മിതത്വം
അബ്ദുല്‍ ജബ്ബാര്‍ മദീനി
2020 ഒക്ടോബര്‍ 17 1442 സഫര്‍ 30
(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 34 )
ഒരു മുസ്‌ലിമില്‍ തീവ്രമായ യാതൊരുവിധ സമീപനവും പാടുള്ളതല്ല. ആരാധനാകാര്യങ്ങളിലായാലും ഇടപാടുകളിലായാലും ഇടപഴക്കങ്ങളിലായാലും മിതത്വം അവന്റെ മുഖമുദ്രയാണ്. ഏതുവിധത്തിലുള്ള തീവ്രനിലപാടുകള്‍ക്കും ശുഷ്‌ക സമീപനങ്ങള്‍ക്കും മധ്യെ നിലകൊള്ളുവാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ സവിശേഷ ഗുണം അല്ലാഹു—അറിയിക്കുന്നത് ഇപ്രകാരമാണ്:
''അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി...''(ക്വുര്‍ആന്‍ 2:143).
ദിനേന ആവര്‍ത്തിച്ചുള്ള നമസ്‌കാരങ്ങളില്‍ അനിവാര്യമായും പ്രാര്‍ഥിക്കുവാന്‍ നാം പഠിപ്പിക്കപ്പെട്ട ഈ പ്രാര്‍ഥനാവചനം മിതത്വവും മധ്യമനിലപാടും നമ്മെ പഠിപ്പിക്കുന്നു:
''ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല'' (ക്വുര്‍ആന്‍1:6,7).
ഇതില്‍ പരാമര്‍ശിക്കപ്പെട്ട കോപത്തിനിരയായവര്‍ സത്യം അറിഞ്ഞിട്ടും അതിനെ അവഗണിച്ചവരാണ്. പിഴച്ചുപോയവരാകട്ടെ സത്യം അറിയാതെ സത്യവഴിതെറ്റി ജീവിച്ചവരാണ്. സത്യം അറിഞ്ഞ് അതു കര്‍മപഥത്തില്‍ തെളിയിച്ചവരാണ് മധ്യമ നിലപാടുകാര്‍. അവരാണ് അനുഗൃഹീതര്‍. നബിമാര്‍, സ്വിദ്ദീക്വുകള്‍ (സത്യസന്ധന്മാര്‍), ശുഹദാഅ് (രക്തസാക്ഷികള്‍), സ്വാലിഹുകള്‍ (സല്‍കര്‍മകാരികള്‍) എന്നിവരുടെ രീതിയും മാര്‍ഗവുമാണത്. പ്രസ്തുത വഴി നമുക്ക് കനിയുവാന്‍ കൂടിയാണ് നാം അല്ലാഹുവോട് തേടുന്നത്.
വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്ന മറ്റൊരു പ്രാര്‍ഥനാവചനവും മിതത്വത്തിന്റെ മറ്റൊരു ചിത്രം നമുക്കു നല്‍കുന്നു:
''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്തില്‍ നന്മ നല്‍കേണമേ, പരലോകത്തിലും നന്മ നല്‍കേണമേ, നരകശിക്ഷയില്‍നിന്ന് നീ ഞങ്ങളെ കാക്കേണമേ'' (ക്വുര്‍ആന്‍ 2:201).
ഇതിലൂടെ ഭൗതികലോകത്തെ നന്മയും പരലോകത്തെ നന്മയും ലഭിക്കുവാന്‍ യാചിക്കുകയാണ്. പരലോകത്തിനുവേണ്ടി ഇഹലോകത്തെ അവഗണിക്കുന്നില്ല. ഇഹലോകത്തെിനു വേണ്ടി പാരത്രിക നന്മ വിസ്മരിക്കുന്നുമില്ല. മധ്യമ നിലപാടും രീതിയും ഇതിലൂടെ പഠിപ്പിക്കപ്പെടുന്നു. പ്രസ്തുത പ്രാര്‍ഥന തിരുനബി ﷺ ഏറ്റവും കൂടുതല്‍ നിര്‍വഹിച്ചിരുന്നതായി ഇമാം ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്.
ഇബാദുര്‍റഹ്മാന്‍ അഥവാ പരമകാരുണികന്റെ ദാസന്മാര്‍; അവര്‍ക്കുള്ള മഹത്ത്വത്താലും ശ്രേഷ്ഠതയാലുമാണ് അവരെ അല്ലാഹു തന്നിലേക്ക് ചേര്‍ത്തുവിളിച്ചത്. അല്ലാഹുവില്‍നിന്നുള്ള പ്രത്യേകമായ കാരുണ്യകടാക്ഷത്തിനു പാത്രീഭൂതരായ വിശിഷ്ടരായ ദാസന്മാരാണവര്‍. അവരുടെ വിശേഷണങ്ങളെ വിശുദ്ധ ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:
''ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായമാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍'' (ക്വുര്‍ആന്‍ 25:67).
മധ്യമ നിലപാടില്‍നിന്നും മിതത്വ രീതിയില്‍നിന്നും തെറ്റി തീവ്രതയിലേക്കു കാലുകുത്തിയ വേദക്കാരെ അല്ലാഹു—വിലക്കിയത് വിശുദ്ധ ക്വുര്‍ആനില്‍ നാം വായിക്കുന്നു:
''വേദക്കാരേ, നിങ്ങള്‍ മതത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്'' (ക്വുര്‍ആന്‍ 4:171).
''പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരു കവിയരുത്'' (ക്വുര്‍ആന്‍ 5:77).
തിരുനബി ﷺ യും ഇത്തരക്കാരെ അനുസ്മരിച്ചു. തീവ്രത അവരെ നശിപ്പിച്ചു എന്ന് മുന്നറിയിപ്പു നല്‍കി.
''ജനങ്ങളേ, മതത്തില്‍ തീവ്രതയുണ്ടാക്കുന്നത് നിങ്ങള്‍ സൂക്ഷിക്കുക. മതത്തിലുള്ള തീവ്രതയാണ് നിങ്ങളുടെ മുമ്പുള്ളവരെ നശിപ്പിച്ചത്'' (സുനനു ഇബ്‌നിമാജ, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
ശിക്ഷാനടപടികള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ പോലും ഇസ്‌ലാം മധ്യമനിലപാട് പഠിപ്പിച്ചു. ശിക്ഷാനടപടി സ്വീകരിക്കുമ്പോള്‍ തുല്യത്തിന് തുല്യം എന്നതാണ് ഇസ്‌ലാമിക നിലപാട്. അല്ലാഹു— പറഞ്ഞു:
''നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍നിന്ന്) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക് തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അതുതന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതല്‍ ഉത്തമം'' (ക്വുര്‍ആന്‍ 16:126).
ഒരാള്‍ മറ്റൊരാള്‍ക്കു നേരെ അതിക്രമം പ്രവര്‍ത്തിച്ചാല്‍ തത്തുല്യമായി ശിക്ഷാനടപടി സ്വീകരിക്കുവാന്‍ അല്ലാഹു—അനുവാദം നല്‍കിയിരിക്കുന്നു. അല്ലാഹു— പറഞ്ഞു:
''...അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന്ന് തുല്യമായി അവന്റെ നേരെയും 'അതിക്രമം' കാണിച്ചുകൊള്ളുക...''(ക്വുര്‍ആന്‍ 2:194).
അഥവാ തുല്യമായി മാത്രം. വര്‍ധനവ് പാടുള്ളതല്ല. മിതത്വത്തിന്റെ മാതൃകാവ്യക്തിത്വമായിരുന്നു നബി ﷺ . അനുവര്‍ത്തിച്ചും അരുളിയും അവിടുന്ന് അതില്‍ മാതൃകയായി.
ആരാധനകളിലും പെരുമാറ്റത്തിലും കുടുംബജീവിതത്തിലും കര്‍ക്കശവും കഠിനവുമായ നിലപാടുകളിലേക്കു വ്യതിചലിച്ച തന്റെ അനുചരന്മാരില്‍ ചിലരെ വിലക്കിയതും താക്കീതറിയിച്ചതും ചരിത്രത്തില്‍ കാണാം. കാലം മുഴുവന്‍ നോമ്പെടുക്കുവാന്‍ ഒരാളും രാത്രിമുഴുവനും നമസ്‌കരിക്കുവാന്‍ മറ്റൊരാളും ഭാര്യയെ തൊടാതെയുള്ള ജീവിതം മൂന്നാമത് ഒരാളും തീരുമാനിക്കുകയാണ്. തിരുദൂതരുടെ ആത്മീയ ജീവിതം ചോദിച്ചു മനസിലാക്കിയായിരുന്നു അവരുടെ ഈ തീരുമാനം. വിവരമറിഞ്ഞ തിരുദൂതര്‍ ﷺ പറഞ്ഞു:
''എന്നാല്‍ ഞാന്‍ (ഐച്ഛികമായി) നോമ്പെടുക്കുന്നു, നോമ്പെടുക്കാതിരിക്കുന്നു. രാത്രി നമസ്‌കരിക്കുന്നു, ഉറങ്ങുകയും ചെയ്യുന്നു. സ്ത്രീകളെ കല്യാണം കഴിക്കുന്നു. ആയതിനാല്‍ ആര് എന്റെ ചര്യയില്‍ അപ്രിയനാകുന്നുവോ അവന്‍ എന്നില്‍പെട്ടവനല്ല'' (ബുഖാരി).
അബ്ദുല്ലാഹ് ഇബ്‌നുഅംറ് ഇബ്‌നുല്‍ആസ്വ്(റ) യൗവനാരംഭത്തില്‍ ധാരാളം ആരാധനകള്‍ ചെയ്യുന്ന വ്യക്തിയായിരുന്നു. അദ്ദേഹം കാലം മുഴുവന്‍ പകലില്‍ നോമ്പെടുക്കുമായിരുന്നു. രാത്രി മുഴുവന്‍ നമസ്‌കരിക്കുമായിരുന്നു. രാത്രിയിലെ തഹജ്ജുദ് നമസ്‌കാരത്തില്‍ ക്വുര്‍ആന്‍ ഓതിത്തീര്‍ക്കുമായിരുന്നു. ഇത് പിന്നീട് അദ്ദേഹത്തിന് ക്ലേശകരമായി. നിര്‍ബന്ധമായി ചെയ്തുതീര്‍ക്കേണ്ട ചില ബാധ്യതകള്‍ നഷ്ടപ്പെടുമാറ് അദ്ദേഹം ക്ഷീണിതനായി. അപ്പോള്‍ അദ്ദേഹത്തിന് തിരുനബി ﷺ ഇപ്രകാരം വ്യക്തമാക്കിക്കൊടുത്തു:
''ഹേ, അബ്ദുല്ലാഹ് ഇബ്‌നു അംറ്, താങ്കള്‍ പകലുകളിലെല്ലാം നോമ്പെടുക്കുകയും രാത്രിമുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യുന്നു എന്ന വാര്‍ത്ത എനിക്ക് എത്തിയിരിക്കുന്നു. താങ്കള്‍ അപ്രകാരം ചെയ്യരുത്. കാരണം, താങ്കളുടെ ശരീരത്തിന് താങ്കളില്‍നിന്ന് അവകാശം ഉണ്ട്. താങ്കളുടെ കണ്ണിന് താങ്കളില്‍നിന്ന് അവകാശം ഉണ്ട്. താങ്കളുടെ ഭാര്യക്കും താങ്കളില്‍നിന്നു അവകാശമുണ്ട്'' (ബുഖാരി).
മറ്റൊരു നിവേദനത്തില്‍ ഇത്രകൂടിയുണ്ട്: ''...തീര്‍ച്ചയായും താങ്കളുടെ സന്ദര്‍ശകര്‍ക്ക് താങ്കളില്‍നിന്ന് അവകാശമുണ്ട്...'' (ബുഖാരി).
വളരെ വലിയ ശോച്യാവസ്ഥ പ്രകടമായി കാണപ്പെട്ട ഒരു വ്യക്തിയോടുള്ള തിരുദൂതരുടെ ചോദ്യങ്ങളും നിര്‍ദേശങ്ങളും ഗുണദോഷങ്ങളും നോക്കൂ:
'താങ്കള്‍ക്ക് സമ്പത്തുേണ്ടാ?' അദ്ദേഹം പറഞ്ഞു: 'അതെ.' തിരുമേനി ﷺ പറഞ്ഞു: 'ഏത് രീതിയിലുള്ള സമ്പത്താണ്?' അയാള്‍ പറഞ്ഞു: 'ആടുകള്‍, മാടുകള്‍, ഒട്ടകങ്ങള്‍, അടിമകള്‍.' തിരുനബി പ്രതികരിച്ചു: 'അല്ലാഹു—താങ്കള്‍ക്ക് സമ്പത്ത് നല്‍കിയിട്ടുെങ്കില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെയും ഔദാര്യത്തിന്റെയും അടയാളം താങ്കളില്‍ കാണപ്പെടട്ടെ'' (സുനനു ഇബ്‌നിമാജ, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
തന്റെ അനുചരന്മാരെ മധ്യമരീതി പഠിപ്പിക്കുകയായിരുന്നു നബി ﷺ . തിരുനബിയില്‍ മാതൃകയുള്‍ക്കൊണ്ട അനുചരന്മാര്‍ മിതത്വ ജീവിതത്തിന്റെ ചരിത്രം തെളിയിച്ചു. അബൂജുഹയ്ഫ(റ)യില്‍നിന്ന് ഒരു സംഭവം ഇപ്രകാരം നിവേദനംചെയ്യപ്പെട്ടിട്ടുണ്ട്:
'സല്‍മാനുല്‍ഫാരിസി(റ)യുടെയും അബുദ്ദര്‍ദാഇ(റ)ന്റെയും ഇടയില്‍ നബി ﷺ സാഹോദര്യമുണ്ടാക്കി. സല്‍മാന്‍ അബുദ്ദര്‍ദാഇനെ സന്ദര്‍ശിച്ചു. അപ്പോള്‍ ഉമ്മുദ്ദര്‍ദാ(റ)ഇനെ അണിഞ്ഞൊരുങ്ങാത്തവിധം അദ്ദേഹം കണ്ടു. സല്‍മാന്‍(റ) അവരോടു ചോദിച്ചു: 'നിങ്ങള്‍ക്ക് എന്തുപറ്റി?' അവര്‍ പറഞ്ഞു: 'താങ്കളുടെ സഹോദരന്‍ അബുദ്ദര്‍ദാഇന് ഭൗതിക (സുഖത്തില്‍) ആവശ്യമൊന്നുമില്ല.' അതില്‍പിന്നെ അബുദ്ദര്‍ദാഅ്(റ) വരുകയും സല്‍മാനുവേണ്ടി ഭക്ഷണമുണ്ടാക്കുകയും ചെയ്തു. സല്‍മാന്‍(റ) പറഞ്ഞു: 'അബുദ്ദര്‍ദാഅ്, താങ്കള്‍ ഭക്ഷിക്കൂ.' അബുദ്ദര്‍ദാഅ്(റ) പറഞ്ഞു: 'ഞാന്‍ നോമ്പുകാരനാണ്.' സല്‍മാന്‍(റ) പറഞ്ഞു: 'താങ്കള്‍ ഭക്ഷിക്കുന്നതുവരെ ഞാനും ഭക്ഷിക്കുകയില്ല.' അപ്പോള്‍ അബുദ്ദര്‍ദാഅ് ഭക്ഷിച്ചു. രാത്രിയായപ്പോള്‍ അബുദ്ദര്‍ദാഅ് നമസ്‌കരിക്കുവാനായി പോയി. സല്‍മാന്‍ പറഞ്ഞു: 'താങ്കള്‍ ഉറങ്ങൂ.' അപ്പോള്‍ അദ്ദേഹം ഉറങ്ങി. പിന്നീട് നമസ്‌കരിക്കുവാനായി പോയി. അപ്പോഴും സല്‍മാന്‍(റ) പറഞ്ഞു: 'താങ്കള്‍ ഉറങ്ങൂ.' അങ്ങനെ രാത്രിയുടെ അവസാനമായപ്പോള്‍ സല്‍മാന്‍(റ) പറഞ്ഞു: 'ഇപ്പോള്‍ താങ്കള്‍ നമസ്‌കരിക്കുക.' അപ്പോള്‍ അവര്‍ രണ്ടുപേരും നമസ്‌കരിച്ചു. സല്‍മാന്‍(റ) അദ്ദേഹത്തോടു പറഞ്ഞു: 'തീര്‍ച്ചയായും നിങ്ങളുടെ റബ്ബിന് നിങ്ങളില്‍നിന്ന് അവകാശമുണ്ട്. നിങ്ങളുടെ ശരീരത്തിന് നിങ്ങളില്‍നിന്ന് അവകാശമുണ്ട്. നിങ്ങളുടെ ഭാര്യക്കും നിങ്ങളില്‍നിന്ന് അവകാശമുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ അവകാശം നിങ്ങള്‍ നല്‍കുക.' ശേഷം അബുദ്ദര്‍ദാഅ്(റ) നബി ﷺ യുടെ അടുക്കല്‍ വരികയും ഇതു തിരുമേനി ﷺ യെ ഉണര്‍ത്തുകയും ചെയ്തു. അപ്പോള്‍ തിരുമേനി ﷺ പറഞ്ഞു: 'സല്‍മാന്‍ സത്യം പറഞ്ഞു''(ബുഖാരി).