ഇന്റര്‍നെറ്റ്‌രഹിത ഡിജിറ്റല്‍ ഇന്ത്യ!

നബീല്‍ പയ്യോളി

2020 ഫെബ്രുവരി 01 1441 ജുമാദല്‍ ആഖിറ 02

നീണ്ട ആറ് മാസക്കാലത്തെ ഇന്റര്‍നെറ്റ് നിരോധനത്തിന് താല്‍ക്കാലിക വിരാമം കുറിച്ച് കശ്മീരിന്റെ പല ഭാഗങ്ങളിലും ഭാഗികമായി ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചു. ജമ്മു ഡിവിഷണിലെ 10 ജില്ലകളിലും കശ്മീര്‍ താഴ്‌വരയിലെ കുപ്‌വാര, ബന്ദിപോര ജില്ലകളിലുമാണ് 2ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചത്. ആശുപത്രികള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവയുടെ അവശ്യ സേവനം മുന്‍നിര്‍ത്തി ബ്രോഡ്ബാന്‍ഡ്, ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കിക്കൊടുക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഭരണകൂടം നിര്‍േദശം നല്‍കുകയായിരുന്നു. വിനോദ സഞ്ചാരമേഖലയില്‍ നിയന്ത്രണത്തില്‍ ഇളവ് വരുത്തുമെന്നും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. അതേസമയം, സമൂഹമാധ്യമ നിയന്ത്രണം സമ്പൂര്‍ണമായി തുടരുമെന്നും ഇതു വ്യക്തമാക്കുന്നു.

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി ജനുവരി രണ്ടാം വാരം കേന്ദ്ര സര്‍ക്കാരിന് നിര്‍േദശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഭാഗികമായെങ്കിലും സേവനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. ഇന്റര്‍നെറ്റ് ഉപയോഗം മൗലിക അവകാശമെന്ന് സുപ്രീംകോടതി പ്രസ്താവിച്ചു. ഒരു നിശ്ചിത സമയത്തിലധികം ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുന്നത് നിയമ ലംഘനമാണ്.

 എന്നാല്‍ മതിയായ കാരണങ്ങളോടെ താത്കാലികമായി ഇന്റര്‍നെറ്റ് വിഛേദിക്കാം. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇ-സര്‍വീസ് സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണം... ഇങ്ങനെ നീളുന്നു, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍. ഗവായ് എന്നിര്‍കൂടി അംഗങ്ങളായ ബെഞ്ചിന്റെ നിരിക്ഷണങ്ങളും നിര്‍ദേശങ്ങളും. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

മോദി സര്‍ക്കാരും ബിജെപിയും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പ് വേളകളിലും നിരന്തരം പറഞ്ഞുകൊണ്ടിരുന്നത് ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചായിരുന്നു. വിവരസാങ്കേതികവിദ്യ ലോകത്തിന്റെ കുതിപ്പിന് പുതിയ മുഖം നല്‍കിയ വിപ്ലവകരമായ ഒരു കണ്ടുപിടുത്തം തന്നെയാണ്. ലോകം മുഴുവന്‍ വിവര സാങ്കേതിക വിദ്യയുടെ തോളിലേറിയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ സാധ്യമല്ലെന്ന മട്ടിലേക്ക് കാര്യങ്ങള്‍ മാറിക്കഴിഞ്ഞു. നാളെയുടെ വികസനം മുഴുവന്‍ ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണ് എന്ന യാഥാര്‍ഥ്യം ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഡിജിറ്റല്‍ യുഗത്തിന്റെ കൂടെ മുന്നേറാന്‍ സാധിക്കുക എന്നതാണ് ഇന്നിന്റെ വെല്ലുവിളി. മാന്‍പവറിനെക്കാള്‍ ഡിജിറ്റല്‍ പവര്‍ ആണ് ഇന്ന് പുരോഗതിയുടെ മാനദണ്ഡം. ഇത് പുതുതലമുറയുടെ തിരിച്ചറിവും ആവശ്യവുമാണ്. ഈ വസ്തുതയുടെ മറപ്പിടിച്ചാണ് കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും പുതുതലമുറയെ മോദിയും കൂട്ടരും കൂടെ നിര്‍ത്താന്‍ ശ്രമിച്ചത്. ഇന്ത്യ ഡിജിറ്റല്‍ രംഗത്ത് ശക്തമായ കുതിച്ചുചാട്ടം നടത്തും എന്ന പ്രതീതി സമൂഹത്തില്‍ ഉണ്ടാക്കുന്നതിലും ഒരു പരിധി വരെ അവര്‍ വിജയം കൈവരിക്കുകയും ചെയ്തു. 2018 സെപ്തംബറില്‍ പുതിയ ഡിജിറ്റല്‍ നയത്തിന് മോദി സര്‍ക്കാര്‍ രൂപം നല്‍കി. 7.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം, 40 ലക്ഷം തൊഴിലവസരങ്ങള്‍, ഗ്രാമങ്ങളില്‍ 20 ലക്ഷവും നഗരങ്ങളില്‍ 10 ലക്ഷവും വൈഫൈ സ്‌പോട്ടുകള്‍, എല്ലാവര്‍ക്കും 50 എം.ബി.പി.എസ് ബ്രോഡ്ബാന്‍ഡ് തുടങ്ങിയ വാഗ്ദാനങ്ങളുടെ പെരുംമഴയായിരുന്നു പുതിയ നയത്തിലൂടെ മോദി സര്‍ക്കാര്‍ രാജ്യത്തിന് നല്‍കിയത്. അതിന്റെ പ്രചാരണത്തിനായി അവര്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുകയും ചെയ്തു.

എന്നാല്‍ ഈ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍പറത്തുന്ന നടപടികളാണ് ഈ സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ ചിറകിലേറി വികസനക്കുതിപ്പിന്റെ നാളുകള്‍ വാഗ്ദാനം ചെയ്തവര്‍ ലോകത്തിന് മുന്നില്‍ നാണം കെടുന്ന കാഴ്ചയാണ് നമ്മെ ചിന്തിപ്പിക്കേണ്ടത്. ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമാണ് ഇന്ന് ഇന്ത്യ. ലോകത്തിന് മുന്നില്‍ നാണം കെടാന്‍ ഇനി എന്ത് വേണം! ഡിജിറ്റല്‍ ഇന്ത്യ വാഗ്ദാനം ചെയ്തവര്‍ ഇന്ന് ഇന്റര്‍നെറ്റ് ഇല്ലാത്ത ഇന്ത്യയാണ് നിത്യേന വിഭാവനം ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്റര്‍നെറ്റ് ഷട്ഡൗന്‍ ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റ് പുറത്ത് വിട്ട കണക്കുകളാണ് ഈ വസ്തുത പുറത്ത് കൊണ്ട് വന്നത്. ഇതുവരെ 381 തവണയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് വിഛേദിച്ചത്.  2019 ല്‍ 106 തവണ ഇന്റര്‍നെറ്റ് വിഛേദിക്കുന്ന സാഹചര്യം ഉണ്ടായി. 134(2018), 79(2017), 31(2016), 14(2015), 6(2014), 5(2013), 3(2012) എന്നിങ്ങനെയാണ് മുന്‍വര്‍ഷത്തെ ഇന്റര്‍നെറ്റ് വിച്ഛേദന കണക്കുകള്‍. ഈ വര്‍ഷം ഇതുവരെ നിരവധി തവണ രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഇന്റര്‍നെറ്റ് നിരോധനം ഉണ്ടായി. 2019 ആഗസ്റ്റ് 4 മുതല്‍ 169  ദിവസമാണ് കാശ്മീരില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. തുടച്ചയായി 6 മാസത്തോളം ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല എന്നത് എത്ര ഭയാനകമാണ്! ആധുനിക ലോകത്ത് അത്യാവശ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഇന്റര്‍നെറ്റ് സൗകര്യം അവിടെയുള്ള ജനതയെ എത്രമാത്രം പ്രയാസപ്പെടുത്തുന്നുണ്ട് എന്നത് ഊഹിക്കാവുന്നതേയുള്ളൂ. 2019 ആഗസ്റ്റ് 4 മുതല്‍ ഡിസംബര്‍ 27 വരെ 145 ദിവസം നീണ്ട ഇന്റര്‍നെറ്റ് നിരോധനമാണ് കാര്‍ഗിലില്‍ ഉണ്ടായത്. 2016 ജൂലൈ 8 മുതല്‍ നവംബര്‍ 19 വരെ 133 ദിവസം ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് വിലക്ക് നിലനിന്നിരുന്നു. 2017 ജൂണ്‍ 18 മുതല്‍ സെപ്തംബര്‍ 25 വരെ (100 ദിവസം) പശ്ചിമ ബംഗാളിലെ ദാര്‍ജലിങ്ങില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. ഡിജിറ്റല്‍ ലോകത്തെ ഫ്രീഡം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ഫ്രീഡം ലോ സെന്റര്‍ ഇന്ത്യ (എസ്.എഫ്.എല്‍ സി) എന്ന സംഘടനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതാണ് പ്രസ്തുത വെബ്‌സൈറ്റ്. നിയമ വിദഗ്ധര്‍, വിവര സാങ്കേതികവിദ്യ വിദഗ്ധര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ കൂട്ടായ്മ വര്‍ഷങ്ങളായി ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തിവരുന്നു.

ആധുനിക ലോകത്തെ ഏതൊരാളെയും ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഈ വെബ്സൈറ്റ് നല്‍കുന്നത്. ഇന്റര്‍നെറ്റ് നിരോധനം മൂലം മണിക്കൂറില്‍ രണ്ടരക്കോടി രൂപയാണ് ടെലിക്കോം കമ്പനികളുടെ വരുമാന നഷ്ടം. 9.8 ജിഗാബൈറ്റ് ഇന്റര്‍നെറ്റ് ആണ് ഒരു മാസം ഇന്ത്യ ഉപയോഗിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വായു, വെള്ളം, ഭക്ഷണം, പാര്‍പ്പിടം എന്നീ അത്യാവശ്യങ്ങളുടെ പട്ടികയിലാണ് ഇന്ന് ഇന്റര്‍നെറ്റിന്റെ സ്ഥാനം. ഇന്റര്‍നെറ്റ് നിശ്ചലമായാല്‍ ലോകം സ്തംഭിക്കും. ഇന്റര്‍നെറ്റ് വിഛേദനം എന്നത് ആധുനിക ലോകത്ത് തടവറ തീര്‍ക്കലാണ്. മുഴുവന്‍ ആശയ വിനിമയങ്ങളും ഇടപാടുകളും ഇത് തടയുന്നു. അത്‌കൊണ്ട് തന്നെ ലക്ഷക്കണക്കിനാളുകളെ തടങ്കലിലാക്കലാണ് ഇന്റര്‍നെറ്റ് നിഷേധത്തിലൂടെ ഭരണകൂടം ചെയ്യുന്നത്. അത് മൗലികാവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട്, പൗരന്റെ മൗലികാവകാശത്തിന് തടയിടുന്നത് ക്രൂരതയാണ്. കാശ്മീരില്‍ കഴിഞ്ഞ 6 മാസമായി ജനങ്ങള്‍ മുഴുവന്‍ തടവിലാണ്. പരസ്പരം ആശയവിനിമയം നടത്തുവാനോ പുറംലോകവുമായി ബന്ധപ്പെടാനോ അവര്‍ക്ക് സാധ്യമല്ല. സാമ്പത്തിക ഇടപാടുകളും വ്യാപാര, ടൂറിസം മേഖലകളും അടക്കം ഒരു നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുക കൂടി ചെയ്യുകയാണ് ഭരണകൂടം.

തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങളും ഹിഡന്‍ അജണ്ടകളും നടപ്പിലാക്കാന്‍ ഒരു സംസ്ഥാനത്തെ മുഴുവന്‍ മനുഷ്യരുടെയും മൗലികാവകാശങ്ങള്‍ ഹനിക്കാന്‍ വരെ ഭരണകൂടം തയ്യാറാവുന്നു എന്നത് ഭീതിതമാണ്. അതിനെ തിരുത്താന്‍ കോടതിയുടെ ഇടപെടല്‍ കൊണ്ട് സാധ്യമാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നരമാസത്തില്‍ അധികമായി ധാരാളം തവണ സര്‍ക്കാര്‍ ഇതേ നടപടി സ്വീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വംശീയ ഉന്‍മൂലന നടപടികള്‍ ലോകം അറിയാതിരിക്കാന്‍ ഇന്റര്‍നെറ്റ് അടക്കം ആശയവിനിമയങ്ങളുടെ മുഴുവന്‍ സാധ്യതകളും തടഞ്ഞു വെച്ചു സംസ്ഥാന സര്‍ക്കാര്‍. ഈ ക്രൂരതകള്‍ക്കെതിരെ രാജ്യം ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആധുനിക ലോകത്തിന് ഭൂഷണമല്ല; ഒരു ജനാധിപത്യ രാജ്യത്ത് പ്രത്യേകിച്ചും. ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടം ആ ജനങ്ങളെ ഒന്നാകെ തടവിലാക്കുന്നത് എങ്ങനെയാണ് നീതീകരിക്കാനാവുക? പൗരന്റെ മൗലികാവകാശങ്ങള്‍ ഉറപ്പ് വരുത്തേണ്ട ഭരണകൂടം തന്നെ അത് ഹനിക്കുന്നത് അനീതിയാണ്. ഭരണഘടനാ ലംഘനമാണ്.  

ക്രമസമാധാനം നിലനിര്‍ത്താന്‍ എന്നൊക്കെ ന്യായം പറഞ്ഞ് ഇന്റര്‍നെറ്റ് തടയുന്നവരും അവരെ അനുകൂലിക്കുന്നവരും ഇത് തീര്‍ക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കുറ്റകരമായ മൗനത്തിലാണ്. കുടിവെള്ളം, വൈദ്യുതി, ഭക്ഷണം, വിദ്യാഭ്യാസം, ആശുപത്രി, സാമ്പത്തിക ഇടപാടുകള്‍, വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി മുഴുവന്‍ മേഖലകളെയും ഇത് സാരമായി ബാധിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ഈ നീക്കങ്ങള്‍ ന്യായീകരിക്കാവതല്ല. വികസനം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഒരു രാജ്യത്തെ വര്‍ഷങ്ങള്‍ പിന്നിലേക്ക് വലിക്കുന്നതാണ് നാം കാണുന്നത്. നോട്ട് നിരോധനകാലത്തും അതിന് മുന്‍പും ശേഷവും ക്യാഷ്ലെസ്സ് ഇന്ത്യയെ കുറിച്ച് വാതോരാതെ സംസാരിച്ചവര്‍ ഡിജിറ്റല്‍ ഇന്ത്യയെന്ന സങ്കല്‍പം  മുന്‍ഭരണാധികാരികള്‍ നടപ്പിലാക്കിയില്ല, ഞങ്ങള്‍ അത് പ്രായോഗികമാക്കും എന്ന് ഗീര്‍വാണം മുഴക്കിയവരാണ് എന്ത് ചെറിയ കാര്യത്തിനും ഇന്റര്‍നെറ്റ് മുടക്കി ഡിജിറ്റല്‍ ഇന്ത്യക്ക് തുരങ്കം വെക്കുന്നത്. ലോകത്തെ വിവിധ കമ്പനികള്‍ ഇന്ത്യയിലെ സമര്‍ഥരായ പൗരന്മാരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ ഇന്റര്‍നെറ്റ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹബ്ബുകള്‍ നടത്തുന്ന കാലത്താണ് അതിനെയൊക്കെ തകിടം മറിക്കുന്ന നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ തന്നെ മുന്നോട്ട് പോകുന്നത് എന്നത് വിരോധാഭാസമാണ്. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനം എന്നതോടൊപ്പം കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി രാജ്യം നേടിയെടുത്ത വികസനവും ലോകരാഷ്ടങ്ങള്‍ക്കിടയിലുള്ള സ്ഥാനവും ഇടിച്ചു താഴ്ത്തുന്ന സമീപനം കൂടിയാണിത്. ഇനിയെങ്കിലും ഇത്തരം പിന്തിരിപ്പന്‍ നയങ്ങളില്‍ നിന്നും ഭരകൂടങ്ങള്‍ പിന്മാറണം. ഇത്തരം സമീപനങ്ങളിലൂടെ ഒരു രാജ്യത്തെയും അതിലെ ജനങ്ങളെയും ഇല്ലാതാക്കാം എന്നത് വ്യാമോഹം മാത്രമാണെന്നും അത് അനുവദിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല എന്നുമുള്ള താക്കീതാണ് രാജ്യത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ നല്‍കുന്നത്.

പൗരന്റെ അവകാശങ്ങള്‍ക്ക് ഭരണകൂടം കൂച്ചുവിലങ്ങിടുമ്പോള്‍ അത് തിരുത്താന്‍ കോടതികള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഭരണത്തിലുള്ള ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ പൗരാവകാശത്തെ ചവിട്ടിമെതിക്കുന്ന ഭരണകൂടങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. അവിടെ ജനങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കേണ്ടത് നിയമ സംവിധാനങ്ങള്‍ തന്നെയാണ്. കോടതികള്‍ ഭരണഘടനാനുസൃതമായി ഇത്തരം അനീതികള്‍ക്കെതിരെ ഇടപെടല്‍ നടത്തുകയും ഭരണകൂടങ്ങളെ തിരുത്തുകയും ചെയ്യാറുണ്ട്. അതാണ് പൗരന്റെ പ്രതീക്ഷയും. ആ നിലയില്‍ ഇന്റര്‍നെറ്റ് നിരോധനത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ശ്രദ്ധേയമാണ്. അത് നടപ്പിലാക്കാന്‍ ഭരണകൂടം മുന്നോട്ട് വന്നത് ജനാധിപത്യത്തിന്റെ വിജയവും. രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ഇത്തരം ഇടപെടലുകള്‍ കോടതികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും ഭരണകൂടം തെറ്റ് തിരുത്താന്‍ തയ്യാറാകും എന്ന ശുഭപ്രതീക്ഷ വച്ച് പുലര്‍ത്തുകയാണ് ഓരോ ഇന്ത്യന്‍ പൗരനും. അത് സഫലമാകും എന്ന് നമുക്ക് പ്രത്യാശിക്കാം അതിന് വേണ്ടി പരിശ്രമിക്കാം.