പോസ്റ്റ് കോവിഡ് സിന്‍ഡ്രാം

പത്രാധിപർ

2020 നവംബര്‍ 14 1442 റബിഉല്‍ അവ്വല്‍ 27

കൊറോണ എന്ന വൈറസ് ചൈനയില്‍ ഉടലെടുത്തിട്ട് ഒമ്പതുമാസം കഴിഞ്ഞു. ഇന്ന് അത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കഴിഞ്ഞിരിക്കുന്നു. ലോകത്ത് 5 കോടിയില്‍ പരം ആളുകളെ അത് ബാധിക്കുകയും 12.6 ലക്ഷം പേര്‍ മരണമടയുകയും ചെയ്തതായാണ് നവംബര്‍ 8ലെ കണക്ക്. കേരളത്തില്‍ കോവിഡ് ബാധിച്ച നാലു ലക്ഷത്തിലധികം പേര്‍ അതില്‍നിന്നും മുക്തിനേടിയിട്ടുണ്ട്. 81,000ല്‍ അധികം പേര്‍ ഇപ്പോള്‍ രോഗബാധിതരായുണ്ട്. 1692 പേര്‍ മരണപ്പെടുകയും ചെയ്തു.

കൊറോണയുടെ വ്യാപനം മുന്നോട്ടുതന്നെയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ദൂരെയെങ്ങോ കൊറോണബാധിതരുള്ളതായി കേട്ടപ്പോള്‍ നമ്മളൊക്കെ വല്ലാതെ ഭയന്നു. പുറത്തിറങ്ങാന്‍ മടിച്ചു. എന്നാല്‍ ഇന്ന് നാം വസിക്കുന്ന ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും മുക്കുമൂലകളില്‍ കോവിഡ് കേസുകള്‍  എത്തിക്കഴിഞ്ഞു. 108 ആംബുലന്‍സ് ഇടവഴികളിലൂടെ പാഞ്ഞുപോകുന്നത് നിത്യക്കാഴ്ചകളായി മാറി. പക്ഷേ, നമ്മുടെ ഭയം എങ്ങോപോയി മറഞ്ഞിരിക്കുന്നു. കൂടുതല്‍ മുന്‍കരുതലെടുക്കുകയും സൂക്ഷ്മത കാണിക്കുകയും ചെയ്യേണ്ട സമയത്ത് ലാഘവത്വം കാണിക്കുന്നു. ഇനിയും കൊറോണ എന്നു പറഞ്ഞ് വീട്ടിലിരുന്നാല്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ല എന്ന ചിന്തയായിരിക്കാം പ്രധാന കാരണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അല്‍പം അയവു വന്നതും കാരണമാണ്.

കോവിഡ് ബാധിച്ച ബഹുഭുരിപക്ഷവും അതില്‍നിന്ന് മുക്തരായിട്ടുണ്ടെങ്കിലും അവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധപക്ഷം. കോവിഡ് വന്നുപോയ നാല്‍പതു വയസ്സു കഴിഞ്ഞവര്‍ മറ്റുരോഗങ്ങളില്ലെങ്കില്‍ പോലും തുടര്‍പരിശോധനകള്‍ നടത്തുകയും ആവശ്യമായ മരുന്നുകള്‍ കഴിക്കുകയും കോവിഡ് രോഗകാലത്ത് എന്തൊക്കെ മരുന്നുകളാണോ കഴിച്ചിരുന്നത് എന്നതിന്റെ കൃത്യമായ രേഖകള്‍ ചികിത്സ ലഭിച്ചിടത്തുനിന്നു വാങ്ങിസൂക്ഷിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. കോവിഡ് വന്നുപോയവര്‍ക്കായി കോവിഡ് അനന്തര ചികിത്സാസംവിധാനത്തിന് സര്‍ക്കാര്‍ രൂപംകൊടുത്തിട്ടുണ്ട്.  

കേരളത്തില്‍ 4 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് പോസിറ്റീവാകുകയും പിന്നീട് നെഗറ്റീവാകുകയും ചെയ്തു എന്ന് സൂചിപ്പിച്ചുവല്ലാ. കോവിഡ് സ്ഥിരീകരിക്കാതിരിക്കുകയും എന്നാല്‍ രോഗം വന്നുപോകുകയും ചെയ്തവര്‍ ഇതിന്റെ പതിന്‍മടങ്ങ് ഉണ്ടാകുമെന്നാണ് നിഗമനം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂ്രപണ്ടായ ഡോ. എസ്. സന്തോഷ് കുമാറിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ''ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും ഉള്‍പ്പെടെയുള്ള വൈറസ് രോഗങ്ങള്‍ക്കു രോഗശേഷമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. പക്ഷേ, അവയൊന്നും ജീവനെ ഹാനികരമായി ബാധിക്കുന്നവയല്ല. കോവിഡ് അങ്ങെനയല്ല. രക്തക്കുഴലുകളില്‍ ചെറിയതോതില്‍ രക്തം കട്ടപിടിക്കാന്‍ കൊറോണ വൈറസ് കാരണമാകുന്നുണ്ട്. വളരെ ചെറിയ തരികളാണു രൂപംകൊള്ളുന്നതെങ്കിലും അവ രക്തക്കുഴലുകളിലൂടെ പല സ്ഥലങ്ങളിലെത്തി അടിഞ്ഞ് വലുതായി ആ ഭാഗത്തെ തകരാറിലാക്കുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൡലാണ് ഇതു സംഭവിക്കുന്നതെങ്കില്‍ പക്ഷാഘാതത്തിനും ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണെങ്കില്‍ ഹൃദയാഘാതത്തിനും കാരണമാകും. ശ്വാസകോശം, വൃക്ക, കരള്‍, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളെല്ലാം ഈ തരത്തില്‍ അപകടത്തിലാകാം. രക്തക്കുഴലുകളില്‍ അടിയുന്ന തരികള്‍ എത്രത്തോളമുണ്ടെന്നതും അത് എത്രനാള്‍'നിലനില്‍ക്കുന്നുവെന്നതും രോഗതീവ്രത നിശ്ചയിക്കുന്ന ഘടകങ്ങളാണ്. കൊറോണ വൈറസ് ശരീരത്തില്‍നിന്നു പോയാലും ഈ പ്രശ്‌നങ്ങള്‍ നിലനിന്നെന്നുവരാം. നേരത്തെ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ആ അസുഖം മൂര്‍ഛിക്കാനായിരിക്കും കോവിഡ് കാരണമാകുക. പ്രമേഹമുള്ളവരില്‍ അതുണ്ടാക്കുന്ന പ്രശ്‌നം അവയയവങ്ങളിലേക്കു വ്യാപിക്കാന്‍ കോവിഡ് കാരണമാകും. രോഗം ഉണ്ടാക്കുന്ന രീതി കോവിഡിന്റെ വിഷയത്തില്‍ ഒരുപോലെയാണെങ്കിലും അത് വിവിധ അവയവങ്ങളെ ബാധിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്തമായിരിക്കും.''