തോല്‍പിക്കാന്‍ കഴിയില്ല; ജയിക്കാനുറച്ചവനെ

പത്രാധിപർ

2020 ഫെബ്രുവരി 01 1441 ജുമാദല്‍ ആഖിറ 02

നിന്നെ രക്ഷിക്കുവാന്‍

നീ മാത്രമേയുള്ളൂവെന്ന്

ഊണിലും ഉറക്കിലും

നീ, നിന്റെ മനസ്സിനെ

പറഞ്ഞു പഠിപ്പിച്ചാല്‍

നിന്നെ തളരാന്‍ അനുവദിക്കില്ല

നിന്റെ മനസ്സ്.

ഇഹലോക ജീവിതം സുഖവും സന്തോഷവും മാത്രം നിറഞ്ഞതല്ല. ലാഭവും നഷ്ടവും സുഖവും ദുഃഖവും ജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണ്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്തില്ലാത്തവര്‍ക്ക് ജീവിത വിജയം കൈവരിക്കാനാവില്ല.

ബന്ധപ്പെടുന്ന എല്ലാ മേഖലകൡലും വിജയവും നേട്ടവും കൈവരിക്കാന്‍ നാം ആഗ്രഹിക്കുന്നു. കച്ചവടത്തിലും ജോലിയിലും പഠനത്തിലും കുടുംബജീവിതത്തിലും എന്നു വേണ്ട, ഇഹത്തിലും പരത്തിലും നമുക്ക് വിജയമാണ് ലക്ഷ്യം. പരാജയം നാം ഇഷ്ടപ്പെടുന്നേയില്ല. എങ്കില്‍ അടിസ്ഥാനപരമായി നമ്മില്‍ ഉണ്ടായിരിക്കേണ്ട ഒരു സദ്ഗുണമാണ് മനസ്സിനെ പതറാതെ നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുകയെന്നത്.

സര്‍വശക്തന്‍ നമുക്ക് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. സന്മാര്‍ഗവും ദുര്‍മാര്‍ഗവും വ്യക്തമാക്കിത്തന്നിട്ടുണ്ട്. ആത്യന്തിക വിജയത്തിന്റെ മാര്‍ഗവും പരാജയത്തിന്റെ മാര്‍ഗവും നമുക്ക് തിരഞ്ഞെടുക്കാം. നമ്മെ പരാജയത്തിന്റെ പടുകുഴിയിലേക്ക് ചാടിക്കുക നമ്മുടെ വികല വിശ്വാസങ്ങളും ദുഷ്‌ചെയ്തികളുമാണ്. വിജയത്തിലേക്ക് നയിക്കുക സത്യവിശ്വാസവും സല്‍കര്‍മങ്ങളുമാണ്.

ഇഹലോകത്ത് തെറ്റുകുറ്റങ്ങളും അക്രമവും ചെയ്താല്‍ പിന്തുണ നല്‍കുവാനും സഹായിക്കുവാനും ആരെങ്കിലുമൊക്കെ ഉണ്ടാകും. എന്നാല്‍ പരലോകത്ത് നമ്മെ രക്ഷിക്കുവാന്‍ ആരുമുണ്ടാകില്ല. അവിടെ രക്ഷ ഇഹലോകത്തെ നമ്മുടെ വിശ്വാസത്തിലധിഷ്ഠിതമായ സല്‍കര്‍മങ്ങള്‍ മാത്രമെ ഉണ്ടാകൂ.

ഈ ബോധ്യം നമുക്കുണ്ടെങ്കില്‍ നമ്മുടെ ജീവിതത്തില്‍ അതിന്റെ പ്രതിഫലനമുണ്ടാകും. നമ്മെ രക്ഷിക്കാന്‍ ഉറ്റവരും ഉടയവരും പാര്‍ട്ടിക്കാരുമൊന്നും ഉണ്ടാകില്ല എന്ന ബോധ്യം നമ്മെ രക്ഷിക്കാന്‍ നാം അധ്വാനിക്കുന്നതിലേക്ക് നമ്മെ നയിക്കും.  

സ്വന്തം മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സാധിക്കുക എന്നതാണ് ഏറെ പ്രധാനം. അല്ലാഹു പറയുന്നു: ''ആര് അതിരുകവിയുകയും ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ (അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം. അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം'' (ക്വുര്‍ആന്‍ 79:37-41).

തന്നിഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കല്‍ അപകടകരമാണ്. മനസ്സിനെ നിയന്ത്രിച്ച് പക്വതയുടെ പാത തിരഞ്ഞെടുത്ത് ജീവിക്കുകയാണ് വിജയമാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. തിന്മയിലേക്ക് കുതറിയോടുവാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സിനെ കടിഞ്ഞാണിട്ട് തടഞ്ഞു നിര്‍ത്താനുള്ള ശേഷിയുണ്ടാകണം. അധര്‍മത്തിലേക്ക് നമ്മെ മാടിവിളിക്കുന്ന സാഹചര്യങ്ങളും പ്രേരകങ്ങളുമുണ്ടാവും നമുക്കുചുറ്റും. അവയെ ശക്തമായി പ്രതിരോധിക്കുവാന്‍ സാധിക്കണം.

ഓരോരുത്തരും അവനവനിലേക്ക് തന്നെ നോക്കുക. നിഷ്പക്ഷമായി സ്വയം വിലയിരുത്തുക. മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ എല്ലാം നമുക്ക് അനുകൂലമായി മാറും. അതിനായി നിരന്തരം പ്രാര്‍ഥിക്കുക.