ആരു ജയിക്കും?

പത്രാധിപർ

2020 ഡിസംബര്‍ 12 1442 റബീഉല്‍ ആഖിര്‍ 27

വിജയം ആഗ്രഹിക്കുകയും പരാജയത്തെ വെറുക്കുകയും ചെയ്യാത്ത ആരും മനുഷ്യരുടെ കൂട്ടത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ല; അത് ഏതു രംഗത്തായാലും ശരി. വിജയത്തില്‍ സന്തോഷിക്കുകയും പരാജയത്തില്‍ നിരാശപ്പെടുകയും ദുഃഖിക്കുകയും ചെയ്യും. ചിലര്‍ക്ക് ചെറിയ പരാജയം പോലും താങ്ങാനാവില്ല. അത്തരക്കാരാണ് ജീവിതത്തില്‍നിന്നുതന്നെ ഒളിച്ചോടുവാന്‍ ശ്രമിക്കുന്നത്. ഒരു മുഴം കയറിലോ അല്‍പം വിഷത്തിലോ വെള്ളത്തില്‍ ചാടിയോ തീകൊളുത്തിയോ ആത്മഹത്യ ചെയ്യുന്നത്.

ചെറിയവരും വലിയവരും ഒരുപോലെ വിജയത്തില്‍ സന്തോഷിക്കുന്നവരാണ്. ഭൗതിക ലോകത്തെ ഏതു വിജയവും നമ്മെ സന്തോഷിപ്പിക്കുമെങ്കിലും അതെല്ലാം നൈമിഷികമാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. പിന്നെ ഏതാണ് ശാശ്വതമായ വിജയം? അല്ലാഹു പറയുന്നു:

''ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്...''(ക്വുര്‍ആന്‍ 3:185).

''അന്നേദിവസം ആരില്‍നിന്ന് അത് (ശിക്ഷ) ഒഴിവാക്കപ്പെടുന്നുവോ അവനെ അല്ലാഹു തീര്‍ച്ചയായും അനുഗ്രഹിച്ചിരിക്കുന്നു. അതത്രെ വ്യക്തമായ വിജയം'' (ക്വുര്‍ആന്‍ 6:16).

മരണം യാഥാര്‍ഥ്യമാണ്. ഭൗതികലോകത്തെ എല്ലാവിജയങ്ങളുടെയും സന്തോഷവും പരാജയങ്ങളുടെ ദുഃഖവും അതോടെ അവസാനിക്കും. എന്നാല്‍ ശാശ്വതമായ പരാജയമോ അല്ലെങ്കില്‍ ശാശ്വതമായ വിജയമോ ആണ് മരണശേഷം കൈവരുന്നത്. നരകത്തില്‍നിന്ന് രക്ഷനേടുകയും സ്വര്‍ഗത്തില്‍ പ്രവേശനം ലഭിക്കുകയും ചെയ്യലാണ് ശാശ്വതമായ വിജയം. നരകത്തില്‍ അകപ്പെടുന്നത് പരാജയവും.

ഇഹലോകത്ത് അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിച്ച് ജീവിക്കലാണ് പരലോക വിജയത്തിന്റെ നിദാനം: ''...അല്ലാഹുവെയും അവന്റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു'' (ക്വുര്‍ആന്‍ 33:71).

''അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ് വിജയം നേടിയവര്‍'' (ക്വുര്‍ആന്‍ 24:52).

ഇങ്ങനെയുള്ളവര്‍ക്കാണ് അല്ലാഹുവിന്റെ തൃപ്തി നേടുവാന്‍ സാധിക്കുക. അതാണ് മഹത്തായ വിജയം: ''...അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം'' (ക്വുര്‍ആന്‍ 5:119).

''...എന്നാല്‍ അല്ലാഹുവിങ്കല്‍നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്. അതത്രെ മഹത്തായ വിജയം'' (9:72).

അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വസിച്ചാല്‍ മാത്രം പരലോകത്ത് വിജയം ലഭിക്കില്ല. ഇസ്‌ലാം പഠിപ്പിക്കുന്ന സല്‍കമങ്ങള്‍ കൂടി ചെയ്യണം:

''വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്; തീര്‍ച്ച. അതത്രെ വലിയ വിജയം'' (ക്വുര്‍ആന്‍ 85:11).

ഈ വലിയ വിജയം നേടിയെടുക്കലായിരിക്കണം വിശ്വാസിയുടെ ജീവിത ലക്ഷ്യം. അതിനാവശ്യമായതെല്ലാം ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. അത് മനസ്സിലാക്കി ജീവിതം ക്രമീകരിക്കുവാന്‍ തയ്യാറായാല്‍ വിജയം ഉറപ്പ്; അല്ലെങ്കില്‍ പരാജയവും.