പാലക്കാടുനിന്ന് മലപ്പുറത്തേക്ക് ചരിഞ്ഞ ആന!

പത്രാധിപർ

2020 ജൂണ്‍ 13 1441 ശവ്വാല്‍ 21

ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 6000 കവിഞ്ഞു. അന്യസംസ്ഥാനത്ത് തൊഴിലെടുക്കുന്നതിനിടയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ സ്വന്തം നാട്ടിലേക്ക് നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്ന് പോകുന്നതിനിടയില്‍ രോഗംബാധിച്ചും വിശപ്പും ദാഹവും സഹിക്കാതെയും തളര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം മുന്നൂറിനടുത്താണ്. ഡല്‍ഹിയിലും യുപിയിലും ഈയിടെ നടന്ന ആസൂത്രിത കലാപങ്ങൡ ന്യുനപക്ഷ സമുദായത്തിനുണ്ടായ നഷ്ടം വിവരണാതീതമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പശുവിന്റെ പേരില്‍ എത്രയോ പേര്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടു. പല എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും വധിക്കപ്പെട്ടു. ഇതിന്റെയൊന്നും പേരില്‍ ദുഃഖം പ്രകടിപ്പിച്ച് രംഗത്തുവരാത്ത, ഒരു പത്രപ്രസ്താവന പോലും നടത്താത്ത ചില നേതാക്കള്‍ ഇന്നിതാ ഒരു ആന ചരിഞ്ഞതിന്റെ പേരില്‍ അടക്കാനാവാത്ത സങ്കടവുമായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. അതിന്റെ മുന്‍പന്തിയിലുള്ളത് മുന്‍കേന്ദ്ര മന്ത്രിയും എം.പിയുമായ മേനക ഗാന്ധിയാണ്.

ഗര്‍ഭിണിയായ ഒരു ആന സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ തിന്നപ്പോള്‍ പൊട്ടിത്തെറിച്ചു മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നു ഭക്ഷണം കഴിക്കാനാവാതെ പുഴയിലിറങ്ങി നില്‍ക്കുകയും ഒടുവില്‍ ചരിയുകയും ചെയ്ത സംഭവം ഖേദകരമാണ്. എന്നാല്‍ ഈ സംഭവത്തെ വര്‍ഗീയമായി ദുരുപയോഗം ചെയ്യുവാന്‍ കേന്ദ്ര മന്ത്രിയായ പ്രകാശ് ജാവഡേക്കറും സുല്‍ത്താന്‍പൂര്‍ എം.പിയായ മേനക ഗാന്ധിയുമൊക്കെ ശ്രമിച്ചത് അങ്ങേയറ്റം അപലപനീയമാണ്. ആന ചരിഞ്ഞ സംഭവം കൊലപാതകമാണെന്നു വിശേഷിപ്പിച്ച മേനകഗാന്ധി പറഞ്ഞത് ഇതു നടന്നത് മലപ്പുറം ജില്ലയിലാണെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന സ്ഥലമാണതെന്നും അവിടെ ദിവസവും മനുഷ്യരെയും മൃഗങ്ങളെയും കൊല്ലുകയാണെന്നുമാണ്. വാസ്തവത്തില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ നടന്ന സംഭവമാണിത്. അതിനെ ചില ദേശീയ മാധ്യമങ്ങള്‍ മലപ്പുറത്തു നടന്ന സംഭവമായി റിപ്പോര്‍ട്ടു ചെയ്തു. പാലക്കാട് ജില്ലയിലാണ് സംഭവം നടന്നതെന്ന് കേരള സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ മാധ്യമങ്ങള്‍ തിരുത്തിപ്പറഞ്ഞതായാണ് വിവരം. എന്നാല്‍  മേനക ഗാന്ധി തിരുത്താന്‍ തയ്യാറായില്ലെന്നു മാത്രമല്ല വീണ്ടും ഒരു ചാനല്‍ ചര്‍ച്ചയില്‍ കേരളത്തെ പൊതുവായും മലപ്പുറത്തെ പ്രത്യേകമായും കടന്നാക്രമിക്കുന്ന രൂപത്തിലാണ് സംസാരിച്ചത്.

''അവിടുത്തെ പഞ്ചായത്ത് ഭരണാധികാരികള്‍ ആനകളെ മാത്രമല്ല പക്ഷികളെയും മറ്റു മൃഗങ്ങയെും വിഷംവച്ചു ദിവസവും കൊല്ലുന്നു. എന്നും കൊലപാതകങ്ങള്‍ നടക്കുന്നു. ഏറ്റവുമധികം സ്ത്രീകളെ കൊല്ലുന്ന സ്ഥലമാണ്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ കലാപം നടക്കുന്നു. വളരെ ഭയാനകമായ സ്ഥിതിയാണു മലപ്പുറത്ത്. കേരളത്തിലെ സര്‍ക്കാരിന് അവരെ പേടിയാണ്. ഏറ്റവും ദുര്‍ബലരായ ഉദ്യോഗസ്ഥരെയാണ് അവിടേക്ക് അയക്കുന്നത്. കേരളത്തില്‍ ഓരോ വര്‍ഷവും അറുന്നൂറിടത്ത് ആനകളെ കൊല്ലുന്നു. ഒാരോ ദിവസവും ഒരു ആന ചരിയുന്നു...'' ഇങ്ങനെ പോകുന്നു മേനകയുടെ വിഷംപുരണ്ട വാക്കുകള്‍.

മലപ്പുറം എന്ന ഹാഷ്ടാഗില്‍ കേരളത്തിലെ ഒരു തീവ്ര ഹിന്ദുത്വ വക്താവ് ആന ചരിഞ്ഞ സംഭവം ട്വീറ്റ് ചെയ്തതും വിവാദമായിട്ടുണ്ട്. പാലക്കാട് ജില്ലക്കാരനായ അദ്ദേഹത്തിന് മണ്ണാര്‍ക്കാട് താലൂക്കിലെ തിരുവിഴാംകുന്ന് എവിടെയാണെന്ന് അറിയില്ല എന്ന് വിചാരിക്കാന്‍ കഴിയില്ല. പാലക്കാട് ജില്ലയിലാണെങ്കിലും മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശമാണല്ലോ എന്നൊക്കെ പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന അദ്ദേഹം മലപ്പുറം എന്നത് മാറ്റാന്‍ തയ്യാറുമില്ല!

മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ന്യൂനപക്ഷ നരനായാട്ടുകള്‍ കാണാന്‍ കണ്ണില്ലാത്ത ഈ നേതാക്കള്‍ വിവിധ ജാതി, മത വിഭാഗങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്ന മാതൃകായോഗ്യമായ മലപ്പുറം ജില്ലയെ കലാപഭൂമിയെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നതിനു പിന്നിലെ ചേതോവികാരം മലയാൡകള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. എത്ര മേനകമാര്‍ തലകുത്തി മറിഞ്ഞാലും കേരളത്തില്‍ അവരുടെ വര്‍ഗീയ അജണ്ടകള്‍ വിജയിക്കാന്‍ പോകുന്നില്ല എന്നാണ് പറയാനുള്ളത്.