ദെവവിശ്വാസികളായ ശാസ്ത്രജ്ഞര്‍

ഡോ.സബീല്‍ പട്ടാമ്പി

2020 സെപ്തംബര്‍ 12 1442 മുഹര്‍റം 24

(ശാസ്ത്രം വളര്‍ന്നപ്പോള്‍ ദൈവം തളര്‍ന്നോ? 2)

മതത്തിന്റെ വക്താക്കള്‍ ശാസ്ത്രബോധമില്ലാത്തവരാണെന്നും ശാസ്ത്രം വളര്‍ന്നാല്‍, അല്ലെങ്കില്‍ മനുഷ്യര്‍ ശാസ്ത്ര പഠനത്തിന്റെ ഉന്നതിയില്‍ എത്തിയാല്‍ ദൈവം അപ്രസക്തമാകുമെന്നുമൊക്കെയുള്ള യുക്തിവാദ പ്രസ്ഥാനക്കാരുടെ പ്രചാരണത്തിന്റെ നിജസ്ഥിതിയാണ് നാം പരിശോധിച്ചു വരുന്നത്. കഴിഞ്ഞ ലക്കത്തില്‍ ഐന്‍സ്റ്റീനും ന്യൂട്ടണുമെല്ലാം ദൈവവിശ്വാസികളായിരുന്നുവെന്ന് നാം സൂചിപ്പിക്കുകയുണ്ടായി. ഇനി ദൈവവിശ്വാസികളായ മറ്റ് പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ ആരെല്ലാമായിരുന്നു എന്ന് കൂടി പരിശോധിക്കാം.

ഇരുപതാം നൂറ്റാണ്ടിനു മുമ്പുള്ള ദൈവവിശ്വാസികളായ ശാസ്ത്രജ്ഞര്‍

ഇന്നു നാം അനുഭവിക്കുന്ന പല ശാസ്ത്ര വൈജ്ഞാനിക മേഖലകളുടെയും തുടക്കം കുറിച്ചത് 16,17,18,19 നൂറ്റാണ്ടുകളിലായിരുന്നു. വിവിധ ശാസ്ത്രമേഖലകള്‍ക്ക് തുടക്കംകുറിച്ച പ്രമുഖരായ ശാസ്ത്രജ്ഞരെല്ലാം ദൈവവിശ്വാസികളായിരുന്നുവെന്ന കാര്യം ശ്രദ്ധേയമാണ്. 16ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗലീലിയോ ഗലീലിയും നികോളാസ് കോപ്പര്‍ നിക്കസും 17ാം നൂറ്റാണ്ടില്‍ ജീവിച്ച, പ്രസിദ്ധമായ 'ഗ്രഹങ്ങളുടെ ചലന നിയമങ്ങള്‍' (Kepler's Law of Planetary motion) രൂപീകരിച്ച കെപ്ലറും ദൈവവിശ്വാസികളായിരുന്നു.

'ശാസ്ത്ര പഠനത്തിന്റെ രീതികള്‍' ആവിഷ്‌കരിച്ചെടുത്തത് ഗലീലിയോ ആയിരുന്നു. അദ്ദേഹം പറയുന്നത് കാണുക: ''മനുഷ്യശരീരത്തിലെ ചിന്തകള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അത്ഭുതകരമായ പല കാര്യങ്ങളിലേക്കും നോക്കുമ്പോള്‍, എനിക്ക് കൂടുതല്‍ ബോധ്യംവന്ന ഒരു കാര്യം എന്തെന്നാല്‍, മനുഷ്യബുദ്ധി എന്നത് ദൈവത്തിന്റെ സൃഷ്ടിയാണ്. ഏറ്റവും മഹത്തരമായ സൃഷ്ടി വൈഭവം''(Michael CaputobpsS Einstein, Galileo, Newton: What did the three greatest scientists believe about God എന്ന പുസ്തകം, പേജ് 85ല്‍ ഉദ്ധരിച്ചത്).

'ആധുനിക കെമിസ്ട്രിയുടെ പിതാവ്' (Father of Modern Chemistry) എന്നറിയപ്പെടുന്ന റോബര്‍ട്ട് ബോയില്‍ (1627-1691) ഒരു ശക്തനായ മതവിശ്വാസിയായിരുന്നു എന്നതാണു വാസ്തവം. അദ്ദേഹം അദ്ദേഹത്തിന്റെ മതവിശ്വാസവും ചിന്തകളും ക്രോഡീകരിച്ച് എഴുതിയ ഗ്രന്ഥമാണ് The Excellency of Theology (1674) എന്നത്. ഇതില്‍ ദൈവനിഷേധികളെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ആ ഗ്രന്ഥത്തില്‍നിന്നുള്ള ഒരു ഉദ്ധരണി കാണുക: ''ആകാശഗോളങ്ങളുടെ വിശാലത, സൗന്ദര്യം, ചലനങ്ങളിലുള്ള കൃത്യത, ജന്തുക്കളുടെയും സസ്യങ്ങളുടെയും അത്ഭുതകരമായ ഘടന പോലുള്ള പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ള, മുന്‍ധാരണയില്ലാത്ത ഏതൊരാള്‍ക്കും പരമാധികാരിയായ, ശക്തനായ ഒരു സ്രഷ്ടാവ് ഉണ്ടെന്ന നിഗമനത്തില്‍ എത്താന്‍ സാധിക്കും.''

ഇനി വൈദ്യശാസ്ത്രത്തിലേക്ക് വരാം. 'മൈക്രോബയോളജിയുടെയും ഇമ്മ്യൂണോളജിയുടെയും പിതാവ്' എന്നറിയപ്പെടുന്ന, ആന്ത്രാക്‌സ്, റാബീസ് എന്നിവക്കുള്ള വാക്‌സിന്‍ ആദ്യമായി വികസിപ്പിച്ചെടുത്ത മഹാനായ ലൂയിസ് പാസ്ച്ചര്‍ (1822-1895) ഒരു ദൈവവിശ്വാസിയായിരുന്നു. ആധുനിക 'ജനിതക ശാസ്ത്രത്തിന്റെ പിതാവ്' (Father of Genetics) എന്നറിയപ്പെടുന്ന ഗ്രിഗര്‍ മെന്‍ഡല്‍ (1822-1884) ഒരു ചര്‍ച്ചിലെ പുരോഹിതനായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖരായ ശാസ്ത്രജ്ഞര്‍

വിവിധ ശാസ്ത്രമേഖലകളില്‍ നിരവധി കണ്ടെത്തലുകള്‍ക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമായിരുന്നു 20ാം നൂറ്റാണ്ട്. 1900 മുതല്‍ 2000 വരെ ജീവിച്ച പ്രഗത്ഭരും ദൈവവിശ്വാസികളുമായ ശാസ്ത്രജ്ഞര്‍ ആരെല്ലാമായിരുന്നുവെന്ന് പരിശോധിക്കാം.

(1) മാക്‌സ് പ്ലാങ്ക്: (1858-1947).

ജര്‍മന്‍ സ്വദേശി, PhD in Physics. ക്വാണ്ടം തിയറിയുടെ (Quantum theory) ഉപജ്ഞാതാവ്. ആധുനിക ഫിസിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്നു. ആപേക്ഷികതാ സിദ്ധാന്തത്തിനും (Theory of relativtiy) വൈദ്യുത കാന്തിക തരംഗ (Eletcromagnetic waves) പഠനത്തിന് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1918ല്‍ ഫിസ്‌ക്‌സില്‍ നോബല്‍ സമ്മാനം നേടി. ഇനി അദ്ദേഹത്തിന് ദൈവത്തെ പറ്റി എന്താണു പറയാനുള്ളതെന്ന് നോക്കാം:

''മതവും ശാസ്ത്രവും തമ്മില്‍ ഒരു ഏറ്റുമുട്ടലിന്റെ ആവശ്യമില്ല. ഗൗരവമായി ചിന്തിക്കുന്ന ഒരു വ്യക്തിക്ക് അവന്റെ ഉള്ളില്‍ ഒരു മതബോധം കണ്ടെത്താനാകും. അതിനെ പരിപോഷിപ്പിക്കുക വഴി അവനു ജീവിതത്തില്‍ ഒരു സന്തുലിതത്വം കണ്ടെത്താനാകും. ചരിത്രത്തിലെ പ്രമുഖരെല്ലാം ദൈവ വിശ്വാസികളായിരുന്നു എന്നത് ആകസ്മികമായി സംഭവിച്ചതല്ല'' (പ്ലാങ്കിന്റെ തന്നെ ഗ്രന്ഥമായ Where is science goingല്‍ ഉദ്ധരിച്ചത്).

മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: ''...പ്രപഞ്ചത്തിലെ എല്ലാ ഊര്‍ജങ്ങള്‍ക്കും പിന്നില്‍ ഒരു ബുദ്ധിമാനായ ശക്തിയുണ്ട്. അതായത് എല്ലാത്തിന്റെയും കാരണക്കാരനായ ഒരു ബുദ്ധി'' (Quoted in "Material science on the wrongt rack").

(2) എര്‍വിന്‍ ഷ്രോഡിംഗര്‍ (1887-1961):

ഓസ്ട്രിയക്കാരന്‍. PhD in Physics. ആറ്റോമിക് തിയറിക്ക് 1933ല്‍ നോബല്‍ സമ്മാനം. തരംഗ സിദ്ധാന്തത്തിനും ക്വാണ്ടം മെക്കാനിക്‌സിനും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വേവ് മെക്കാനിക്‌സിന്റെ സ്ഥാപകന്‍ എന്നറിയപ്പെടുന്നു. അദ്ദേഹം പറയുന്നു: ''നമ്മള്‍ എവിടെനിന്ന് വന്നു? എവിടേക്കാണ് നാം പോകുന്നത്? ഇതൊരു വലിയ ചോദ്യമാണ്. എല്ലാവര്‍ക്കും ആശയക്കുഴപ്പമുള്ള ചോദ്യം. സയന്‍സിന് ഇതിനൊരു ഉത്തരവുമില്ല'' (Nature and the Greeks, Page: 95,96).

ജീവിതത്തിന്റെ ലക്ഷ്യം, മരണാനന്തരം എന്ത് തുടങ്ങിയ കാര്യങ്ങള്‍ ഷ്രോഡിംഗറെ ചിന്തിപ്പിച്ചിരുന്നു എന്ന് ഈ വരികളില്‍നിന്ന് വ്യക്തമാണ്. ഇത് എല്ലാ കാലത്തുള്ളവര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമാണെന്നും ശാസ്ത്രത്തിനു ഇവക്ക് ഉത്തരമില്ലെന്നും അദ്ദേഹം പറയുന്നു. യൂറോപ്യനായ ഷ്രോഡിംഗര്‍ ഇന്ത്യന്‍വേദങ്ങളിലും ഉപനിഷത്തുക്കളിലുമൊക്കെ തല്‍പരനായിരുന്നതായി കാണാം. അതായത് ദൈവത്തെ അന്വേഷിച്ച് വേദോപനിഷത്തുകള്‍ വരെ അദ്ദേഹം എത്തി എന്നര്‍ഥം.

(3) വെര്‍ണര്‍ ഹൈസന്‍ബര്‍ഗ് (1901-1976):

ജര്‍മനിക്കാരന്‍. PhD in Physics. 1932ല്‍ നോബല്‍ സമ്മാനം. ഇദ്ദേഹത്തിന്റെ 'അനിശ്ചിതത്വ സിദ്ധാന്തം' (Uncertaintiy Principle) ഫിസിക്‌സിലെ ഒരു അടിസ്ഥാന സിദ്ധാന്തമാണ്. അദ്ദേഹം പറഞ്ഞു: 'ശാസ്ത്രത്തിന്റെ ആദ്യ ഇറക്കുവെള്ളം കുടിച്ചാല്‍ നീ ഒരു നിരീശ്വരവാദി ആയേക്കാം. എന്നാല്‍ അതേ ഗ്ലാസ്സിന്റെ അടിഭാഗത്ത് ദൈവം നിന്നെ കാത്തിരിക്കുന്നു'' (Heisenberg, quoted in Hilderbrand, 1988). ശാസ്ത്രത്തിലെ അല്‍പജ്ഞാനം നിന്നെ ഒരു നിരീശ്വരവാദി ആക്കാമെങ്കിലും ആഴത്തിലുള്ള പഠനം നിന്നെ ഒരു ദൈവവിശ്വാസിയാക്കും എന്നര്‍ഥം.

(4) റോബര്‍ട്മില്ലിക്കന്‍ (1868-1953):

അമേരിക്കക്കാരന്‍. PhD in Physics. ഇലക്ട്രോണ്‍ കണികയുടെ ചാര്‍ജ് കണ്ടെത്തിയതിനു 1923ല്‍ നോബല്‍ സമ്മാനം. മില്ലിക്കന്‍ അദ്ദേഹത്തിന്റെ ബയോഗ്രഫിയില്‍ എഴുതുന്നു: ''മനുഷ്യരാശിയുടെ നന്മയും വളര്‍ച്ചയും നിലകൊള്ളുന്നത് രണ്ട് കാര്യങ്ങളിലാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ കാര്യങ്ങള്‍ തകരും. അവയില്‍ ഒന്ന് അവനിലുള്ള മതത്തിന്റെ അംശമാണ്.മറ്റേത് ശാസ്ത്രബോധവും'' (Autobiography of Millikan, Chapter 12, "The two supreme elements of human progress").

അദ്ദേഹം ഇത്രകൂടി പറഞ്ഞു: ''ഒരു നിരീശ്വര വാദിക്ക്(ദൈവനിഷേധി) ഒരു നല്ല ശാസ്ത്രജ്ഞനാകാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഗൗരവമായി ചിന്തിക്കുന്ന ഒരാള്‍ ദൈവനിഷേധിയായതായി എനിക്കറിയില്ല'' (Taken from an interview "A scientist's God" in 1925).

മറ്റൊരിക്കല്‍ മില്ലിക്കന്‍ പറഞ്ഞു: 'സയന്‍സ് നമുക്ക് വ്യവസ്ഥാപിതമായ ഈ പ്രപഞ്ചത്തെപ്പറ്റി അറിയിച്ച് തന്നു. കൃത്യമായ കണക്കുകളോടും നിയമങ്ങളോടുംകൂടി പ്രവര്‍ത്തിക്കുന്ന പ്രപഞ്ചം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പ്രകൃതിനിയമങ്ങള്‍ വഴി പ്രവര്‍ത്തിക്കുന്ന ഒരു ദൈവം'' (Science and Religion, Page: 70, Yale Universtiy press, 1930).

(5) ചാള്‍സ് ടൊവന്‍സ് (1915-2015):

അമേരിക്കക്കാരന്‍. PhD in Physics. 1964ല്‍ ക്വാണ്ടം ഇലക്ട്രോണിക്‌സില്‍ നോബല്‍ സമ്മാനം. ലേസര്‍ കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. 2002 ഏപ്രിലില്‍ പാരീസില്‍ വെച്ചു നടന്ന The covergencs of Science and religion (മതത്തിന്റെയും ശാസ്ത്രത്തിന്റെയും സംഗമം) എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''സയന്‍സും മതവും വ്യത്യസ്തമായ ഘടകങ്ങളായാണ് സാധാരണ പരിഗണിക്കപ്പെടാറുള്ളത്. മതം പ്രപഞ്ചത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ശാസ്ത്രം സംസാരിക്കുന്നത് പ്രപഞ്ചത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തെ പറ്റിയാണ്. അഥവാ ഇവ രണ്ടും പരസ്പരബന്ധിതമാണ്.''

1998ല്‍ 'ദി ന്യൂസ് വീക്' മാഗസിന് കൊടുത്ത അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ''പ്രപഞ്ചത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ മതവീക്ഷണങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ്'' (ദി ന്യൂസ് വീക്, 1998, ജുലൈ 27).

(6) ആര്‍തര്‍ ഷാവ്‌ലോ (1921-1999):

അമേരിക്കക്കാരന്‍. PhD in Physics. ലേസര്‍ സ്‌പെക്ട്രോമെട്രിയിലുള്ള സംഭാവനകള്‍ക്ക് 1981ല്‍ നോബല്‍ സമ്മാനം. അദ്ദേഹം പറയുന്നത് കാണാം:

''ജീവനുകളുടെയും ഈ പ്രപഞ്ചത്തിന്റെയും അത്ഭുതങ്ങള്‍ കാണുമ്പോള്‍ ഒരാള്‍ ചോദിച്ചേക്കാം; 'എന്തുകൊണ്ട്?' ഇതിനുള്ള ഒരേയൊരു ഉത്തരം മതം എന്നാണ്. ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. ശാസ്ത്ര പഠനം ഒരു ആരാധനയായി ഞാന്‍ കാണുന്നു. കാരണം, അതുവഴി ദൈവത്തിന്റെ അത്ഭുത സൃഷ്ടിപ്പിനെ കൂടുതല്‍ അടുത്തറിയാന്‍ എനിക്ക് സാധിക്കുന്നു'' (Cosmos,Bios,TheosMargenau& Varghese.M.Roy).

(7) സര്‍ വില്യം ബ്രാഗ്:

ബ്രിട്ടീഷ് പൗരന്‍. 1915ല്‍ ഫിസിക്‌സില്‍ നോബല്‍ സമ്മാനം. ഇദ്ദേഹം 1941ല്‍ 'സയന്‍സും വിശ്വാസവും' എന്ന പേരില്‍ ഒരു പ്രഭാഷണം നടത്തിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറഞ്ഞു: ''ഒരു മനുഷ്യന്റെ ലക്ഷ്യം പഠിപ്പിക്കുന്നത് മതമാണ്. സയന്‍സ് ആ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ അവനെ സഹായിക്കുന്നു. ചിലപ്പോള്‍ ആളുകള്‍ ചോദിക്കാറുണ്ട്; സയന്‍സും മതവും പരസ്പര വിരുദ്ധങ്ങളല്ലേ എന്ന്. ഞാന്‍ പറയും; അതെ, എന്റെ കൈയിലെ തള്ളവിരലും മറ്റു വിരലുകളും എതിര്‍ ദിശയിലായത് പോലെ. ഇവ എതിര്‍ദിശയിലായതുകൊണ്ടാണല്ലോ നമുക്ക് പിടിക്കാന്‍ സാധിക്കുന്നത്'' (Caroe ഉദ്ധരിച്ചത്, പേജ്: 164).

(8) മാര്‍ക്കോണി:

ഇറ്റലിക്കാരന്‍. ഇദ്ദേഹമാണ് ടെലിഗ്രാഫിയും ഇന്ന് നമ്മള്‍ കേള്‍ക്കുന്ന റേഡിയോയും കണ്ടുപിടിച്ചത്. ഈ കണ്ടെത്തലിനാണ് 1909ല്‍ അദ്ദേഹത്തിന് നോബല്‍ സമ്മാനം കിട്ടിയത്. അദ്ദേഹം പറഞ്ഞു:

''പ്രകൃതിയെക്കുറിച്ചും ശാസ്ത്രത്തെപ്പറ്റിയും ഞാന്‍ എത്രയധികം പഠിക്കുന്നുവോ അത്രയുമധികം ദൈവത്തിന്റെ മനുഷ്യരോടുള്ള ബന്ധത്തെ ഞാന്‍ അറിയുന്നു. ആ സ്രഷ്ടാവും നിയന്താവുമായ ദൈവത്തെ ഞാന്‍ എത്ര അറിയാന്‍ ശ്രമിക്കുന്നുവോ അപ്പോഴൊക്കെ ഞാന്‍ ശാസ്ത്രത്തോടടുക്കുന്നു''(മാര്‍ക്കോണിയില്‍ നിന്ന് ഭാര്യ ക്രിസ്റ്റീന മാര്‍ക്കോണി ഉദ്ധരിച്ചത്, പേജ്: 244).

(9) ആര്‍തര്‍ കോമ്പ്റ്റണ്‍:

അമേരിക്കക്കാരന്‍. 1927ല്‍ നോബല്‍ സമ്മാനം. എക്‌സറേ തരംഗത്തെ എലക്ട്രോണുകളുമായി കൂട്ടിമുട്ടിച്ച് പരീക്ഷണം നടത്തി. 'മരണാനന്തര ജീവിതം ഒരു ശാസ്ത്രജ്ഞന്റെ വീക്ഷണത്തില്‍' എന്ന ഒരു ലേഖനം (1931) ഇദ്ദേഹം എഴുതിയിട്ടുണ്ട്. Chicago daily News അദ്ദേഹം എഴുതി:

 'ഈ പ്രപഞ്ചത്തെയും മനുഷ്യനെയും ഒരു ഉന്നതശക്തി സൃഷ്ടിച്ചു എന്ന് മനസ്സിലാക്കുന്നതാണു എന്റെദൈവ വിശ്വാസം. ഇങ്ങനെ വിശ്വസിക്കാന്‍ എനിക്ക് യതൊരു തടസ്സവുമില്ല. എവിടെയൊക്കെ വ്യക്തമായ സംവിധാനം കാണാമോ അതിന്റെയൊക്കെ പിന്നില്‍ ഒരു ബുദ്ധി ഉണ്ട്'' (1936 ഏപ്രില്‍ 12 ലെ ചിക്കാഗോ ഡെയിലി ന്യൂസില്‍ കോമ്പ്റ്റണ്‍ എഴുതിയ ലേഖനം).

ഇതുപോലെ ഓരോ ശാസ്ത്രജ്ഞന്റെയും പ്രസ്താവനകള്‍ ഉദ്ധരിക്കുകയാണെങ്കില്‍ ലേഖനം നീണ്ടു പോകും എന്നതുകൊണ്ട്, ഇനി ദൈവവിശ്വാസികളായ ശാസ്ത്രജ്ഞരുടെ പേരുകള്‍ മാത്രം താഴെ കൊടുക്കുന്നു:

(10) വില്യം ഫിലിപ്‌സ്:

അമേരിക്കക്കാരന്‍. 1997ല്‍ ഫിസിക്‌സില്‍ നോബല്‍ സമ്മാനം.

(11) അര്‍ണോ പെന്‍സിയാസ്: 

ജര്‍മനിയില്‍ ജനനം. അമേരിക്കന്‍ പൗരത്വം. ബിഗ് ബാംഗ് സിദ്ധാന്തത്തെ ബലപ്പെടുത്തുന്ന കോസ്മിക് തരംഗങ്ങളുടെ സാന്നിധ്യം കണ്ടത്തിയതിന്റെ പേരില്‍ 1978ല്‍ നോബല്‍ സമ്മാനം.

(12)നെവില്‍മോട്ട്:

ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍. സെമി കണ്ടക്റ്ററുകളുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്ക് 1977ല്‍ നോബല്‍ സമ്മാനം. അന്താരാഷ്ട്ര ഫിസിക്‌സ് കമ്മിറ്റിയുടെ പ്രസിഡന്റായി 5 വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

(13) ഇസിഡോര്‍ ഐസാക് റബി: 

ഓസ്ട്രിയയില്‍ ജനനം. അമേരിക്കയില്‍ പൗരത്വം. ഫിസിക്‌സില്‍ 1944ല്‍ നോബല്‍ സമ്മാനം.

(14) ഡോ: അബ്ദുസ്സലാം: 

പാക്കിസ്ഥാന്‍ പൗരന്‍. 1979 ല്‍ നോബല്‍ സമ്മാനം. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സിന്റെ (ഇറ്റലി) ഡയറക്റ്റര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

(15) ആന്റണി ഹെവിഷ്: 

ബ്രിട്ടീഷ്, 1974ല്‍ നോബല്‍ സമ്മാനം.

(16) ജോസഫ് ടെയിലര്‍: 

അമേരിക്കക്കാരന്‍, 1993ല്‍ നോബല്‍ സമ്മാനം.

ശാസ്ത്രമേഖലയില്‍ ലഭിക്കാവുന്ന ഏറ്റവുംവലിയ അംഗീകാരമാണ് നോബല്‍ സമ്മാനം എന്നോര്‍ക്കുക. മുകളില്‍ നാം കൊടുത്ത ലിസ്റ്റ് 1901 മുതല്‍ 2000 വരെ ഫിസിക്‌സില്‍ മാത്രം നോബല്‍ സമ്മാനം നേടിയ 'ദൈവ വിശ്വാസികളായ'ശാസ്ത്രജ്ഞന്മാരുടെ ലിസ്റ്റാണ്. ഇത് കൂടാതെ കെമിസ്ട്രിയിലെയും വൈദ്യശാസ്ത്രത്തിലെയും നോബെല്‍ ജേതാക്കളായ ദൈവവിശ്വാസികളായ ശാസ്ത്രജ്ഞരുടെ ലിസ്റ്റ് വേറെയുമുണ്ട്. ഉദാഹരണമായി വൈദ്യശാസ്ത്രത്തിന്റെ ഗതിതന്നെ മാറ്റിയ പെനിസിലിന്‍ എന്ന ആന്റിബയോട്ടിക് കണ്ടെത്തിയതിനു നോബല്‍ സമ്മാനം നേടിയ അലക്‌സാണ്ടര്‍ ഫ്‌ളമ്മിംഗ് ഒരു ക്രിസ്ത്യാനിയായിരുന്നു.

1901 മുതല്‍ 2000 വരെയുള്ള വിവിധ ശാസ്ത്രശാഖകളിലുള്ള മൊത്തം നോബല്‍ സമ്മാന ജേതാക്കളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അവരില്‍ 65.4% പേരും ഏതെങ്കിലും ദൈവവിശ്വാസം ഉള്ളവരായിരുന്നു എന്ന് കാണാം. ഇത് മൊത്തത്തിലുള്ള കണക്കാണ്. ഇനി വേര്‍ത്തിരിച്ചുള്ള കണക്ക് നോക്കാം. ഈ 100 വര്‍ഷത്തിനിടയില്‍ കെമിസ്ട്രിയില്‍ നോബല്‍ സമ്മാനം നേടിയവരില്‍ 72.5% പേരും, ഫിസിക്‌സില്‍ നോബല്‍ നേടിയവരില്‍ 65.3% പേരും വൈദ്യ ശാസ്ത്രത്തില്‍ നോബല്‍ നേടിയവരില്‍ 62% പേരും സമാധാനത്തിന് നോബല്‍ സമ്മാനം നേടിയവരില്‍ 78.3% പേരും ദൈവവിശ്വാസികളായിരുന്നു. ((Source: Baruch Shalev എഴുതിയ 100 Years of Nobel Prizes എന്ന പുസ്തകം).

ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടായേക്കാനിടയുള്ള സംശയമുണ്ട്. അപ്പോള്‍ ബാക്കിയുള്ള 30-35% നോബല്‍ സമ്മാന ജേതാക്കള്‍ നിരീശ്വരവാദികളായിരുന്നോ എന്ന്. ഈ ധാരണയും തെറ്റാണ്. ബാക്കിയുള്ളവരില്‍ പലരും അവരുടെ വിശ്വാസം എന്താണെന്ന് വെളിപ്പെടുത്താത്തവരാണ്. വേറെ ചിലര്‍ 'ആജ്ഞേയവാദികളാണ്. അഥവാ ദൈവം ഉണ്ടോ ഇല്ലേ എന്ന കാര്യത്തില്‍ ഉറപ്പില്ലാത്തവര്‍/തീരുമാനിക്കാന്‍ കഴിയാത്തവര്‍ ആണ്. അതായത് ദൈവം ഇല്ലെന്ന് പൂര്‍ണമായി നിഷേധിക്കാന്‍ അവര്‍ക്ക് മതിയായ തെളിവ് കിട്ടിയിട്ടില്ലെന്നര്‍ഥം. ഇതും ഒരു തരത്തിലുള്ള ദൈവ വിശ്വാസം തന്നെയാണല്ലോ. ഈ ഗണത്തില്‍ പെടുന്ന പ്രശസ്തയാണ് 'റേഡിയോ ആക്റ്റിവിറ്റി' പ്രഭാവം കണ്ടെത്തി നോബല്‍ സമ്മാനത്തിനര്‍ഹയായ മാഡം ക്യൂറി. ചുരുക്കത്തില്‍ നോബല്‍ സമ്മാന ജേതാക്കളിലെ ഭൂരിപക്ഷം വരുന്ന പ്രഗത്ഭരായ ശാസ്ത്രജ്ഞരെല്ലാം പ്രപഞ്ചത്തിന് ഒരു കാരണക്കാരനുണ്ട് എന്ന് വിശ്വാസമുള്ളവരായിരുന്നു.

മുകളില്‍ നാം കൊടുത്തത് നോബല്‍ ജേതാക്കളായവരുടെ പേരുകള്‍ മാത്രമാണ്. എന്നാല്‍ നോബല്‍ ജേതാക്കളല്ലാത്ത പ്രഗത്ഭര്‍ വേറെയുമുണ്ട്. ഉദാഹരണമായി, തോമസ് ആല്‍വാ എഡിസനും നികോള ടെസ്‌ലയും. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് മേഖലക്ക് ഏറ്റവുംകൂടുതല്‍ സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞര്‍ ഇവര്‍ രണ്ടുപേരുമായിരുന്നുവെന്ന് നിസ്സംശയം പറയാം. നാം ഇന്ന് ഉപയോഗിക്കുന്ന ഇലക്ട്രികല്‍ ബള്‍ബിന്റെ പ്രാഥമികരൂപം കണ്ടുപിടിച്ചത് തോമസ് എഡിസണ്‍ ആയിരുന്നു. ഇന്ന് നാം ഉപയോഗിക്കുന്ന എ.സി കറന്റ് കണ്ടുപിടിച്ചത് നികോളാസ് ടെസ്‌ലയും. എഡിസന്റെ പേരില്‍ 1000ല്‍ അധികം കണ്ടെത്തെലുകളുടെ പേറ്റന്റ് ഉണ്ട്. എന്നിട്ടും ഇവര്‍ രണ്ടുപേരും നോബല്‍ സമ്മാനത്തിന് എന്തുകൊണ്ട് അര്‍ഹരായില്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇവര്‍ രണ്ടുപേരും ഏതെങ്കിലും പ്രത്യേക മതത്തിലെ അംഗങ്ങളായിരുന്നില്ലെങ്കില്‍ കൂടി ഒരു ദൈവം ഉണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നതായി അവര്‍ തന്നെ പറഞ്ഞതായി കാണാം.

ഈ അടുത്ത കാലത്ത് മരണപ്പെട്ട പ്രഗത്ഭനായ വാന-ഖഗോള ശാസ്ത്രജ്ഞനാണു (Astrophysicist) ഫ്രെഡ് ഹോയില്‍. അദ്ദേഹം ആദ്യകാലത്ത് പ്രപഞ്ചത്തിനു ഒരു തുടക്കമോ ഒരു തുടക്കക്കാരനോ (സ്രഷ്ടാവ്) ഇല്ല എന്ന വീക്ഷണക്കാരനായിരുന്നു. എന്നാല്‍ അവസാന കാലത്ത് അദ്ദേഹം തന്റെ നിലപാട് തിരുത്തുകയും പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്നും അത് കൃത്യമായ പ്ലാനിങ്ങോടുകൂടി ഉണ്ടായതാണെന്നും യാദൃച്ഛികമായി ഉണ്ടാവുക സാധ്യമല്ലെന്നും സമ്മതിച്ചു. അദ്ദേഹം പറയുന്നത് കാണുക: ''നിരവധി അമിനോ ആസിഡുകള്‍ കൂടിച്ചേര്‍ന്ന് ഒരു പ്രോടീന്‍ തന്മാത്ര സ്വയം ഉണ്ടായി എന്ന് പറയുന്നത്, കുറെ കണ്ണുപൊട്ടന്മാര്‍ റുബിക്‌സ് ക്യൂബ് പ്രശ്‌നം പരിഹരിച്ചു എന്ന് പറയുന്ന പോലെയാണ്'' (Fred Hoylesâ The intelligent Universe എന്ന പുസ്തകം)

വീണ്ടും അദ്ദേഹം പറയുന്നു: ''ഇപ്രകാരം (താനെ) ജീവന്‍ രൂപപ്പെട്ടു എന്നു പറയുന്നത് ഒരു കാറ്റടിച്ചപ്പോള്‍ ഒരിടത്ത് കൂടിക്കിടക്കുന്ന പാഴ്‌വസ്തുക്കള്‍ എല്ലാം കൂടിച്ചേര്‍ന്ന് ഒരു ബോയിംഗ് 747 വിമാനം ഉണ്ടായി എന്ന് പറയുന്നത് പോലെ അസംബന്ധമാണ്'' (അതേ പുസ്തകം, പേജ് 17). അദ്ദേഹം തുടരുന്നു: ''ജീവന്‍ എന്നത് നമുക്ക് ഇന്ന് അറിയാവുന്നതുപോലെ ചുരുങ്ങിയത് രണ്ടായിരത്തോളം എന്‍സൈമുകള്‍ കൂടിച്ചേര്‍ന്നതാണ്. എങ്ങനെയാണ് അന്ധമായ ഒരു ശക്തി (താനെ) ചില രാസവസ്തുക്കള്‍ കൃത്യമായ അളവില്‍ ചേര്‍ന്ന് എന്‍സൈം ഉണ്ടാക്കുന്നത്? (അതേ പുസ്തകം).

സൃഷ്ടി നടത്തിയ ഈ പ്രപഞ്ചശക്തി ഏതാണെന്ന് ഫ്രെഡ് ഹോയിലിനു കൃത്യമായ ധാരണയില്ല. അദ്ദേഹത്തിന്റെ നിഗമനം ഇങ്ങനെയാണ്: ''നമ്മുടെതല്ലാത്ത മറ്റേതോലോകത്തുള്ള ഒരു ശക്തിയായിരിക്കും അത് ചെയ്തത്.'' 2001 ആഗസ്റ്റ് 20നാണ് ഫ്രെഡ് ഹോയില്‍ മരിച്ചത്.

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖനായ ഒരു വാനശാസ്ത്രജ്ഞനാണ് (Astrophysicist) കാനഡയിലുള്ള ഹ്യൂഗ് റോസ്സ്. അദ്ദേഹം ഒരു 'സൃഷ്ടിവാദി'യായ (പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന) ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ വിഖ്യാതമായ ഒരു പുസ്തകത്തിന്റെ പേരുതന്നെ കാണുക: Creator and Cosmos: How the greatest scientific discoveries of the century reveals GOD (പ്രപഞ്ചവും സ്രഷ്ടാവും: ഈ നൂറ്റാണ്ടിലെ ശാസ്ത്രീയ കണ്ടെത്തലുകള്‍ ദൈവത്തെ വെളിപ്പെടുത്തിയ വിധം). ഈ പുസ്തകത്തില്‍ എന്തുകൊണ്ട് അദ്ദേഹം ഒരു തികഞ്ഞ ദൈവവിശ്വാസിയായി എന്ന് അദ്ദേഹത്തിനു ബോധ്യമായ ശാസ്ത്രീയ തെളിവുകള്‍ ഉദ്ധരിച്ച് സ്ഥാപിക്കുണ്ട്.

ഈ വസ്തുതകളൊക്കെ പരിശോധിച്ചാല്‍ വ്യക്തമാകുന്നത്, ശാസ്ത്രപഠനം ഒരാളെ ദൈവ വിശ്വാസത്തിലേക്കാണ് എത്തിക്കുക. അല്ലാതെ യുക്തിവാദനിരീശ്വര വാദ പ്രസ്ഥാനക്കാര്‍ പറയുന്നത് പോലെ 'ശാസ്ത്രം വളര്‍ന്നാല്‍, ദൈവം തളരുക'യല്ല ചെയ്യുന്നത്. ഇത് ശാസ്ത്ര യുഗമാണെന്നും, മതവും ദൈവവിശ്വാസവും പഴഞ്ചനും പിന്തിരിപ്പനുമാണെന്നും പ്രചരിപ്പിക്കുന്നവര്‍ക്ക് മേല്‍പറഞ്ഞ ശാസ്ത്രജ്ഞന്മാരുടെ ദൈവവിശ്വാസത്തെക്കുറിച്ച് എന്ത് പറയാനുണ്ട്?

കഴിഞ്ഞ ലക്കത്തിലും ഈ ലക്കത്തിലും നാം ചര്‍ച്ച ചെയ്തതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ എഴുതാം: 'ശാസ്ത്രബോധം കൂടുംതോറും ഒരു വ്യക്തിയില്‍ ദൈവബോധം കുറയുകയല്ല; കൂടുകയാണു ചെയ്യുന്നത്. ഗൗരവമായ ശാസ്ത്ര പഠനം ഒരാളെ ദൈവനിഷേധിയാക്കുകയല്ല, മറിച്ച് ദൈവ വിശ്വാസിയാക്കുകയാണ് ചെയ്യുക.'

(തുടരും)