ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം ജനപ്രതിനിധികള്‍

പത്രാധിപർ

2020 ഫെബ്രുവരി 08 1441 ജുമാദല്‍ ആഖിറ 09

ചാന്ദ്രദൗത്യവും ചൊവ്വ പര്യവേഷണവുമൊക്കെയായി ശാസ്ത്രരംഗത്ത് നമ്മുടെ രാജ്യം മുന്നേറുകയാണ്. എത്ര കോടി രൂപയും അതിനുവേണ്ടി ചെലവഴിക്കാന്‍ ഭരണകൂടം തയ്യാറുമാണ്. പഠനവും ഗവേഷണവും നല്ലതു തന്നെ. എന്നാല്‍ രാജ്യത്തെ പട്ടിണികിടക്കുന്ന കോടിക്കണക്കിനു ദരിദ്രരുടെ പട്ടിണി മാറ്റുക എന്നതല്ലേ ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തം? ദരിദ്രരുടെ ദാരിദ്ര്യം ഒന്നുകൂടി വര്‍ധിക്കുവാന്‍ സഹായിക്കുന്ന കോടികള്‍ ചെലവിടുന്ന  പ്രതിമ നിര്‍മാണം കൊണ്ട് എന്ത് നേട്ടമാണ് പൗരന്മാര്‍ക്കുള്ളത്? പ്രജകളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, പഠനം, തൊഴില്‍, നിര്‍ഭയജീവിതം... തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താത്ത ഭരണാധികാരികള്‍ അവരെ ഭരണത്തിലേറ്റിയ പൗരന്മാരെ വഞ്ചിക്കുകയല്ലേ യഥാര്‍ഥത്തില്‍ ചെയ്യുന്നത്?

ഒരു ജനാധിപത്യ രാജ്യത്തില്‍ ഭരണാധികാരികളല്ല ഭരണീയരാണ് വിഐപികള്‍. കാരണം അവരുടെ വോട്ടുകൊണ്ടാണ് ഭരണാധികാരികള്‍ ആ സ്ഥാനത്തെത്തിയത്. അവര്‍ ജനപ്രതിനിധികള്‍ മാത്രമാണ്. അഥവാ ജനങ്ങള്‍ അവരെ അവരുടെ പ്രതിനിധികളായി തെരഞ്ഞെടുത്തിരിക്കുന്നു. എം.എല്‍.എ, എംപി, മന്ത്രി തുടങ്ങി പഞ്ചായത്ത് മെമ്പര്‍ വരെയുള്ള സ്ഥാനങ്ങള്‍ യഥാര്‍ഥത്തില്‍ ഉയര്‍ന്ന വരുമാനവും മറ്റനേകം നേട്ടങ്ങളൂം ഉദാരമായി അനുഭവിക്കുന്ന ജോലി തന്നെയാണ്. അവര്‍ക്ക് ആ ജോലി നല്‍കിയത് ആരാണ്? വോട്ടര്‍മാര്‍തന്നെ! അപ്പോള്‍ ആര് ആരോടാണ് കൂടുതല്‍ വിധേയത്വമുള്ളവരാകേണ്ടത്? ആര് ആരെയാണ് ബഹുമാനിക്കേണ്ടത്? ആര് ആര്‍ക്കാണ് സഹായങ്ങള്‍ ചെയ്തുകൊടുക്കേണ്ടത്? ജനപ്രതിനിധികളും മന്ത്രിമാരും ജനങ്ങള്‍ക്ക് 'സേവനം' ചെയ്യുന്നവരാണോ? കൃത്യമായി ശമ്പളവും ഉയര്‍ന്ന ആനുകൂല്യങ്ങളും കൈപ്പറ്റുന്നവര്‍, സര്‍ക്കാര്‍ ചെലവില്‍ (പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട്) വിദേശയാത്രകളും ചികിത്സയും നടത്തുന്നവര്‍ എങ്ങനെയാണ് 'സേവകര്‍' എന്ന വിശേഷണം അര്‍ഹിക്കുന്നത്?

ജനങ്ങള്‍ നേടിക്കൊടുത്ത സ്ഥാനംകൊണ്ട് സസുഖം വാഴുന്നവരെ കാണുമ്പോള്‍ ജനങ്ങള്‍ ഓച്ചാനിച്ചു നില്‍ക്കണം! പൊലീസ് അകമ്പടിയോടെ കൊടിവച്ച കാറില്‍ അവര്‍ പറക്കുമ്പോള്‍ ജനങ്ങള്‍ അവര്‍ക്ക് വഴിമാറി കൊടുേത്ത തീരൂ! ജനങ്ങള്‍ക്ക് തങ്ങളുടെ പ്രയാസങ്ങള്‍ അവതരിപ്പിക്കാന്‍ അവരെ കാണണമെങ്കില്‍ ഏറെ കടമ്പകളുണ്ട്. വോട്ട് ചോദിച്ചുവരുമ്പോള്‍ നമ്മളൊക്കെ ഒന്നാണെന്ന് പറയുകയും വീടിന്റെ തിണ്ണയില്‍ കേറിയിരിക്കുകയും കുഞ്ഞിന്റെ മൂക്കള തുടച്ചുകൊടുക്കുകയുമൊക്കെ ചെയ്യുന്നവര്‍ ജയിച്ചുകയറിയാല്‍ പിന്നെ സ്വയം പ്രഖ്യാപിത ഉന്നതന്‍മാരും ജനങ്ങള്‍ രണ്ടാംതരക്കാരുമായി മാറുന്നു. ജനങ്ങളുടെ കാശുകൊണ്ട് ഒരു ബസ്‌സ്‌റ്റോപ്പ്, അല്ലെങ്കില്‍ നഗരത്തില്‍ ഒരു മെര്‍ക്കുറി ബള്‍ബ് സ്ഥാപിച്ചാല്‍ പോലും ജനപ്രതിനിധി സ്വന്തം കീശയില്‍നിന്ന് കാശെടുത്ത് ചെയ്തതു പോലുള്ള പബ്‌ളിസിറ്റി നല്‍കുന്നു.  

മാറണം ഈ അവസ്ഥ. ജനപ്രതിനിധികള്‍ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നേടിക്കൊടുക്കുകതന്നെ വേണം. അതിനായി പരിശ്രമിക്കണം. അവര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരായിക്കൂടാ. ചില്ലുമേടയിലിരുന്ന് ജനങ്ങളുടെ പ്രയാസം കണ്ട് വീണവായിക്കുകയല്ല; പുല്‍ക്കുടിലുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ നെഞ്ചോടുചേര്‍ക്കുകയാണ് ആത്മാര്‍ഥതയുള്ള ഭരണാധികാരികള്‍ ചെയ്യേണ്ടത്.