ഭീതിപടര്‍ത്തുന്ന കൊറോണ വൈറസ്

സമീര്‍ മുണ്ടേരി

2020 ഫെബ്രുവരി 15 1441 ജുമാദല്‍ ആഖിറ 16

ആശങ്കയുടെ വര്‍ത്തമാനങ്ങളാണ് ലോകരാജ്യങ്ങളില്‍നിന്നും കേള്‍ക്കുന്നത്. ഭരണാധികാരികളും ആരോഗ്യമേഖലയിലുള്ളവരും ഭയപ്പെടേണ്ടതില്ലെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും ആശങ്കയുടെ കാര്‍മേഘം മനുഷ്യമനസ്സുകൡ കുമിഞ്ഞു കൂടുന്നുണ്ട്.

രോഗമില്ലാത്ത മനസ്സും ശരീരവും വലിയ സൗഭാഗ്യമാണ്. എന്നാല്‍ മഹാഭൂരിപക്ഷവും ആ അനുഗ്രഹത്തെക്കുറിച്ച് അശ്രദ്ധയിലുമാണ്. ആരോഗ്യം നഷ്ടപ്പെടുമ്പോഴാണ് മഹത്തായ ആ സൗഭാഗ്യത്തിന്റെ വിലയറിയുക.

കൊറോണ വൈറസ് മനുഷ്യരില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തും വൈറസ്ബാധ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ചൈനയില്‍ ധാരാളം ആളുകള്‍ രോഗം വന്നു മരണത്തിന് കീഴൊതുങ്ങി. പല രാജ്യങ്ങളിലും രോഗം പിടികൂടി പ്രയാസമനുഭവിക്കുന്നവരുണ്ട്.  

കൊറോണ വൈറസ്?

മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയവയില്‍ രോഗകാരിയാകുന്ന ഒരുകൂട്ടം ആര്‍.എന്‍.എ വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്.

കൊറോണ വൈറസ് എപ്രകാരമാണ് പകരുന്നത് എന്നും അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ സാര്‍സ്, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.

പരിഹാരം

ആരോഗ്യ രംഗത്തുളളവര്‍ ആവര്‍ത്തിച്ചു പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ വലിയ ആപത്ത് തന്നെ പിടിപെട്ടേക്കാം.  

ഈയിടെയാണ് നിപാ വൈറസ് കേരളക്കരയില്‍ പടര്‍ന്നത്. പലരെയും നമുക്ക് നഷ്ടമായി. എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താലും കൂട്ടമായ പ്രവര്‍ത്തനത്തിലൂടെയും വളരെ പെട്ടെന്നു തന്നെ രോഗത്തെ പിടിച്ചുകെട്ടാന്‍ നമുക്ക് സാധിച്ചു.

രോഗം പടരുന്നതിന് കാരണമായി പറയുന്നത് ശുചിത്വമില്ലായ്മയാണ്. നമ്മുടെ ശരീരവും വീടും പരിസരവുമെല്ലാം ശുചിത്വത്തോടെ കൊണ്ടുനടക്കാന്‍ ശ്രമിക്കണം.  

ഇസ്‌ലാം ഈ മേഖലയില്‍ നല്‍കുന്ന നിര്‍ദേശം ഏറെ ശ്രദ്ധേയമാണ്. ശുദ്ധി പാലിക്കുന്നവരെ അല്ലാഹുവിന് ഇഷ്ടമാണ് എന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത് കാണാം. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു''(ക്വുര്‍ആന്‍ 2:222).

നബി ﷺ   പറഞ്ഞു: ''ശുദ്ധി വിശ്വാസത്തിന്റെ (ഈമാനിന്റെ) പകുതിയാണ്'' (മുസ്‌ലിം).

രോഗത്തെ പ്രതിരോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങളില്‍ അധികവും വൃത്തിയുമായി ബന്ധപ്പെട്ടതാണ്.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.

ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും അടച്ചു പിടിക്കുക.

കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ സ്പര്‍ശിക്കരുത്.

രോഗ ബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര ഉപേക്ഷിക്കണം.

അനാവശ്യ ഹോസ്പിറ്റല്‍ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം.

രോഗം ബാധിച്ച വ്യക്തിയില്‍ നിന്ന് അകലം പാലിച്ചുകൊണ്ട് ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് പരിചരിക്കുക.

ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നത് നമ്മുടെ നന്മക്ക് വേണ്ടിയാണ് എന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുക.

വളരെ വേഗത്തില്‍ പടരുന്ന രോഗങ്ങള്‍ കൊണ്ട് നാം പരീക്ഷിക്കപ്പെടുമ്പോള്‍ മുഹമ്മദ് നബി ﷺ   നല്‍കിയ ഒരു മുന്നറിയിപ്പ് നാം വായിക്കേണ്ടതു തന്നെയാണ്.

ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീഥില്‍ ഇപ്രകാരം വന്നിട്ടുണ്ട്: നബി ﷺ   പറഞ്ഞു: ''ഒരു നാട്ടില്‍ പ്ലേഗ് ബാധിച്ചിട്ടുണ്ടെന്നറിഞ്ഞാല്‍ നിങ്ങള്‍ അങ്ങോട്ട് പോകരുത്. അപ്രകാരം പ്ലേഗ് ബാധിത പ്രദേശത്തുനിന്ന് പുറത്ത് കടക്കുകയും ചെയ്യരുത്'' (ബുഖാരി).

ഈ ഹദീഥുമായി ബന്ധപ്പെട്ട് ഉമര്‍(റ)വിന്റെ ചരിത്രമുണ്ട്. ഉമര്‍(റ) ശാമിലേക്ക് പുറപ്പെട്ടു. വഴിയില്‍വെച്ചാണ് ശാമില്‍ പകര്‍ച്ചവ്യാധി വ്യാപിച്ചിട്ടുണ്ടെന്ന വിവരം കിട്ടുന്നത്. ശാമിലേക്ക് പോകണോ അതല്ല മടങ്ങിപ്പോകണമോ എന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. ഈ സംഭവമറിഞ്ഞാണ് അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ്(റ) കടന്നു വരുന്നത്. അദ്ദേഹം മുകളില്‍ സൂചിപ്പിച്ച  ഹദീഥ് അവരെ ഓര്‍മപ്പെടുത്തുകയും അതനുസരിച്ച് ഉമര്‍(റ) മടങ്ങിപ്പോവുകയും ചെയ്തു.

രോഗം ബാധിച്ചാല്‍ നിരാശരാവരുത്. അല്ലാഹുവിന്റെ വിധിയാണ് എന്ന് മനസ്സിലാക്കി ക്ഷമിക്കുക. രോഗം ഒരു പരീക്ഷണമാണെന്നും ആ പരീക്ഷയില്‍ വിജിയിക്കുന്നവരെ കാത്തിരിക്കുന്നത് മഹത്തായ സ്വര്‍ഗമാണെന്നും മറന്നുപോകരുത്.

നമ്മുടെ മുന്‍ഗാമികള്‍ രോഗം വന്നപ്പോള്‍ ക്ഷമ അവലംബിച്ചവരായിരുന്നു. അയ്യൂബ് നബി(അ)യുടെ ചരിത്രം വിശുദ്ധ ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. നബി ﷺ  യുടെ ജീവിതത്തില്‍ നിന്ന് ഒരു രോഗവുമായി ബന്ധപ്പെട്ട ചരിത്രം നമുക്ക് വായിക്കാന്‍ സാധിക്കും. അത് ഇപ്രകാരമാണ്:

അത്വാഉബ്‌നു അബീറബാഹില്‍ നിന്ന് നിവേദനം: ''ഇബ്‌നു അബ്ബാസ്(റ) എന്നോട് ചോദിച്ചു: 'സ്വര്‍ഗാവകാശിയായ ഒരു സ്ത്രീയെ നിനക്ക് കാണിച്ചുതരട്ടെ?' ഞാന്‍ പറഞ്ഞു: 'അതെ.' അദ്ദേഹം പറഞ്ഞു: 'ഈ കറുത്ത സ്ത്രീയാണത്. അവര്‍ ഒരിക്കല്‍ നബിയുടെ അടുത്തുവന്ന് പറഞ്ഞു: 'എനിക്ക് അപസ്മാരമുണ്ട്. രോഗം വരുമ്പോള്‍ മറച്ചുവെക്കേണ്ട ശരീരഭാഗങ്ങള്‍ വെളിവാകും. അവിടുന്ന് അല്ലാഹുവോട് എനിക്കുവേണ്ടി പ്രാര്‍ഥിക്കണം.' നബി ﷺ   പറഞ്ഞു: 'നീ ക്ഷമിക്കുകയാണെങ്കില്‍ നിനക്ക് സ്വര്‍ഗം ലഭിക്കും. നീ ഉദ്ദേശിക്കുന്നുവെങ്കില്‍ നിന്നെ സുഖപ്പെടുത്താന്‍ ഞാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കാം.' അവര്‍ പറഞ്ഞു: 'ഞാന്‍ ക്ഷമിക്കാം. പക്ഷേ, രോഗസമയത്ത് എന്റെ ശരീരഭാഗങ്ങള്‍ വെളിപ്പെടുന്നു. അങ്ങനെ സംഭവിക്കാതിരിക്കാന്‍ അവിടുന്ന് അല്ലാഹുവോട് പ്രാര്‍ഥിക്കണം.' അപ്പോള്‍ നബി ﷺ   അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു'' (ബുഖാരി, മുസ്‌ലിം).

നിരാശയോടെ ജീവിതം തളളിനീക്കുകയല്ല, മറിച്ച് രോഗം ബാധിച്ചവര്‍ ഇസ്‌ലാം അനുവദിച്ച ചികിത്സാ രീതികള്‍ ഉപയോഗിച്ചു മുന്നോട്ടു പോവുകയാണ് വേണ്ടത്. അല്ലാഹു ഒരു രോഗം ഇറക്കിയിട്ടുണ്ടെങ്കില്‍ അതിന് മരുന്നും അവന്‍ ഇറക്കിയിട്ടുണ്ട്.  

മുഹമ്മദ് നബി ﷺ   പറഞ്ഞതായി അബൂഹുറയ്‌റ(റ) നിവേദനം: ''മരുന്നില്ലാതെ ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല'' (ബുഖാരി).

പ്രാര്‍ഥന

അല്ലാഹുവിന്റെ ഉല്‍കൃഷ്ട നാമങ്ങളില്‍പെട്ട ഒന്നാണ് ശാഫീ എന്നത്. ശാഫീ എന്നു പറഞ്ഞാല്‍ രോഗം സുഖപ്പെടുത്തുന്നവന്‍ എന്നര്‍ഥം. രോഗം നല്‍കുന്നവനും ശിഫയേകുന്നവനും അല്ലാഹുവാണ്.അതുകൊണ്ട് തന്നെ രോഗം വന്നാല്‍ ചികിത്സിക്കുന്നതിന്റെ കൂടെ പ്രാര്‍ഥന എന്ന ആയുധം നാം ഉപയോഗിക്കണം. രോഗവുമായി ബന്ധപ്പെട്ട ധാരാളം പ്രാര്‍ഥനകള്‍ വിശുദ്ധ ക്വുര്‍ആനിലും തിരു വചനങ്ങളിലും കാണാം. അവയെല്ലാം പഠിച്ച് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക.

ആരോഗ്യമുളളവര്‍ അല്ലാഹുവിനെ സ്തുതിക്കുകയും അവനോട് കൂടുതല്‍ നന്ദി കാണിക്കുകയും രോഗികള്‍ക്ക് ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കുകയും വേണം.