ക്ഷീരമുള്ളൊരകിടില്‍ ചുവട്ടിലും...

പത്രാധിപർ

2020 ആഗസ്ത് 15 1441 ദുല്‍ഹിജ്ജ 25

കോവിഡ്-19ന്റെ പിടിയിലമര്‍ന്ന ലോകം അക്ഷരാര്‍ഥത്തില്‍ വിലപിക്കുകയാണ്. ഇതില്‍നിന്ന് എന്ന് പരിപൂര്‍ണമായ മോചനം ലഭിക്കും? മോചനം ലഭിക്കില്ലേ? അറിയില്ല! ശാസ്ത്രലോകം മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള നിതാന്തമായ പരിശ്രമത്തിലാണ്. ചില കോണുകളില്‍നിന്ന് മരുന്ന് കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ആേഗാളതലത്തില്‍ അംഗീകൃതവും വിശ്വാസയോഗ്യവുമായ മരുന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.

ജനലക്ഷങ്ങളുടെ ജീവന്‍ നഷ്ടപ്പെടുവാന്‍ കാരണമായ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടേയിരിക്കുമ്പോഴാണ് നമ്മുടെ നാട്ടില്‍ മഴക്കാല കെടുതിയും വന്നെത്തിയിരിക്കുന്നത്. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ മനുഷ്യരെ കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിനിടയിലാണ് സങ്കടക്കടല്‍തീര്‍ത്ത് വിമാനാപകടം സംഭവിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിലും വിമാനാപകടത്തിലും അകപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാനായി മനുഷ്യസ്‌നേഹികള്‍ കാണിച്ച ത്യാഗസന്നദ്ധതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ഉദാത്തമായ മനുഷ്യസ്‌നേഹം കാണിക്കുന്ന മലയാളികള്‍ക്കിടയില്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന മനസ്സിനുടമകളായ ചിലരുമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു വിമാന ദുരന്തവാര്‍ത്തകള്‍ക്കു പിറകെ സാമൂഹ്യമാധ്യമങ്ങളില്‍ അവര്‍ എഴുതിവിട്ട ചില കമന്റുകള്‍. വാസ്തവത്തില്‍ അത് അവരുടെ കുറ്റമല്ല; അവര്‍ എതൊരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണോ ആ പ്രത്യയശാസ്ത്രമാണ് അതിന്റ ഉത്തരവാദി. പകയുടെയും വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും വിഷം മാത്രം വമിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന് മറ്റൊന്നും പ്രസരിപ്പിക്കാനാവില്ലല്ലോ.

വിശ്വാസികളോട് അല്ലാഹു പറയുന്നത് അവന്‍ പലവിധത്തില്‍ പരീക്ഷിക്കുമെന്നും അതില്‍ ക്ഷമിക്കാന്‍ കഴിയണമെന്നുമാണ്. ക്ഷമിക്കുന്നവര്‍ക്ക് ആത്യന്തികമായി പരീക്ഷണങ്ങള്‍ ഗുണമായി ഭവിക്കും. എല്ലാം അല്ലാഹുവിങ്കല്‍നിന്നാണെന്ന് മനസ്സിലാക്കുകയും അതില്‍ തൃപ്തിയടയുകയും അതിന്ന് കീഴൊതുങ്ങുകയും ചെയ്യുന്നതോടൊപ്പം നിരാശ, കോപം മുതലായവയില്‍നിന്ന് നാവിനെയും ശരീരത്തെയും നിയന്ത്രിക്കുകയും ചെയ്യുവാന്‍ വിശ്വാസിക്ക് കഴിയണം. അത് ദൗര്‍ബല്യമല്ല; കരുത്തിന്റെ അടയാളമാണ്.

വിധിയിലുള്ള വിശ്വാസത്തിന്റെ സദ്ഫലമാണ് പ്രയാസഘട്ടങ്ങളില്‍ ക്ഷമിക്കാന്‍ കഴിയുക എന്നത്. ഒരു വ്യക്തി പരീക്ഷണങ്ങളില്‍ ക്ഷമിക്കുന്നില്ല എങ്കില്‍ വിധിയിലുള്ള വിശ്വാസമില്ലായ്മയോ അല്ലെങ്കില്‍ വിശ്വാസ ദൗര്‍ബല്യമോ ആണ് അത് സൂചിപ്പിക്കുന്നത്.

''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍''(ക്വുര്‍ആന്‍ 2:155-157).