കര്‍ണാടകയുടെ കടുംപിടിത്തം

പത്രാധിപർ

2020 ഏപ്രില്‍ 18 1441 ശഅബാന്‍ 25

കൊറോണ വൈറസ് വഴി പിടികൂടുന്ന 'കോവിഡ് 19' എന്ന പേരില്‍ അറിയപ്പെടുന്ന രോഗത്തെ ഭയപ്പട്ടുകൊണ്ടാണ് ഇന്ന് ലോകത്തുള്ള 700 കോടിയില്‍ പരമുള്ള മനുഷ്യര്‍ കഴിഞ്ഞുകൂടുന്നത്. ഒാരോ രാഷ്ട്രവും രാജ്യത്ത് രോഗം പടരാതിരിക്കുവാന്‍ അതീവ ജാഗ്രതയിലാണ്. വൈറസ് വ്യാപനത്ത തടയിടാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുന്നു. അതിന്റെ ഭാഗമായി പ്രധാനമായും ചെയ്തിട്ടുള്ളത് ലോക്ക് ഡൗണ്‍ ഏര്‍പെടുത്തുക എന്നതാണ്. ജനങ്ങള്‍ പുറത്തിറങ്ങാതിരുന്നാല്‍ വൈറസ് ബാധിതരുമായുള്ള സമ്പര്‍ക്കമില്ലാതാകും. അതുവഴി വൈറസ് വ്യാപനം തടയാം. ജനങ്ങള്‍ക്ക് ചെറുതല്ലാത്ത ബുദ്ധിമുട്ടുകള്‍ ഇതുവഴിയുണ്ടാകുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ ഒരു ഭീകരദുരന്തം ജനങ്ങളെയൊന്നാകെ പിടികൂടാതിരിക്കാന്‍ ഇത് അനിവാര്യമാണ് താനും. ഇറ്റലിയെ കോവിഡ് 19 കൂടുതല്‍ ബാധിക്കാന്‍ കാരണം തുടക്കത്തില്‍ തന്നെ ജനങ്ങളുടെ കൂടിക്കലരല്‍ തടയാന്‍ തയ്യാറായില്ല എന്നതാണ്. അവര്‍ കാര്യത്തെ ഗൗരവത്തിലെടുത്തപ്പോഴേക്കും നിയന്ത്രണം വിട്ടിരുന്നു.

ഇന്ത്യയില്‍ അതിവേഗത്തിലുള്ള വൈറസ് ബാധക്ക് തടയിടാന്‍ കഴിഞ്ഞത് ലോക്ക്ഡൗണ്‍ കൊണ്ടാണെന്നതില്‍ സംശയമില്ല. അല്ലാത്തപക്ഷം ലോകത്ത് ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയെ വളരെ വേഗം രോഗം കീഴടക്കുമായിരുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തടയാനുള്ള സമഗ്രമായ പദ്ധതികളും ജാഗ്രതയുമായി മുന്നില്‍നില്‍ക്കുന്നത് സാക്ഷരകേരളമാണെന്ന് നിസ്സംശയം പറയാം. കേരളത്തിലുള്ള ജനങ്ങള്‍ കാണിക്കുന്നത്ര ജാഗ്രതയൊന്നും മറ്റു സംസ്ഥാനങ്ങളില്‍ കാണുവാന്‍ സാധ്യമല്ല.  

ലോക്ക് ഡൗണ്‍ കാലമാണെങ്കിലും ജനങ്ങള്‍ക്ക് ജീവിക്കണമല്ലോ. അതിന് ഭക്ഷ്യവസ്തുക്കളും മരുന്നുമെല്ലാം ആവശ്യമാണ്. എല്ലാം സംസ്ഥാനങ്ങളിലും ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ വസ്തുക്കളും ഉല്‍പാദിപ്പിക്കുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും ഒരേ പോലുള്ള കാലാവസ്ഥയും ഭൂപ്രകൃതിയുമല്ല. കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിയാണ് അതാതു സംസ്ഥാനങ്ങളില്‍ ചെയ്യുന്നത്. കൃഷിയുടെ കാര്യത്തില്‍ മലയാളികള്‍ ഇന്ന് വളരെ പുറകിലാണ്. അരിയും പച്ചക്കറികളുമെല്ലാം അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നിട്ടുവേണം. അതുപോലെ ചികില്‍സക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും പലപ്പോഴും. കേരളത്തില്‍ കിട്ടാത്ത വിദഗ്ധ ചികില്‍സ മറ്റൊരു സംസ്ഥാനത്തുനിന്ന് ലഭിക്കുമെങ്കില്‍ അങ്ങോട്ടു പോകേണ്ടിവരും. സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലയായ കാസര്‍കോഡ് താമസിക്കുന്നവര്‍ക്ക് തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലെ മംഗലാപുരത്തേക്ക് വിദഗ്ധ ചികില്‍സക്കായി പോകേണ്ടിവരും. പാലക്കാട് താമസിക്കുന്നവര്‍ക്ക് കോയമ്പത്തൂരിലേക്ക് പോകേണ്ടിവരും.

ലോക്ക് ഡൗണിന്റെ പേരില്‍ ഈ അയല്‍സംസ്ഥാനങ്ങള്‍ കേരളത്തിലേക്കുള്ള പാതകള്‍ സമ്പൂര്‍ണമായി അടച്ചുപൂട്ടിയാല്‍ എന്തായിരിക്കും അവസ്ഥ?! അങ്ങനെയൊരു നിലപാട് കര്‍ണാടക സംസ്ഥാനം സ്വീകരിച്ചത് വലിയ വിവാദത്തിന് വഴിവച്ചിട്ടുണ്ട്. അത്യാസന്ന നിലയിലായ രോഗികളുള്ള ആംബുലന്‍സിന് പോലും പ്രവേശിക്കാന്‍ അനുമതി കൊടുക്കാതിരുന്നതിന്റെ ഫലമായി ചില രോഗികള്‍ മരണപ്പെട്ടതായും മാധ്യമങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. മുന്‍കരുതല്‍ നല്ലതുതന്നെയാണ്. നിയന്ത്രണമാകാം. എന്നാല്‍ അത്യാവശ്യക്കാരെ പോലും തടയുന്നതും പ്രധാന റോഡില്‍ ഉയരത്തില്‍ മണ്ണിട്ട് വഴി ബ്ലോക്കാക്കുന്നതും അക്രമമാണ്. സുപ്രീംകോടതി ഇടപെട്ടിട്ടും ആംബുലന്‍സുകളെ കര്‍ണാടക പൊലീസ് തിരിച്ചയച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. ലോക്ക് ഡൗണ്‍ മനുഷ്യത്വത്തിന്റെ ഭാഗമാണ്, അതിന്റെ പേരില്‍ മനുഷ്യത്വവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനെ ന്യായീകരിക്കുവാന്‍ കഴിയില്ല.