സൂക്ഷ്മത, വിജ്ഞാനം, ധനവിനിയോഗം

പത്രാധിപർ

2020 നവംബര്‍ 07 1442 റബിഉല്‍ അവ്വല്‍ 20

അല്ലാഹുവിങ്കല്‍ മനുഷ്യനുള്ള പദവിയുടെ മാനദണ്ഡം സൂക്ഷ്മത(തക്വ്‌വ)യാണ്. അല്ലാഹു പറയുന്നു: ''...തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും സൂക്ഷ്മത (തക്വ്‌വ) പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (ക്വുര്‍ആന്‍ 49:13).

''...തീര്‍ച്ചയായും സൂക്ഷ്മതയുള്ളവര്‍ക്ക് മടങ്ങിച്ചെല്ലാന്‍ ഉത്തമമായ സ്ഥാനമുണ്ട്്'' (ക്വുര്‍ആന്‍ 38:49).

മനുഷ്യന്റെ പാരത്രിക വിജയത്തിന് അല്ലാഹുവിന്റെ തൃപ്തിനേടല്‍ അനിവാര്യമാണ്. അത് ആശിച്ചുകൊണ്ട് അവന്ന് തൃപ്തിയുള്ളതെന്നറിയിച്ച നന്മകളെല്ലാം ജീവിതത്തില്‍ പകര്‍ത്തുകയും അവന്റെ തൃപ്തി നഷ്ടപ്പെട്ടാലുള്ള സര്‍വനാശവും നിത്യശിക്ഷയും ഭയന്നുകൊണ്ട്, അവന്ന് അതൃപ്തിയുള്ളതാണെന്നറിയിച്ച എല്ലാ തിന്മകൡനിന്നും സുരക്ഷിതമായി അകന്നുനില്‍ക്കുകയും ചെയ്യുക എന്നതാണ് 'തക്വ്‌വ' അഥവാ സൂക്ഷ്മത പാലിക്കല്‍.

വിജ്ഞാനവും മനുഷ്യന്റെ പദവിക്കുള്ള അളവുകോലാണെന്ന് ക്വുര്‍ആന്‍ പറയുന്നതു കാണാം:

''...നിങ്ങളില്‍നിന്ന് വിശ്വസിച്ചവരെയും വിഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പലപടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (58:11).

''താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (യഥാര്‍ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന്ന് (യഥാര്‍ഥ)ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് (അതുവഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്...'' (ക്വുര്‍ആന്‍ 2:269).

അതിനാല്‍ നാം എത്രകണ്ട് ജ്ഞാനം നേടണമെന്ന ചോദ്യം എത്രകണ്ട് തക്വ്‌വയുള്ളവരാകണം എന്ന ചോദ്യത്തിനു സമമാണ്. സാധ്യമാകുന്നത്ര അറിവു നേടണം. സാധ്യമാകന്നത്ര തക്വ്‌വയുള്ളവരാകണം. അല്ലാഹു പറയുന്നു: ''അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക..'' (ക്വുര്‍ആന്‍ 64:16).

ക്വുര്‍ആന്‍ 2:2ല്‍ അല്ലാഹുവിന്റെ തൃപ്തിക്കായി ചെലവഴിക്കുന്നതിനെ തക്വ്‌വയുള്ളവരുടെ സ്വഭാവമായി പറയുന്നു. 2:177ല്‍ സന്മാര്‍ഗപ്രാപ്തിക്ക് വിശ്വാസകാര്യങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും ശേഷം അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗത്തില്‍ ധനം ചെലവഴിക്കണമെന്നും പറയുന്നു. എന്നിട്ട് അല്ലാഹു പറയുന്നത് 'അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു തക്വ്‌വയുള്ളവര്‍' എന്നാണ്. 3:192,193 വചനങ്ങളും  ചെലവഴിക്കലും തക്വ്‌വയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്.

ഓരോ മുസ്‌ലിം സ്ത്രീയും പുരുഷനും കഴിവനുസരിച്ച് വിജ്ഞാനം കരസ്ഥമാക്കേണ്ടതുണ്ട്. അവനവന്റെ കഴിവനുസരിച്ചള്ളതിനല്ലാതെ അല്ലാഹു നിര്‍ബന്ധിക്കില്ല (ക്വുര്‍ആന്‍ 2:286).

വിജ്ഞാന വര്‍ധനവിനായി സദാ പ്രത്യാശിക്കുകയും പ്രയത്‌നിക്കുകയും പ്രാര്‍ഥിക്കുകയും വേണം: അല്ലാഹു പറയുന്നു:  ''...എന്റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക''(ക്വുര്‍ആന്‍ 20:114).

യാതൊരുവിധ ഉപകാരവുമില്ലാത്ത വഴികളില്‍ സമയം ചെലവഴിക്കുന്നവര്‍ ഏറെയുണ്ട്. അല്‍പ സമയം ക്വുര്‍ആന്‍ പഠിക്കുവാനോ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വായിക്കുവാനോ പറഞ്ഞാല്‍ സമയക്കുറവായിരിക്കും അവര്‍ക്ക് പയാനുണ്ടാവുക. താല്‍പര്യമാണു പ്രധാനം. അതുണ്ടെങ്കില്‍ സമയം കണ്ടെത്താന്‍ പ്രയാസമുണ്ടാകില്ല.