ഈ നന്മ നിലനിര്‍ത്താം

അബൂമുസ്‌ലിം അല്‍ഹികമി

2020 ജൂണ്‍ 06 1441 ശവ്വാല്‍ 14

പകിട്ടുകളില്ലാതെയാണ് ഇത്തവണ റമദാന്‍ നമ്മിലേക്ക് കടന്നുവന്നത്, അതേ രൂപത്തില്‍ മടങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ വിശ്വാസിക്ക് ഈ റമദാനിലും പതിവുപോലെ പലതും നേടാനുണ്ടായിരുന്നു. ദൈവസ്മണകളാല്‍ അലംകൃതമാകേണ്ട ആരാധനാലയങ്ങള്‍ അടഞ്ഞുകിടന്നതും സജീവ രാവുകളിലെ ഇഅ്തികാഫ് മുടങ്ങിയതും നമ്മുടെ മനസ്സില്‍ നീറുന്ന നോവുകളായി അവശേഷിക്കുന്നുണ്ട്. എങ്കിലും ഈ സമയവും നഷ്ടം ഭവിക്കാത്ത നന്മയുടെ കൃഷിയിറക്കുന്ന തിരക്കിലായിരുന്നു വിശ്വാസികള്‍, മരണാനന്തര ലോകത്ത് വിളവെടുക്കാനുതകുന്ന കൃഷി. വീടകങ്ങളെ പള്ളികളാക്കി മാറ്റി അല്ലാഹുവിലേക്കടുക്കാന്‍ അവന്‍ ഏറെ ബദ്ധശ്രദ്ധനായിരുന്നു. പുണ്യങ്ങളുടെ ഈ വസന്തത്തില്‍ നേടിയെടുത്ത ആത്മീയ സുഗന്ധങ്ങള്‍ നിലയ്ക്കാതെ സൂക്ഷിക്കാന്‍ നമുക്കാവണം.

പള്ളികളില്‍ വെച്ച് മാത്രം നടത്തപ്പെട്ടിരുന്ന തറാവീഹുകള്‍ വീടകങ്ങളിലും സാധ്യമാകുമെന്ന് ലോക്ക്ഡൗണ്‍ നമ്മെ ബോധ്യപ്പെടുത്തി. ഇനി റമദാനില്‍ മാത്രമല്ല ഈ നമസ്‌കാരം എന്ന് മനസ്സിനെ ബോധ്യപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. പ്രവാചകന്റെ രാത്രി നമസ്‌കാരത്തെ കുറിച്ച് പ്രിയ പത്‌നി ആഇശ(റ) പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്: 'റമദാനിലാകട്ടെ, അല്ലാത്തപ്പോഴാക്കട്ടെ നബി ﷺ  11 റക്അത്തുകളില്‍ ഏറെ നമസ്‌കരിക്കാറുണ്ടായിരുന്നില്ല' (ബുഖാരി).

പ്രവാചകന്‍ ﷺ  രാത്രി നമസ്‌കരിച്ചിരുന്നത് റമദാനില്‍ മാത്രമല്ലായിരുന്നു എന്ന് ഇതില്‍ നിന്നും വ്യക്തം. വിശ്വാസികള്‍ക്ക് പ്രവാചകനെക്കാള്‍ വലിയ മാതൃക മറ്റാരാണ്?

ആ മഹോന്നതന്റെ ജീവിതം സ്വജീവിതത്തില്‍ വരച്ചു പകര്‍ത്താന്‍ കഴിയുന്നവനാണ് യഥാര്‍ഥ വിജയി. പള്ളികളില്‍ മാത്രമല്ല, സ്വഗേഹത്തിലും നമസ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് ഈ പ്രത്യേക സന്ദര്‍ഭം നമ്മെ പഠിപ്പിക്കുമ്പോള്‍, സാഹചര്യം മാറിയാലും അത് സാധ്യമാകുമെന്ന് ദൃഢനിശ്ചയമെടുക്കാനാവണം നാം ശ്രദ്ധിക്കേണ്ടത്. പ്രവാചകന്‍ ചെയ്ത പോലെ റമദാനേതര മാസങ്ങളിലും ഈ ശീലം നാം തുടരണം.

ശ്രേഷ്ഠമായ സുന്നത്ത്

ഐച്ഛിക നമസ്‌കാരങ്ങളില്‍ ഏറ്റവും ശ്രഷ്ഠമാണ് രാത്രി നമസ്‌കാരം. നബി ﷺ  പറഞ്ഞു: 'നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷം ഏറ്റവും ഉത്തമമായത് രാത്രി നമസ്‌കാരമാണ്' (നസാഈ).

ഇശാഅ് നമസ്‌കാരത്തിനും സ്വുബ്ഹിക്കുമിടയില്‍ നിര്‍വഹിക്കുന്ന നമസ്‌കാരത്തിന് പൊതുവായി പറയുന്ന പേരാണ് ക്വിയാമുല്ലൈല്‍ അഥവാ രാത്രി നമസ്‌കാരം എന്നത്. ഒറ്റയാക്കി അവസാനിപ്പിക്കുന്നതിനാല്‍ 'വിത്ര്‍' എന്നും, ഉറങ്ങി എഴുന്നേറ്റ് നമസ്‌കരിക്കുമ്പോള്‍ 'തഹജ്ജുദ്' എന്നും, റമദാനില്‍ റക്അത്തുകള്‍ക്കിടയില്‍ വിശ്രമമെടുത്ത് നിര്‍വഹിക്കുന്നതിനാല്‍ 'തറാവീഹ്' എന്നും, റമദാനില്‍ രാത്രി നമസ്‌കരിക്കുമ്പോള്‍ 'ക്വിയാമു റമദാന്‍' എന്നുമെല്ലാം ഈ നമസ്‌കാരത്തിന് പേര് വിളിക്കുന്നു. വിഭിന്ന നാമങ്ങളില്‍ അറിയപ്പെടുന്ന ഈ നമസ്‌കാരങ്ങളെല്ലാം ഒന്നാണ് എന്ന് സാരം.

ശ്രേഷ്ഠമായ ഈ ആരാധന നബി ﷺ  ഒരിക്കല്‍ പോലും മുടക്കിയിരുന്നില്ല എന്ന് പ്രവാചക ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യമാകും. ദിനേന നിന്ന് നമസ്‌കരിച്ചതിനാല്‍ കാലില്‍ നീര് വന്ന നബിയോട് 'മുഴുവന്‍ പാപങ്ങളും പൊറുത്തു നല്‍കപ്പെട്ട താങ്കള്‍ക്ക് ഒന്ന് വിശ്രമിച്ചു കൂടെ' എന്ന് ഒരിക്കല്‍ ചോദിച്ച പത്‌നി ആഇശ(റ)യോട് പ്രവാചകന്റെ പ്രതിവചനം ഇപ്രകാരമായിരുന്നു: 'പാപങ്ങള്‍ പൊറുത്തു തന്ന റബ്ബിന്റെ നന്ദിയുള്ള അടിമയായി ഞാന്‍ മാറേണ്ടയോ?'

പ്രയാസങ്ങള്‍ ഉള്ള ഘട്ടത്തില്‍ പോലും നബി ﷺ  ഈ ശീലം ഒഴിവാക്കിയിരുന്നില്ല എന്ന് ഈ സംഭവം നമുക്ക് മനസ്സിലാക്കിത്തരുന്നു. അനല്‍പമായ പ്രതിഫലം ലഭിക്കുമെന്ന ബോധ്യവും അതിലുപരി നമുക്കുള്ള മാതൃകയുമാണ് ഇത് നമുക്ക് നല്‍കുന്നത്.

സ്വഹാബികള്‍: മഹിത മാതൃക

പ്രവാചകന്‍ ﷺ  മാത്രമല്ല, രാത്രി നമസ്‌കാരത്തിന്റെ ശ്രേഷ്ഠത മനസ്സിലാക്കിയ അവിടുത്തെ അനുചരന്മാരും ഇത് ദിനചര്യയാക്കിയവരായിരുന്നു. ഇക്കാര്യം അല്ലാഹു നബി ﷺ യെ അറിയിച്ചിട്ടുമുണ്ട്.

'നീയും നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്‌കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്നറിയാം'' (ക്വുര്‍ആന്‍ 73:20).

രാത്രി നമസ്‌കാരം ശീലമാക്കാത്തവരെ നബി ﷺ  ഉപദേശിക്കുമായിരുന്നു. തന്റെ ചലനങ്ങള്‍ ഓരോന്നും അതുപോലെ പകര്‍ത്താറുള്ള ഇബ്‌നു ഉമര്‍(റ) രാത്രി നമസ്‌കരിക്കാറുണ്ടായിരുന്നില്ല എന്നറിഞ്ഞ പ്രവാചകന്‍ ﷺ  പറഞ്ഞത് ഇപ്രകാരമായിരുന്നു: 'അബ്ദുല്ല എത്ര നല്ല മനുഷ്യനാണ്, അവന്‍ രാത്രി നമസ്‌കരിച്ചിരുന്നെങ്കില്‍!' (ബുഖാരി, മുസ്‌ലിം).

നബി ﷺ യുടെ ഒരു ശീലം പോലും ഒഴിവാക്കാതെ പകര്‍ത്താന്‍ ശ്രമിച്ച വ്യക്തിയായിരുന്നു അബ്ദുല്ലാഹ് ഇബ്‌നു ഉമര്‍(റ). പ്രവാചകന്‍ നിന്ന പോലെ നില്‍ക്കും, ഇരുന്ന പോലെ ഇരിക്കും, കുടിച്ച പാത്രത്തില്‍ കുടിക്കും. ഈ രൂപത്തില്‍ പ്രവാചകനെ അനുധാവനം ചെയ്തതിനാല്‍ 'മുത്തബിഉസ്സുന്ന' എന്നൊരു വിളിപ്പേര് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയുള്ള വ്യക്തിയോടാണ് നല്ല മനുഷ്യനാകാണമെങ്കില്‍ രാത്രി നമസ്‌കരിക്കുക കൂടി വേണം എന്ന അര്‍ഥത്തില്‍ പ്രവാചകന്‍ ﷺ  പറഞ്ഞത്.

നബി ﷺ  ഈ ശീലമില്ലാത്തവരെയൊക്കെ ഉപദേശിക്കുന്നതോടൊപ്പം ഇത് പതിവാക്കിയവരെ മഹത്ത്വപ്പെടുത്തുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും കൂടി ചെയ്തിട്ടുണ്ട്. ഇമാം ബുഖാരി(റഹി) ഉദ്ധരിച്ച ഒരു ഹദീഥില്‍ ഇപ്രകാരം കാണാം:

രാത്രി നമസ്‌കരിക്കാന്‍ എഴുന്നേറ്റപ്പോള്‍ പള്ളിയില്‍ നിന്നും ക്വുര്‍ആന്‍ ഓതി നമസ്‌കരിക്കുന്ന അബ്ബാദ് ഇബ്‌നു ബിശറി(റ)ന്റെ ശബ്ദം കേട്ട നബി ﷺ  'ആഇശാ, അത് അബ്ബാദിന്റെ ശബ്ദമല്ലേ' എന്ന് ചോദിച്ചു. 'അതെ' എന്ന് മറുപടി ലഭിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പ്രാര്‍ഥിച്ചു: 'അല്ലാഹു അബ്ബാദിന് കാരുണ്യം ചൊരിയട്ടെ.'

രാത്രി നമസ്‌കാരം ശീലമാക്കിയ ആ സ്വഹാബി ദാതുര്‍രിഖാഅ് യുദ്ധരാവില്‍ നമസ്‌കരിച്ചുകൊണ്ടിരിക്കെ ശത്രുവിന്റെ അസ്ത്രം പതിച്ചാണ് മരണമടഞ്ഞത് എന്നത് ഏറെ അത്ഭുതമാണ്. യുദ്ധവേളയില്‍ പോലും അവര്‍ രാത്രി നമസ്‌കരിച്ചു എങ്കില്‍ സമാധാന വേളയില്‍ നമ്മളും ഇത് ശീലമാക്കേണ്ടതുണ്ട്. ഉമര്‍(റ) രാത്രി നമസ്‌കരിക്കാന്‍ കുടുംബത്തെ വിളിച്ചുണര്‍ത്താറുണ്ടായിരുന്നു എന്നും പ്രവചകാനുചരന്മാര്‍ പരസ്പരം രാത്രി നമസ്‌കാരം ഉണര്‍ത്താറുണ്ടായിരുന്നു എന്നും ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും.

നമ്മുടെ മുന്‍ഗാമികള്‍

സ്വഹാബികള്‍ കഴിഞ്ഞാല്‍ ഏതൊരു വിഷയത്തിലും നമുക്കേറ്റവും നല്ല മാതൃക താബിഉകളും അവരെ പിന്തുടര്‍ന്ന ആളുകളുമാണ്. മഹാന്മാരായ ഈ മുന്‍ഗാമികളിലും ഈ വിഷയത്തില്‍ നമുക്ക് മഹിതമായ മാതൃകയുണ്ട്.

മുഹമ്മദ് ഇബ്‌നു യൂസുഫ്(റഹി) പറഞ്ഞു: 'സുഫിയാനുസ്സൗരി(റഹി) എന്നും യുവാക്കളെ രാത്രി നമസ്‌കാരത്തിനായി വിളിച്ചുണര്‍ത്തിയ ശേഷം ഇങ്ങനെ പറയാറുണ്ടായിരുന്നു: 'യുവസമൂഹമേ, എഴുന്നേല്‍ക്കൂ. യുവത്വത്തില്‍ നിങ്ങള്‍ രാത്രി നമസ്‌കരിക്കൂ. ഇപ്പോള്‍ നമസ്‌കരിച്ചില്ലെങ്കില്‍ പിന്നെപ്പോഴാണ് നിങ്ങള്‍ക്കിതിന് സാധ്യമാവുക?'

ഇബ്‌റാഹീം ഇബ്‌നു ശമ്മാസ്(റഹി) പറഞ്ഞു: 'ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അഹ്മദ് ഇബ്‌നു ഹന്‍ബല്‍(റഹി) രാത്രി നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.'

സഈദുബ്‌നു മുസ്വയ്യിബ് (റഹി) പറഞ്ഞു: ''നിശ്ചയം, ഒരു മനുഷ്യന്‍ രാത്രി നമസ്‌കരിച്ചാല്‍ അല്ലാഹു അവന്റെ മുഖത്തൊരു പ്രകാശമുണ്ടാക്കും. അവനെ മുമ്പ് കണ്ടിട്ടില്ലാത്തവര്‍ പോലും പ്രഥമ ദര്‍ശനത്തില്‍ തന്നെ 'ഈ വ്യക്തിയെ ഞാന്‍ ഇഷ്ട്ടപ്പെടുന്നു' എന്ന് പറയും.''

മാതൃകാവ്യക്തിത്വം

രാത്രി നമസ്‌കാരം നിലനിര്‍ത്തുന്നവനെക്കാള്‍ ഉത്തമ മാതൃകയായ ഒരാള്‍ സമൂഹത്തിലില്ല. ലോകത്തിലെ ഏറ്റവും ഉത്തമരായ പുരുഷനും സ്ത്രീയും ആരാണെന്ന് നബി ﷺ  പറയുന്നത് നോക്കൂ:

അബൂഹുറയ്‌റ(റ)യില്‍ നിന്ന്, നബി ﷺ  പറഞ്ഞു: 'അല്ലാഹു ഒരു വ്യക്തിയില്‍ കാരുണ്യം ചൊരിയട്ടെ; അവന്‍ രാത്രി എഴുന്നേറ്റ് നമസ്‌കരിക്കുകയും അവന്റെ ഭാര്യയെ എഴുന്നേല്‍പിക്കുകയും ചെയ്യുന്നു. ഇനി അവള്‍ വിസമ്മതിച്ചെങ്കില്‍ മുഖത്ത് വെള്ളമൊഴിച്ച് അവളെ എഴുന്നേല്‍പിക്കുകയും ചെയ്യുന്നു. അല്ലാഹു ഒരു സ്ത്രീയില്‍ കാരുണ്യം ചൊരിയട്ടെ; അവള്‍ രാത്രി എഴുന്നേറ്റ് നമസ്‌കരിക്കുകയും അവളുടെ ഇണയെ എഴുന്നേല്‍പിക്കുകയും ചെയ്യുന്നു. ഇനി അവന്‍ വിസമ്മതിച്ചെങ്കില്‍ മുഖത്ത് വെള്ളമൊഴിച്ച് അവനെ എഴുന്നേല്‍പിക്കുകയും ചെയ്യുന്നു' (അബൂദാവൂദ്).

സമൂഹത്തിന് മാതൃകയാകണം എന്നാഗ്രഹിക്കുന്ന ഒരാള്‍ക്ക് ഉണ്ടായിരിക്കേണ്ട സുപ്രധാന വിശേഷണങ്ങളില്‍ ഒന്നാണ് രാത്രി നമസ്‌കാരം നിലനിര്‍ത്തുക എന്നത് എന്നാണ് ഇതില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്. തന്റെ അനുചരന്മാരെ ജനങ്ങളില്‍ മേന്മയുള്ളവരാക്കാന്‍ പരിശ്രമിച്ച നബി ﷺ യുടെ പ്രധാന  ഉപദേശങ്ങളില്‍ ഒന്ന് രാത്രി നമസ്‌കാരം നിലനിര്‍ത്തണം എന്നതായിരുന്നു. നബി ﷺ  തന്നെ ഉപദേശിച്ച കാര്യമായി അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞത് ഇതായിരുന്നു: 'അല്ലയോ അബ്ദുല്ലാ, നീ ഒരുവനെപ്പോലെ ആകരുത്. അയാള്‍ രാത്രി നമസ്‌കരിക്കുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്തു' (ബുഖാരി).

പരിശുദ്ധ റമദാനില്‍ മുപ്പത് ദിവസം രാത്രി നമസ്‌കരിച്ച നമ്മള്‍ ഇനിയുള്ള കാലങ്ങളില്‍ ആ നന്മ തുടര്‍ന്ന് കൊണ്ടുപോകുന്നില്ലെങ്കില്‍ പ്രവാചകന്‍ ഉദാഹരിച്ച വ്യക്തിയില്‍ നമ്മളും ഉള്‍പ്പെടുമോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

അസാധ്യമാകുന്നതിന്റെ കാരണം

ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത് എഴുന്നേല്‍ക്കാനും നമസ്‌കരിക്കാനും ഒരു യഥാര്‍ഥ സത്യവിശ്വാസിക്ക് മാത്രമെ സാധിക്കുകയുള്ളൂ. കാരണം, ഗാഢമായ ഉറക്കില്‍നിന്നും എഴുന്നേറ്റ് നമസ്‌കരിക്കുക എന്നത് ഒരു ജിഹാദ് (ധര്‍മസമരം) തന്നെയാണ്. വിശ്വാസികള്‍ക്കല്ലാതെ ആ ജിഹാദ് സാധ്യമാവുകയില്ല. ഇനി രാത്രി എഴുന്നേറ്റ് നമസ്‌കരിക്കുക എന്ന ഈ ജിഹാദിന് സാധ്യമാകാത്തതിന്റെ കാരണം എന്താണ് എന്ന് സലഫുകള്‍ നമുക്ക് പഠിപ്പിച്ചു തരുന്നു, രാപ്പകലില്‍ ചെയ്തുകൂട്ടിയ പാപഭാരമാണത്.

സുഫിയാനുസ്സൗരി(റഹി) പറഞ്ഞു: 'ഞാന്‍ ചെയ്ത ഒരു തിന്മ കാരണം അഞ്ചു മാസക്കാലം എനിക്ക് രാത്രി നമസ്‌കരിക്കാന്‍ കഴിയാതിരുന്നിട്ടുണ്ട്.'

ഫുദൈലുബ്‌നു ഇയാദ്(റഹി) പറഞ്ഞു: 'രാത്രി നമസ്‌കരിക്കാനും പകല്‍ നോമ്പെടുക്കാനും നിനക്ക് സാധിക്കുന്നില്ലെങ്കില്‍, പാപങ്ങളുടെ തടവറയില്‍ നീ ബന്ധിതനാണെന്ന തിരിച്ചറിവ് നിനക്കുണ്ടായിരിക്കട്ടെ.'

രാത്രി നമസ്‌കരിക്കാന്‍ എഴുന്നേല്‍ക്കാന്‍ കഴിയായത്തതിന് പ്രതിവിധി പറഞ്ഞുതരണം എന്ന് ചോദിച്ച വ്യക്തിയോട് ഇബ്രാഹീം ഇബ്‌നു അദ്ഹം (റഹി) പറഞ്ഞത് ഇപ്രകാരമാണ്: 'നീ പകലില്‍ അല്ലാഹുവിനെ ധിക്കരിക്കരുത്. കാരണം, അവനാണ് രാവില്‍ നിന്നെ എഴുന്നേല്‍പിക്കുന്നത്. രാത്രി നമസ്‌കരിക്കാന്‍ എഴുന്നേല്‍ക്കുക എന്നത് ഏറ്റവും മഹത്തായ കാര്യമാണ്. ഒരു ധിക്കാരി (പാപി) ഒരിക്കലും ആ മഹത്ത്വം അര്‍ഹിക്കുന്നില്ല.'

പകല്‍ സമയങ്ങളില്‍ തിന്മ ചെയ്യുന്നതാണ് രാത്രി നമസ്‌കാരത്തെ തൊട്ട് നമ്മെ തടയുന്നത് എന്നാണ് സലഫുകളുടെ ഉപദേശങ്ങളുടെ രത്‌നച്ചുരുക്കം. റമദാനില്‍ ശീലിച്ചെടുത്ത പരിച തിന്മകള്‍ക്കെതിരെ ഇനിയും പ്രയോഗിച്ചാല്‍ വരുംരാവുകളില്‍ നമുക്കെഴുന്നേല്‍ക്കാനാവും.

ഉത്തമമായ സമയം

ഐച്ഛിക നമസ്‌കാരങ്ങളില്‍ ഉത്തമമായ നമസ്‌കാരമാണ് രാത്രി നമസ്‌കാരം എന്ന് നാം പറഞ്ഞല്ലോ. അതില്‍ തന്നെ ഏറ്റവും ഉത്തമമായ സമയം രാവിന്റെ അന്ത്യയാമങ്ങളാണ്.

അബൂഹുറയ്‌റയി(റ)ല്‍ നിന്ന്, നബി ﷺ  പറഞ്ഞു: 'നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷം ഏറ്റവും ഉത്തമമായ നമസ്‌കാരം രാവിന്റെ അവസാന മൂന്നിലൊന്നിലുള്ളതാണ്' (മുസ്ലിം).

ഈ സമയത്തെ പ്രാര്‍ഥനയാണ് അല്ലാഹു ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നതും സ്വീകരിക്കുന്നതും എന്ന് സുനനുകളില്‍ ഉദ്ധരിക്കപ്പെട്ട സ്വഹീഹായ ഹദീഥുകളില്‍ കാണാനാവും. മാത്രവുമല്ല, ഈ സമയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അടിമകള്‍ക്ക് വേണ്ടി മാത്രം പരമകാരുണികന്‍ ഒന്നാനാകാശത്തേക്ക് ഇറങ്ങിവരുന്ന സമയമാണിത്. നമുക്ക് വേണ്ടി മാത്രം, നമ്മെ സൃഷ്ടിച്ചവന്‍ ഒന്നാനാകാശത്തേക്ക് ഇറങ്ങി വരുമ്പോള്‍ നമുക്കെങ്ങനെ മൂടിപ്പുതച്ച് കിടന്നുറങ്ങാനാവും?

കഴിഞ്ഞ ഒരു മാസം നാം അത്താഴം കഴിക്കാന്‍ എഴുന്നേറ്റ സമയമാണിത്. അത്താഴത്തിനായി ഒരുക്കപ്പെട്ട ആ അലാറങ്ങള്‍ നിലയ്ക്കാതെ ഇനിയും മുഴങ്ങട്ടെ. അത്താഴം കഴിക്കാന്‍ എടുത്ത സമയം നമസ്‌കാരത്തിനുപയോഗിക്കാം. നോമ്പിനെന്ന പോലെ കുടുംബക്കാരെയും വിളിച്ചുണര്‍ത്തുക. കുടുംബ സമേതം ഈ പുണ്യം നമുക്ക് നിലനിര്‍ത്താം. രാത്രി എഴുന്നേല്‍ക്കാന്‍ കഴിയില്ല എന്ന് തീര്‍ത്തും ഉറപ്പുള്ളവര്‍ 3 റക്അത്തെങ്കിലും നമസ്‌കരിച്ച ശേഷം ഉറങ്ങുന്നത് ശീലമാക്കുക. ഒരു മാസക്കാലം കൊണ്ട് നാം നേടിയെടുത്ത ഈ ശീലം നഷ്ടപ്പെടുത്തരുത്. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.