വിവാഹപ്രായം: മാറേണ്ടത് പ്രായമോ കാഴ്ചപ്പാടോ?

സ്റ്റാഫ്‌ റിപ്പോർട്ടർ

2020 സെപ്തംബര്‍ 19 1442 സഫര്‍ 02

(നേര്‍പഥം വൈജ്ഞാനിക സംവാദം / ഭാഗം 3)

(ഈ ലക്കത്തില്‍: മുഹമ്മദ് സ്വാദിക്വ് മദീനി / ഫാദര്‍ പോള്‍ തേലക്കാട്)

മുഹമ്മദ് സ്വാദിക്വ് മദീനി

ഏതൊരു കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാടുകളും കൃത്യമായ മാര്‍ഗനിര്‍ദേശവും നല്‍കല്‍ ഇസ്‌ലാമിന്റെ പ്രത്യേകതയാണ്. ഒരിക്കല്‍ ഒരു ജൂതന്‍ സല്‍മാനുല്‍ ഫാരിസി(റ)യോട് അത്ഭുതത്തോടെ പറഞ്ഞു: 'നിങ്ങളുടെ പ്രവാചകന്‍ നിങ്ങള്‍ക്ക് മലമൂത്രവിസര്‍ജന മര്യാദകള്‍പോലും പഠിപ്പിച്ചു തന്നിരിക്കുന്നുവല്ലോ!'

ഏതാനും കാലം മാത്രം നിലനില്‍ക്കേണ്ട ഒരു ബന്ധമായിട്ടല്ല ഇസ്‌ലാം വിവാഹത്തെ കാണുന്നത്, മറിച്ച് മരണാനന്തരം സ്വര്‍ഗത്തിലും ഒന്നിക്കുവാന്‍ സാധിക്കണ്ടതുണ്ട് എന്ന് പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു:

''നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായിക്കൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക'' (ക്വുര്‍ആന്‍ 43:70).

വിവാഹമെന്ന പവിത്രമായ ചടങ്ങിന്റെ നെടുംതൂണുകളാണ് വധൂവരന്മാരെങ്കിലും കേവലം അവരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല അത്. ഇരുവരുടെയും കുടുംബം, സമൂഹം എന്നിവയുമായി പല നിലയ്ക്കും വിവാഹം ബന്ധപ്പെട്ടിരിക്കുന്നു.

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വിവാഹമെന്ന പവിത്രമായ കര്‍മത്തിന്റെ രൂപം, വിവാഹാനന്തരം ദമ്പതികളുടെ കടമകള്‍, ഉത്തരവാദിത്തങ്ങള്‍, സന്തുഷ്ടകരമായ കുടുംബജീവിതം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ഇതെല്ലാം കൃത്യമായി മതം അറിയിച്ചുതരുന്നു.

 ഈ വിഷയത്തില്‍ പ്രധാനമായും മൂന്നുതരം കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്നവരെയാണ് ലോകത്ത് നാം കാണുന്നത്. വികാരപൂര്‍ത്തീകരണത്തിന് വിവാഹം ഒരു മാനദണ്ഡമല്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരം എവിടെവച്ചും ആരുമായും രതിലീലകള്‍ ആകാവുന്നതാണ് എന്നും അഭിപ്രായപ്പെടുന്നവരാണ് ഒരു വിഭാഗം. അവര്‍ക്ക് അതിന് പ്രായം ഒരു തടസ്സമാകാറില്ല. വിവാഹത്തിന് പ്രായപരിധി നിശ്ചയിച്ച പല രാജ്യങ്ങളും വ്യഭിചാരത്തിന് ഒരു മാനദണ്ഡവും സ്വീകരിച്ചിട്ടില്ല എന്ന് കണക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ജപ്പാന്‍, കൊറിയ പോലുള്ള രാജ്യങ്ങളില്‍ പതിമൂന്ന് വയസ്സ് മുതല്‍ വ്യഭിചാരം നിയമവിധേയമാണ്!

വ്യഭിചാരം നിയമവിധേയമാകുന്ന പ്രായപരിധി ചില നാടുകളില്‍ ഇപ്രകാരമാണ്: മെക്‌സിക്കോ 12, ചൈന, ജര്‍മനി, ബള്‍ഗേറിയ, ബ്രസീല്‍, ചിലി, ബര്‍മ 14 വയസ്സ്. ഡെന്മാര്‍ക്ക്, ഗ്രീസ്, ഫ്രാന്‍സ് 15 വയസ്സ്. അമേരിക്ക, ബെല്‍ജിയം, ഫിന്‍ലാന്റ് 16 വയസ്സ്.

പരസ്പരാനുമതിയോടെ ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള പ്രായപരിധി 18ല്‍ നിന്ന് 16 ആയി കുറച്ചു കൊണ്ടുള്ള നിയമ ഭേദഗതി ഇന്ത്യയില്‍ വരുത്തിയത് 2013 മാര്‍ച്ച് 14നാണ്.

ധാരാളം കുടുംബങ്ങളാല്‍ പടുത്തുയര്‍ത്തപ്പെടുന്ന സമൂഹത്തില്‍ വിവാഹം തന്നെ അന്യമാക്കപ്പെടുകവഴി പല രാജ്യങ്ങളിലും സംഭവിച്ചത് മാനസിക, ലൈംഗിക രോഗങ്ങള്‍ സമ്മാനിക്കുക എന്നതാണ്. പിതാവ് ആരെന്നറിയാത്ത ധാരാളം വിഷാദരോഗികളും ആരോടും ഒരു ബാധ്യതയുമില്ലാത്ത കുറെ ക്രിമിനലുകളും അവരുടെ ഉല്‍പന്നമായി അവശേഷിച്ചു.

 വിവാഹം കഴിക്കുവാനുള്ള നിബന്ധനയായി മറ്റു ചിലയാളുകള്‍ കാണുന്നത് വധൂവരന്മാര്‍ക്ക് നിശ്ചിത പ്രായപരിധി എത്തുക എന്നതാണ്. ആളുകളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വികാസങ്ങള്‍ പൂര്‍ത്തിയാകുന്നത് ഒരു പ്രത്യേക പ്രായമാകുമ്പോഴാണെന്നും ആ പ്രായത്തില്‍ നടക്കുന്ന വിവാഹങ്ങളേ വിജയകരമാവുകയുള്ളൂ എന്നുമാണ് ഇവരുടെ വാദം. ഇത് പ്രത്യക്ഷത്തില്‍ സ്വീകാര്യയോഗ്യമായ ഒരു അഭിപ്രായമാണെന്ന് തോന്നാമെങ്കിലും സമഗ്രമായി വിശകലനം ചെയ്താല്‍ ഇതിന്റെ നിരര്‍ഥകത ബോധ്യപ്പെടുന്നതാണ്.

ചരിത്രത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് ഈ വിഷയത്തില്‍ ജനങ്ങള്‍ ഏതുകാലത്തും ഏകാഭിപ്രായക്കാരല്ല എന്ന യാഥാര്‍ഥ്യമാണ്.

യേശുവിന്റെ മാതാവായ മര്‍യമിനെ ജോസഫ് കല്യാണം കഴിക്കുന്നത് പന്ത്രണ്ടാം വയസ്സിലാണ് എന്നും അന്ന് ജോസഫിന് തൊണ്ണൂറ് വയസ്സായിരുന്നു പ്രായം എന്നും എഴുതിവെച്ചത് കാത്തോലിക്ക് എന്‍സൈക്ലോപീഡിയയാണ്. മനുസ്മൃതിയിലെ നിയമങ്ങള്‍ അനുസരിച്ച് ഒരു ഗൃഹനാഥന്‍ തന്റെ മകള്‍ക്ക് എട്ട് വയസ്സാകുംമുമ്പ് അവളെ ഇരുപത്തിനാലുകാരനായ ഒരു യുവാവിന് വിവാഹം ചെയ്തു കൊടുക്കണെമന്നാണ്.

50-100 വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ലോകത്തുള്ള പല സമൂഹങ്ങളിലും ശരാശരി വിവാഹപ്രായം 10 വയസ്സായിരുന്നു. മുന്‍കാല സമൂഹങ്ങള്‍ ഈ വിഷയത്തില്‍ ഏകാഭിപ്രായക്കാരല്ല എന്നു വ്യക്തം.

വര്‍ത്തമാനകാലത്തും ലോകരാജ്യങ്ങള്‍ വിവാഹത്തിന് അനുവാദം നല്‍കുന്ന കുറഞ്ഞ പ്രായപരിധി വിത്യസ്തമാണ് എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. 2001ലെ ഇന്ത്യന്‍ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് 14 ലക്ഷം പെണ്‍കുട്ടികള്‍ വിവാഹിതരായത് 10 വയസ്സിനും 14 വയസ്സിനും ഇടയിലാണ് എന്നാണ്.

സമ്പൂര്‍ണ ക്രൈസ്തവ രാജ്യമായ വത്തിക്കാനില്‍ വിവാഹത്തിന്റെ പ്രായം 14ഉം ഹൈന്ദവ ഭൂരിപക്ഷരാഷ്ട്രമായ നേപ്പാളില്‍ 16ഉം ജൂതരാഷ്ട്രമായ ഇസ്രായേലില്‍ 16ഉം കമ്യൂണിസ്റ്റ് ആദര്‍ശ രാഷ്ട്രമായ പോളണ്ടില്‍ 16ഉം ആണ്. വിവരസാങ്കേതിക രംഗത്ത് മുന്നില്‍നില്‍ക്കുന്ന അമേരിക്കയിലെയും യൂറോപ്പിലെയും സ്ഥിതി ഇതില്‍നിന്നും വ്യത്യസ്തമല്ല.

2019 സെപ്റ്റംബറിലെ കണക്കെടുത്താല്‍ അമേരിക്കയിലെ 13 സ്റ്റേറ്റുകളില്‍ ഔദ്യോഗികമായി കുറഞ്ഞ വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല. ഔദ്യോഗികമായി നിശ്ചയിച്ചിട്ടില്ലെങ്കിലും പെണ്‍കുട്ടിക്ക് 12 വയസ്സും ആണ്‍കുട്ടിക്ക് 14 വയസ്സും ആണ്. മറ്റു 19 സ്റ്റേറ്റുകളില്‍ കുറഞ്ഞ വിവാഹപ്രായമായി 16 വയസ്സും ന്യൂയോര്‍ക്കില്‍ 14 വയസ്സുമാണ് നിശ്ചയിച്ചിട്ടുള്ളത്. അമേരിക്കയിലെ സൗത്ത് കരോളിനയില്‍ ഗര്‍ഭിണിയായാല്‍ ഏത് സമയവുമാണ് വിവാഹപ്രായം!

യൂറോപ്യന്‍ യൂണിയനിലെ മിക്കരാജ്യങ്ങളിലെയും കുറഞ്ഞ വിവാഹപ്രായം പെണ്‍കുട്ടിക്ക് 16ഉം ആണ്‍കുട്ടിക്ക് 18ഉം ആണ്. 2019 സെപ്റ്റംബറിലെ അവസ്ഥയനുസരിച്ച് ഇംഗ്ലണ്ടിലെ അംഗീകൃതമായ വിവാഹപ്രായം പുരുഷനും സ്ത്രീക്കും 16 വയസ്സാണ്. ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളിലും വിവാഹത്തിനുള്ള ചുരുങ്ങിയ പ്രായം 14-16 വയസ്സാണ് എന്ന് കാണാനാകും.

മഹാത്മാഗാന്ധി കസ്തൂര്‍ബയെ പതിമൂന്നാം വയസ്സില്‍ വിവാഹം കഴിച്ചേതാ, ഇരുപത്തിരണ്ട് വയസ്സുണ്ടായിരുന്ന ശ്രീനിവാസ രാമാനുജന്‍ പത്തുവയസ്സുള്ള ജാനകിയമ്മയെ വിവാഹം കഴിച്ചേതാ നാല്‍പത്തിയഞ്ച് വയസ്സുള്ള കുമാരനാശാന്‍ ബാലികയായ ഭാനുമതിയെ വിവാഹം കഴിച്ചതോ അപരിഷ്‌കൃതമായിപ്പോയി എന്ന് അന്നുള്ളവര്‍ക്ക് തോന്നിയിട്ടില്ല. വിവാഹത്തിനുള്ള കുറഞ്ഞ പ്രായം തീരുമാനിക്കുന്നതില്‍ ഇന്നും ആളുകള്‍ ഏകാഭിപ്രായക്കാരല്ല.

വിവാഹത്തിന്റെ വിഷയത്തില്‍ ഇസ്‌ലാമിന് പറയാനുള്ളതാണ് മൂന്നാമത്തെ അഭിപ്രായം. വിവാഹം സ്വീകാര്യയോഗ്യവും മതപരമായി അംഗീകരിക്കപ്പെട്ടതുമാകണമെങ്കില്‍ ചില നിബന്ധനകള്‍ അനിവാര്യമാണ്. ദമ്പതികളുടെ മാനസികമായ ഇഷ്ടവും പൊരുത്തവും, പെണ്‍കുട്ടിയുടെ രക്ഷിതാവിന്റെ അംഗീകാരം, സ്വകാര്യമായ ഒരു ചടങ്ങല്ല സമൂഹത്തിന്റെ പിന്തുണയുണ്ട് എന്നറിയിക്കുന്ന സാക്ഷികള്‍, അതിനു പുറമെ വരന്‍ ഭാര്യയെ സംരക്ഷിക്കുവാന്‍ യോഗ്യനായിരിക്കുക തുടങ്ങിയവ അവയില്‍ പെട്ടതാണ്.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഇണയെ തെരഞ്ഞടുക്കുവാന്‍ ഇസ്‌ലാം കല്‍പിക്കുന്നില്ല. കാരണം കേട്ടുകേള്‍വികള്‍ യാഥാര്‍ഥ്യമായിക്കൊള്ളണമെന്നില്ല. ഇരുവരും ഒരേനാട്ടില്‍ ജീവിക്കുന്നു എന്നതുകൊണ്ടോ അകന്ന കുടുംബബന്ധമുണ്ട് എന്നതുകൊണ്ടോ പരസ്പരം കാര്യങ്ങള്‍ അന്വേഷിക്കാതെ ഇണയെ തെരഞ്ഞടുക്കുവാന്‍ പാടില്ല. അതിനാല്‍ വിവാഹത്തിന്റെ ആദ്യപടിയായി ഇരുവരും പരസ്പരം കാണണം എന്ന് മതം നിര്‍േദശിച്ചു. നബി ﷺ  പറഞ്ഞു: 'ആരെങ്കിലും ഒരു സ്ത്രീയെ വിവാഹം അന്വേഷിച്ചാല്‍ വിവാഹം കഴിക്കാന്‍ ആവശ്യമായ തോതില്‍ അവന്‍ അവളെ കാണട്ടെ.'

പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ജീവിതം മുന്നോട്ടുപോകുമോ എന്ന് ഏറെക്കുറെ അവര്‍ക്ക് ബോധ്യമാകും. അഥവാ ഒരു കൂടിക്കാഴ്ചയിലൂടെയും സംസാരത്തിലൂടെയും മറുകക്ഷിയെ അറിയുവാനും മനസ്സിലാക്കുവാനുമുള്ള പക്വതയും പാകതയും ആര്‍ജിച്ചവരായിരിക്കണം അവര്‍. വിവാഹത്തിന് പ്രായം അടിസ്ഥാനമാക്കുന്നതിനെക്കാള്‍ ഫലപ്രദം ഇത്തരം നിയമങ്ങള്‍ സ്വീകരിക്കലാണ്.

പരസ്പരമുള്ള കൂടിക്കാഴ്ചക്കപ്പുറം ഇരുവരുടെയും ഇഷ്ടവും താല്‍പര്യവും അറിയേണ്ടതുണ്ട്. പെണ്ണുകാണല്‍ കേവലം ഒരു ചടങ്ങല്ല, മറിച്ച് തന്റെ അഭിപ്രായം പ്രകടിപ്പിക്കുവാനുള്ള അവസരം കൂടിയാണ്. ദമ്പതികള്‍ തമ്മിലുള്ള ഇഷ്ടവും പൊരുത്തവും ഉണ്ടാകുമ്പോഴാണ് കുടുംബജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നത്. ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കാതെ മറ്റൊരാളുടെ കീഴില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടുള്ള ബന്ധങ്ങള്‍, മുന്നോട്ടുപോകാതെ സ്‌ഫോടനത്തില്‍ കലാശിക്കുകയാണ് പതിവ്. വിവാഹപ്രായം മാത്രം പരിഗണിച്ചാല്‍ പരസ്പരമുള്ള ഇഷ്ടം ഉണ്ടാകണമെന്നില്ല. ഭര്‍ത്താവിനെക്കാള്‍ പ്രായം ഭാര്യക്ക് ഉണ്ട് എന്നതുകൊണ്ട് മാത്രം കുടുംബകലഹങ്ങള്‍ ഉണ്ടാവുകയില്ല.

അനുവാദവും ഇഷ്ടവും ചോദിക്കാതെ നിര്‍ബന്ധിച്ചുള്ള വിവാഹം ഇസ്‌ലാമില്‍ അസാധുവാണ്.  നബി ﷺ  പറഞ്ഞു: ''കന്യകയാകട്ടെ, അവളുടെ അനുമതിയില്ലാതെ അവളെ വിവാഹം കഴിപ്പിച്ചുകൂടാ'' (മുസ്‌ലിം).

ഇമാം ബുഖാരി തന്റെ പ്രസിദ്ധമായ ഹദീഥ് ഗ്രന്ഥത്തിന്‍ ഒരു അധ്യായമായി നല്‍കിയത് ഇപ്രകാരമാണ്: 'പിതാവോ മറ്റാരെങ്കിലുമോ കന്യകയെയും വിധവയെയും അവരുടെ ഇഷ്ടമില്ലാതെ വിവാഹം  ചെയ്തുകൊടുക്കുവാന്‍ പാടില്ല.'

വിവാഹ വിഷയത്തില്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ധാരാളം യുക്തി ദര്‍ശിക്കുവാന്‍ സാധിക്കും. സ്ത്രീയുടെ ഇഷ്ടം പരിഗണിക്കാതെ അവളെ വിവാഹം കഴിപ്പിക്കുവാന്‍ പാടില്ല എന്നതുപോലെത്തത്തന്നെ വിവാഹം അന്വേഷിച്ചുവന്നയാളെ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള അധികാരം അവള്‍ക്കുണ്ട്. അത്തരം അധികാരം കയ്യാളുവാനുള്ള പക്വതനിറഞ്ഞവളായിരിക്കണം വിവാഹിതയാകുന്നവള്‍. എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞിനോട് വിവാഹത്തിന് അനുമതിതേടുക എന്നത് പ്രസക്തമല്ല. അതോടൊപ്പം ഇത്തരം പക്വതയെ കേവലം ഒരു നിശ്ചിത പ്രായത്തില്‍ പരിമിതപ്പെടുത്തുവാനും കഴിയില്ല.

ശാരീരികവും മാനസികവുമായ കാര്യങ്ങളില്‍ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ഏറ്റവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. സ്ത്രീ പൊതുവെ പുരുഷനെക്കാള്‍ ദുര്‍ബല മനസ്സുള്ളവളാണ്. കാര്യങ്ങള്‍ മുന്‍കൂട്ടി ആലോചിക്കാതെ പല കാര്യങ്ങളും വിശ്വസിക്കുവാനും അതുവഴി അവള്‍ വഞ്ചിക്കപ്പെടുവാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അവളെ ബാധിക്കുന്ന ഗൗരവമേറിയ വിവാഹ വിഷയത്തില്‍ അവളുടെ താല്‍പര്യം അറിയുന്നതോടൊപ്പം ഇത്രയും കാലം അവളെ സംരക്ഷിച്ച, അവളുടെ സുന്ദരമായ ഭാവി സ്വപ്‌നം കാണുന്ന രക്ഷിതാവിന്റെ അഭിപ്രായവും സമ്മതവും തേടല്‍ അത്യന്താപേക്ഷിതമാണ്. അവള്‍ക്ക് ഗുണകരമായത് മാത്രമെ രക്ഷിതാവ് പ്രവര്‍ത്തിക്കുകയുള്ളൂ. ഇന്നലെവരെ സ്‌നേഹിച്ചും താലോലിച്ചും വളര്‍ത്തിയ മകളെ വിവാഹം ചെയ്തയക്കുമ്പോള്‍ ഏറ്റവും സുരക്ഷിതമായ കൈകളില്‍ ഏല്‍പിക്കണമെന്ന് ഏതൊരു രക്ഷിതാവാണ് ആഗ്രഹിക്കാതിരിക്കുക? മറ്റൊരാള്‍ക്കു കീഴില്‍ അവള്‍ കണ്ണീര്‍കുടിക്കുന്ന അവസ്ഥ ഏതു രക്ഷിതാവാണ് സഹിക്കുക? അതിനാല്‍ പരസ്പരം പൊരുത്തപ്പെടാന്‍ കഴിയാത്ത ബന്ധങ്ങള്‍ക്ക് അയാള്‍ കൂട്ടുനില്‍ക്കുകയോ വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെക്കുവാന്‍ പ്രായമായിട്ടില്ലാത്തവളെ നിര്‍ന്ധിച്ച് വിവാഹം ചെയ്തയക്കുകയോ ഇല്ല.

കുടുംബത്തിന്റെ സുരക്ഷിതത്വം കുടുംബനാഥന്റെ ബാധ്യതയാണ്. തന്റെ കീഴിലുള്ളവരുടെ വിഷയത്തില്‍ അവന്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്.

നബി ﷺ  പറഞ്ഞു: 'രക്ഷിതാവും നീതിമാന്മാരായ രണ്ട് സാക്ഷികളുമില്ലാതെ വിവാഹം ഇല്ല.'

പെണ്‍കുട്ടി ഒരു ഒഴിവാക്കപ്പെടേണ്ട ഭാണ്ഡമാണെന്ന ധാരണയില്‍ ഇരുളിന്റെ മറവില്‍ ആരാരുമറിയാതെ രക്ഷിതാവ് അന്യപുരുഷന് ഏല്‍പിച്ചുകൊടുക്കുന്ന പ്രവൃത്തിയല്ല ഇസ്‌ലാമിലെ വിവാഹം. അതിന്  സാക്ഷികള്‍ അനിവാര്യമാണ്. അഥവാ വിവാഹം പരസ്യപ്പെടുത്തല്‍ അനിവാര്യമാണ്. സ്വാഭാവികമായും ആളുകള്‍ അവജ്ഞയോടെ കാണുന്ന ബന്ധങ്ങള്‍ക്ക് സമൂഹം സാക്ഷിനില്‍ക്കുകയോ അത്തരം വിവാഹങ്ങളെ അംഗീകരിച്ച് അവയില്‍ പങ്കെടുക്കുകയോ ഇല്ല.

വിവാഹത്തിന് തയ്യാറാകുന്ന പുരുഷന്‍ കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകുവാന്‍ കഴിയുന്നവനായിരിക്കണം. കാരണം ഭാര്യക്കുവേണ്ട സംരക്ഷണം, ഭക്ഷണം, വസ്ത്രം, മറ്റുചെലവുകള്‍ എന്നിവയെല്ലാം അറിയലും വഹിക്കലും പുരുഷന്റെ ബാധ്യതയാണ്. അല്ലാഹു പറയുന്നു: ''പുരുഷന്‍മാര്‍ സ്്രതീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തെക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവു നല്‍കിയത് കൊണ്ടും (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്...'' (ക്വുര്‍ആന്‍ 4:34).

ഭാര്യയുടെ അഭിമാനത്തിനേല്‍ക്കുന്ന ക്ഷതം ഭര്‍ത്താവിനുകൂടി അപമാനമാണ്. ഭാര്യയുടെ അഭിമാനം അപഹരിക്കുവാന്‍ വേണ്ടി വരുന്നവനെ യുക്തമായ രൂപത്തില്‍ നേരിട്ടതിന്റെ ഫലമായി ഒരാള്‍ കൊല്ലെപ്പട്ടാല്‍ അവന്‍ രക്തസാക്ഷിയാണ്. നബി ﷺ  പറഞ്ഞു: 'തന്റെ ധനത്തിനു വേണ്ടിയോ കുടുംബത്തിനു വേണ്ടിയോ രക്തത്തിനുവേണ്ടിയാ മതത്തിനു വേണ്ടിയോ കൊല്ലപ്പെട്ടാല്‍ അവന്‍ രക്തസാക്ഷിയാണ്.'

ആരെങ്കിലും നിശ്ചയിക്കുന്ന പ്രായം എത്തുമ്പോഴല്ല, മറിച്ച് ഭാര്യക്കുവേണ്ട സര്‍വസംരക്ഷണവും നല്‍കുവാന്‍ പര്യാപ്തനാകുമ്പോഴാണ് ഒരു പുരുഷന്റെ വിവാഹത്തിന് സമയമാകുന്നത്.

അല്ലാഹുവിനെ മുന്‍നിര്‍ത്തി ഏര്‍പ്പെടുന്ന വിവാഹ കരാര്‍ വലിയ അമാനത്താണ്. അത് നിറവേറ്റുവാന്‍ പുരുഷന് സാധിക്കണം. അതുകൊണ്ടുതന്നെ സുരക്ഷിതവും സന്തുഷ്ടകരവുമായ കുടുംബജീവിതത്തിന് ഏറ്റവും അനുയോജ്യമായ സമയത്തെ കേവലം അക്കങ്ങളില്‍ ഒതുക്കലല്ല, മറിച്ച് ഇസ്‌ലാം നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കലാണ് ഗുണകരം.