വിവാഹവും വക്കാലത്തും

ഫൈസല്‍ പുതുപ്പറമ്പ്

2020 നവംബര്‍ 07 1442 റബിഉല്‍ അവ്വല്‍ 20

വിവാഹപ്രായം ഉയര്‍ത്താനുള്ള നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ ആശങ്കകളും സംശയങ്ങളുമുയരുന്നുണ്ട്. അവയില്‍ പ്രസക്തമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു:

1. എന്തെല്ലാമാണ് ഒരു നികാഹ് ശരിയാവാനുള്ള നിര്‍ബന്ധ ഘടകങ്ങള്‍?

വരന്‍, വധുവിന്റെ രക്ഷിതാവ്, രണ്ടു സാക്ഷികള്‍, മഹ്ര്‍ (വിവാഹ മൂല്യം) എന്നിവയാണവ.

2. 'മഹ്ര്‍' റൊക്കമായി നല്‍കേണ്ടതുണ്ടോ?

നിര്‍ബന്ധമില്ല. വിവാഹത്തിനുമുമ്പ് മഹ്ര്‍ നിശ്ചയിക്കുകയും വിവാഹശേഷം സൗകര്യംപോലെ നല്‍കുകയുമാവാം. വിവാഹത്തിനുമുമ്പ് മഹ്ര്‍ നിശ്ചയിച്ചിട്ടില്ലെങ്കിലും വിവാഹം ശരിയാവും. എന്നാല്‍ അത്തരം ഘട്ടങ്ങളില്‍ സാധാരണ നാട്ടുനടപ്പനുസരിച്ചുള്ള മഹ്ര്‍ നല്‍കല്‍ നിര്‍ബന്ധമായിരിക്കും.

3. ഒരു സ്ത്രീയുടെ വലിയ്യ് ആകാന്‍ ഏറ്റവും അര്‍ഹതപ്പെട്ടയാള്‍ ആരാണ്?

1) പിതാവ്. 2)  പിതാവ് പ്രത്യേകം വസ്വിയ്യത് ചെയ്തവരുണ്ടെങ്കില്‍ അവര്‍. 3) പിതാവിന്റെ പിതാവ് (തലമുറകള്‍ എത്ര മേല്‍പോട്ട് പോയാലും ശരി). 4) മകന്‍. 5) മകന്റെ മകന്‍ (തലമുറകള്‍ എത്ര താഴോട്ട് പോയാലും ശരി). 6) ഒരു മാതാവിലും പിതാവിലും ഉള്ള സഹോദരന്‍. 7) ഒരേ പിതാവിലുള്ള സഹോദരന്‍. 8) ഇത്തരം സഹോദര പുത്രന്മാര്‍. 9) ഒരേ മാതാവിലും പിതാവിലുമുള്ള പിതൃസഹോദരന്മാര്‍. 10) ഒരേ പിതാവിലുള്ള പിതൃസഹോദരന്മാര്‍. 11) ഇത്തരം പിതൃസഹോദരന്റെ പുത്രന്മാര്‍. 12) പിന്നീട് ഉള്ളവരില്‍ ഏറ്റവും അടുത്ത ബന്ധു.

ഇതാണ് പൊതുവെ സ്വീകരിക്കപ്പെട്ട ക്രമം. എന്നാല്‍ ചില കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഇതില്‍ ചില ക്രമങ്ങളില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

4. ഇവരെല്ലാം ഒരേ സദസ്സില്‍ ഹാജറാവേണ്ടതുണ്ടോ?

ഉണ്ട്. അതാണ് ഏറ്റവും അഭികാമ്യം. ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഈ ഘടകങ്ങളെല്ലാം ഒത്തിണക്കി ലോകത്തിന്റെ പല ഭാഗത്തായി നിന്നുകൊണ്ട് വിവാഹം നടത്തിയാല്‍ അത് ശരിയാവില്ല എന്ന് പറയാനാവില്ല. അതേസമയം വഞ്ചിക്കപ്പെടാനുള്ള ധാരാളം സാധ്യതകള്‍ ഇതില്‍ നില നില്‍കുന്നതിനാല്‍ പണ്ഡിതര്‍ ഇതിനെ പൊതുവെ പ്രോത്സാഹിപ്പിക്കുന്നില്ല.

5. രക്ഷിതാവോ വരനോ നാട്ടിലില്ലാത്ത സാഹചര്യത്തില്‍ വിവാഹത്തിന് വല്ല മാര്‍ഗവുമുണ്ടോ?

ഉണ്ട്. അത്തരം ഘട്ടങ്ങളില്‍ ഇസ്‌ലാം നിശ്ചയിച്ച വക്കാലത്ത് ഉപയോഗപ്പെടുത്താം.

6. എന്താണ് വക്കാലത്ത്? വിശദീകരിക്കാമോ?

തനിക്ക് കൈകാര്യം ചെയ്യാന്‍ അംഗീകാരമുള്ള ക്രയവിക്രയങ്ങളില്‍ ഒരാള്‍ മറ്റൊരാളെ അധികാരപ്പെടുത്തലാണ് വക്കാലത്ത്. കച്ചവടം, കടമിടപാടുകള്‍, വിവാഹം ചെയ്തുകൊടുക്കല്‍, വിവാഹം സ്വീകരിക്കല്‍, ത്വലാക്വ് തുടങ്ങി ഏതുതരം ക്രയവിക്രയങ്ങളിലും വക്കാലത്ത് ആവാം.

7. ആരെയാണ് വക്കാലത്താക്കേണ്ടത്?

നീതിമാനായ ഏത് വിശ്വാസിയെയും വക്കാലത്താക്കാം. ബന്ധുവാകണമെന്നോ മറ്റോ നിര്‍ബന്ധമില്ല.

8. എങ്ങനെയാണ് വക്കാലത്ത് നല്‍കുക?

എനിക്കുവേണ്ടി ഇന്ന കാര്യം ചെയ്യാന്‍ ഞാന്‍ നിങ്ങളെ ചുമതലപ്പെടുത്തി എന്ന് രണ്ടുപേരെ സാക്ഷികളാക്കി പറഞ്ഞാല്‍തന്നെ വക്കാലത്തായി.

ഉദാഹരണമായി, തന്റെ മകളെ വിവാഹം കഴിച്ചുകൊടുക്കാനുള്ള അധികാരമാണോ വക്കാലത്തായി നല്‍കുന്നത് എങ്കില്‍ ആരെയാണോ ഏല്‍പിക്കുന്നത് അവരോട് ഇപ്രകാരം പറയുക: 'എന്റെ മകള്‍... എന്നവളെ ഇന്നയാള്‍ക്ക് വിവാഹം ചെയ്യാനുള്ള അധികാരം ഞാന്‍ താങ്കളെ ഏല്‍പിച്ചിരിക്കുന്നു.'

9. വക്കാലത്ത് ഏറ്റെടുത്ത ഒരാള്‍ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ എങ്ങനെയാണ് വാചകം പ്രയോഗിക്കേണ്ടത്?

ഇന്നയാളുടെ മകള്‍ ഇന്നവളെ ഈ സ്വര്‍ണാഭരണം (എന്താണോ മഹ്ര്‍ അത് സൂചിപ്പിക്കുക) മഹ്ര്‍ സ്വീകരിച്ചുകൊണ്ട് വക്കാലത്ത് പ്രകാരം ഞാന്‍ താങ്കള്‍ക്ക് വിവാഹം ചെയ്തുതന്നു.

10. വിവാഹം സ്വീകരിക്കാനാണ് വക്കാലത്ത് ഏറ്റതെങ്കില്‍ അദ്ദേഹം എപ്രകാരമാണ് വാചകം ഉപയോഗിക്കേണ്ടത്?

'ഇന്നയാള്‍ക്കുവേണ്ടി താങ്കളുടെ മകള്‍ ഇന്നവളെ വക്കാലത്ത് പ്രകാരമുള്ള വിവാഹം ഞാന്‍ സ്വീകരിച്ചിരിക്കുന്നു' എന്നോ അല്ലെങ്കില്‍ 'താങ്കളുടെ മകളെ ഇന്നയാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ എന്നെ ഏല്‍പിച്ച പ്രകാരം ഞാനത് സ്വീകരിച്ചിരിക്കുന്നു' എന്നോ പറയാം.

വിവാഹത്തില്‍ മാത്രമല്ല; കച്ചവടം, മറ്റു ഇടപാടുകള്‍ എന്നിവയിലും ഇതുപോലെ തന്നെയാണ് വക്കാലത്തിലെ നിയമങ്ങള്‍. ഉദാ: തന്റെ വസ്തു വില്‍ക്കാന്‍ ഒരാളെ ചുമതലപ്പെടുത്തുന്നുവെങ്കില്‍ അയാള്‍ക്ക് അത് വില്‍ക്കാനുള്ള അധികാരമായി. അപ്പോള്‍ 'ഇന്നയാളുടെ സമ്പത്ത് വക്കാലത്ത് പ്രകാരം ഞാന്‍ താങ്കള്‍ക്ക് കച്ചവടം ചെയ്തു' എന്നാണ് അദ്ദേഹം പറയേണ്ടത്.

11. വക്കാലത്ത് പ്രകാരം വിവാഹം ചെയ്തുകൊടുക്കുകയോ വിവാഹം സ്വീകരിക്കുകയോ ചെയ്ത ഒന്നില്‍ പിന്നീട് വരനോ രക്ഷിതാവോ സന്നിഹിതരാവാന്‍ സാഹചര്യം ഉണ്ടാകുമ്പോള്‍ വിവാഹം രണ്ടാമത് നിര്‍വഹിക്കേണ്ടതുണ്ടോ?

ഒരിക്കലുമില്ല. ഇസ്‌ലാമികമായി എന്താണോ നിര്‍വഹിക്കേണ്ടത് അത് നിര്‍വഹിച്ചുകഴിഞ്ഞു. ആ വിവാഹം പൂര്‍ണമായും സ്വീകാര്യയോഗ്യമാണ്. ഇനി അതില്‍ ഒന്നിന്റെയും ആവശ്യവുമില്ല.

12. ഓണ്‍ലൈന്‍ വിവാഹമാണോ വക്കാലത്താണോ കൂടുതല്‍ അഭികാമ്യം?

വക്കാലത്താണ് കൂടുതല്‍ അഭികാമ്യം. കാരണം വലിയ്യ്, സാക്ഷികള്‍, വരന്‍ എന്നിവരോ അവര്‍ ഏല്‍പിച്ചവരോ ഒരേ സദസ്സില്‍ സന്നിഹിതരാകുന്നു എന്നതിനാല്‍ ഇതിനാണ് ഒന്നാം പരിഗണന.

ഈ വിഷയങ്ങള്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയിലും മദ്ഹബീ പണ്ഡിതന്മാര്‍ക്കിടയിലും പൊതുവെ അഭിപ്രായവ്യത്യാസമില്ലാതെ അംഗീകരിക്കപ്പെട്ടുവന്ന മസ്അലകളാണ്. മുസ്‌ലിംലോകത്ത് അറിയപ്പെട്ട കാര്യമായ വീക്ഷണവ്യത്യാസങ്ങള്‍ ഈ വിഷയങ്ങളില്‍ ഇല്ല. അല്ലാഹു അഅ്‌ലം.