തായ്‌വേര് മുറിച്ചുമാറ്റുന്ന സി.ബി.എസ്.ഇ

പത്രാധിപർ

2020 ജൂലൈ 18 1441 ദുല്‍ക്വഅദ് 28

''ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിപ്പിക്കുന്നതിനും അതിലെ പൗരന്മാര്‍ക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്തയ്ക്കും ആശയപ്രകാശനത്തിനും ഉത്തമവിശ്വാസത്തിനും മതവിശ്വാസത്തിനും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; സ്ഥിതിസമത്വം, അവസരസമത്വം, എന്നിവയും നേടിയെടുക്കുന്നതിനും അവര്‍ എല്ലാവര്‍ക്കുമിടയില്‍ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അവിഭാജ്യതയും ഉറപ്പുവരുത്തുന്നതിനും ഇന്ന്, 1949 നവംബര്‍ ഇരുപത്തിയാറാം തീയതി, ഞങ്ങളുടെ ഭരണഘടനാനിര്‍മാണസഭയില്‍ സഗൗരവം തീരുമാനിച്ചിട്ടുള്ളതനുസരിച്ച് ഇതിനാല്‍ ഈ ഭരണഘടന അംഗീകരിച്ചുകൊള്ളുകയും അത് നിയമമാക്കിത്തീര്‍ത്ത് ഞങ്ങള്‍ തന്നെ നല്‍കിക്കൊള്ളുകയും ചെയ്യുന്നു''-ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമാണിത്.

ഇന്ത്യയെ സ്വന്തം രാജ്യമായി പരിഗണിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാള്‍ക്കും ഈ ആമുഖത്തില്‍ പറഞ്ഞ കാര്യങ്ങളോട് എതിര്‍പ്പുണ്ടാവാന്‍ വഴിയില്ല. എന്നാല്‍ കപടമായ ദേശീയവാദം നെഞ്ചേറ്റുന്ന, ഇന്ത്യന്‍ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളോട് വിയോജിപ്പ് മനസ്സില്‍കൊണ്ടുനടക്കുകയും ചില സമയങ്ങളില്‍ അറിഞ്ഞോ അറിയാതെയോ അത് പ്രകടിപ്പിക്കുകയും ചെയ്യുന്ന ചിലരുണ്ട്. അവര്‍ക്ക് മതേതരത്വം, നാനാത്വം എന്നൊക്കെ കേള്‍ക്കുന്നതേ അലര്‍ജിയാണ്. രാജ്യത്തിന്റെ സത്യസന്ധമായ ചരിത്രത്തോടും അവര്‍ക്ക് പുച്ഛമാണ്. അതുകൊണ്ടുതന്നെ പല സംസ്ഥാനങ്ങളിലും സ്‌കൂള്‍, കോളേജ് സിലബസുകളില്‍ കാര്യമായ കൈകടത്തലുകള്‍ അവര്‍ നടത്തിയിട്ടുണ്ട്; നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ വര്‍ഷങ്ങളായി പിന്തുര്‍ന്നുവരുന്ന സിലബസ് വെട്ടിക്കുറക്കാന്‍ തീരുമാനിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ അനിവാര്യമായും മനസ്സിലാക്കേണ്ട, ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന പലകാര്യങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ദേശീയതയുടെ ഉത്ഭവചരിത്രം, മതേതരവീക്ഷണം, പൗരത്വസങ്കല്‍പം, മതങ്ങള്‍, ജാതിവ്യവസ്ഥ, രാഷ്ട്രീയമുന്നേറ്റ ചരിത്രം,  സാമൂഹിക വൈജാത്യങ്ങള്‍, നാനാത്വം തുടങ്ങിയ പല സുപ്രധാന വിഷയങ്ങളും എടുത്തുമാറ്റിയിരിക്കുന്നു.

പതിനൊന്നാം ക്ലാസിലെ 'ഇന്ത്യന്‍ ഭരണഘടന പ്രവൃത്തിപഥത്തില്‍' എന്ന പേപ്പറിലെ ഫെഡറലിസം, ദേശീയത, പൗരത്വം, സെക്യുലറിസം തുടങ്ങിയ അധ്യായങ്ങള്‍ മുഴുവനായും ഒഴിവാക്കിയിരിക്കുന്നു. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളിലെ മുപ്പത് ശതമാനമെങ്കിലും ഒഴിവാക്കണമെന്ന കേന്ദ്ര മാനവവിഭവ വികസന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി എന്നാണ് സി.ബി.എസ്.ഇയുടെ വിശദീകരണം. ഏതു ഭാഗമൊക്കെ ഒഴിവാക്കണമെന്നും കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ടായിരിക്കാം.

ഇത് ഒൡച്ചുകടത്തലിന്റെ കാലഘട്ടമാണ്. സ്വര്‍ണവും കള്ളപ്പണവും മാത്രമല്ല സംസ്‌കാരം തന്നെ ഒളിച്ചുകടത്തപ്പെടുന്ന കാലം! ആരെയും ആകര്‍ഷിക്കുന്ന പരസ്യങ്ങളിലൂടെ, കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ് വിതരണം ചെയ്യുന്നത് കൊടിയ വിഷമാണെന്ന് തിരിച്ചറിയുന്നവരുടെ എണ്ണം തുലോം തുച്ഛമാണ്. അതുതന്നെയാണ് ഇവരുടെ പിന്‍ബലവും. സി.എ.എ, എന്‍.ആര്‍.സി, യു.എ.പി.എ... തുടങ്ങിയ പ്രമാദമായ വിഷയങ്ങളൊക്കെ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. കുട്ടികളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാനല്ലേ പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കുന്നത് എന്ന് സുമനസ്സുകള്‍ ചിന്തിക്കുന്നത് സ്വാഭാവികം. എന്നാല്‍ പുതുതലമുറയെ സാതന്ത്ര്യസമരത്തിലെ സത്യസന്ധമായ വിവരണവും ആധുനിക ജനാധിപത്യരാഷ്ട്രം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ചും നാനാത്വത്തിലെ ഏകത്വമെന്ന സവിശേഷതയെക്കുറിച്ചുമൊക്കെ അജ്ഞരാക്കി വളര്‍ത്തുന്നതിനുപിന്നിലുള്ള ഒളിയജണ്ട എന്തെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട.