെയും ഉള്‍ക്കൊള്ളുന്ന അധ്യാപനങ്ങളാണിതെല്ലാം. ഏതൊരു നന്മയും അല്ലാഹു സ്വീകരിക്കുക ശുദ്ധിയുള്ളവരില്‍ നിന്നാണ്.

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''ശുദ്ധിയോടുകൂടിയല്ലാതെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല'' (മുസ്‌ലിം).

 ദിവസവുമുള്ള അഞ്ച് സമയങ്ങളിലെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് മുമ്പായി അംഗസ്‌നാനം (വുദൂഅ്) ചെയ്യുവാനും കുളി അനിവാര്യമാകുന്ന സന്ദര്‍ഭങ്ങളില്‍ കുളിക്കുവാനും വെള്ളം ലഭിക്കാതിരിക്കുകയോ ലഭിച്ചാലും ഉപയോഗിക്കാന്‍ പറ്റാതിരികുകയോ ചെയ്യുന്ന സന്ദര്‍ഭമാണെങ്കില്‍ തയമ്മും ചെയ്ത് ശുദ്ധിവരുത്തുവാനും പഠിപ്പിച്ച മതമാണ് ഇസ്‌ലാം.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്‌കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും നിങ്ങളുടെ തലതടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജനം കഴിഞ്ഞ് വരികയോ നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം'' (ക്വുര്‍ആന്‍ 5:6).

ശരീരത്തിനും മനസ്സിനും  സുഖവും  ആശ്വാസവും നല്‍കുന്ന, പ്രകൃതിപരമായി ചെയ്യല്‍ അനിവാര്യമായ നിര്‍ദേശങ്ങളാണ് വൃത്തിയുടെ കാര്യത്തില്‍ ഇസ്‌ലാം നല്‍കുന്നത്.  

ആഇശ(റ)യില്‍ നിന്ന് നിവേദനം; റസൂല്‍ ﷺ  പറഞ്ഞു: ''പത്ത് കാര്യങ്ങള്‍ പ്രകൃതിപരമായ ബാധ്യതകളില്‍പെട്ടതാകുന്നു: മീശ വെട്ടുക, താടി വളര്‍ത്തുക, ദന്തശുദ്ധി വരുത്തുക, മൂക്കില്‍ വെള്ളം കയറ്റി ചീറ്റിക്കളയുക, നഖം മുറിക്കുക, വിരല്‍സന്ധികള്‍ കഴുകുക, കക്ഷത്തിലെ രോമം നീക്കുക, ഗുഹ്യസ്ഥാനത്തെ രോമം കളയുക, വെള്ളം ഉപയോഗിച്ച് ശൗച്യം ചെയ്യുക, വായില്‍ വെള്ളം കയറ്റി കൊപ്ലിക്കുക തുടങ്ങിയവയാണ് അവ'' (മുസ്‌ലിം).

കക്ഷത്തിലെയും ഗുഹ്യസ്ഥാനത്തെയും രോമം നീക്കം ചെയ്യാതെ നാല്‍പത് ദിവസത്തിലധികം ദീര്‍ഘിപ്പിക്കരുതെന്നും നബി ﷺ  ഉണര്‍ത്തിയിട്ടുണ്ട്. മഹാമാരികള്‍ പടര്‍ന്ന് പരക്കുമ്പോള്‍ രോഗപ്രതി രോധത്തിനായി  ശാസ്ത്രവും ആരോഗ്യ വകുപ്പും ചികിത്സാ രംഗത്തെ വിദഗ്ധരും നല്‍കുന്ന മുന്നറിയിപ്പുകളില്‍ പലതും നൂറ്റാണ്ടുകള്‍ക്കപ്പുറം ദൈവിക ബോധനത്തിന്റെ വെളിച്ചത്തില്‍ നബി ﷺ  ചെയ്ത് കാണിച്ചു തന്നവയാണെന്നത് എത്രമേല്‍ ഇസ്‌ലാം കാലോചിതമാണെന്നതിന്റെ  തെളിവ് കൂടിയാണ്.

ശുചിത്വ മേഖലയില്‍ ഓരോരുത്തരും കാണിശമായും പാലിക്കേണ്ട ഒട്ടനവധി മര്യാദകളെ കുറിച്ചും ഇസ്‌ലാം പറഞ്ഞിട്ടുണ്ട്. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യനില മെച്ചപ്പെടുത്താനുള്ള ഇത്തരം ഉപദേശങ്ങളെ തൊട്ട് അശ്രദ്ധരായാലുണ്ടാകുന്ന അപകടങ്ങള്‍ ചെറുതായിരിക്കില്ല.

ഭക്ഷണത്തിന് മുമ്പ്, ശേഷം, രോഗികളെ പരിചരിക്കുമ്പോള്‍, ദൂരയാത്രകളില്‍നിന്ന് തിരിച്ചെത്തുമ്പോള്‍, അഴുക്കോ മറ്റു മാലിന്യങ്ങളോ പുരളുമ്പോള്‍, ഉറക്കില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍... ഇത്തരം സമയങ്ങളില്‍ കൈകള്‍ ശരിയാംവിധം കഴുകല്‍ നിര്‍ബന്ധമാണ്.

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''നിങ്ങളില്‍ ആരും തന്നെ ഉറക്കമുണര്‍ന്നാല്‍ കൈ മൂന്നുതവണ കഴുകാതെ പാത്രത്തില്‍ മുക്കരുത്. കാരണം, രാത്രിയില്‍ കൈ എവിടെയൊക്കെ തട്ടിയിട്ടുണ്ടാകുമെന്ന് അവന്നറിയില്ല.'' (ബുഖാരി, മുസ്‌ലിം)

ആഇശ(റ)യില്‍ നിന്ന് നിവേദനം: ''നബി ﷺ ഭക്ഷണം കഴിക്കുവാനോ വെള്ളംകുടിക്കുവാനോ ഉദ്ദേശിച്ചാല്‍ മുന്‍കൈകള്‍ കഴുകുമായിരുന്നു'' (അഹ്്മദ്).

ചികില്‍സാ മേഖലയിലുള്ളവര്‍ നല്‍കുന്ന നിര്‍ദേശങ്ങളില്‍ കൈകളുടെ എല്ലാ ഭാഗങ്ങളും പൂര്‍ണമായും ഉരസി കഴുകണമെന്നത് ഇസ്‌ലാമിന്റെ പ്രാഥമിക ശുദ്ധിപാഠങ്ങളില്‍പെട്ടതാണ്.

ദന്ത ശുദ്ധീകരണം വായക്ക് ശുദ്ധിനല്‍കുന്നതും സ്രഷ്ടാവിന് തൃപ്തിയുള്ളതുമായ പ്രവര്‍ത്തനമാണ്. അഞ്ച് നേരങ്ങളില്‍ ഇസ്‌ലാം ഇതിനെ പ്രോത്സാഹിപ്പിച്ചു.

അബൂഹുറയ്‌റയി(റ)ല്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''എന്റെ സമുദായത്തോട് ഓരോ തവണയും വുദ്വൂവോടൊന്നിച്ച് ദന്തശുദ്ധി വരുത്താന്‍ ഞാന്‍ നിര്‍ബന്ധപൂര്‍വം കല്‍പിക്കുമായിരുന്നു; അത് അവര്‍ക്ക് വിഷമം സൃഷ്ടിക്കയില്ലായിരുന്നുവെങ്കില്‍''(അഹ്മദ്).

ഉറങ്ങുന്നതിന് മുമ്പ്, എഴുന്നേല്‍ക്കുന്ന നേരം, യാത്രകഴിഞ്ഞ് തിരിച്ചെത്തിയാല്‍ എന്നീ സന്ദര്‍ഭ ങ്ങളില്‍ കൂടി ദന്തശുദ്ധീകരണം നടത്തുവാന്‍ നിര്‍ദേശമുമുണ്ട്.

സ്വന്തം സ്ഥലങ്ങളെ പോലെത്തന്നെ പൊതുസ്ഥലങ്ങളെയും മലിനമാക്കാതിരിക്കാന്‍ നോക്കണം. കെട്ടിനില്‍ക്കുന്ന വെള്ളം, ജനങ്ങള്‍ സഞ്ചരിക്കുന്ന വഴി, കായ്കനികള്‍ നല്‍കുന്ന മരച്ചുവട്, തണല്‍ എന്നിവിടങ്ങളില്‍ വിസര്‍ജനം നടത്തരുതെന്ന് ഇസ്‌ലാം കല്‍പിക്കുന്നു. 'ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്' എന്ന ബോര്‍ഡ് സ്ഥാപിക്കപ്പെട്ടിടത്തെല്ലാം മാലിന്യങ്ങള്‍ കൊണ്ടുപോയി തള്ളുന്ന പ്രവണത മലയാളികള്‍ക്കിടയില്‍ കണ്ടുവരുന്നു എന്നത് ഖേദകരമാണ്.

ശൗച്യാലയങ്ങള്‍ മറയുള്ളതാകണം, അതിനുള്ളില്‍ സംസാരം പാടില്ല എന്നും ഇസ്‌ലാം നിര്‍ദേശിക്കുന്നു.

ജാബിറി(റ)ല്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''രണ്ടു പേര്‍ കാഷ്ടിക്കുകയാണെങ്കില്‍ പരസ്പരം മറഞ്ഞിരിക്കണം. സംസാരിക്കാതിരിക്കുകയും ചെയ്യേണ്ടതാണ്. കാരണം അല്ലാഹു അത് വെറുക്കുന്നു''(അഹ്മദ്)

വലതുകൈകൊണ്ട് വിസര്‍ജ്യം കഴുകല്‍, പാനീയങ്ങളിലേക്ക് ഊതല്‍ എന്നിവ വെറുക്കപ്പെട്ടതും മര്യാദയില്ലായ്മയുമായിട്ടാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. വെള്ളത്തിലേക്ക് ഊതുമ്പോള്‍ വായില്‍നിന്നുള്ള ദുര്‍ഗന്ധവും ഉച്ചിഷ്ടവും അതില്‍ ചേരുവാന്‍ സാധ്യതയുണ്ട്.

അബൂക്വതാദ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''നിങ്ങളില്‍ ആരും തന്നെ മൂത്രിക്കുന്നതിനിടയില്‍ വലതുകൈകൊണ്ട് ലിംഗം സ്പര്‍ശിക്കുകയോ കാഷ്ടം തുടച്ചുകളയുകയോ ചെയ്യരുത്. വെള്ളത്തില്‍ ഊതുകയുമരുത്'' (ബുഖാരി, മുസ്‌ലിം).

കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രിക്കുക, വലിയ അശുദ്ധി(ജനാബത്ത്)യുള്ളവനായിരിക്കെ അതില്‍ കുളിക്കുക എന്നിവ പാടുള്ളതല്ല. വെള്ളത്തിന്റെ ശുദ്ധിക്ക് ഭംഗംവരുത്താനും ശുദ്ധീകരണത്തിനാ യി അത് ഉപയോഗിക്കുന്നവരെ അസുഖങ്ങള്‍ പിടികൂടാനും അത് കാരണമാകും.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''നിങ്ങളില്‍ ആരും തന്നെ ഒഴുകിപ്പോകാത്ത കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുകയും എന്നിട്ട് അതില്‍ തന്നെ കുളിക്കുകയും ചെയ്യരുത്'' (ബുഖാരി).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''നിങ്ങളില്‍ ആരും തന്നെ ജനാബത്ത് (വലിയ അശുദ്ധി) ഉണ്ടായിരിക്കെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുളിക്കരുത്''(മുസ്‌ലിം).

അശുദ്ധമായ വെള്ളം കൊണ്ട് ഉപയോഗപ്രദമായ ഒന്നും തന്നെ വൃത്തിയാക്കരുത്. നാം നിസ്സാരമെന്ന് വിചാരിക്കുന്ന കാര്യങ്ങളില്‍പോലും ഇസ്‌ലാമിക നിയമം നമുക്ക് ആശ്വാസമാണ്.

നബി ﷺ  പറഞ്ഞു: ''വെള്ളം ശുദ്ധമാണ്; പുതുതായി വന്നുചേരുന്ന മാലിന്യം നിമിത്തം അതിന്റെ ഗന്ധമോ, രുചിയോ, വര്‍ണമോ വ്യത്യാസപ്പെട്ടെങ്കിലല്ലാതെ'' (ബൈഹക്വി).

എല്ല്, ചാണകം എന്നിവകൊണ്ട് ശുദ്ധീകരിക്കലും വിരോധിക്കപ്പെട്ടിട്ടുണ്ട്.

സല്‍മാനി(റ)ല്‍ നിന്ന് നിവേദനം: ''നിശ്ചയം, ചാണകം കൊണ്ടോ എല്ലുകൊണ്ടോ ശുദ്ധിയാക്കുന്നത് നബി ﷺ  ഞങ്ങളോട് വിരോധിച്ചിരിക്കുന്നു'' (മുസ്‌ലിം).

കുളിക്കാന്‍ സൗകര്യപ്പെടുത്തിയ ഭാഗങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നതും ആവശ്യനിര്‍വഹണത്തിന് ശേഷം കൈകള്‍ കഴുകാതിരിക്കുന്നതും നബി ﷺ  വിലക്കിയതാണ്.

അബ്ദുല്ലാഹ് ഇബ്‌നു മുഗഫ്ഫി(റ)ല്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''നിങ്ങളിലൊരാളും തന്റെ കുളിപ്പുരയില്‍ മൂത്രമൊഴിക്കുകയും ശേഷം അതില്‍ കുളിക്കുകയും ചെയ്യരുത്'' (ഇബ്‌നുമാജ).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ''നബി ﷺ  വിസര്‍ജനസ്ഥലത്തേക്ക് പോയാല്‍ ഞാന്‍ തിരു മേനി ﷺ ക്ക് ഒരു ചെറുപാത്രത്തിലോ തോല്‍സഞ്ചിയിലോ വെള്ളം കൊണ്ടെത്തിക്കുമായിരുന്നു. അപ്പോള്‍ നബി ﷺ  വെള്ളം കൊണ്ട് ശുദ്ധീകരിച്ചു. പിന്നീട് തന്റെ കയ്യ് മണ്ണില്‍ തേച്ചു.'' (അബൂദാവൂദ്)

ഒരു ബാത്ത്‌റൂമില്‍ തന്നെ രണ്ടിനും വെവ്വേറ ഭാഗങ്ങള്‍ സൗകര്യപ്പെടുത്തിയീട്ടുണ്ടെങ്കില്‍ ആ നിലയ്ക്ക് അതിനെ ഉപയോഗപ്പെടുത്താം. മണ്ണ്, സോപ്പ് മുതലയ ഉപയോഗിച്ച് കൈകള്‍ ശുദ്ധിയാക്കാവുന്നതാണ്.

ആരോഗ്യത്തിന് ഹാനികരമല്ലാത്ത നല്ല ഭക്ഷണ പാനിയങ്ങള്‍ ഉപയോഗിക്കണമെന്നതും ഭക്ഷിക്കലും കുടിക്കലും വലതുകൈകൊണ്ടാകണമെന്നതും നിര്‍ബന്ധമായും പാലിക്കപ്പെടേണ്ട നിയമമാണ്.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍''(ക്വുര്‍ആന്‍ 2:172).

ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ല്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു:''നിങ്ങളിലൊരാള്‍ ഭക്ഷിക്കുകയാണെങ്കില്‍ തന്റെ വലതുകൈകൊണ്ടു ഭക്ഷിക്കുകയും കുടിക്കുകയാണെങ്കില്‍ വലതുകൈകൊണ്ടു കുടിക്കുകയും ചെയ്യട്ടെ. നിശ്ചയം, ശൈത്വാനാണ് തന്റെ ഇടതുകൈകൊണ്ടു തിന്നുകയും ഇടതു കൈകൊണ്ടു കുടിക്കുകയും ചെയ്യുക''(മുസ്‌ലിം).

ഇസ്‌ലാം മാനുഷിക മൂല്യങ്ങളെ സംരക്ഷിക്കുന്ന മതമാണെന്നതിന് ഇതിലും വലിയ തെളിവുകളുടെ ആവിശ്യമില്ല. മനുഷ്യജീവിതത്തിന്റെ മാറ്റങ്ങളെപ്പറ്റി വ്യക്തമായി അറിയുന്ന രക്ഷിതാവ് എക്കാലത്തുമുള്ളവര്‍ക്ക് വേണ്ടി ഇത്തരം നിയമങ്ങള്‍ നല്‍കിയത് പ്രയാസപ്പെടുത്താനല്ല; എളുപ്പം നല്‍കാനാണെന്ന് ഇസ്‌ലാമിനോടടുക്കുന്ന ആര്‍ക്കും ബോധ്യമാകും.