നബിദിനാഘോഷം: അവഗണിക്കുന്നത് നബിചര്യയെ

പത്രാധിപർ

2020 ഒക്ടോബര്‍ 24 1442 റബിഉല്‍ അവ്വല്‍ 06

ഇന്ന് മുസ്‌ലിംകളില്‍ പലരിലും കാണപ്പെടുന്നത് മതബോധമല്ല, മതത്തിന്റെ പേരിലുള്ള വികാരപ്രകടനങ്ങള്‍ മാത്രമാണ്. മുഹമ്മദ് നബി ﷺ യെ ആരെങ്കിലും വിമര്‍ശിച്ചാല്‍ ഇവര്‍ സൈബറിടങ്ങളില്‍ ആശാസ്യമല്ലാത്ത രൂപത്തിലുള്ള പ്രതികരണവുമായി രംഗത്തിറങ്ങും. ചിലപ്പോള്‍ അക്രമാസക്തരായി തെരുവിലിറങ്ങിയെന്നും വരും. എന്നാല്‍ ഇവരുടെ ജീവിതമാകട്ടെ ഒട്ടും ഇസ്‌ലാമികമായിരിക്കില്ല! പ്രവാചകചര്യകള്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്ത, പലപ്പോഴും അതിനെ അവമതിക്കുന്ന നിലപാടിലുള്ള ജീവിതമായിരിക്കും ഇവര്‍ നയിക്കുന്നത്. ഇവരും പ്രവാചകനെ വിമര്‍ശിക്കുന്നവരും തമ്മില്‍ പിന്നെ എന്തു വ്യത്യാസമാണുള്ളത്? പ്രവാചകനെ അംഗീകരിക്കുന്നു എന്ന് പറയുന്നതുകൊണ്ടു മാത്രം ഒരാള്‍ പ്രവാചകസ്‌നേഹിയായി മാറുമോ? പ്രവാചകചര്യകള്‍ക്ക് വിരുദ്ധമായി ജീവിക്കുകയും എന്നാല്‍ താന്‍ വലിയ പ്രവാചകസ്‌നേഹിയാണ് എന്ന് മേനിനടിക്കുകയും ചെയ്യല്‍ വാസ്തവത്തില്‍ നബിനിന്ദയല്ലേ?

വര്‍ഷത്തിലൊരിക്കല്‍ മീലാദുന്നബി ആഘോഷിച്ചാല്‍ യഥാര്‍ഥ പ്രവാചക സ്‌നേഹമായി എന്ന് വിശ്വസിക്കുന്നവരാണ് സമൂഹത്തിലെ നല്ലൊരു ശതമാനവും! അതിന് മതത്തില്‍ തെളിവുണ്ടോ ഇല്ലേ എന്ന ചര്‍ച്ച പോലും അവര്‍ക്ക് അസഹനീയമാണ്. നബിദിനാഘോഷത്തിന്റെ പേരില്‍ ഇവര്‍ നടുറോട്ടില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ടാല്‍ ഒരു യഥാര്‍ഥ സത്യവിശ്വാസി ലജ്ജിച്ചു തലതാഴ്ത്തിപ്പോകും. പ്രവാചകസ്‌നേഹത്തിന്റെ പേരില്‍ ഗതാഗത തടസ്സമുണ്ടാക്കി ജനങ്ങളെ വലയ്ക്കുന്നവര്‍ 'വഴിയിലുള്ള ഉപദ്രവം നീക്കം ചെയ്യല്‍ വിശ്വാസത്തിന്റെ ഭാഗമാണ്' എന്നു പഠിപ്പിച്ച പ്രവാചകനെ സ്‌നേഹിക്കുകയാണോ ചെയ്യുന്നത്, അതല്ല മറ്റുള്ളവര്‍ പ്രവാചനെ വെറുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണോ ചെയ്യുന്നത്?

ഈ കോപ്രായങ്ങള്‍ക്ക് തെളിവു ചോദിച്ചാല്‍ പലപ്പോഴും ഇക്കൂട്ടര്‍ നിരത്തുക 'മീലാദുന്നബി' നടത്തുന്ന ചില വിദേശരാജ്യങ്ങളുടെ ലിസ്റ്റാണ്. കേരളത്തിലെഅല്‍പം ചില 'പുത്തന്‍വാദികള്‍' മാത്രമെ ഇതിനെ എതിര്‍ക്കുന്നുള്ളൂ എന്നും പറയും. തങ്ങളാണ് യഥാര്‍ഥ പുത്തന്‍വാദികള്‍ എന്ന് ഇവര്‍ മനസ്സിലാക്കാതെ പോകുന്നു!

ഇസ്‌ലാമില്‍ ഒരു കാര്യം ഇബാദത്ത് (ആരാധന) ആകുന്നത് അത് ലോകത്ത് ഏതൊക്കെ രാജ്യങ്ങളില്‍ അനുഷ്ഠിക്കുന്നു എന്ന് നോക്കിയോ, ഭൂരിപക്ഷം ജനങ്ങളും ആചരിക്കുന്നുണ്ടോ എന്ന് നോക്കിയോ അല്ല. അത് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും'' (ക്വുര്‍ആന്‍ 4:59).

 ഈ വചനത്തിന്റെ വിവരണത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുള്ളത്; അല്ലാഹുവിലേക്ക് മടക്കണം എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ ഗ്രന്ഥ(ക്വുര്‍ആനിലേക്ക്)ത്തിലേക്ക് എന്നാണ്. നബി ﷺ യിലേക്ക് മടക്കണമെന്ന് പറഞ്ഞതിന്റെ വിവക്ഷ പ്രവാചക നിയോഗശേഷം അവിടുത്തെ സുന്നത്തിലേക്ക് മടക്കണം എന്നുമാണ്. ഈ മാര്‍ഗം തിരഞ്ഞെടുത്തവര്‍ക്കാണ് ആത്യന്തിക വിജയമുള്ളത് എന്നാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്.