ക്വുര്‍ആന്‍ നല്‍കുന്ന വെളിച്ചം

പത്രാധിപർ

2020 മെയ് 02 1441 റമദാന്‍ 09

'കോവിഡ്19' പിടിപെടാതിരിക്കുവാന്‍ ലോകത്തുള്ള സകല മനുഷ്യരും വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റമദാന്‍ കടന്നുവന്നിരിക്കുന്നത്. മിക്കവരും പലവിധ പ്രയാസങ്ങളുടെ തടവറയിലാണ്. എന്നിരുന്നാലും വിശ്വാസികള്‍ക്ക് ആശ്വാസവും ആത്മീയമായ കരുത്ത് പകരുന്നതുമാണ് റമദാന്‍ മാസവും അതിലെ വ്രതാനുഷ്ഠാനവും.

ക്വുര്‍ആനിന്റെ മാസമായ റമദാനില്‍ ജോലിത്തിരക്കുകള്‍ കാരണം ക്വുര്‍ആന്‍ പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടാറില്ല എന്ന് പലരും പറയാറുണ്ട്. ഈ റമദാനില്‍ അങ്ങനെ പറയുന്നവര്‍ ഏറെയൊന്നും ഉണ്ടാകാന്‍ തരമില്ല. മിക്കവരും പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുകയാണല്ലോ; അപ്പോള്‍ സമയമില്ലായ്മ ഉണ്ടാകാന്‍ സാധ്യതയില്ല. അതിനാല്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുവാനും അതിന്റെ ആശയപ്രപഞ്ചത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനും ഈ അവസരം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ക്വുര്‍ആന്‍ നല്‍കുന്ന വെളിച്ചത്തെക്കാള്‍ വലിയ വെളിച്ചം വേറൊന്നില്ല.

മാനവരാശിയെ എല്ലാവിധ അന്ധകാരങ്ങളില്‍നിന്നും പ്രകാശത്തിലേക്ക് നയിക്കുവാനാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്.

''...മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതിപ്രകാരം ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്, ആകാശങ്ങളിലുള്ളതിന്റെയും ഭൂമിയിലുള്ളതിന്റെയും ഉടമയായ അല്ലാഹുവിന്റെ (മാര്‍ഗത്തിലേക്ക് അവരെ കൊണ്ടുവരാന്‍ വേണ്ടി). സത്യനിഷേധികള്‍ക്ക് കഠിനമായ ശിക്ഷയാല്‍ മഹാനാശംതന്നെ'' (ക്വുര്‍ആന്‍ 14:1,2).

ആറാം നൂറ്റാണ്ടില്‍  ഇരുളിന്റെ ലോകത്ത് ഇരുളടഞ്ഞ മനസ്സുമായി ജീവിച്ചിരുന്ന ഒരു ജനതതിയെ വെളിച്ചത്തിലേക്ക് നയിച്ചതും അവരുടെ മനസ്സുകളെ പ്രകാശമാനമാക്കിയതും ക്വുര്‍ആനായിരുന്നു. പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും കയ്യൊഴിക്കുവാന്‍ അവര്‍ തയ്യാറായത് വിശുദ്ധ ക്വുര്‍ആന്‍ അവരുടെ ചിന്തയെ തട്ടിയുണര്‍ത്തിയതുകൊണ്ടായിരുന്നു.

''തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു)'' (ക്വുര്‍ആന്‍ 17:9,10).

''നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീതമായ ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചുനോക്കുന്നതിനും ബുദ്ധിമാന്മാര്‍ ഉദ്ബുദ്ധരാകേണ്ടതിനും വേണ്ടി'' (ക്വുര്‍ആന്‍ 38:29).

ക്വുര്‍ആന്‍ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണ് ഉത്തമന്‍ എന്നാണ് നബി ﷺ  പറഞ്ഞിട്ടുള്ളത്. മനുഷ്യന്റെ ഇഹപരജീവിത വിജയത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഗ്രന്ഥം എന്ന നിലയ്ക്ക് അത് പഠിക്കല്‍ സത്യവിശ്വാസികളുടെ ബാധ്യതയാണ്. അതിലെ ഓരോ അക്ഷരവും പാരായണം ചെയ്താല്‍ അതിന് പ്രതിഫലം ലഭിക്കും എന്നാണ് നബി ﷺ  പറഞ്ഞത്. ഒരു വിശ്വാസി ക്വുര്‍ആനുമായി അഭേദ്യമായ ബന്ധം ഉണ്ടായിരിക്കേണ്ടവനാണ്.