വിറ്റഴിക്കപ്പെടുന്ന ഇന്ത്യന്‍ പൊതുമേഖല സ്ഥാപനങ്ങള്‍

പത്രാധിപർ

2020 സെപ്തംബര്‍ 19 1442 സഫര്‍ 02

ഇന്ത്യയുടെ ഇതംപര്യന്തമായ വികസനത്തില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വളരെ നിര്‍ണായകമാണ്. സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പാദനത്തിലും സാങ്കേതിക വിദ്യയിലും സ്വയംപര്യാപ്തത കൈവരിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ആരംഭിച്ചത്. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭരണനിയന്ത്രണത്തിലായി ഇന്ത്യയില്‍ 2016 മാര്‍ച്ച് 31വരെയുള്ള കണക്ക് പ്രകാരം 320 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഇതില്‍ 244 സ്ഥാപനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്.

ഖേദകരമെന്നു പറയട്ടെ നിലവിലുള്ള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളെ കോര്‍പ്പറേറ്റു ഭീമന്‍മാര്‍ക്ക് തുച്ഛമായ വിലയ്ക്ക് വിറ്റുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം ഒടുവിലത്തെ ഉദാഹരണമാണ്.

പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് കൈമാറുമ്പോള്‍ ഇന്ത്യന്‍ ജനതക്ക് നഷ്ടപ്പെടുന്നത് ഒരു സംസ്‌കാരവും അത് പടുത്തുയര്‍ത്തിയ തലമുറകളുടെ ജീവിതവുമാണ്. രാഷ്ട്രത്തിന്റെ 'നാഡിയും ഞരമ്പു'മെന്ന് പൊതുമേഖലയെ വിശേഷിപ്പിച്ചത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ദേശീയ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ രണഭൂമിയില്‍നിന്നുയര്‍ന്ന മഹത്തതായൊരു സാക്ഷാത്കാരമാണ് ഇന്ത്യന്‍ പൊതുമേഖല; കോളനിയാധിപത്യത്തിനും അസമതങ്ങള്‍ക്കുമെതിരെ പോരാടി മരിച്ചവരുടെ മനസ്സുകളില്‍ കത്തിനിന്ന സമത്വദര്‍ശനത്തിന്റെ പ്രതിരൂപം. സ്വാശ്രയത്വവും സാമൂഹ്യനീതിയും നെഞ്ചില്‍ നെരിപ്പോടുകളാക്കി കൊണ്ടുനടന്ന പോരാളികളുടെ ത്യാഗങ്ങളെ അംഗീകരിച്ചുകൊണ്ട് സ്വതന്ത്ര ഇന്ത്യ അഭിമാനപൂര്‍വം ഏറ്റുവാങ്ങിയ സംരംഭം.

ഘനവ്യവസായങ്ങള്‍ മുതല്‍ സൈക്കിള്‍ വ്യവസായം വരെ, വ്യോമയാനം മുതല്‍ കപ്പല്‍ നിര്‍മാണവും കോട്ടണ്‍ മില്ലുകളും വരെ, എണ്ണഖനികള്‍ മുതല്‍ രാസവളനിര്‍മാണം വരെ, കാര്‍ഷിക സംസ്‌കരണം മുതല്‍ ഗവേഷണ സ്ഥാപനങ്ങളുടെ ശ്യംഖലകള്‍ വരെ, പെട്രോളിയം ഉല്‍പന്നങ്ങളുടെ ഖനനം മുതല്‍ വിതരണംവരെ, സിമന്റും എഞ്ചിനിയറിംഗും മുതല്‍ ഉപകരണനിര്‍മാണ കേന്ദ്രങ്ങള്‍ വരെ, അങ്ങനെ ബാങ്കുകള്‍, ആയുധവ്യവസായം, റെയില്‍ അടക്കം ജനജീവിതത്തിന്റെ സമസ്ത തലങ്ങളിലും വേണ്ടതെല്ലാം നിര്‍മിക്കുവാനും എത്തിച്ചുകൊടുക്കുവാനും പ്രാപ്തിയും ശേഷിയുമുള്ളവിധം പൊതുമേഖല വളര്‍ന്നു പന്തലിച്ചു.

ഒന്നാം പഞ്ചവല്‍സര പദ്ധതിയില്‍ 25 കോടി രൂപ നീക്കിവച്ചുകൊണ്ടായിരുന്നു അതിബൃഹത്തായ ഇന്ത്യന്‍ പൊതുമേഖല പടുത്തുയര്‍ത്തിയതിന്റെ തുടക്കം. 1956ല്‍ 48 പൊതുമേഖല വ്യവസായങ്ങള്‍ക്കായി 953 കോടി രൂപ നിക്കിവെച്ചു. തുടര്‍ന്ന് 3 പഞ്ചവത്സരപദ്ധതികളിലായി 255 സ്ഥാപനങ്ങളുടെ ശൃംഖലയായി അത് മാറി. പിന്നീടത് 300 കവിഞ്ഞു. ഇന്ത്യന്‍ പൊതുമേഖല ലോകത്ത് എവിടെയും കാണാത്തവിധം ബൃഹത്തും  വ്യാപകവുമാണ്. ഇന്ത്യന്‍ റെയില്‍വെ അതിന് മികച്ചൊരു ഉദാഹരണമാണ്.

ഒരു ജനതയുയുടെ ജീവിതസുരക്ഷയുടെയും അഭിലാഷങ്ങളുടെയും പ്രതീകമായി പൊതുമേഖല പരിവര്‍ത്തനപ്പെടുകയായിരുന്നു. ഒരു സംസ്‌കാരമായി പരിണമിക്കുകയായിരുന്നു. അതാണ് വകതിരിവില്ലാതെ ഇന്ന് വിറ്റുതീര്‍ത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍പൊതുമേഖലയ്ക്ക് വേണ്ടിയുള്ള ആഗോളമുതലാളിമാരുടെ പരക്കംപാച്ചിലിനെ വെല്ലുന്ന ധൃതിയിലാണ് സര്‍ക്കാര്‍ കച്ചവടമുറപ്പിക്കുന്നത്. പൊതുമേഖലയുടെ തിരോധാനം ഇന്ത്യയിലെ ഏതാനും അതിസമ്പന്നെരാഴികെയുള്ള ഓരോ പൗരന്റെയും വര്‍ത്തമാനത്തെയും ഭാവിയെയും തകര്‍ക്കും. അതുകൊണ്ട് തന്നെ പൊതുമേഖലയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്; വിജയിച്ചാലും ഇല്ലെങ്കിലും മൗനം പാലിച്ചാലുണ്ടാകുന്ന കുറ്റബോധത്തില്‍നിന്നെങ്കിലും രക്ഷപ്പെടാമല്ലോ.