ശിയാക്കളും ക്വുര്‍ആനും

നൂറുദ്ദീന്‍ സ്വലാഹി

2020 ഒക്ടോബര്‍ 17 1442 സഫര്‍ 30

(ശിയാക്കള്‍ മുസ്‌ലിംകളോ? ഭാഗം: 2)

ഇസ്‌ലാമിന്റെ പേരില്‍ അറിയപ്പെടുകയും എന്നാല്‍ വിശ്വാസാചാരങ്ങളില്‍ മതവുമായി ഒരുപാട് വ്യതിയാനങ്ങള്‍ നിലനിര്‍ത്തി അകന്നുനില്‍ക്കുകയും ചെയ്യുന്ന ജൂതസൃഷ്ടിയായ ശിയായിസത്തിന്റെ ചില അപകട വാദങ്ങളെ കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചത്.

ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണമായ ക്വുര്‍ആന്‍ യഥാവിധം അംഗീകരിക്കുന്ന കാര്യത്തില്‍ ശിയാക്കള്‍ അഹ്‌ലുസ്സുന്നയുമായി വ്യതിചലിച്ച് നില്‍ക്കുന്നതായി പലരും മനസ്സിലാക്കിയിട്ടില്ല.

എന്താണ് ക്വുര്‍ആനിനെക്കുറിച്ചുള്ള ശിയാ വിശ്വാസം?

ലോക മുസ്‌ലിംകള്‍ ഏകകണ്ഠമായി അംഗീകരിക്കുന്ന, കൈവശം വച്ചുകൊണ്ടിരിക്കുന്ന ക്വുര്‍ആന്‍ യഥാര്‍ഥ ക്വുര്‍ആനല്ല എന്ന ഗുരുതരമായ വാദമാണ് ശിയാക്കള്‍ക്കുള്ളത്. അവസാന നാളില്‍ തങ്ങളുടെ പന്ത്രണ്ടാമത്തെ ഇമാം മഹ്ദി കൊണ്ടുവരുന്ന ക്വുര്‍ആനാണ് അല്ലാഹു അവതരിപ്പിച്ച യഥാര്‍ഥ ക്വുര്‍ആനെന്നും ഇപ്പോഴുള്ള ക്വുര്‍ആനില്‍ ഒരുപാട് തിരിമറികള്‍ നടന്നിട്ടുണ്ട് എന്നുമാണ് ശിയാ വിശ്വാസം.

മുസ്‌ലിം ലോകം ഇമാം ബുഖാരി(റ)ക്ക് നല്‍കുന്ന സ്ഥാനത്ത് ഇവര്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഇമാമായ കുലൈനി അല്‍കാഫിയില്‍ രേഖപ്പെടുത്തുന്നത് നോക്കൂ: ''മുഹമ്മദ് നബി ﷺ ക്ക് ജിബിരീല്‍ കൊണ്ടുവന്നു കൊടുത്ത ക്വുര്‍ആനില്‍ എഴുപതിനായിരം സൂക്തങ്ങളുണ്ട്''(അല്‍കാഫി).

എങ്ങനെയാണ് ഈ വാദത്തെ ഒരു വിശ്വാസി അംഗീകരിക്കുകയും ഇതെല്ലാം വെറും ശാഖാപരമായ വിയോജിപ്പായി കണക്കാക്കുകയും ചെയ്യുക?

ക്വുര്‍ആന്‍ ആരുടെയും കൈകടത്തലുകള്‍ക്ക് വിധേയമാവാതെ അന്ത്യദിനംവരെ നിലനില്‍ക്കും എന്ന് ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയ കാര്യമല്ലേ?

''തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്'' (ക്വുര്‍ആന്‍ 15:9).

''അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്'' (ക്വുര്‍ആന്‍ 41:42).

ഇത്ര വ്യക്തമായി ക്വുര്‍ആന്‍ പൂര്‍ണവും അന്യൂനവും കാലാതിവര്‍ത്തിയുമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടും എന്തിനാണ് ശിയാക്കള്‍ ഇത്തരമൊരു വാദം സ്വീകരിക്കുന്നത്?

തിരിമറിയുടെ കാരണം

മുസ്‌ലിം ലോകം അംഗീകരിച്ചുപോരുന്ന ക്വുര്‍ആനിനെ അതേപടി സ്വീകരിച്ചാല്‍ ശിയാ വാദങ്ങള്‍ക്ക് നിലനില്‍പില്ല എന്നതുതന്നെയാണ് ക്വുര്‍ആന്‍ തിരിമറി വാദവുമായി വരാനുള്ള കാരണം. തങ്ങളുടെ വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതില്‍ രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴാണ് ഇവര്‍ക്ക് ഇത്തരമൊരു വാദം പറയേണ്ടി വന്നത്.

ഒന്ന്: അലി(റ)യിലുള്ള ഇമാമത്ത് വിശ്വാസത്തെ കേന്ദ്രീകരിച്ചാണല്ലോ ശിയാക്കളുടെ വിശ്വാസങ്ങളെല്ലാം നിലനില്‍ക്കുന്നത്. അദ്ദേഹത്തിന്റെ ഇമാമത്തും ഇസ്വ്മത്തും അംഗീകരിച്ചാല്‍ മാത്രമെ ഒരാള്‍ക്ക് മതത്തില്‍ സ്ഥാനമുള്ളൂ. അത് ഉള്‍ക്കൊള്ളാതെ മതത്തിന്റെ മറ്റു സാരാംശങ്ങളെല്ലാം അംഗീകരിച്ചവരാണെങ്കിലും മതത്തിനു പുറത്താണെന്നതാണ് ഇവരുടെ വാദം. ഇതിന് യാതൊരു തെളിവും ക്വുര്‍ആനില്‍ കണ്ടെത്തുക സാധ്യമല്ല. എന്നാല്‍ ക്വുര്‍ആനിനെ മാറ്റിനിര്‍ത്തി ഒരു വിശ്വാസത്തെ ഇസ്‌ലാമിന്റെ പേരില്‍ പ്രചരിപ്പിക്കുക സാധ്യമവുമല്ല. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ആകെയുള്ള പോംവഴി ക്വുര്‍ആന്‍ തിരിമറി വാദവുമായി രംഗത്തുവരിക എന്നത് മാത്രമാണ്.

രണ്ട്: മുസ്‌ലിം ലോകം ഇന്ന് അംഗീകരിച്ച് പോരുന്ന ക്വുര്‍ആനിന്റെ ക്രോഡീകരണ പ്രവര്‍ത്തനങ്ങളും പ്രചാരണവും പ്രവാചക വിയോഗാനന്തരം നടന്നപ്പോള്‍ അതിന് നേതൃത്വം നല്‍കിയതിലെ പ്രധാന രണ്ട് വ്യക്തികള്‍ അബൂബക്കര്‍(റ), ഉഥ്മാന്‍(റ) എന്നിവരായിരുന്നല്ലോ. അബൂബക്കര്‍(റ) ക്രോഡീകരിച്ച ക്വുര്‍ആന്‍ സൂക്ഷിച്ചത് ഉമറി(റ)ന്റെ മകളും പ്രവാചക പത്‌നിയുമായ ഹഫ്‌സ(റ)യുടെ അടുക്കലുമാണ്. പിന്നീട് മറ്റു പ്രദേശങ്ങളിലേക്കെല്ലാം വ്യാപകമായി ക്വുര്‍ആനിന്റെ കോപ്പികള്‍ പ്രചരിപ്പിച്ചതാവട്ടെ ഉഥ്മാന്‍ (റ)ന്റെ കാലത്തുമാണ്. ഇത് സുന്നികളും ശിയാക്കളും ഒരുപോലെ അംഗീകരിക്കുന്ന കാര്യമാണ്. എന്നാല്‍ മുകളില്‍ പറയപ്പെട്ട, സ്വഹാബിമാരും അല്ലാത്തവരുമായി ഈ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടവരെല്ലാം ശിയാ വിശ്വാസപ്രകാരം അവരുടെ ശത്രുക്കളും ഇസ്‌ലാമില്‍നിന്ന് പുറത്തുപോയ അവിശ്വാസികളുമാണ്. അബൂബക്കര്‍(റ), ഉമര്‍(റ), ഉഥ്മാന്‍(റ) എന്നിവരുടെ പേരില്‍ ഇന്നും ശിയാക്കള്‍ ലഅ്‌നത്ത് (ശാപ പ്രാര്‍ഥന) നടത്തിവരുന്നുണ്ട്. അത്രമാത്രം അവരോട് ശത്രുത വെച്ചുപുലര്‍ത്തുന്നവരാണ് ഇവര്‍. അതുകൊണ്ടുതന്നെ അവര്‍ നേതൃത്വം നല്‍കി ക്രോഡീകരിച്ച ക്വുര്‍ആനിനെ അംഗീകരിക്കാന്‍ ഇവര്‍ കൂട്ടാക്കിയില്ല. എന്നാല്‍ ക്വുര്‍ആനിനെ അംഗീകരിക്കാതെ ഇസ്‌ലാമില്‍ സ്ഥാനവുമില്ല എന്നിരിക്കെ, ഇവര്‍ കണ്ടെത്തിയ ന്യായമായിരുന്നു ക്വുര്‍ആന്‍ തിരിമറി വാദം.

ക്വുര്‍ആന്‍ തിരിമറി വിവാദം രണ്ട് രൂപത്തിലാണ് ഇവര്‍ കൊണ്ടുവന്നത്:

ഒന്ന്: 'നിലവിലുള്ള ക്വുര്‍ആന്‍ അപൂര്‍ണമാണ്. അതില്‍ അബൂബക്കര്‍(റ), ഉമര്‍(റ), ഉഥ്മാന്‍(റ) എന്നിവരുടെ വകയായി തിരിമറികള്‍ നടന്നിട്ടുണ്ട്. യഥാര്‍ഥ ക്വുര്‍ആന്‍ ക്രോഡീകരണം നിര്‍വഹിച്ചത് അലി (റ)യാണ്. അതുമായി അവസാനകാലത്ത് മഹ്ദി ഇമാം കടന്നുവരും.'

ഈ വാദത്തെ സ്ഥിരപ്പെടുത്താന്‍ ഇവരുടെ ആചാര്യന്‍ ത്വബ്‌റസി തന്റെ ഗ്രന്ഥത്തില്‍ അബൂദര്‍റുല്‍ ഗിഫാരി(റ)യിലേക്ക് ചേര്‍ത്തി ഒരു കള്ള ഹദീഥും മെനഞ്ഞുണ്ടാക്കി. പ്രവാചകന്റെ മരണശേഷം അവിടുത്തെ നിര്‍ദേശ പ്രകാരം അലി(റ) ക്വുര്‍ആന്‍ ക്രോഡീകരിക്കുകയും അത് സ്വഹാബിമാരായ മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അബൂബക്കര്‍(റ) അത് തുറന്നപാടെ സ്വഹാബത്തിനെ മോശമാക്കുന്ന പലതും അതില്‍ കണ്ടു. ഉടനെ ഉമര്‍(റ) ചാടിയെണീറ്റ് പറഞ്ഞു: 'അലീ, ഇത് കൊണ്ടുപോകൂ. ഞങ്ങള്‍ക്ക് ഇതിന്റെ ആവശ്യമില്ല.' ഉടനെ അതും എടുത്ത് അലി (റ) തിരിച്ചുപോയി. പിന്നീട് ഉമറി(റ)ന്റെ ഭരണകാലത്ത് അന്ന് അലി(റ) കൊണ്ടുവന്ന ക്വുര്‍ആനിനെക്കുറിച്ച് അദ്ദേഹത്തോട് ആരാഞ്ഞപ്പോള്‍ അദ്ദേഹം ഇപ്രകാരം മറുപടി നല്‍കി: 'ഇനി ഒരിക്കലും ആ ക്വുര്‍ആനിലേക്ക് എത്തിപ്പെടുക നിങ്ങള്‍ക്ക് സാധ്യമല്ല. അബുബക്കറി(റ)ന്റെ അരികില്‍ അതുമായി ഞാന്‍ വന്നത് പരലോകത്ത് നിങ്ങള്‍ക്കതൊരു തെളിവായിക്കൊണ്ടാണ്. 'നിശ്ചയം ആദ്യം ഞങ്ങള്‍ ഇതിനെ കൊള്ളെ അശ്രദ്ധരായിരുന്നു എന്ന് അന്ത്യനാളില്‍ നിങ്ങള്‍ പറയാതിരിക്കാനും...'' (അല്‍ ഇഹ്തിജാജ്).

തങ്ങളുടെ വാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ അലി(റ)യുടെ പേരില്‍ ശിയാക്കള്‍ പടച്ചുണ്ടാക്കിയ കള്ളക്കഥയാണിത്. അദ്ദേഹം ഇവരുടെ ശപിക്കപ്പെട്ട വാദങ്ങളില്‍നിന്നും മുക്തനും അദ്ദേഹത്തിന്റെ മുന്‍ കഴിഞ്ഞവരുടെ ഉറ്റ സ്‌നേഹിതനുമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.

അലി(റ) ക്രോഡീകരിച്ച ഈ യഥാര്‍ഥ ക്വുര്‍ആനുമായി അവസാനനാളില്‍ മഹ്ദി ഇമാം പ്രത്യക്ഷപ്പെടുമെന്നാണ് ഇവരുടെ വാദം എന്ന് സൂചിപ്പിച്ചുവല്ലോ.

തങ്ങളുടെ വിശ്വാസങ്ങളുടെ അടിത്തറ ഈ ക്വുര്‍ആനിനെ അവലംബിച്ചാണെന്നും അതിലാണ് ഇസ്‌ലാമിന്റെ പൂര്‍ണതയെന്നും പ്രചരിപ്പിക്കുകവഴി ഏത് വികല വാദങ്ങളും നിര്‍മിച്ചെടുക്കാമല്ലോ.

രണ്ട്: നിലവില്‍ അംഗീകരിക്കപ്പെടുന്ന ക്വുര്‍ആന്‍കൊണ്ട് തങ്ങളുടെ വിശ്വാസസംഹിതയെ വ്യാഖ്യാനിക്കാന്‍ അശക്തരായ ശിയാക്കള്‍ കണ്ട രണ്ടാമത്തെ മാര്‍ഗം ക്വുര്‍ആനിന് മുസ്‌ലിം ലോകം അംഗീകരിച്ചുപോരുന്ന വ്യാഖ്യാനങ്ങളെ അവഗണിച്ച് തങ്ങളുടെ ഇച്ഛക്കനുസരിച്ച് വ്യാഖ്യാനങ്ങള്‍ നല്‍കുന്ന രീതിയാണ്.

ചില ഉദാഹരണങ്ങള്‍ നോക്കൂ: ''അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്'' (ക്വുര്‍ആന്‍ 64:8).

ഈ വചനത്തില്‍ പ്രതിപാദിച്ച പ്രകാശം എന്നതിന്റെ ഉദ്ദേശ്യം ക്വുര്‍ആനാണ് എന്നാണ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എല്ലാവരും പറഞ്ഞിട്ടുള്ളത്.

എന്നാല്‍ ശിയാ ആചാര്യന്‍ കുലൈനി നല്‍കുന്ന വ്യാഖ്യാനം നോക്കൂ: ''പ്രകാശം എന്നാല്‍ അതുകൊണ്ട് ഉദ്ദേശ്യം ഇമാമുമാരുടെ പ്രകാശം എന്നാകുന്നു'' (അല്‍കാഫി 1/194).

തങ്ങളുടെ ഇമാമത്ത് വാദത്തെ സ്ഥാപിച്ചെടുക്കാന്‍ ക്വുര്‍ആനിലെ അനവധി ആയത്തുകളെ ഇതുപോലെ ഇവര്‍ വ്യാഖ്യാനിച്ചതായി കാണാം.

''തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 17:9).

ഈ സൂക്തത്തിലെ 'ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കും' എന്നതിന് കുലൈനി നല്‍കുന്ന വ്യാഖ്യാനം ക്വുര്‍ആന്‍ ഇമാമിലേക്ക് വഴികാണിക്കും എന്നതാണ്'' (അല്‍കാഫി 1/216)

''ഒരു വിഭാഗത്തെ അവന്‍ നേര്‍വഴിയിലാക്കിയിരിക്കുന്നു. ഒരു വിഭാഗമാകട്ടെ വഴിപിഴക്കാന്‍ അര്‍ഹരായിരിക്കുന്നു. അല്ലാഹുവിനെ വിട്ട് പിശാചുക്കളെയാണ് അവര്‍ രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 7:30).

ഈ സൂക്തത്തില്‍ 'അല്ലാഹുവിനെ വിട്ട് പിശാചുക്കളെയാണ് അവര്‍ രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്' എന്നതിന് ശിയാക്കള്‍ നല്‍കുന്ന വ്യാഖ്യാനം 'അലി(റ)യുടെ മുമ്പ് ഖലീഫമാരായവരെ കുറിച്ചാണ് ഇവിടെ പറയുന്നത്' എന്നാണ്! (തഫ്‌സീര്‍ സ്വാഫി 1/571).

എത്ര പച്ചയായിട്ടാണ് ആദ്യ മൂന്ന് ഖലീഫമാരെ പിശാചുക്കള്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്ന് നോക്കൂ! ക്വുര്‍ആന്‍ സ്വര്‍ഗാവകാശികള്‍ എന്ന് പറഞ്ഞവരെ അതേ ക്വുര്‍ആനിലെ വചനങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് ഇത്തരത്തില്‍ ആക്ഷേപിക്കുവാനും അത് വിശ്വസിക്കുവാനും യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് കഴിയുമോ?