കോവിഡും വിശ്വാസികളുടെ ബാധ്യതകളും

സി.പി സലീം

2020 സെപ്തംബര്‍ 26 1442 സഫര്‍ 09

ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച, ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത കൊറോണയെന്ന വൈറസിനു മുമ്പില്‍ സ്തംഭിച്ചുനില്‍ക്കുന്ന ലോകത്ത് എങ്ങനെ നീങ്ങണമെന്നുള്ള തീരുമാനങ്ങള്‍ മുഴുവന്‍ പ്രവാചകാധ്യാപനങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ടാണെന്നത് പഠിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും ബോധ്യമാകും.

ക്വാറന്റൈന്‍, സാമൂഹികഅകലം തുടങ്ങിയ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് മുഹമ്മദ് നബി ﷺ  പഠിപ്പിച്ചതാണ്. ഇക്കാര്യം ഈയൊരു മഹാമാരിയുടെ ആരംഭ ഘട്ടത്തില്‍തന്നെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത് അമേരിക്കയിലെ ഡോ. ക്രൈഗ് കോണ്‍സിഡിന്‍ തന്റെ 'ന്യൂസ് വീക്ക്' മാഗസിനിലെ ലേഖനത്തിലൂടെയായിരുന്നു.

പകര്‍ച്ചവ്യാധിയുടെ വ്യാപനം തടയാനായി ഇന്ന് നാം കൈക്കൊള്ളുന്ന ഏകദേശമെല്ലാ മുന്‍കരുതലുകളും പ്രവാചകന്റെ അധ്യാപനങ്ങളില്‍ കാണാന്‍ സാധിക്കുമെന്ന അദ്ദേഹത്തിന്റെ വാദത്തോടുകൂടിയാണ് പ്രവാചകാധ്യാപനങ്ങളുടെ നിത്യപ്രസക്തി ഏറെ ചര്‍ച്ചയായത്. മഹാമാരിയെ ചെറുക്കുക എന്നത് വിശ്വാസികളുടെ സാമൂഹിക ബാധ്യതയെന്നതിലുപരി മതപരമായ ബാധ്യതകൂടിയായി വിശ്വാസികള്‍ മനസ്സിലാക്കുകയായിരുന്നു.

കോവിഡ് കാലത്തെ വിശ്വാസികളുടെ ബാധ്യകള്‍

1) രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍ മതപരമായ ബാധ്യതയാണ് എന്ന നിലയ്ക്ക് മനസ്സിലാക്കി സ്വയം പ്രാവര്‍ത്തികമാക്കി മാതൃക കാണിക്കുക.

2) കുടുംബത്തിലും അയല്‍പക്കത്തും സമൂഹത്തിലും രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച് ഫലപ്രദമായ ബോധവല്‍ക്കരണം നടത്തുക.

3) വിവിധ തലങ്ങളിലുള്ള സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സ്വയം സന്നദ്ധമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുക.

4) വാര്‍ഡുതല ജാഗ്രതാസമിതികളുമായി ബന്ധപ്പെട്ട് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുക. അതില്‍ തന്നെ നിത്യരോഗികള്‍ക്കും മറ്റും മരുന്നെത്തിച്ച് കൊടുക്കാനുള്ള കോള്‍ സെന്ററായി ഓരോ വിശ്വാസിയും മാറണം.

5) കണ്ടയ്ന്‍മെന്റ് സോണ്‍, ലോക്ഡൗണ്‍ തുടങ്ങിയ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടിവരുമ്പോള്‍ പലര്‍ക്കും പണമുണ്ടെങ്കിലും ഭക്ഷ്യസാധനം ലഭ്യമാകാത്ത അവസ്ഥവരും. അത്തരം ഘട്ടങ്ങളില്‍ വളണ്ടിയര്‍മാര്‍ക്ക് ഒരു മധ്യവര്‍ത്തിയായി, വാഹന ചെലവടക്കം വീട്ടുകാരില്‍നിന്ന് വാങ്ങിക്കൊണ്ടുതന്നെ സേവനം ചെയ്യാന്‍ കഴിയും.

6) കൂലിപ്പണിയിലൂടെ ജീവിതം മുന്നോട്ടുനീക്കുന്ന, കുടുംബത്തില്‍ പട്ടിണിയാണെങ്കിലും അഭിമാനബോധംകൊണ്ട് പുറത്തുപറയാത്തവരെ (മിസ്‌കീന്‍) അന്വേഷിച്ച് കണ്ടെത്തുകയും സാമ്പത്തികശേഷിയുള്ളവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരികയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യുക.

7) പ്രാദേശികതലങ്ങളില്‍ സ്ഥിരം റിലീഫ് പദ്ധതി നിലനിര്‍ത്തി കാരുണ്യവാനായ റബ്ബില്‍നിന്ന് വലിയ പ്രതിഫലം വാങ്ങിക്കൂട്ടാന്‍ പരിശ്രമിക്കുക.

8) ക്വാറന്റൈനില്‍ പ്രവേശിക്കുന്നവരുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് അവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി മാനസിക പിന്തുണ നല്‍കുക.

9) പോസിറ്റീവ് കേസുകളുമായി ബന്ധം സ്ഥാപിച്ച് ആത്മവിശ്വാസം പകര്‍ന്നുകൊടുക്കുക.

ഇത്തരം കാര്യങ്ങള്‍ ഗവണ്മെന്റിന്റെയോ അധികാരികളുടെയോ നിര്‍ദേശത്തിനു കാത്തുനില്‍ക്കാതെ തന്നെ സ്വയം കണ്ടറിഞ്ഞ് നിര്‍വഹിക്കേണ്ടവരാണ് വിശ്വാസികള്‍. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ നല്ലൊരു മാതൃക കാട്ടിക്കൊടുക്കാന്‍ സമുദായനേതൃത്വത്തിനും മുസ്ലിം സംഘടനകള്‍ക്കും സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തിന് കാത്തുനില്‍ക്കാതെ ആ ഘട്ടത്തില്‍ ജമാഅത്ത്, ജുമുഅ, പെരുന്നാള്‍ നമസ്‌കാരം തുടങ്ങിയ ആരാധനകള്‍ പള്ളികളില്‍വെച്ച് നിര്‍വഹിക്കുന്നത് ഒഴിവാക്കാന്‍ നമുക്ക് സാധിച്ചു.

ബാധ്യതകള്‍ നിര്‍വഹിക്കുക എന്നതിലുപരി നന്മകളുടെ മുന്നില്‍ നടക്കുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം. മുമ്പപരിചയമില്ലാത്ത തരത്തില്‍ പ്രതിസന്ധികളുടെമേല്‍ പ്രതിസന്ധികള്‍ വര്‍ധിക്കുന്ന ഈ കാലത്ത് എല്ലാ മേഖലയിലും ഏറ്റവും നല്ല ഇടപെടലുകള്‍ നടത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

 ''അല്ലാഹു ഒരു അടിമയുടെ സഹായിയാണ്; അയാള്‍ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം...'' (മുസ്‌ലിം) എന്ന നബിവചനം വിശ്വാസികള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ്.