ഉത്രയുടെ മരണവും ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങളും

പത്രാധിപർ

2020 ജൂണ്‍ 06 1441 ശവ്വാല്‍ 14

ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരണപ്പെട്ടു. ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നതാണെന്ന് യുവതിയുടെ വീട്ടുകാര്‍. അല്ലെന്ന് ഭര്‍ത്താവിന്റെ അമ്മ. താനാണ് മരണത്തിന്റെ ഉത്തരവാദിയെന്ന് ഭര്‍ത്താവിന്റെ കുറ്റസമ്മതവും പൊട്ടിക്കരച്ചിലും. പിന്നെ പൊലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് മാറ്റിപ്പറയലും. അയാള്‍ പ്രതിയാണോ അല്ലേ എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ്  കണ്ടെത്തട്ടെ. അതിന്റെയൊരു മറുവശത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്.

സ്ത്രീധനമായി 98 പവനും 5 ലക്ഷവും ഒരു കാറും ഉത്രയുടെ അച്ഛന്‍ മരുമകന് നല്‍കിയിരുന്നു എന്നും അതിന് പുറമെ എല്ലാ മാസവും 8000 രൂപ വീതവും നല്‍കിയിരുന്നു എന്നുമാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്. സമ്പന്നനായ പിതാവ് അതേ നിലവാരമുള്ളയാള്‍ക്കാണ് പൊതുവെ മകളെ വിവാഹം ചെയ്തുകൊടുക്കാറുള്ളത്. നൂറ് പവന്‍ സ്വര്‍ണമല്ല അതിലേറെയും പുറമെ ലക്ഷങ്ങളുമൊക്കെ കൊടുക്കുന്നവരുണ്ട്. ഉത്രയുടെ പിതാവ് സമ്പന്നനല്ലാത്ത; ഒരു സാധാരണക്കാരന് ഇത്രയും കനമുള്ളസ്ത്രീധനം നല്‍കി മകളെ വിവാഹം ചെയ്തുകൊടുത്തത് എന്തുകൊണ്ടാണ്?

യുവതി എല്ലാ കാര്യങ്ങളിലും അല്‍പം മന്ദഗതിയുള്ളവളായിരുന്നുവത്രെ. അങ്ങനെയുള്ള ഒരു പെണ്‍കുട്ടിയെ സാധാരണഗതിയില്‍ ആരും വിവാഹം കഴിക്കാന്‍ തയ്യാറാകില്ല. അതിനാല്‍ അവളുടെ അച്ഛന്‍ അവളെ കെട്ടാന്‍ സമ്മതമുള്ളവര്‍ക്ക് മുമ്പില്‍ വമ്പന്‍ ഓഫര്‍ നിരത്തിവച്ചു. അയാളുടെ ചിന്ത മകളെ ഒരാളുടെ കയ്യില്‍ ഏല്‍പിച്ച് ബാധ്യത നിര്‍വഹിക്കുക എന്ന് മാത്രമായിരുന്നു. ഏതൊരു പിതാവിന്റെയും മനസ്സിലെ ആഗ്രഹമായിരിക്കും എത്ര ന്യൂനതകളുണ്ടെങ്കിലും തന്റെ മകള്‍ക്ക് ഒരു ഇണയെ കണ്ടെത്തുക എന്നത്. സമ്പത്ത് മോഹിച്ച് മാത്രം കെട്ടാന്‍ പോകുന്നവനെ എങ്ങനെ വിശ്വസിക്കും എന്ന് ചിന്തിക്കാന്‍ അയാളിലെ പിതാവിന് കഴിഞ്ഞില്ല. എല്ലാം തിരിച്ചറിഞ്ഞത് മകളുടെ മരണത്തിന് ശേഷവും. എങ്ങനെയെങ്കിലും ആരെയെങ്കിലും കണ്ടെത്തി പെണ്‍കുട്ടികളെ കെട്ടിച്ചയച്ച് സ്വസ്ഥമായി ഇരിക്കാം എന്ന് ചിന്തിക്കുന്ന ഓരോ രക്ഷിതാവും പെണ്‍കുട്ടികളെ അപകടത്തിലേക്കാണ് തള്ളിവിടുന്നത്. വികൃതിയായ കുട്ടിയെ വീട്ടിലെ ശല്യമൊഴിവാക്കാന്‍ അംഗന്‍വാടിയിലേക്ക് പറഞ്ഞയക്കുന്ന രക്ഷിതാക്കളെ പോലെ ലാഘവ മനഃസ്ഥിതിയോടെ പെണ്‍കുട്ടികളെ ആരെയെങ്കിലും ഏല്‍പിച്ച് ശല്യം ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവെരക്കുറിച്ച് എന്തു പറയാനാണ്!

മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടികള്‍ സമൂഹത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമാണ്. നല്ല മനസ്സോടെ അത്തരക്കാരെ വിവാഹം ചെയ്യുന്ന അപൂര്‍വം ചിലര്‍ സമൂഹത്തിലുണ്ട്. അങ്ങനെയുള്ള യുവാക്കളെ വിവാഹം ചെയ്യാന്‍ സന്നദ്ധതയുള്ള യുവതികളും ചിലപ്പോള്‍ വാര്‍ത്തകളില്‍ഇടംപിടിക്കാറുണ്ട്. അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം.

ദാമ്പത്യജീവിതം അസാധ്യമായ രൂപത്തില്‍ ശാരീരിക, മാനസിക പ്രശ്‌നങ്ങളുള്ളവരും, പ്രശ്‌നങ്ങളുണ്ടെങ്കിലുംദാമ്പത്യജീവിതം സാധ്യമാകുന്നവരും സമൂഹത്തിലുണ്ട്. അവരില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. അവരുടെ അവസ്ഥകള്‍ കണ്ടറിഞ്ഞാകണം വിവാഹ ജീവിതത്തിലേക്ക് അവരെ നയിക്കുന്നത്. സമ്പത്തിനു വേണ്ടി മാത്രം അത്തരക്കാരെ വിവാഹം ചെയ്യാന്‍ വരുന്നവരെ സൂക്ഷിക്കേണ്ടതുണ്ട്. ഉത്രമാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ മാത്രമല്ല സമൂഹം തന്നെ ജാഗ്രത പാലിക്കേണ്ടതുണ്ട്.