ഒഴുക്കിനെതിരെ നീന്തുക

പത്രാധിപർ

2020 നവംബര്‍ 28 1442 റബീഉല്‍ ആഖിര്‍ 13

സത്യവും നീതിയും ന്യായവും ധര്‍മവും മനുഷ്യര്‍ക്കിടയില്‍നിന്നും ചോര്‍ന്നുപോയിെക്കാണ്ടിരിക്കുകയാണോ? കുടുംബ ബന്ധങ്ങളുടെ നിലനില്‍പ്പു പോലും പണത്തിന്റെ അടിസ്ഥാനത്തിലായി മാറുകയാണോ? ജനാധിപത്യം പണാധിപത്യത്തിനു വഴിമാറുകയാണോ? ഭരണകൂടങ്ങള്‍ ഭരണീയരെ നിന്നുതിരിയാനാകാത്തവിധം വരിഞ്ഞുമുറുക്കുകയാണോ? ഇങ്ങനെ ചോദിക്കുവാന്‍ തുനിഞ്ഞാല്‍ ഒട്ടനവധി ചോദ്യങ്ങള്‍ ഉതിര്‍ന്നുവീഴും.

ലോകത്തും നമ്മുടെ രാജ്യത്തും നമ്മുടെ ചുറ്റുപാടുകളിലുമൊക്കെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്ന ആരുടെയും മനസ്സില്‍ ഇത്തരം ചോദ്യങ്ങള്‍ ഉടലെടുത്തേക്കാം. 'ഇതൊക്കെ പണ്ടേയുള്ളതു തന്നെയാണ്, ഇപ്പോഴായിട്ട് തുടങ്ങിയതൊന്നുമല്ല' എന്ന് വായിച്ചുതള്ളിയ ചരിത്രങ്ങളില്‍നിന്നു കിട്ടിയ അറിവനുസരിച്ച് സ്വയം ആശ്വാസം കൊള്ളാന്‍ ശ്രമിക്കാം. ചരിത്രത്തിന്റെ ആവര്‍ത്തനമെന്ന് സമാധാനിക്കാം.

എന്നാല്‍ അങ്ങനെ സ്വയം സമാധാനിച്ച് അടിമ മനോഭാവത്തോടെ കാലംകഴിക്കുകയാണോ നാം ചെയ്യേണ്ടത്? സ്രഷ്ടാവു തന്ന വിശേഷബുദ്ധിയും ചിന്താശേഷിയും അറിവും കഴിവും അടിയറവെച്ചു ജീവിക്കുകയാണോ വേണ്ടത്? അതല്ല ഒഴുക്കിനെതിരെ നീന്തുകയോ? തിന്മകളുടെ കുത്തൊഴുക്കിനൊപ്പം പോകാന്‍ പണിയൊന്നുമില്ല. കിടന്നുകൊടുത്താല്‍ താനെ ഒഴുകിക്കൊള്ളും. എന്നാല്‍ എതിര്‍ദിശയില്‍ നീന്തല്‍ ആയാസമേറിയതാണ്. അങ്ങനെയുള്ളവര്‍ക്കേ പരിവര്‍ത്തനത്തിന്റെ വഴിത്താരകള്‍ വെട്ടുവാന്‍ കഴിയൂ. അല്ലാഹു പറയുന്നു: ''...ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച...'' (ക്വുര്‍ആന്‍ 13:11).

സത്യവിശ്വാസം ശക്തിയുടെ ഉറവിടമാണ്. സത്യവിശ്വാസി ഏതവസ്ഥയിലും ഉന്നതനും ശക്തനും തന്നെയായിരിക്കും. ഏത് പ്രതികൂല സാഹചര്യങ്ങളിലും പതറാതെയും പ്രശ്‌നങ്ങളെ അതിജയിച്ചും സദ്കര്‍മനിരതനായിരിക്കാന്‍ സത്യവിശ്വാസം മനഷ്യനു കരുത്തേകും. സമൂഹത്തില്‍ നിലനില്‍ക്കുന്ന പിഴച്ച മൂല്യങ്ങളോടും ദുഷിച്ച ആചാരങ്ങളോടും മനുഷ്യത്വരഹിതമായ നിയമങ്ങളോടും അക്രമങ്ങളോടും രാജിയാകാതെ നിലകൊള്ളുവാനും നന്മ കല്‍പിക്കുവാനും തിന്മ വിരോധിക്കുവാനുമുള്ള ആര്‍ജവം പകര്‍ന്നുതരുന്നത് ഈമാനാണ്. സ്വന്തേത്താടും മറ്റുള്ളവരോടും ചെയ്യുന്ന നന്മയും ഗുണകാംക്ഷയുമാണത്. ആ വഴിയിലുള്ള യാത്ര അത്ര സുഗമമായിരിക്കില്ല. ആ മാര്‍ഗത്തില്‍ കാണുവാന്‍ കഴിയുക പൂക്കള്‍ വിതറിയ പരവതാനിയല്ല; കല്ലും മുള്ളും വിതറിയ കരിമ്പടങ്ങളായിക്കും. എതിര്‍പ്പിന്റെ, പരിഹാസങ്ങളുടെ, അക്രമത്തിന്റെ കൂരമ്പുകള്‍ പാഞ്ഞുവന്നേക്കാം. ഇരുട്ടിന്റെ മിത്രങ്ങള്‍ക്കെങ്ങനെ വെളിച്ചത്തെ സ്‌നേഹിക്കുവാന്‍ കഴിയും? അവരോടു നാമെന്തു പറയണമെന്ന് ക്വുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്: ''പറയുക: എന്റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകതന്നെയാകുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ അറിയും; അപമാനകരമായ ശിക്ഷ വന്നെത്തുന്നതും ശാശ്വതമായ ശിക്ഷ വന്നിറങ്ങുന്നതും ആര്‍ക്കാണെന്ന്'' (39:39-40).

നബി ﷺ  പറഞ്ഞു: ''നിങ്ങള്‍ കൂടെക്കൂടികളാകരുത്. ആളുകള്‍ നല്ലകാര്യം ചെയ്യുമ്പോള്‍ ഞാനും നല്ല കാര്യം ചെയ്യും; അവര്‍ ദുഷ്പ്രവൃത്തി ചെയ്യുമ്പോള്‍ ഞാനും ദുഷ്പ്രവൃത്തി ചെയ്യും എന്ന നിലപാടെടുക്കരുത്. ജനങ്ങള്‍ നന്മചെയ്യുമ്പോള്‍ മാത്രം അവരോടു സഹകരിക്കുക, തിന്മചെയ്യുമ്പോള്‍ അവരില്‍നിന്ന് അകന്നുമാറുക'' (തിര്‍മിദി).