പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് ഝാര്‍ഖണ്ഡ്

നബീല്‍ പയ്യോളി

2020 ജനുവരി 04 1441 ജുമാദല്‍ അവ്വല്‍ 09

ആശങ്കയുടെ ഇരുള്‍മൂടിയ രാജ്യത്ത് പ്രതീക്ഷയുടെ കുളിര്‍മഴയായി പെയ്തിറങ്ങി ഝാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന ഇലക്ഷന്‍ ഫലം. ബിജെപി ഭരണം കയ്യാളിയ സംസ്ഥാനത്ത് ദയനീയ പരാജയം ഏറ്റുവാങ്ങിയ കാഴ്ചയാണ് കണ്ടത്. ആകെയുള്ള 81 സീറ്റുകളില്‍ 47 ഇടങ്ങളില്‍ വിജയിച്ച് മഹാസഖ്യം അധികാരത്തില്‍ എത്തി. 25 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. 30 സീറ്റുകള്‍ നേടിയ, മഹാ സഖ്യത്തിലെ പ്രധാന കക്ഷിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ് ഏറ്റവും വലിയ കക്ഷി. കോണ്‍ഗ്രസ്സ് 16 സീറ്റിലും ഒരു സീറ്റില്‍ ലാലു പ്രസാദിന്റെ ആര്‍ജെഡിയും വിജയം നേടി. എജെഎസ്‌യു 2, ജെവിഎം(പി) 3, എന്‍സിപി 1, സിപിഐഎംഎല്‍ 1, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് സീറ്റുനില. ജെഎംഎമ്മിന്റെ ഗോത്രവര്‍ഗ വോട്ടും കോണ്‍ഗ്രസ്സിന്റെ ന്യൂനപക്ഷ വോട്ടും ആര്‍ജെഡിയുടെ യാദവ വോട്ടും ഒരുമിച്ചപ്പോള്‍ ബിജെപിക്ക് അടിതെറ്റി. ജെഎംഎം  നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു.

നവംബര്‍ 30, ഡിസംബര്‍ 7,12,16, 20 എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളിലായാണ് ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഡിസംബര്‍ 23ന് ഫലപ്രഖ്യാപനവും നടന്നു. ജംഷഡ്പൂര്‍ ഈസ്റ്റില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി രഘുബര്‍ ദാസ് 15,833 വോട്ടിനു തോറ്റു. പാര്‍ട്ടി അധ്യക്ഷന്റെ ദയനീയ തോല്‍വിയും പരാജയത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 35 സീറ്റും സഖ്യകക്ഷിയായ എജെഎസ്‌യു 17 സീറ്റും നേടിയാണ് അധികാരത്തിലെത്തിയത്. ഈ ഇലക്ഷനില്‍ സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് ഇരുപാര്‍ട്ടികളും ഒറ്റക്ക് മത്സരിക്കുകയായിരുന്നു. ഒറ്റക്ക് മത്സരിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാം എന്നതായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ ചെറുകക്ഷികളെ വലയിലാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയും അവര്‍ വെച്ചുപുലര്‍ത്തിയിരുന്നു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 81ല്‍ 63 ഇടങ്ങളിലും എന്‍ഡിഎ ആയിരുന്നു ലീഡ് ചെയ്തത് എന്നത് കൂടി ചേര്‍ത്ത് വായിക്കുമ്പോഴാണ് പരാജയത്തിന്റെ ആഴം ബോധ്യമാവുക. പശുവിന്റെ പേരിലും മറ്റും ആള്‍ക്കൂട്ട കൊലപാതകത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ മാത്രം 20 പേരാണ് ഝാര്‍ഖണ്ഡില്‍ മരിച്ചത്. ഇത് നിയമസഭയില്‍ ചര്‍ച്ച ചെയ്യപ്പെടുക പോലും ഉണ്ടായിട്ടില്ല. ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷവും പ്രതിഷേധവും സൃഷ്ടിച്ചു. സംസ്ഥാനത്ത് 14.5 ശതമാനം വരുന്ന മുസ്ലിം സമൂഹത്തെ അന്യവത്കരിക്കാനും തുടര്‍ച്ചയായ അക്രമങ്ങള്‍ക്ക് വിധേയമാക്കാനുമായിരുന്നു സര്‍ക്കാര്‍ ഒത്താശ ചെയ്തത്. ഇത് ന്യുനപക്ഷ വോട്ടുകള്‍ പ്രതിപക്ഷത്തിന് അനുകൂലമായി ലഭിക്കാന്‍ കാരണമായി. 26 ശതമാനത്തില്‍ അധികം വരുന്ന ആദിവാസി ഗോത്ര വര്‍ഗങ്ങളെ അവഗണിച്ചതും അവര്‍ക്കെതിരെയുള്ള നിലപാടുകളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി തങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് അവര്‍ മനസ്സിലാക്കി. ഝാര്‍ഖണ്ഡ് ആദിവാസി മുക്ത സംസ്ഥാനമാക്കും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാവുകയും അത് ഫലത്തെ ബാധിക്കുകയും ചെയ്തു. രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ അംഗബലം വര്‍ധിക്കാന്‍ കൂടി ഈ നേട്ടം സഹായകമാകും എന്നത് ശുഭകരമാണ്. ഈ ഫലം ജനാധിപത്യ വിരുദ്ധ നിലപാടുകളില്‍ പുനര്‍വിചിന്തനം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കും എന്ന പ്രതീക്ഷയാണ് ജനാധിപത്യ വിശ്വാസികള്‍ വെച്ചുപുലര്‍ത്തുന്നത്.

ഝാര്‍ഖണ്ഡ് പരാജയത്തോടെ ഈവര്‍ഷം ബിജെപിക്ക് നഷ്ടമാകുന്നത് തങ്ങള്‍ ഭരണം കയ്യാളിയിരുന്ന അഞ്ചാമത്തെ സംസ്ഥാനമാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഘട്ട്, മഹാരാഷ്ട്ര  തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി ഇതര സര്‍ക്കാരുകളാണ് ഭരണത്തില്‍. കര്‍ണാടകയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനായത് മാത്രമാണ് തുടര്‍ച്ചയായ പരാജയം ഏറ്റ് വാങ്ങുന്നു എന്നതിനെതിരെ പറയാനുള്ള എക കാര്യം. 2017ല്‍  ഹിന്ദി ഹൃദയഭൂമിയില്‍ അടക്കം രാജ്യത്തെ 70 ശതമാനം സംസ്ഥാനങ്ങളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപിയുടെ തേരോട്ടം. അത് ഇപ്പോള്‍ 34 ശതമാനമായി കുറഞ്ഞിരിക്കുന്നു. കാവി പുതച്ച ഇന്ത്യയെന്ന പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വലിയ തോതില്‍ ബിജെപി ആയുധമാക്കിയിരുന്നു. അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കാനും അതിലൂടെ സാധ്യമായിരുന്നു. ഇപ്പോള്‍ അതിന് നിറം മങ്ങി. 2017 ഉം 2019 ഉം താരതമ്യം ചെയ്ത ഇന്ത്യന്‍ മാപ്പുകള്‍ ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ബിജെപിയുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്നു എന്ന് തന്നെയാണ് ഈ ഫലങ്ങള്‍ വിളിച്ചുപറയുന്നത്. ഭൂരിപക്ഷത്തിന്റെ മറവില്‍ തങ്ങളുടെ ഒളിയജണ്ടകള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും നരേന്ദ്രമോഡി സര്‍ക്കാര്‍ ശ്രമിച്ചു പോന്നിട്ടുണ്ട്. അതിന് ജനാധിപത്യ ഇന്ത്യ നല്‍കിയ തിരിച്ചടിയാണ് തുടര്‍ച്ചയായ കനത്ത പരാജയം.

ബാബരി മസ്ജിദ്, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ദളിത്-ന്യൂനപക്ഷ, ആദിവാസി വിരുദ്ധ നിലപാടുകള്‍, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ജി.എസ്.ടി, നോട്ട് നിരോധനം, കശ്മീര്‍, കര്‍ഷക ആത്മഹത്യ, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയായിരുന്നു കഴിഞ്ഞ ഇലക്ഷനുകളില്‍ വലിയ പ്രചാരണ  വിഷയമെങ്കില്‍ ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നടക്കുന്നത് പൗരത്വ ഭേദഗതി ബില്ലും നിയമവും വിവാദങ്ങള്‍ തീര്‍ത്ത സമയത്തായിരുന്നു എന്നത് ശ്രദ്ധേയമാണ്. പൗരത്വ ഭേദഗതി ബില്ലിലൂടെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കി തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ രാജ്യത്തുനിന്ന് പുറത്താക്കുകയോ തടങ്കല്‍ പാളയത്തില്‍ തള്ളുകയോ അതുമല്ലെങ്കില്‍ പൗരത്വം ഇല്ലാതെ അഭയാര്‍ഥികളെ പോലെ കഴിയാന്‍ വഴിയൊരുക്കുകയോ ചെയ്യാം എന്നാണ് അമിത്ഷാ-മോഡി കൂട്ടുകെട്ട് കണക്കാക്കിയത്. പ്രതിഷേധക്കാരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന ഏറ്റവും പ്രകോപനപരവും നീചവുമായ പ്രസ്താവന ഇലക്ഷന്‍ പ്രചാരണ സമയത്താണ് ഇന്ത്യയുടെ പ്രധാനമന്ത്രി നടത്തിയത്. സമരത്തെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താനും ക്യാംപസുകളിലും തെരുവുകളിലും കലാപം സൃഷ്ടിക്കാനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും ആസൂത്രിതമായി തന്നെ ശ്രമിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തു. ആഴ്ചകളായി രാജ്യത്തെ തെരുവുകള്‍ അഹിംസാത്മക പ്രതിഷേധങ്ങള്‍ കൊണ്ട് പ്രകമ്പനം കൊള്ളുകയാണ്. അതില്‍ ഏറ്റവും മധുരിതമായ പ്രതിഷേധം കാഴ്ചവെച്ചത് ഝാര്‍ഖണ്ഡ് ജനതയാണ്. ജനാധിപത്യത്തിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായ സമ്മതിദാനാവകാശം വിനിയോഗിച്ചു കൊണ്ടാണ് അവര്‍ അത് ചെയ്തത് എന്നത് ജനാധിപത്യ ബോധമുള്ള ഏതൊരാള്‍ക്കും നല്‍കുന്ന ആത്മ വിശ്വാസവും സന്തോഷവും ചെറുതല്ല.

ഏകാധിപത്യവും ജനവിരുദ്ധ നിലപാടുകളും ഭീതിയും കാലാകാലം നിലനിര്‍ത്തി അധികാരത്തിന്റെ സോപാനങ്ങളില്‍ വാഴാം എന്നത് ദിവാസ്വപ്നം മാത്രമാണ്; ജനാധിപത്യ ഇന്ത്യയില്‍ പ്രത്യേകിച്ചും. ശക്തമായ ജനാധിപത്യ അടിത്തറയുള്ള നമ്മുടെ രാജ്യത്ത് അത് പൂര്‍ണമായും പിഴുതെറിയുക അസാധ്യമാണ് എന്ന യാഥാര്‍ഥ്യം സംഘപരിവാറും അവര്‍ക്ക് ഓശാന പാടുന്നവരും തിരിച്ചറിയാതെ പോകുന്നു എന്നതാണ് ഈ കാട്ടിക്കൂട്ടലുകള്‍ തെളിയിക്കുന്നത്.  പൗരത്വ ബില്ലിനെതിരെ രാജ്യം പ്രക്ഷോഭത്തിനിറങ്ങിയത് ആരെങ്കിലും ആഹ്വാനം ചെയ്തിട്ടല്ല. മറിച്ച് ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഓരോരുത്തരുടെയും മനസ്സിലുള്ള അഭിമാനബോധവും ഭരണഘടനയോടുള്ള ബഹുമാനവും രാജ്യത്തോടുള്ള കടമയും ഉയര്‍ന്ന ജാനാധിപത്യ ചിന്തയും അവരെ സ്വയം അതിന് പ്രേരിപ്പിക്കുകയായിരുന്നു. ആരും ആഹ്വാനം ചെയ്യാതെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നു. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ ഇവയുടെ ഭാഗമായി. സമരത്തിനിടയില്‍ പുതിയ സഖ്യങ്ങള്‍ രൂപപ്പെട്ടു. സമാന മനസ്‌കര്‍ എല്ലാവിധ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാന്‍ കൈമെയ് മറന്ന് ഇറങ്ങി. ഇനിയും അത് തുടരുക തന്നെ ചെയ്യും. ജനാധിപത്യ ഇന്ത്യയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ല. ജനങ്ങളെ പരിഗണിച്ചും അവരുടെ വികാരങ്ങള്‍ മനസ്സിലാക്കിയും മാത്രമെ ഭരണകൂടങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. ഈ തിരിച്ചറിവ് ഒരാള്‍ക്കും നഷ്ടപ്പെട്ടുകൂടാ. മറിച്ചാണെങ്കില്‍ സ്വയം നാശത്തിലേക്ക് അവര്‍ എടുത്ത് ചാടുകയാണ് ചെയ്യുന്നത്.

ഝാര്‍ഖണ്ഡ് ഫലം നല്‍കുന്ന മറ്റൊരു തിരിച്ചറിവ് പ്രാദേശിക പാര്‍ട്ടികളുടെ നിലപാടുകള്‍ തന്നെയാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുമ്പോള്‍ അവിടെ വിശാലമായ കാഴ്ചപ്പാടുകള്‍ സ്വീകരിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാങ്ങള്‍ തയ്യാറാവണം. കഴിഞ്ഞ കാലങ്ങളില്‍ സംഘപരിവാര്‍ ശക്തികള്‍ അധികാരത്തിന്റെ സോപാനങ്ങളിലേക്ക് നടന്നുകയറിയത് ഇന്ത്യയിലെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ തീര്‍ത്തായിരുന്നു. ചെറിയ വോട്ട് വ്യത്യാസത്തിനാണവര്‍ അധികാരം നേടിയത്. അത് തീര്‍ത്തതോ വര്‍ഷങ്ങള്‍ എടുത്താലും നികത്താന്‍ കഴിയാത്തത്ര ആഘാതവും! ഇനിയെങ്കിലും രാഷ്ട്രീയ പ്രസ്ഥാങ്ങള്‍ ഈ തിരിച്ചറിവ് നേടാന്‍ പ്രാപ്തരാവണം. ബീഹാര്‍, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ജനാധിപത്യ ശക്തികളുടെ ഐക്യത്തിനും ഫാസിസ്റ്റ് വിരുദ്ധ വോട്ടുകള്‍ക്ക് ചോര്‍ച്ച സംഭവിക്കാതിരിക്കാനുമുള്ള ജാഗ്രത മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും കൈക്കൊള്ളണം.

 കര്‍ണാടകയും മഹാരാഷ്ട്രയും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നല്‍കിയ ഊര്‍ജം തെല്ലൊന്നുമല്ല. ചരിത്രത്തിന്റെ ഇന്നലകളില്‍ ഒരിക്കല്‍ പോലും യോജിപ്പിന്റെ ഇടങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്ത ശിവസേനയുമായി മഹാരാഷ്ട്രയില്‍ അധികാരം പങ്കിടുന്നത് തുടക്കത്തില്‍ വലിയ ആശങ്കകള്‍ക്കും ആക്ഷേപങ്ങള്‍ക്കും കാരണമായിരുന്നു എങ്കില്‍ ഇന്ന് അതിന്റെ ഗുണം രാജ്യം അനുഭവിക്കുന്നു. ബിജെപി ബന്ധം മുറിച്ചു മാറ്റിയപ്പോള്‍ മനസ്സമാധാനം ഉണ്ടെന്ന് താക്കറെ പറഞ്ഞത് തമാശയല്ല. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പേറുന്നവര്‍ അനുഭവിക്കുന്ന മനഃസംഘര്‍ഷങ്ങളെയും അത് അവരെ എത്തിക്കുന്ന മാനസിക നിലവാരത്തെയും അത് നമ്മെ ബോധ്യപ്പെടുത്തുന്നു. ഈ ക്യാന്‍സര്‍ മുറിച്ചു മാറ്റാന്‍ ഇന്ത്യയെന്ന, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സാധ്യമായില്ലെങ്കില്‍ അത് രാജ്യത്തിന്റെ ചരമം കുറിക്കും എന്നതില്‍ സംശയമില്ല. നിരാശകള്‍ക്കിവിടെ ഇടമില്ല. ശക്തമായ പ്രതീക്ഷയും പക്വമായ ഇടപെടലുകളും ആണ് നമ്മെ നയിക്കേണ്ടത്.