ശ്രദ്ധിക്കപ്പെടാതെ പോകുന്ന പുണ്യകര്‍മങ്ങള്‍

അബൂ അബ്ദില്ല വളവന്നൂര്‍

2020 ഏപ്രില്‍ 25 1441 റമദാന്‍ 02

ഈ ലോകത്ത് കണക്കറ്റ ജീവജാലങ്ങളെ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ വിശേഷബുദ്ധിയും കാര്യങ്ങളെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും ജിന്ന്, മനുഷ്യ വര്‍ഗങ്ങള്‍ക്ക് അല്ലാഹു നല്‍കുകയും ചെയ്തിട്ടുണ്ട്. മനുഷ്യ, ജിന്ന് വര്‍ഗങ്ങളുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിനെ മാത്രം ആരാധിച്ച് അവന് കീഴ്‌പെട്ട് ജീവിക്കുക എന്നതാണ്. ഇങ്ങനെ അല്ലാഹുവിനു കീഴ്‌പെട്ട്, അവന്റെ നിര്‍ദേശങ്ങളനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുകയും അവന്‍ വിലക്കിയ കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥ വിശ്വാസി.

ഓരോ മനുഷ്യനും തന്റെ ജീവിതത്തില്‍ പാലിക്കേണ്ടതായ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അവനെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു അവന്റെ മതത്തിലൂടെ വിവരിച്ച് നല്‍കിയിട്ടുണ്ട്. പരിശുദ്ധ ക്വുര്‍ആനില്‍ പഠിപ്പിക്കപ്പെട്ടതും തിരുവചനങ്ങളില്‍ സ്ഥിരപ്പെട്ടതുമായ കാര്യങ്ങളായിരിക്കണം ഒരു വിശ്വാസി മതപരമായി അനുഷ്ഠിക്കേണ്ടത്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് പുറമെ പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടുവന്ന ഏതാനും കര്‍മങ്ങളാണ് നാം ഇവിടെ പരാമര്‍ശിക്കുന്നത്.

ഉണരാം നമുക്ക്; ഉറക്കില്‍ നിന്നും അശ്രദ്ധയില്‍ നിന്നും നമ്മുടെ ജീവിത വ്യവസ്ഥയില്‍ അല്ലാഹു നിശ്ചയിച്ച വിലമതിക്കാനാകാത്ത ഒരനുഗ്രഹമാണ് ഉറക്കംഎന്നത്. ക്ഷീണമകറ്റുന്നതിനും വിശ്രമത്തിനുമിണങ്ങുന്ന രൂപത്തില്‍ രാത്രിയെ ക്രമീകരിച്ചവനാണ് കാരുണ്യവാനായ അല്ലാഹു. ഉറക്കില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളും നമ്മോട് ഉരുവിടാനായി പഠിപ്പിക്കപ്പെട്ട പ്രാര്‍ഥനകളും ഉണ്ട്. അത് നിര്‍വഹിക്കല്‍ അല്ലാഹുവിന്  നന്ദികാണിക്കുന്നതിന്റെ ഭാഗം കൂടിയാണെന്ന് നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

1. നബി ﷺ  ഉറക്കില്‍നിന്നുണര്‍ന്നാല്‍ 'അല്‍ഹംദുലില്ലാഹില്ലദീ അഹ്‌യാനാ ബഅ്ദ മാ അമാതനാ വ ഇലൈഹിന്നുശൂര്‍' (നമ്മെ മരിപ്പിച്ചതിന് ശേഷം ജീവിപ്പിച്ച അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും. അവനിലേക്കാണ് നമ്മുടെ മടക്കവും) എന്ന് പ്രാര്‍ഥിക്കാറുണ്ടായിരുന്നു എന്ന് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീഥില്‍ കാണാന്‍ സാധിക്കും.

2. മറ്റൊരു പ്രാര്‍ഥനയായി ഇമാം തിര്‍മിദി ഉദ്ധരിച്ച ഹദീഥില്‍ ഇപ്രകാരം കാണാം:

'അല്‍ഹംദു ലില്ലാഹില്ലദീ ആഫാനീ ഫീ ജസദീ, വറദ്ദ അലയ്യ റൂഹീ, അദിന ലീ ഫീ ദിക്‌രിഹി' (എന്റെ ശരീരത്തിന് ആരോഗ്യം നല്‍കുകയും എന്റെ ആത്മാവിനെ എന്നിലേക്ക് തിരികെ നല്‍കുകയും അവന്റെ അതിമഹത്ത്വത്തെ സ്തുതിച്ച് വാഴ്ത്തുവാന്‍ എനിക്ക് അനുവാദം (എളുപ്പം) നല്‍കിയവനുമായ അല്ലാഹുവിനാകുന്നു സര്‍വ സ്തുതിയും.''

3. ഇമാം ബുഖാരിയും മുസ്‌ലിമും ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് ഉദ്ധരിച്ച ഒരു ഹദീഥില്‍ നബി ﷺ  ഉറക്കില്‍ നിന്നെഴുന്നേറ്റാല്‍ ഇരിക്കുകയും തന്റെ കൈകൊണ്ട് മുഖം തടവുകയും ശേഷം സൂറത്തു ആലു ഇംറാനിലെ അവസാനത്തെ പത്ത് ആയത്തുകള്‍ പാരായണം ചെയ്യുകയും പിന്നീട് വുദൂഅ് ചെയ്യുകയും ശേഷം നിസ്‌കരിക്കുകയും ചെയ്തു' എന്ന് കാണാന്‍ സാധിക്കും.

4. മറ്റൊരു ഹദീഥില്‍ രാത്രി ഉറക്കില്‍ നിന്ന് (അസമയത്ത്) ഉണര്‍ന്നാല്‍ 'ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ക്വദീര്‍, അല്‍ഹംദുലില്ലാഹ്, വല്ലാഹു അക്ബര്‍, വ ലാഹൗല വലാ ക്വുവ്വത്ത ഇല്ലാ ബില്ലാഹ്, അല്ലാഹുമ്മഗ്വ്ഫിര്‍ലീ ' എന്നു പ്രാര്‍ഥിച്ചതായി കാണാം. ഇങ്ങനെ പ്രാര്‍ഥിച്ചവന് അല്ലാഹു പൊറുത്ത് കൊടുക്കുകയും അവന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുകയും എഴുന്നേറ്റ് വുദൂഅ് ചെയ്ത് നമസ്‌കരിച്ചാല്‍ അത് സ്വീകരിക്കപ്പെടുകയും ചെയ്യുന്നതാണ് എന്നും നബി ﷺ  പറഞ്ഞതായി കാണാം. (തിര്‍മിദി: 3401, അല്‍ബാനി(റ) ഹസന്‍ എന്ന് വിശേഷിപ്പിച്ചു).

വുദൂഅ് അഥവാ അംഗശുദ്ധി

പല കര്‍മങ്ങളും സ്വീകാര്യമാകണമെങ്കില്‍ വുദൂഅ് നിര്‍ബന്ധമാണെന്ന് നമുക്കറിയാം. വുദൂഅ് ചെയ്യുന്നതിന് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്. വുദൂഇന്റെ അവയവങ്ങള്‍ പ്രകാശപൂരിതമായിട്ടായിരിക്കും പരലോകത്ത് ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്നും ഏറ്റവും നല്ല രൂപത്തില്‍ വുദൂഅ് നിര്‍വഹിക്കുകയും ശേഷം രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്യുന്നവരുടെ ചെറുപാപങ്ങള്‍ പൊറുക്കപ്പെടുമെന്നും നബി ﷺ  പഠിപ്പിച്ചതായി കാണാം. ഒരാള്‍ വുദ്വൂഅ് ചെയ്യുമ്പോള്‍ തന്റെ മുഖത്തു നിന്ന് വെള്ളം ഉറ്റി വീഴുന്നതിന്റെ കൂടെ തന്റെ നോട്ടത്തിലൂടെ ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടുമെന്നും കൈ കഴുകുമ്പോള്‍ കൈകൊണ്ട് ചെയ്ത പാപങ്ങള്‍  പൊഴിഞ്ഞ് പോകുമെന്നും കാല്‍ കഴുകുമ്പോള്‍ കാലുകൊണ്ട് നടന്നടുത്ത പാപങ്ങള്‍ പൊറുക്കപ്പെടുമെന്നും ഹദീഥുകളില്‍ സ്ഥിരപ്പെട്ടതായി കാണാം.

വുദൂഅ് നിര്‍വഹിച്ചു കഴിഞ്ഞാല്‍ 'അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു, അല്ലാഹുമ്മജ്അല്‍നീ മിനത്തവ്വാബീന വജ്അല്‍നീ മിനല്‍ മുതത്വഹ്ഹിരീന്‍' എന്ന് പ്രാര്‍ഥിക്കണം. അങ്ങനെ പ്രാര്‍ഥിക്കുന്നവര്‍ക്ക് സ്വര്‍ഗീയ വാതിലുകള്‍ എട്ടും തുറക്കപ്പെടാതിരിക്കില്ല എന്ന് നബി ﷺ  പഠിപ്പിച്ചിട്ടുമുണ്ട്. മേല്‍പറഞ്ഞ രണ്ട് പ്രാര്‍ഥനകള്‍ക്കും ശേഷം 'സുബ്ഹാനക അല്ലാഹുമ്മ വബിഹംദിക, അശ്ഹദു അന്‍ ലാഇലാഹ ഇല്ലാ അന്‍ത, അസ്തഗ്ഫിറുക വ അതൂബു ഇലൈക'  എന്നും പ്രാര്‍ഥിക്കാവുന്നതാണ്.

വുദൂഇന് ശേഷമുള്ള രണ്ട റക്അത്ത് നമസ്‌കാരം

വുദൂഇന് ശേഷം രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കാരം ഹദീഥുകളില്‍ സ്ഥിരപ്പെട്ടതാണ്. നബി ﷺ  പറഞ്ഞതായി ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീഥില്‍ ഇപ്രകാരം കാണാം: നബി ﷺ  പറഞ്ഞു: ''ഞാന്‍ വുദൂഅ് ചെയ്തത് പോലെ ആരെങ്കിലും വുദൂഅ് ചെയ്യുകയും പിന്നെ യാതൊരു കാര്യവും (തിന്മ) ഹൃദയത്തില്‍ കരുതാതെ രണ്ട് റക്അത്ത് നിര്‍വഹിക്കുകയും ചെയ്താല്‍ അവന്‍ അതുവരെ ചെയ്ത (ചെറു) പാപങ്ങള്‍ അല്ലാഹു അവന് പൊറുത്ത് കൊടുക്കുന്നതാണ്.''  

രാത്രി നമസ്‌കാരം (ക്വിയാമുല്ലൈല്‍)

നിര്‍ബന്ധ നമസ്‌കാരം കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠതയും പ്രാധാന്യവുമുള്ള നമസ്‌കാരമാണ് രാത്രി നമസ്‌കാരം. ക്വിയാമുല്ലൈല്‍, തഹജുദ്, തറാവീഹ് എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നത് ഈ നമസ്‌കാരം തന്നെയാണ്. ഇശാഅ് നമസ്‌കാരത്തിന് ശേഷം സുബ്ഹി വരെയുള്ള സമയത്തിനിടക്കാണ് ഇത് നിര്‍വഹിക്കേണ്ടത്. ഉറങ്ങി എഴുന്നേറ്റ് രാത്രിയുടെ അന്ത്യയാമത്തില്‍ നമസ്‌കരിക്കുന്നതാണ് ഉത്തമമെന്നും ആ സമയത്ത് മലക്കുകളുടെ സാന്നിധ്യം ഉണ്ടാകുമെന്നും ഹദീഥുകളില്‍ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്. ഒറ്റയായിക്കൊണ്ടാണ് നമസ്‌കാരം അവസാനിപ്പിക്കേണ്ടത്.

അദാന്‍ അഥവാ ബാങ്ക്

നമസ്‌കാര സമയമായി എന്ന് അറിയിക്കുന്നതിനുള്ള വിളംബരത്തിനാണ് അദാന്‍ അഥവാ ബാങ്ക് എന്ന് പറയുന്നത്. ബാങ്കുവിളിക്കുന്നവര്‍ക്കുള്ള മഹത്ത്വവും ശ്രേഷ്ഠതയും അറിയുന്നവര്‍ അതിനായി മത്സരിക്കുമായിരുന്നു എന്ന് തിരുവചനത്തില്‍ കാണാന്‍ സാധിക്കും. അതോടൊപ്പം ബാങ്കുവിളി കേള്‍ക്കുന്ന വ്യക്തി അത് ശ്രദ്ധിച്ച് കേള്‍ക്കുകയും അതിന് മറുപടി നല്‍കുകയും ചെയ്യണം. അഥവാ ഏറ്റുചൊല്ലണം. ശേഷം നബി ﷺ യുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയും നബി ﷺ ക്ക് വേണ്ടി അല്ലാഹുവിനോട് വസ്വീല ചോദിക്കുകയും വേണം.

സ്വുബ്ഹിക്ക് മുമ്പുള്ള സുന്നത്ത്

സ്വുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് വളരെ പ്രാധാന്യമുള്ളതാണ്. നബി ﷺ  യാത്രയില്‍ പോലും അതില്‍ ഉപേക്ഷ വരുത്തിയിട്ടില്ലെന്ന് കാണാന്‍ കഴിയും. സൂറത്തുല്‍ കാഫിറൂനും സുറത്തുല്‍ ഇഖ്‌ലാസുമായിരുന്നു ഈ രണ്ട് റക്അത്തുകളിലും പാരായണം ചെയ്തിരുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ ബക്വറയിലെ 136ാമത്തെ വചനവും രണ്ടാമത്തെ റക്അത്തില്‍ സൂറത്തു ആലു ഇംറാനിലെ 64ാമത്തെ വചനവും പാരായണം ചെയ്യാറുണ്ടായിരുന്നു.

സ്വുബ്ഹിക്ക് മുമ്പുള്ള സുന്നത്തിനും സ്വുബ്ഹി നമസ്‌കാരത്തിനുമിടയിലെ കിടത്തം

സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് നിര്‍വഹിച്ചു കഴിഞ്ഞാല്‍ വലത് വശത്തേക്ക് അല്‍പ സമയം ചെരിഞ്ഞ് കിടക്കുക എന്നത് പ്രവാചക ചര്യയില്‍ പെട്ടതായിരുന്നു എന്ന് ആഇശ(റ) ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാം (ബുഖാരി: 626). രാത്രി നേരത്തെ എഴുന്നേറ്റ് സുദീര്‍ഘമായി നമസ്‌കരിച്ചവര്‍ക്ക് സ്വുബ്ഹി നമസ്‌കാരത്തില്‍ അലസതയും മടുപ്പും വരാതിരിക്കാനാണ് ഈ ചെറിയ രൂപത്തിലെ കിടത്തം എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യും ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി)യുമെല്ലാം വിശദീകരിച്ചിട്ടുണ്ട്. അഥവാ, എല്ലാവര്‍ക്കും ബാധകമല്ല എന്നര്‍ഥം.

രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട പ്രാര്‍ഥനകള്‍

നിത്യജീവിതത്തില്‍ നിഷ്ഠയോടെ പ്രാവര്‍ത്തികമാക്കേണ്ട മറ്റൊന്നാണ് രാവിലെയും വൈകുന്നേരവും ചൊല്ലേണ്ടതായ പ്രാര്‍ഥനകളും ദിക്‌റുകളും. നാവിന് ഉരുവിടാന്‍ പ്രയാസമില്ലാത്തതും മനഃപാഠമാക്കാന്‍ വളരെ എളുപ്പമുള്ളതുമായ കൊച്ചു കൊച്ചു പ്രാര്‍ഥനകളാണ് നബി ﷺ  പഠിപ്പിച്ചുതന്നിട്ടുള്ളത്. ഇത്തിരി നേരം ശ്രദ്ധിച്ചാല്‍ ഒത്തിരി പ്രതിഫലം സ്വായത്തമാക്കാന്‍ പറ്റുന്ന പ്രാര്‍ഥനകളെയും ദിക്‌റുകളെയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.  

ദുഹാ നമസ്‌കാരം          

സൂര്യന്‍ ഉദിച്ചുയര്‍ന്നാല്‍ നിര്‍വഹിക്കാവുന്ന നമസ്‌കാരമാണ് ദ്വുഹാ നമസ്‌കാരം. സൂര്യന്‍ ആകാശമധ്യത്തിലെത്തുന്നതിന് അല്‍പ സമയം മുമ്പുവരെ ഇത് നമസ്‌കരിക്കാവുന്നതാണ്. രാത്രി നമസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമായി ഇരട്ടയായിക്കൊണ്ടാണ് അവസാനിപ്പിക്കേണ്ടത്.

അബൂഹുറയ്‌റ(റ), അബുദ്ദര്‍ദാഅ്(റ) തുടങ്ങിയ സ്വഹാബിമാര്‍ക്ക് നബി ﷺ  നല്‍കിയ വസ്വിയ്യത്തുകളില്‍ ദുഹാ നമസ്‌കാരം പരാമര്‍ശിച്ചതായി കാണാം. മാത്രവുമല്ല, മറ്റൊരു ഹദീഥില്‍ തസ്ബീഹ് (സുബ്ഹാനല്ലാ) ചൊല്ലുന്നതിനും തഹ്മീദ് (അല്‍ഹംദുലില്ലാഹ്) ചൊല്ലുന്നതിനും തഹ്‌ലീല്‍ (ലാ ഇലാഹ ഇല്ലാഹ്) ചൊല്ലുന്നതിനും തക്ബീര്‍ (അല്ലാഹു അക്ബര്‍) ചൊല്ലുന്നതിനും നന്മ കല്‍പിക്കുന്നതിനും തിന്മവിരോധിക്കുന്നതിനും പുണ്യമുണ്ടെന്ന് പറഞ്ഞ ശേഷം ദുഹാ സമയത്തെ രണ്ട് റക്അത്ത് നമസ്‌കാരം പകരമായി മതിയാകുന്നതാണെന്നും നബി ﷺ  പറഞ്ഞത് ഈ നമസ്‌കാരത്തിന്റെ പ്രാധാന്യമാണ് വിളിച്ചോതുന്നത്.

ദുഹ്‌റിന് മുമ്പും ശേഷവുമുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍

ദുഹ്ര്‍ നമസ്‌കാരത്തിന് മുമ്പ് നാല് റക്അത്തും ശേഷം നാല് റക്അത്തും പ്രവാചക ചര്യയില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ചില റിപ്പോര്‍ട്ടുകളില്‍ മുമ്പും ശേഷവും രണ്ട് വീതം എന്നും മുമ്പ് നാലും ശേഷം രണ്ട് എന്നും കാണാവുന്നതാണ്. ഉമ്മു ഹബീബ(റ) ഉദ്ധരിക്കുന്ന ഹദീഥില്‍ നബി ﷺ  ഇപ്രകാരം പറഞ്ഞതായി കാണാം:

''ആരെങ്കിലും ദുഹ്‌റിന് മുമ്പ് നാലു റക്അത്തും ശേഷം നാലു റക്അത്തും പതിവാക്കിയാല്‍ അല്ലാഹു അവന് നരകം നിഷിദ്ധമാക്കും'' (അബൂദാവൂദ് 1269).

അസ്വ്‌റിന് മുമ്പ് നാലു റക്അത്ത്

അസ്വ്ര്‍ നമസ്‌കാരത്തിന് മുമ്പ് നബി ﷺ  സുന്നത്ത് നമസ്‌കരിച്ചതായി അലി(റ) ഉദ്ധരിക്കുന്ന ഹദീഥില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. ഇബ്‌നു ഉമര്‍(റ) ഉദ്ധരിക്കുന്ന ഹദീഥില്‍ നബി ﷺ  ഇപ്രകാരം പറഞ്ഞതായി കാണാം: ''അസ്വ്‌റിന് മുമ്പ് നാലു റക്അത്ത് നമസ്‌കരിക്കുന്നവര്‍ക്ക് അല്ലാഹു കാരുണ്യം ചൊരിയട്ടെ'' (അബൂദാവൂദ് 1271).

മഗ്‌രിബിന് മുമ്പും ശേഷവും

മഗ്‌രിബിന് മുമ്പ് രണ്ടു റക്അത്ത് നമസ്‌കാരം നിര്‍വഹിക്കുക എന്നതും നബി ﷺ യുടെ ചര്യയില്‍ പെട്ടതാണ്. മഗ്‌രിബ് ബാങ്കുവിളിച്ച ശേഷം ഏതെങ്കിലും അപരിചിതരായ ആളുകള്‍ പള്ളിയിലേക്ക് വന്നാല്‍ ജമാഅത്ത് കഴിഞ്ഞോ എന്ന് സംശയിക്കുമാറ് സ്വഹാബിമാര്‍ മഗ്‌രിബിന് മുമ്പുള്ള സുന്നത്ത് നിര്‍വഹിക്കാറുണ്ടായിരുന്നുവെന്ന് അനസ്(റ) പറഞ്ഞതായി ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം.

മഗ്‌രിബിന് ശേഷമുള്ള സുന്നത്ത് നമസ്‌കാരത്തില്‍ നബി ﷺ  സൂറത്തുല്‍ കാഫിറൂനും ഇഖ്‌ലാസുമാണ് പാരായണം ചെയ്തിരുന്നതെന്ന് അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ്(റ) ഉദ്ധരിച്ചതായും കാണാവുന്നതാണ്.

ഇശാഇന് മുമ്പും ശേഷവും

ഇശാഅ് നമസ്‌കാരത്തിന് മുമ്പുള്ള രണ്ട് റക്അത്ത് അബ്ദുല്ലാഹ് ഇബ്‌നു മുഅഫല്‍(റ) ഉദ്ധരിച്ച ഹദീഥൂടെയും ശേഷമുള്ളത് ഇബ്‌നു ഉമര്‍(റ), ആഇശ(റ) തുടങ്ങിയവരില്‍നിന്നുദ്ധരിച്ച ഹദീഥുകളിലൂടെയും സ്ഥിരപ്പെട്ട കാര്യമാണ്.

ക്വുര്‍ആന്‍ പാരായണം

ഏറെ പ്രതിഫലാര്‍ഹമായ മറ്റൊരു കര്‍മമാണ് ക്വുര്‍ആന്‍ പാരായണം. ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ ക്വുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണെന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീഥില്‍ കാണാം. 'ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ മാന്യരോടും പുണ്യവാളരോടുമൊപ്പമാണെന്നും പഠനം ഉദ്ദേശിച്ച് ആവര്‍ത്തിച്ച് പാരായണം ചെയ്യുന്നവര്‍ക്ക് രണ്ട് പ്രതിഫലമുണ്ട്' എന്നും മറ്റൊരു ഹദീഥില്‍ വന്നിട്ടുണ്ട്.

ക്വുര്‍ആനില്‍ നിന്ന് ഒരു അക്ഷരം പാരായണം ചെയ്യുന്നവന് ഓരോ നന്മയുണ്ടെന്നും ഓരോ നന്മയ്ക്കും പത്തിരട്ടി പ്രതിഫലമുണ്ടെന്നും നബിവചനങ്ങളില്‍ കാണാവുന്നതാണ്.

 മേല്‍ പറയപ്പെട്ട കര്‍മങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും പുറമെ പൊതുവായ രൂപത്തില്‍ നിരുപാധികം ചെയ്യാവുന്ന ധാരാളം ദിക്‌റുകളും ദുആഉകളും പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്. അതിനു പുറമെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി പ്രാര്‍ഥിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതായ കാര്യങ്ങളുമുണ്ട്.

കോവിഡ് 19ന്റെ പ്രത്യേക സാഹചര്യത്തില്‍ വീട്ടിലിരിക്കുന്ന നാം ഓരോരുത്തരും പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട ഇത്തരം കര്‍മങ്ങളെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനും ശീലമാക്കാനും ശ്രദ്ധിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.