കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു റമദാന്‍

പത്രാധിപർ

2020 ഏപ്രില്‍ 25 1441 റമദാന്‍ 02

ലോക മുസ്‌ലിംകള്‍ റമദാന്‍ മാസത്തെ അത്യധികം ആഹ്‌ളാദത്തോടെയാണ് എല്ലാ വര്‍ഷവും വരവേല്‍ക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം അധികമാര്‍ക്കും അതിന് സാധ്യമല്ല. കാരണം കോവിഡ് 19 എന്ന രോഗം അത്രകണ്ട് ലോകത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവര്‍, കുടുംബത്തിന്റെ അത്താണിയായവര്‍ രോഗബാധിതരായി കിടക്കുന്നതിന്റെ പ്രയാസമനുഭവിക്കുന്നവര്‍, അന്യരാജ്യങ്ങളില്‍ വെച്ച് മരണപ്പെട്ട മക്കളുടെ മൃതദേഹം പോലും കാണാന്‍ സാധിക്കാതെ കണ്ണുനീരടങ്ങാത്ത മാതാപിതാക്കള്‍, പ്രിയതമന്റെ മരണവാര്‍ത്തയറിഞ്ഞ് ഹൃദയംപൊട്ടി വിലപിക്കുന്ന ഭാര്യമാര്‍, ഉപ്പയുടെ ഫോണ്‍വിളി വരാത്തതെന്തെന്ന് ചിണുങ്ങുന്ന പൊന്നുമക്കളുടെ ചോദ്യത്തിന് മരിച്ചുപോയ ഉപ്പ എങ്ങനെ വിളിക്കാനാണ് മക്കേള എന്ന് മനസ്സില്‍ മറുപടി പറഞ്ഞ് അവരെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരയുന്ന ഉമ്മമാര്‍, ലോക്ക് ഡൗണ്‍ കാരണത്താല്‍ നിത്യവൃത്തിക്ക് വഴിയില്ലാതെ അര്‍ധപട്ടിണിയിലും മുഴുപട്ടിണിയിലും കഴിഞ്ഞു കൂടുന്നവര്‍, എല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞ് ജീവിതം വഴിമുട്ടിനില്‍ക്കുന്നവര്‍, ജുമുഅ നടക്കാത്ത, സംഘടിത നമസ്‌കാരം നാമമാത്രമായി നടക്കുന്ന, ആളനക്കം നഷ്ടപ്പെട്ട പള്ളികള്‍... ഈ അവസ്ഥയില്‍ റമദാനിനെ കഴിഞ്ഞ കാലങ്ങളിലെ പോലെ സന്തോഷത്തോടെ വരവേല്‍ക്കാന്‍ ആര്‍ക്കു കഴിയാന്‍!

എന്നാലും സത്യവിശ്വാസികള്‍ റമദാനിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. വിഭവങ്ങള്‍ വാങ്ങിക്കൂട്ടിയല്ല; സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് കീഴ്‌പെട്ട് ആരാധനാകര്‍മങ്ങള്‍ ചെയ്ത് മനസ്സിനെ സ്ഫുടം ചെയ്‌തെടുക്കുവാനുള്ള ആത്മീയമായ തയ്യാറെടുപ്പ്. എത്ര തന്നെ പ്രയാസങ്ങളും പ്രതിസന്ധികളും കുമിഞ്ഞുകൂടിയാലും അത് പ്രപഞ്ചസ്രഷ്ടാവിന്റെ വിധിയാണെന്ന ദൃഢവിശ്വാസവും കാര്‍മേഘമെല്ലാം ഒഴിഞ്ഞ് ഇന്നല്ലെങ്കില്‍ നാളെ ആകാശം തെളിയുമെന്ന ആത്മവിശ്വാസവും വിശ്വാസികളുടെ മനസ്സിനെ ശാന്തമാക്കുന്നതാണ്.

റമദാനിലെ ഉംറ മറ്റുകാലങ്ങളിലേതിനെക്കള്‍ പ്രതിഫലമേറിയതായതിനാല്‍ ആ മാസം ഉംറ ചെയ്യാന്‍ ഉദ്ദേശിച്ചവര്‍ക്ക് അതിന് സാധിക്കാതെ വന്നിരിക്കുന്നു. വിദേശികള്‍ക്കെന്നല്ല സ്വദേശികള്‍ക്കും ഇപ്പോള്‍ ഉംറ ചെയ്യാന്‍ കഴിയില്ല. ഇരു ഹറമുകളും മറ്റു പള്ളികളും ജനശൂന്യമാണിന്ന്. ഈ റമദാനില്‍ തറാവീഹ് നമസ്‌കാരം പള്ളികളില്‍ വെച്ചു നടക്കുകയില്ല എന്ന് സുഊദി മതകാര്യ വകുപ്പ് വിജഞാപനമിറക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച് വലിയ ദുരന്തം വരുത്താതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് ഈ നിയന്ത്രണങ്ങളെല്ലാം. ഇത് മതം പഠിപ്പിക്കുന്ന മുന്‍കരുതലിന്റെ ഭാഗംതന്നെയാണ്. ആത്മഹത്യാപരമായ നിലപാട് ഇസ്‌ലാം അംഗീകരിക്കുന്നില്ലല്ലോ.

നമ്മുടെ നാട്ടില്‍ ലോക്ക് ഡൗണ്‍ കാലാവധി നീട്ടിയിരിക്കുകയാണ്. ജുമുഅയും ജമാഅത്തും എന്ന് പുനരാരംഭിക്കാന്‍ കഴിയുമെന്നറിയില്ല. നോമ്പുകാലത്ത് സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കുവാനും മനസ്സിന് സമാധാനമേകുവാനും സഹായിച്ചിരുന്ന തറാവീഹും ഇത്തവണ പള്ളികളില്‍െവച്ച് നടത്തുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഏറെ വിഷമത്തോടെയെങ്കിലും ഇതിനോടെല്ലാം പൊരുത്തപ്പെട്ടേ കഴിയൂ. എത്രയും വേഗത്തില്‍ പഴയ അവസ്ഥയിലേക്ക്, അഥവാ കൊറോണ വൈറസില്‍ നിന്ന് വിമുക്തമായ അവസ്ഥയിലേക്ക് നാടും ലോകവും മടങ്ങട്ടെ എന്ന് പ്രത്യാശിക്കാം. ആത്മാര്‍ഥമായി അതിനു വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.