എഴുതാപ്പുറം വായിക്കുന്ന പണ്ഡിതന്മാര്‍

പത്രാധിപർ

2020 സെപ്തംബര്‍ 12 1442 മുഹര്‍റം 24

മുസ്‌ലിം സമുദായം മറ്റെല്ലാ ജനസമൂഹങ്ങള്‍ക്കും എല്ലാ നന്മയിലും മാതൃകയായിരിക്കേണ്ടവരാണ്. അവരില്‍ സംഭവിക്കുന്ന ഏതൊരു തിന്മയും ഇസ്‌ലാമിന്റെ പേരിലായിരിക്കും പൊതുവെ മറ്റുള്ളവര്‍ വിലയിരുത്തുക. വിശിഷ്യാ പ്രബോധകന്മാരുടെ വാക്കിലും പ്രവൃത്തിയിലുമൊക്കെ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന തെറ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെടും. അവര്‍ ഇസ്‌ലാമികാദര്‍ശത്തിനും ഇസ്‌ലാമിക ചരിത്ര വസ്തുതകള്‍ക്കും എതിരായ കാര്യം പറഞ്ഞാല്‍ അത് ഇസ്‌ലാമിനെ തെറ്റുധരിക്കാന്‍ കാരണമാകുമെന്നതില്‍ സംശയമില്ല. അല്ലാഹു പറയുന്നു:

''മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു...'' (ക്വുര്‍ആന്‍ 3:110).

ജനങ്ങളോട് സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും ചെയ്യേണ്ട പണ്ഡിതന്മാര്‍ ദുരാചാരത്തിന്റെ പ്രചാരകരായി മാറുന്നത് വലിയ അനര്‍ഥം വരുത്തിവയ്ക്കുമെന്നതില്‍ സംശയമില്ല.

ഈയിടെയായി കേരളത്തിലെ ചില പണ്ഡിതന്മാര്‍ മുസ്‌ലിം സമൂഹത്തെയും ഇസ്‌ലാമിനെയും അപമാനിക്കുന്ന രൂപത്തില്‍ പ്രസംഗിക്കുന്നതില്‍ മത്സരിക്കുകയാണോ എന്ന് തോന്നുകയാണ്. കോവിഡ് കാലമായതിനാല്‍ വലിയ ജനക്കൂട്ടത്തിനു മുന്നില്‍ പ്രഭാഷണം നടത്താന്‍ സൗകര്യമില്ലെങ്കിലും സമൂഹമാധ്യമങ്ങള്‍ വഴി അവര്‍ സ്വന്തം അജ്ഞതയുടെ ആഴം തുറന്നുകാട്ടുകയാണ്. അവര്‍ക്ക് അസ്പൃശ്യരായവരെ, അഥവാ അവരുടെ ആദര്‍ശരാഹിത്യത്തെ തുറന്നുകാട്ടുന്നവരെ അപകീര്‍ത്തിപ്പെടുത്തുംവിധം വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. പ്രവാചകന്മാരുടെ മുകളില്‍ സ്വന്തം ശൈഖുമാരെ പ്രതിഷ്ഠിക്കുവാന്‍ ശ്രമിക്കുന്നു. എന്തിനേറെ സ്രഷ്ടാവായ അല്ലാഹുവിനു മാത്രം ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അവര്‍ മഹാന്മാര്‍ എന്ന് വിധിയെഴുതുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുെമന്ന് വീമ്പിളിക്കുന്നു. ഇതെല്ലാം കാണുന്ന ഇതരമതസ്ഥര്‍ ഇസ്‌ലാമിനെ എങ്ങനെ വിലയിരുത്തുമെന്ന് ചിന്തിക്കുക.

 മാവേലിയെ സ്വഹാബിയായി വ്യാഖ്യാനിച്ചതും ജ്യൂസ് ജൂതനിര്‍മിതിയായതിനാല്‍ മുസ്‌ലിംകള്‍ കുടിക്കരുതെന്നു പറഞ്ഞതുമൊക്കെ കേട്ട് നമുക്ക് ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിവന്നു. മരണപ്പെട്ടുപോയ ശൈഖു വന്ന് തകരാന്‍ പോകുന്ന വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്ത് അപകടം ഒഴിവാക്കിയതും മരണപ്പെട്ട മുസ്‌ല്യാരെ തങ്ങള്‍കുടുംബത്തിലെ ഒരാള്‍ വിളിച്ചുണര്‍ത്തി ജീവിതത്തിലേക്ക് കൊണ്ടുവന്നതും ഉള്‍പ്പെടെ എത്രയെത്ര 'തള്ളലു'കളാണ് നാം കേട്ടുകഴിഞ്ഞത്. ഇവരെയൊക്കെ പിന്താങ്ങുവാന്‍ കുറെ അണികളുണ്ടെന്നത് ഇവരുടെ ദുഷ്പ്രബോധനം എത്രമാത്രം വേരോടിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. യഥാര്‍ഥ ൈദവാരാധനയില്‍നിന്ന് സൃഷ്ടിപൂജയിലേക്ക് ജനങ്ങളെ നയിക്കുന്ന പണ്ഡിതവേഷധാരികളും അവരെ പിന്‍പറ്റുന്നവരും അല്ലാഹുവിന്റെ ഈ വചനത്തെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും:

''പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്. ഏതൊരാളും ചെയ്തുവെക്കുന്നതിന്റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്'' (ക്വുര്‍ആന്‍ 6:164).