ദൈവപ്രീതി നേടാന്‍ കുറുക്കുവഴികളില്ല

പത്രാധിപർ

2020 മെയ് 16 1441 റമദാന്‍ 23

പരിശുദ്ധ റമദാന്‍ മാസം സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കുവാനുള്ള സുവര്‍ണാവസരമാണ്. കാരണം ആരാധനകള്‍ക്ക് ഇരട്ടിയിരട്ടിയായി പ്രതിഫലം ലഭിക്കുന്ന മാസമാണിത്. അവസാനത്തെ പത്തിലെ ലൈലതുല്‍ ക്വദ്‌റിന്റെ രാവാകട്ടെ ആയിരം മാസത്തെക്കാള്‍ പുണ്യമേറിയതും. അല്ലാഹു ഓഫറുകളുടെ കവാടം തുറന്നുവച്ചിരിക്കുകയാണ്. നമ്മള്‍ ഒരുക്കമുണ്ടോ എന്നതാണ് ചോദ്യം. ഈ വര്‍ഷം ലോക്ക് ഡൗണ്‍ കാലത്തെ റമദാനായതിനാല്‍ ആരാധനകളില്‍ മുഴുകുവാന്‍ കൂടുതല്‍ സമയം ലഭിക്കും.

ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളിലും വിശ്വാസങ്ങളിലും വൈജാത്യമുണ്ടെങ്കിലും  ദൈവസാമീപ്യം നേടുവാന്‍ കൊതിക്കാത്തവരില്ല. എന്നാല്‍ ദൈവവുമായി അടുക്കുവാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വിത്യസ്ത മതക്കാര്‍ക്കിടയില്‍ വിഭിന്നമായ കാഴ്ചപ്പാടുകളാണുള്ളത്. വീട്, കുടുംബം, ഭാര്യ, മക്കള്‍ ഇങ്ങനെയുള്ളവയെല്ലാം ആത്മീയോത്കര്‍ഷത്തിന് തടസ്സമാണ്; അതുകൊണ്ട് അതൊന്നുമില്ലാതെ ജീവിക്കലാണ് ഉത്തമം എന്നു പറഞ്ഞ് അതില്‍നിന്നെല്ലാം ഒഴിവായ ജീവിതം നയിക്കുന്നവരുണ്ട്. എന്നാല്‍ ഇസ്‌ലാം ഇത്തരത്തിലുള്ള മാര്‍ഗം അംഗീകരിക്കുന്നില്ല. മാനുഷികമായ വികാര-വിചാരങ്ങള്‍ അടിച്ചമര്‍ത്തിയും എല്ലാവിധ ബന്ധങ്ങളില്‍നിന്നും മോചനം നേടിയും ദൈവവുമായി അടുക്കുവാന്‍ പറയുന്നുമില്ല.

ഭൗതികമായി അനുവദിക്കപ്പെട്ടതെല്ലാം സ്വീകരിച്ചുകൊണ്ടുതന്നെ ദൈവഭക്തരായി മാറാം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ബന്ധങ്ങളില്‍നിന്നെല്ലാം മോചിതരായാലേ യഥാര്‍ഥ ഭക്തരും ദൈവപ്രീതി ലിക്കുന്നവരുമായി മാറൂ എന്നില്ല. ബന്ധങ്ങളെല്ലാം മുറുകെ പിടിച്ചുകൊണ്ടുതന്നെ പ്രമാണബദ്ധമായി ഇസ്‌ലാമിന്റെ മാര്‍ഗം പിന്തുടരുകയാണ് വേണ്ടത്.

എങ്ങനെയൊക്കെയാണ് ഒരു സത്യവിശ്വാസിക്ക് തന്റെ സ്രഷ്ടാവുമായി കൂടുതല്‍ അടുക്കുവാന്‍ സാധിക്കുക? അല്ലാഹു പറഞ്ഞതായി നബി ﷺ  പറയുന്നു: ''....എന്റെ അടിമക്ക് ഞാന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള കര്‍മങ്ങളെക്കാള്‍ എനിക്കിഷ്ടമുള്ള യാതൊന്നും അവന്ന് എന്റെ സാമീപ്യം നേടാന്‍ ഉപയുക്തമായതായിട്ടില്ല. ഐഛികമായ ആരാധനകള്‍ മുഖേന എന്റെ അടിമ എന്നോട് അടുത്തുകൊണ്ടേയിരിക്കും. അങ്ങനെ ഞാനവനെ സ്‌നേഹിക്കും. ഞാന്‍ സ്‌നേഹിച്ചു കഴിഞ്ഞാല്‍ പിന്നെ, അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കയ്യും നടക്കുന്ന കാലും ഞാനായിരിക്കും. എന്നോടവന്‍ ചോദിച്ചാല്‍ ഞാനവന്ന് ഉത്തരം നല്‍കും. അഭയം തേടിയവല്‍ ഞാനവന്ന് അഭയം നല്‍കും'' (ബുഖാരി).

സ്രഷ്ടാവ് തന്റെ ദാസര്‍ക്ക് നിര്‍ബന്ധമാക്കിയ  കുറെ ആരാധനാകര്‍മങ്ങളുണ്ട്. ഐഛികമായി ചെയ്യാവുന്ന കര്‍മങ്ങളുമുണ്ട്. മുഹമ്മദ് നബി ﷺ  അവയെല്ലാം തന്റെ ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കി കാണിച്ചുതന്നിട്ടുണ്ട്. ഏകനായ സ്രഷ്ടാവിലും മറ്റു വിശ്വാസ കാര്യങ്ങളിലും അചഞ്ചലമായി വിശ്വസിക്കുകയും ആ സ്രഷ്ടാവിന്റെ മഹത്തായ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് സല്‍കര്‍മ നിരതരാവുകയും ചെയ്യുക എന്നതാണ് ഒരു വിശ്വാസിയുടെ ബാധ്യത. അല്ലാഹുവുമായി അടുക്കുവാനുള്ള മാര്‍ഗവും അതുതന്നെ. അക്കൂട്ടരെയത്രെ അല്ലാഹു സ്‌നേഹിക്കുന്നത്.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു വിശ്വാസി ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെ പിടിക്കേണ്ടതുണ്ട്. പിതാവ്, മാതാവ്, ഭാര്യ, ഭര്‍ത്താവ്, പുത്രന്‍, അയല്‍വാസി... ഒാരോ വ്യക്തിയും ഇങ്ങനെ പലതുമാണ്. സ്രഷ്ടാവിനോടുള്ള കടമ നിര്‍വഹിക്കുന്നതിനോടൊപ്പം സൃഷ്ടികളില്‍ ഓരോരുത്തരോടുമുള്ള കടമയും നിര്‍വഹിക്കേണ്ടതുണ്ട്. തിന്മകളുടെ മലവെള്ളപ്പാച്ചിലില്‍ ആ ഒഴുക്കിനെതിരെ നീന്തുന്നവനാണ് യഥാര്‍ഥ ഭക്തന്‍ അഥവാ ദൈവസാമീപ്യം അര്‍ഹിക്കുന്നവന്‍.