നാസിസം: ഇറ്റാലിയന്‍ ഫാഷിസത്തിന്റെ ഇരട്ട സഹോദരന്‍

ഡോ.സബീല്‍ പട്ടാമ്പി

2020 ഫെബ്രുവരി 15 1441 ജുമാദല്‍ ആഖിറ 16

(ഫാഷിസം: ചരിത്രം ആവര്‍ത്തിക്കുന്നുവോ?: 2)

ഇറ്റലിയില്‍ ഫാഷിസത്തിന്റെ ആരംഭദശയില്‍തന്നെ അതില്‍ ആകൃഷ്ടനായ ഒരു വ്യക്തിയാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍. അയാള്‍ രാഷ്ട്രീയജീവിതം തുടങ്ങിയത് German Worker's Party എന്ന സംഘടനയില്‍ അംഗമായിക്കൊണ്ടാണ്. 'ഫാഷിസ'ത്തില്‍നിന്ന് 'നാസിസ'ത്തിനുള്ള ആശയപരമായ വ്യത്യാസം എന്തെന്നാല്‍ ഫാഷിസം അമിത ദേശീയതക്കാണ് (Nationalism) പ്രാധാന്യം കൊടുത്തതെങ്കില്‍ 'നാസിസം' വംശീയതക്കാണ് (Racism) പ്രാധാന്യം കൊടുത്തത്ത്. യഥാര്‍ഥ ജര്‍മന്‍ ജനത ആര്യന്‍വംശജരായ സവര്‍ണരാണ്. വെളുത്ത, ഉയരം കൂടിയ, തെളിഞ്ഞ കണ്ണുകളുള്ള, വെള്ള മുടിയോടുകൂടിയ ശരീരമുള്ളവരാണ് ആര്യന്മാര്‍ എന്നും അതുകൊണ്ട് ജര്‍മനിയില്‍ ജര്‍മന്‍ വംശജരായ ആര്യന്മാര്‍ മാത്രമെ പാടുള്ളൂ എന്നതാണ്

ഹിറ്റ്‌ലറുടെ വംശീയ സിദ്ധാന്തത്തിന്റെ ചുരുക്കം.

ആര്യന്‍ വംശത്തിന്റെ പരിശുദ്ധത (Racial Purity) ജര്‍മനിയില്‍ സംരക്ഷിക്കപ്പെടണമെന്നും അവര്‍ ജര്‍മനിയിലെ മറ്റു വംശങ്ങളുമായി കൂടിക്കലരാന്‍ പാടിലെന്നും അവരുമായി വിവാഹബന്ധം പാടില്ലെന്നും പറഞ്ഞു. ഇക്കാര്യം ഹിറ്റ്‌ലര്‍ 1925ല്‍ എഴുതിയ തന്റെ ആത്മകഥയായ Mein Kampf ല്‍ പറയുന്നുണ്ട്.

രാജ്യം ശുദ്ധീകരിക്കപ്പെടണമെങ്കില്‍ ചില ആളുകളെ ഇല്ലാതാക്കുകയോ നാടുകടത്തുകയോ അടിമപ്പെടുത്തി വെക്കുകയോ (Extermination, Exile or Enslavement 3 E's') ചെയ്യേണ്ടതുണ്ടെന്ന് ഹിറ്റ്‌ലര്‍ ഉയര്‍ത്തിക്കാട്ടി. Mein Kampf ല്‍ ഹിറ്റ്‌ലര്‍ രാജ്യത്തിന്റെ ശത്രുക്കള്‍ ആരൊക്കെയാണെന്ന് മുന്‍ഗണനാ ക്രമത്തില്‍ പേരെടുത്ത് പറയുന്നുണ്ട്. ജൂതന്മാര്‍, ക്രൈസ്തവര്‍, കമ്യൂണിസ്റ്റുകള്‍; ഇവരെ തുടച്ചുനീക്കണമെങ്കില്‍ ജനാധിപത്യസംവിധാനം ഇല്ലാതാക്കണം എന്നും ഈ പുസ്തകത്തില്‍ ഹിറ്റ്‌ലര്‍ എഴുതിയത് കാണാം.

ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടി അധികാരത്തില്‍ വരുന്നു

1920 മുതല്‍ 1930 വരെയുള്ള വിവിധ ഇലക്ഷനുകളില്‍ കനത്ത തോല്‍വിയാണ് നാസി പാര്‍ട്ടി ഏറ്റുവാങ്ങിയത്. 1933ല്‍ നടന്ന ഇലക്ഷനില്‍ ഹിറ്റ്‌ലറുടെ പാര്‍ട്ടി ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നു. അധികാരത്തില്‍ വന്ന ആദ്യ ദിവസങ്ങളില്‍ പുതിയ കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചു. സാമ്പത്തിക മേഖല, തൊഴില്‍ മേഖല, ആരോഗ്യമേഖല എന്നിവയില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോവുകയാണെന്ന വാഗ്ദാനം നല്‍കി. എന്നാല്‍ ഇതിനെക്കാളൊക്കെ ഉപരി ഹിറ്റ്‌ലര്‍ സമ്പത്തും സമയവും ചെലവഴിച്ചത് രാജ്യത്തിന്റെ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വ്യാപകമായി കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുന്നു

അധികാരത്തില്‍ വരുന്നതിനു മുമ്പും അതിനുശേഷവും ഹിറ്റ്‌ലര്‍ക്കും പാര്‍ട്ടിക്കും രാജ്യത്തെ പ്രമുഖ കമ്പനികളില്‍ നിന്നും ധാരാളമായി ഫണ്ട് കിട്ടിയിരുന്നു. ഇതിനു കാരണം, നാസി പാര്‍ട്ടി കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത് എന്നതാണ്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ തങ്ങളുടെ ഗവണ്‍മെന്റ് തിരിച്ച് കമ്പനികള്‍ക്കനുകൂലമായ നിലപാടുകള്‍ കൊണ്ടുവരും എന്ന് പറഞ്ഞു. രാജ്യത്തെ പ്രമുഖരായ സ്റ്റീല്‍ നിര്‍മാണ കമ്പനികളും കല്‍ക്കരി ഉല്‍പാദന കമ്പനികളും ഇന്‍ഷുറന്‍സ് കമ്പനികളും കെമിക്കല്‍ കമ്പനികളും ഹിറ്റ്‌ലര്‍ക്ക് വാരിക്കോരി സംഭാവനകള്‍ നല്‍കി. (The Nazi revolution: Hitler's dictator ship & The German nation Pub: DC Heath & company, page: 141).

നാസി പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം കോര്‍പറേറ്റുകളോട് നന്ദി കാണിച്ച് തുടങ്ങി. രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി കോര്‍പറേറ്റുകള്‍ക്ക് വിറ്റു. (The Economic recovery of Germany 1933˛1938, Published by: Macmillian & Co Ltd.)

കുപ്രചരണമെന്ന ആയുധം

നാസി പാര്‍ട്ടി അധികാരത്തില്‍ വരുന്നതിനു മുമ്പ് 1920കളില്‍ തന്നെ കുപ്രചരണങ്ങള്‍ ധാരാളം നടത്തിയിരുന്നു. കുപ്രചരണങ്ങളിന്മേലാണ് നാസി പാര്‍ട്ടി ഉയര്‍ന്നുവന്നത് എന്ന് പറയുന്നതില്‍ പോലും തെറ്റില്ല. അവര്‍ക്ക് സ്വന്തമായി പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നു. ഹിറ്റ്‌ലറുടെ മുഖ്യപത്രാധിപരായിരുന്നു 'ഗീബല്‍സ്.' (ഈ പേരിലേക്ക് ചേര്‍ത്താണ് മലയാളത്തില്‍ 'ഗീബല്‍സിയന്‍ നുണ' എന്ന വാക്ക് ഉപയോഗിക്കുന്നത്). ഒരു നുണ പല കോണുകളില്‍ നിന്ന് വ്യത്യസ്ത രീതിയില്‍ ആവര്‍ത്തിച്ച് പറഞ്ഞാല്‍, കുറെ തവണ കേട്ടാല്‍ ജനങ്ങള്‍ അത് സത്യമാണെന്ന് കരുതും എന്നതായിരുന്നു ഗീബല്‍സിയന്‍ സിദ്ധാന്തം. നാസിസത്തിന്റെ ഇരകളായ ജൂത, ക്രൈസ്തവ, കമ്യൂണിസ്റ്റുകളെ കുറിച്ച് ധാരാളം നുണകളും ഹിറ്റ്‌ലര്‍ക്ക് വേണ്ടി ഗീബല്‍സ് 'തള്ളി'വിട്ടു.  ഈ വിഭാഗങ്ങളെ പരസ്പരം ഭിന്നിപ്പിക്കാന്‍ കുപ്രചരണങ്ങള്‍ പടച്ചുവിട്ടു. ജൂതന്മാരാണു ജര്‍മന്‍കാരെ കൊള്ളയടിക്കുന്നതെന്നും ജൂതന്മാര്‍ ക്രൈസ്തവരുടെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുണ്ടെന്നുമൊക്കെ പ്രചരിപ്പിക്കപ്പെട്ടു. (മീഡിയ ഫാഷിസ്റ്റുകളുടെ പ്രധാന ആയുധമാണ്). 1933ല്‍ ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഗീബല്‍സ് വാര്‍ത്താവിനിമയ മന്ത്രിയായി നിയമിക്കപ്പെട്ടു.

ജൂതന്മാരോടുള്ള വിരോധത്തിനു കാരണം

ജൂതന്മാര്‍ ആര്യപരമ്പരയില്‍ വരുന്നവരല്ല എന്നത് തന്നെയാണ് ഈ വിരോധത്തിന്റെ കാരണം. ജൂത പരമ്പരയില്‍ ജനിച്ചവര്‍ക്കേ ജൂതനാകാന്‍ കഴിയൂ. (ഒരാള്‍ക്ക് മതം മാറി ജൂതനാകന്‍ പറ്റില്ല). അപ്പോള്‍ ഒരാള്‍ ജൂതനാണെങ്കില്‍ തീര്‍ച്ചയായും അയാള്‍ ആര്യനല്ലെന്നത് വ്യക്തം. ഇതാണ് ജൂതന്മാരെ ഒന്നാമത്തെ ഇരയാക്കാന്‍ ഹിറ്റ്‌ലറെ പ്രേരിപ്പിച്ചത്.

ക്രൈസ്തവ വിരോധം

ക്രൈസ്തവ വിരോധത്തിനുള്ള കാരണം അവര്‍ ഹിറ്റ്‌ലറുടെ എതിര്‍പാര്‍ട്ടിയെ ഇലക്ഷനില്‍ പിന്തുണച്ചു എന്നതും ഹിറ്റ്‌ലറുടെ കൊള്ളരുതായ്മകളെ വിമര്‍ശിച്ചതും എന്നതുമാണ്. ക്രൈസ്തവരില്‍ തന്നെ ജര്‍മന്‍ വംശജരല്ലാത്തവര്‍ ഹിറ്റ്‌ലറുടെ ഇരകളുമായിരുന്നു.

ഹിറ്റ്‌ലര്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നു

1933ല്‍ ഭരണത്തില്‍ വന്ന വര്‍ഷം തന്നെ ഹിറ്റ്‌ലര്‍ തന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആരംഭിച്ചു. ശത്രുക്കളായി കരുതുന്നവരെ തടവിലാക്കാനായി ജര്‍മനിയുടെ പല ഭാഗങ്ങളിലായി തടങ്കല്‍ പാളയങ്ങളുടെ പണി തുടങ്ങി. 1933ല്‍ മാത്രമായി ഏകദേശം 45,000 പേരെ ഇവിടങ്ങളില്‍ തടവിലാക്കി. ഇക്കൂട്ടത്തില്‍ കമ്മ്യൂണിസ്റ്റുകള്‍, ജനാധിപത്യവാദികള്‍, യഹോവസാക്ഷികള്‍ (ഒരു െ്രെകസ്തവ വിഭാഗം) എന്നിവരുണ്ടായിരുന്നു. (റഫറന്‍സ്:  Holocaust Encycloedia). പുതിയ ക്യാമ്പുകള്‍ ജര്‍മനിയുടെ അകത്തും പുറത്തും (മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍) പല ഭാഗങ്ങളിലായി ഉയര്‍ന്നുവന്നുകൊണ്ടേയിരുന്നു.  കണക്കുകള്‍ പ്രകാരം 1933 മുതല്‍ 1945 വരെ നാസികള്‍ 42,000ത്തോളം തടങ്കള്‍ പാളയങ്ങളുണ്ടാക്കി. ഈ പാളയങ്ങളെ പല വിഭാഗങ്ങളക്കി തിരിച്ചിരുന്നു. ചിലത് താമസിപ്പിക്കാന്‍ വേണ്ടി മാത്രം, ചിലത് ജോലി ചെയ്യിപ്പിക്കാന്‍ (Labor Camp), ചിലത് കൊന്നൊടുക്കാന്‍ (Extermination).

ചില ക്യാമ്പുകളില്‍ ആളുകള്‍ പട്ടിണിമൂലം മരിച്ചപ്പോള്‍ മറ്റു ചിലതില്‍ പകര്‍ച്ചവ്യാധികള്‍ മൂലം ആളുകള്‍ കൂട്ടമായി മരിച്ചു. വേറെ ചിലതില്‍ കൂട്ടമായി കൊന്നൊടുക്കി. ഹിറ്റ്‌ലറുടെ കീഴില്‍ നാസികള്‍ ചെയ്ത ഈ കൂട്ടക്കൊലയാണ് ചരിത്രത്തില്‍ Holocaust എന്ന പേരില്‍ അറിയപ്പെടുന്നത്. 1933-1945 കാലത്തിനിടക്ക് 17 മില്യണ്‍ (1 കോടി 70 ലക്ഷം) മനുഷ്യരെ നാസികള്‍ കൊന്നൊടുക്കി എന്നാണു കണക്ക്. ഇതില്‍ 60 ലക്ഷം പേര്‍ ജൂതന്മാരും ബാക്കിയുള്ളത് ഇതര ജനവിഭാഗങ്ങളും. (റഫറന്‍സ്: Holocaust Encyclopedia). ഇവയില്‍ പല ക്യാമ്പുകളും ഇന്ന് സ്മാരകങ്ങളും മ്യൂസിയങ്ങളുമാക്കി മാറ്റിയിട്ടുണ്ട്.

പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്നു

1935ല്‍ ഹിറ്റ്‌ലര്‍ ജര്‍മനിയുടെ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ട് 'ഭേദഗതി നിയമം' പുറപ്പെടുവിച്ചു. (കു)പ്രസിദ്ധമായ ന്യൂറംബര്‍ഗ് നിയമം (Neuramberg Law) എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ നിയമത്തില്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണുണ്ടായിരുന്നത്.

(1) ജൂതന്മാര്‍ അടിസ്ഥാനപരമായി ജര്‍മന്‍ വംശം അഥവ ആര്യവംശം അല്ലാത്തത് കൊണ്ട് ഈ നിയമം മുതല്‍ അവരെ പൗരന്മാരായി കണക്കാക്കുകയോ അവര്‍ക്ക് പൗരത്വ ആനുകൂല്യങ്ങള്‍ കിട്ടുകയോ ഇല്ല.

(2) ജൂതന്മാരുമായി വിവാഹ ബന്ധം, കച്ചവട ഇടപാടുകള്‍ തുടങ്ങിയ ഏതെങ്കിലും ഇടപാടുകള്‍ ജര്‍മന്‍ പൗരന്മാര്‍ നടത്താവുന്നതല്ല. അങ്ങനെ നടന്നതായി കണ്ടെത്തിയാല്‍ അവരെ കുറ്റക്കാരായിക്കണ്ട് അറസ്റ്റ് ചെയ്യുന്നതായിരിക്കും. (ഈ നിയമ ഭേദഗതി ഉത്തരവിന്റെ ജര്‍മന്‍ കോപ്പിയുടെ ഫോട്ടോ ഈ ലേഖനത്തോടൊപ്പം കാണാം).

ഈ നിയമം വന്നതിനു ശേഷം ജൂതന്മാര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ജനങ്ങളും ഗവണ്‍മെന്റ് സംവിധാനങ്ങളും ജൂതന്മാരെ ബഹിഷ്‌കരിക്കാന്‍ തുടങ്ങി. ജര്‍മനിക്കാര്‍ ജൂതന്മാരുമായി കച്ചവട ഇടപാടുകള്‍ നിര്‍ത്തി. ചെറുതും വലുതുമായ ധാരാളം ജൂതസ്ഥാപനങ്ങള്‍ നഷ്ടത്തിലാവുകയോ അടച്ചുപൂട്ടുകയോ അതുമല്ലെങ്കില്‍ തുച്ചമായ വിലയ്‌ക്കോ സൗജന്യമായോ കൊടുത്ത് ഒഴിവാക്കുകയോ ചെയ്തു. ഗവണ്‍മെന്റ് ഉദേ്യാഗങ്ങളിലുള്ള ജൂതന്മാരെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിട്ടു. ഫാര്‍മസി, മെഡിസിന്‍, നിയമം തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ നിന്ന് ജൂതന്മാര്‍ തടയപ്പെട്ടു. അവരുടെ വരുമാന മാര്‍ഗം ജര്‍മനിക്കാരുടെ വീട്ടിലെ കൂലിവേലയോ അടിമവേലയോ മാത്രമായി ചുരുങ്ങി.

ജൂതന്മാരുടെ മുന്നില്‍ രണ്ട് മാര്‍ഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ ജര്‍മനിയില്‍ അടിമയായി ജീവിക്കുകയും ഹിറ്റ്‌ലറുടെ കൈകൊണ്ട് മരിക്കുകയും ചെയ്യുക, അല്ലെങ്കില്‍ ജര്‍മനി വിട്ടു മറ്റ് രാജ്യങ്ങളിലേക്ക് പോവുക. പക്ഷേ, അവിടെയും ഹിറ്റ്‌ലര്‍ നിബന്ധന വെച്ചു; രാജ്യം വിട്ട് പോകണമെങ്കില്‍ ആകെ സമ്പാദ്യത്തിന്റെ 90 ശതമാനം കരം ആയി അടച്ചാല്‍ മാത്രം രാജ്യം വിടാം. ചിലര്‍ ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ ജര്‍മനിക്ക് എഴുതിക്കൊടുത്ത് ജീവനും കൊണ്ട് നാട്കടന്നു. അന്ന് ജൂതന്മാരെ പ്രധാനമായും കൈ നീട്ടി സ്വീകരിച്ചത് ബ്രിട്ടന്‍, അമേരിക്ക, ഫലസ്ത്വീന്‍ എന്നീ രാജ്യങ്ങളായിരുന്നു.  

(ഇതില്‍ ഫലസ്ത്വീനിലെ ജൂതന്മാര്‍ പിന്നീട് അവര്‍ക്ക് അഭയം നല്‍കിയ തദ്ദേശീയരായ പൗരന്മാരെ തന്നെ ആക്രമിച്ച് കീഴ്‌പെടുത്തി തട്ടിക്കൂട്ടിയ രാജ്യമാണ് ഇസ്രായേല്‍. ഫലസ്ത്വീനും ഇസ്രായേലും തമ്മിലുള്ള യുദ്ധം ഇന്നും അവസാനിച്ചിട്ടില്ല).

ഇങ്ങനെ ജൂതവംശജരായതിന്റെ പേരില്‍ ജര്‍മനി വിട്ടുപോയവരില്‍ പ്രമുഖരാണ് പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ Albert Einstein ഉം ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന Sigmund Freud ഉം. ഐന്‍സ്റ്റീന്‍ അമേരിക്കയില്‍ അഭയം തേടിയപ്പോള്‍ ഫ്രോയിഡ് ബ്രിട്ടണിലേക്കാണു പോയത്. എന്നാല്‍ ജൂതരില്‍ ഭൂരിഭാഗം പേര്‍ക്കും നാടുവിടാന്‍ സാധിച്ചില്ല. അതിനുള്ള കാരണങ്ങള്‍ ഇവയാണ്: (1) ഇവരെ സ്വീകരിച്ച രാജ്യങ്ങളില്‍ അഭയാര്‍ഥികളുടെ എണ്ണം കൂടിയപ്പോള്‍ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് അവര്‍ നിര്‍ത്തി. (2) 1940ല്‍ ജൂതന്മാര്‍ നാടുവിട്ട് രക്ഷപ്പെടുന്നത് ഹിറ്റ്‌ലര്‍ തന്നെ നിര്‍ത്തലാക്കി.

'ഗസ്റ്റപ്പോ' അഥവാ രഹസ്യപോലീസ്

ഹിറ്റ്‌ലര്‍ക്ക് സ്വന്തമായി ഒരു രഹസ്യപോലീസ് സംവിധാനമുണ്ടായിരുന്നു. അതിന്റെ പേരാണു ഗസ്റ്റപ്പോ. ഇവര്‍ വേഷപ്രഛന്നരായി ജനങ്ങള്‍ക്കിടയിലൂടെ നടക്കുകയും ഹിറ്റ്‌ലര്‍ക്കും നാസി പാര്‍ട്ടിക്കുമെതിരെയുള്ള ജനങ്ങളുടെ നീക്കങ്ങള്‍, സംസാരങ്ങള്‍ എന്നിവ അറിയുകയും ചെയ്യുന്ന ചാരന്മാരായിരുന്നു. ഒപ്പം ഹിറ്റ്‌ലറുടെ നിയമങ്ങള്‍ ആരെങ്കിലും ലംഘിക്കുന്നത് കണ്ടാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് തടങ്കല്‍ പാളയങ്ങളില്‍ കൊണ്ടുപോകുന്നതും ഇവരായിരുന്നു.

രാജ്യവ്യാപകമായി ജനസംഖ്യാ കണക്കെടുപ്പ് (Census) നടത്തുന്നു

ന്യൂറന്‍ബര്‍ഗ് നിയമം പാസ്സായതോട് കൂടി ജൂതന്മാര്‍ ഒറ്റപ്പെട്ടു എന്ന് നാം പറഞ്ഞല്ലോ. ഈ സാഹചര്യത്തില്‍ ചില ജൂതന്മാര്‍ താല്‍ക്കാലികമായി രക്ഷപ്പെടാന്‍ ജൂതമതം ഉപേക്ഷിക്കുകയോ ജൂത മത ചിഹ്നങ്ങളും രേഖകളും ഉപേക്ഷിക്കുകയോ ചെയ്തു. എന്നാല്‍ ഇക്കാര്യവും ഹിറ്റ്‌ലറുടെ ശ്രദ്ധയില്‍ പെട്ടു. ഇതിനു ഹിറ്റ്‌ലര്‍ കൊണ്ടുവന്ന ഒരു മാര്‍ഗമാണ് രാജ്യവ്യാപകമായ കണക്കെടുപ്പ്. ഈ കണക്കെടുപ്പില്‍ ഓരോ പൗരന്റെയും പ്രായം, ജോലി, ലിംഗം, കുടുംബ പരമ്പര കാണിക്കുന്ന രേഖകള്‍ എന്നിവ പരിശോധിച്ചു. മൂന്നോ നാലോ തലമുറകള്‍ ജൂതപാരമ്പര്യമുള്ളവരെ പൂര്‍ണ ജൂതരായി കണക്കാക്കി തടവിലാക്കുകയോ നാടുകടത്തുകയോ കൊല്ലുകയോ ചെയ്തു. എന്നാല്‍ ഒന്നോ രണ്ടോ തലമുറകള്‍ മാത്രം ജൂത പാരമ്പര്യമുള്ള (അതിനു ശേഷമുള്ളവര്‍ ഒരു പക്ഷേ ജര്‍മനിക്കാരെ വിവാഹം കഴിച്ചതാകാം) തടവില്‍ പാര്‍പ്പിച്ചു.

2001ല്‍ പുറത്തിറങ്ങിയ ഒരു പുസ്തകമുണ്ട്. ഈ പുസ്തകത്തിന്റെ പേര് IBM and the Holocaust: The Strategic Alliance Between Nazi Germany and America's most Powerful Corporation എന്നാണ്. ഗ്രന്ഥകാരന്റെ പേര് Edwin Black. അദ്ദേഹം ഒരു Investigative Journalist ആണ്. Newyork Times Best Seller ആയിരുന്ന ഈ പുസ്തകം നിര്‍ണായകമായ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. ജര്‍മനിയിലെ നാസി കൂട്ടക്കൊല നടന്നതിന് 50 വര്‍ഷത്തിനു ശേഷം പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ ചുരുക്കം ഇതാണ്: ഹിറ്റ്‌ലര്‍ ജര്‍മനിയിലെ ജനസംഖ്യാ കണക്കെടുപ്പ് നടത്താന്‍ IBM എന്ന അമേരിക്കന്‍ കമ്പനിയുടെ സഹായം തേടിയിരുന്നുവെന്നും IBM ആണ് ഹിറ്റ്‌ലര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ ചെയ്തത് എന്നും പറയുന്നു. ഇവര്‍ ഓരോ പൗരന്റെയും മതം, വംശം തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് ഗവണ്‍മെന്റിനു നല്‍കി, അതോടൊപ്പം ഈ രേഖയുടെ അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്ക് പ്രത്യേകം കാര്‍ഡുകളും നല്‍കി. ഉദാ: ജൂതനാണെങ്കില്‍ അവന്‍ ജൂതനാണെന്നും അവന്റെ മറ്റ് വിവരങ്ങളും ആ കാര്‍ഡില്‍ ഉണ്ടാകും. ഇതിന്റെ അടിസ്ഥനത്തിലായിരിക്കും പിന്നീട് അവന്റെ മറ്റു കാര്യങ്ങള്‍ പരിഗണിക്കുക.

ഈ പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് 2012ല്‍ ഇറങ്ങിയപ്പോള്‍ തെളിവുകളായി കൂടുതല്‍ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. IBM ന് അമേരിക്ക കഴിഞ്ഞാല്‍ അന്നത്തെ വലിയ കസ്റ്റമര്‍ ജര്‍മനിയായിരുന്നു. ഇന്ന് ഇന്ത്യയിലടക്കം മിക്ക ലോക രാജ്യങ്ങളിലും കആങ പ്രവര്‍ത്തിക്കുന്നുണ്ട്.